ADVERTISEMENT

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 8

എങ്ങനെയും ഉൽപാദിപ്പിക്കാം, പക്ഷേ വിൽക്കാനാണ് പാട്... ഇത് മിക്ക കർഷകരും പറയുന്ന വാചകമാണ്. മൊത്ത–ചില്ലറ വ്യാപാരികൾ കർഷകരുടെ അടുക്കൽനിന്ന് ഉൽപന്നം എടുക്കാൻ വിസമ്മതിക്കുകയോ വില താഴ്ത്തി വാങ്ങാൻ ശ്രമിക്കുകയോ ചെയ്യുന്ന സ്ഥിതി ഉള്ളതിനാലാണ് പല കർഷകരും സ്വയം വിൽപനക്കാരായത്. തന്റെ ഉൽപന്നത്തിന് മാന്യമായ വില ലഭിക്കണം എന്ന് ഏതു കർഷകനാണ് ആഗ്രഹിക്കാത്തത്? അതിനുള്ള സാഹചര്യം കർഷകൻ ഒരുക്കുമ്പോൾ വിലയിടിക്കാനുള്ള ശ്രമവും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്.

സോഷ്യൽ മീഡിയ ആണ് ഇന്ന് മിക്ക കർഷകരുടെയും ചന്ത. വിൽക്കാനുള്ളവ ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അവർ ഉപഭോക്താക്കളെ തേടുന്നു. ഇത്തരം മാർക്കറ്റ് മേഖല കർഷകർ തുറക്കുമ്പോൾ അത് തകർക്കാൻ ശ്രമിക്കുന്ന വ്യാപാരികളും ചുറ്റുമുണ്ട്. ആ ഉൽപന്നത്തിന് നിലവാരമില്ല, ഉപയോഗശൂന്യം എന്നൊക്കെ പറഞ്ഞ് ഇത്തരം ആളുകൾ കർഷകന്റെ വിപണി തകർക്കാൻ ശ്രമിക്കുന്നു. അവർ വിചാരിച്ചതുപോലെ ആവശ്യക്കാരില്ലാതായാൽ ചുളു വിലയ്ക്ക് കർഷകന്റെ അടുക്കൽനിന്ന് ഉൽപന്നങ്ങൾ കൈക്കലാക്കാം. പല വൻകിട സ്ഥാപനങ്ങളും ചെയ്യുന്ന തന്ത്രം. പിന്നീട് അവർ പറയുന്നതാണ് വില.

കൃഷിയെ സ്നേഹിച്ച ഒരുകൂട്ടം ഐടി പ്രഫഷണൽസ് രൂപം നൽകിയ ഒരു മൊബൈൽ ആപ്പിനെക്കുറിച്ച് ഇവിടെ പങ്കുവയ്ക്കാം. ഐടി പ്രഫഷണൽസ് എന്നതിലുപരി ഈ ആപ്പിന്റെ പിന്നിലുള്ളവരെ ഹൈടെക് കർഷകർ എന്നു വേണമെങ്കിൽ വിളിക്കാം. കോവിഡിനെത്തുടർന്ന് മുംബൈയിൽനിന്ന് നാട്ടിലെത്തിയ ഇവർ ക്വാറന്റൈനിലായിരുന്ന സമയത്താണ് കൃഷിയെക്കുറിച്ച് ചിന്തിക്കുന്നത്. കൃഷി ചെയ്യുന്നതിനൊപ്പം അത് വിൽക്കാനുള്ള മാർഗവും ഇവർ നേരത്തെ തന്നെ കണക്കുകൂട്ടി. അങ്ങിനെ ഒരു മൊബൈൽ ആപ്പിന് രൂപം നൽകുകയും ചെയ്തു. അതാണ് ‘ജൈവകർഷകൻ’.

ഏതു വിളയും കർഷകന് ഈ ആപ്പിലൂടെ വിൽക്കാനുള്ള അവസരമുണ്ട്. അതുപോലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഉൽപന്നങ്ങൾ കാണാനും സാധിക്കും. അതായത്, ആമസോൺ, ഒഎൽ‌എക്സ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് സമാനമാണ് ജൈവകർഷകൻ ആപ് എന്ന് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരിൽ ഒരാളായ സജിൽ പറയുന്നു. 

ജൈവകർഷകൻ ആപ് വഴി കർഷകർക്ക് അവരുടെ മത്സ്യവും മറ്റു വിളകളും അവരുടെ ചുറ്റുവട്ടത്തുള്ള ആളുകൾക്ക് നേരിട്ട് വിൽക്കാനുള്ള സൗകര്യം ലഭിക്കും. കർഷകർക്ക് വിൽക്കേണ്ട ഉൽപന്നത്തിന്റെ ഫോട്ടോ, പ്രത്യേകതകൾ, വിൽക്കാനുദ്ദേശിക്കുന്ന വില സഹിതം ആപ്പിൽ രേഘപെടുത്താം. ശേഷം വാട്സാപ് ഗ്രൂപുകളിൽ കർഷകൻ തന്റെ ഉൽപന്നങ്ങളുടെ ലിങ്ക് ഷെയർ ചെയ്യണം. ഇതിൽ ക്ലിക് ചെയ്യുന്ന 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഉപഭോക്താവിന്  ‘കസ്റ്റമർ ആപ്’ വഴി ഉൽപന്നങ്ങൾ കർഷകരിൽനിന്നു നേരിട്ട്  വാങ്ങാവുന്നതാണ്. ആളുകൾക്ക് വിഷരഹിതമായ ഗുണമേന്മയുള്ള പച്ചക്കറികളും മത്സ്യവും മറ്റ് ഉൽപന്നങ്ങളും അവരുടെ അയൽവക്കത്തുള്ള കർഷകരിൽനിന്ന് ഓൺലൈൻ ആയി നേരിട്ട് ലഭിക്കുന്നതിന് ഇത് സഹായിക്കും.

മത്സ്യക്കൃഷിക്കുള്ള സഹായങ്ങളും ആപ് വഴി ലഭിക്കും. ബയോഫ്ലോക്‌ മത്സ്യക്കൃഷിക്ക് വേണ്ട C:N അനുപാതം, മറ്റു കൃഷി സംബന്ധമായ വിവരങ്ങൾ, കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനും ഹോംമേഡ്‌ കേക്ക് വിൽക്കുന്നതിനുള്ള  സൗകര്യവും, കർഷകർക്ക് സ്വന്തം ഉൽപന്നത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള സൗകര്യവുമെല്ലാം  ജൈവകർഷകൻ ആപ്പിൽ ഒരുക്കിയിട്ടുണ്ട്.  ആൻഡ്രോയിഡ് ഫോണിൽ മാത്രം ലഭിക്കുന്ന കർഷകർക്കായുള്ള ആപ്പിൽ ഇപ്പോൾ തന്നെ 5600ൽപ്പരം മത്സ്യക്കർഷകർ കേരളത്തിന് അകത്തും പുറത്തുമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നു. കസ്റ്റമർ ആപ്പ് ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്. 

മത്സ്യം മൂല്യവർധിത ഉൽപന്നമാക്കി വിൽക്കാൻ ശ്രമിക്കണമെന്ന് മുൻ ലക്കത്തിൽ പരാമർശിച്ചിരുന്നല്ലോ. അതോടൊപ്പംതന്നെ മീൻ അച്ചാറും മീൻ കറിയുമെല്ലാം പരീക്ഷിക്കാവുന്നതാണ്. ആലപ്പുഴയിൽ ഒരു ഫാമിൽ മീൻ കറിവച്ച് വിൽക്കുന്ന രീതിയുണ്ടായിരുന്നു. വിൽപന താഴേക്കു പോകുമ്പോൾ അത്തരം മാർഗങ്ങളും കർഷകർക്ക് സ്വീകരിക്കേണ്ടിവരാം.

കർഷകർക്കിടയിൽ സംഭവിച്ച മറ്റൊരു പ്രതിഭാസം– ഉപഭോക്താക്കൾ കർഷകരായപ്പോൾ കർഷകൻ കച്ചവടക്കാരനായി. അതേക്കുറിച്ചു നാളെ

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ 

2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും 

3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു 

5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ 

6. മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ

7. യുവാവിന്റെ പുതു സംരംഭം; വ്യത്യസ്ത രുചികളിൽ റെ‍ഡി ടു കുക്ക് മത്സ്യങ്ങൾ എത്തും 

English summary: Challenges of fish farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com