വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 9
ഒരു കർഷകന്റെ അടുത്ത് രണ്ടു തവണ മത്സ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ മൂന്നാമതായി വരുന്നത് കുഞ്ഞുങ്ങളെ അന്വേഷിച്ചാകും. അതോടെ കർഷകൻ മത്സ്യക്കുഞ്ഞുങ്ങളുടെ കച്ചവടക്കാരനാകും അടുത്ത ആൾ കർഷകനും. മുൻപ് സംസ്ഥാനത്ത് ചുരുക്കം ചില മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണക്കാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി അതല്ല. കോട്ടയം ജില്ലയിൽ മാത്രം 25ലധികം വിതരണക്കാരുണ്ടെന്നാണ് കണക്ക്. ആന്ധ്രയിൽനിന്നും ബംഗാളിൽനിന്നും മത്സ്യക്കുഞ്ഞുങ്ങൾ അനായാസം ലഭ്യമായിത്തുടങ്ങിയതാണ് വിതരണക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാക്കിയത്. കഴിഞ്ഞ ലോക്‌ഡൗണിൽ ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിൽ മത്സ്യങ്ങളെത്തിയതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. വർഷം കോടിക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളാണ് കൊൽക്കത്തയിൽനിന്ന് വിമാനം കയറി ഈ കൊച്ചു കേരളത്തിലേക്കെത്തുന്നത്.
വീട്ടിലേക്കാവശ്യമായ മത്സ്യങ്ങളെ സ്വയം ഉൽപാദിപ്പിച്ച് ഭക്ഷിക്കാം എന്ന വിചാരത്തോടെ മത്സ്യക്കൃഷിയിലേക്കിറങ്ങുന്നവർക്ക് ഇന്ന് നിലനിൽപ്പ് ഭീഷണിയല്ല. എന്നാൽ, വലിയ മുതൽമുടക്കി വിൽപന ലക്ഷ്യമിട്ട് മത്സ്യക്കൃഷിയെ സമീപിക്കുമ്പോൾ വിപണി വലിയ പ്രശ്നമാകും. അതുകൊണ്ടുതന്നെ ഇനിയുള്ള കാലത്ത് അൽപം ശ്രദ്ധയോടും കരുതലോടും മാത്രമേ മത്സ്യക്കൃഷി മേഖലയെ വീക്ഷിക്കാവൂ, സമീപിക്കാവൂ. വരുമാനം നേടാം എന്നു പ്രതീക്ഷിക്കുന്നവർക്ക് അത്ര ശുഭ മേഖലയല്ല ഇപ്പോൾ മത്സ്യക്കൃഷി.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പലരും ആദ്യമായി തിരഞ്ഞെടുക്കുന്നത് മത്സ്യക്കൃഷിയാണ്. വലിയ അറിവോ പഠനമോ ഇല്ലാതെ കണക്കുകളെ വിശ്വസിച്ച് മാത്രം മുന്നിട്ടറിങ്ങുന്നവരാണ് പലരും. കച്ചവടം മാത്രം ലക്ഷ്യമിട്ടുള്ള കച്ചവടക്കാരുടെ കണക്കുകളിൽ കണ്ണു മഞ്ഞളിക്കുമ്പോൾ പലരും മറക്കുന്ന ഒന്നുണ്ട്, ഉൽപാദിപ്പിച്ചാലല്ല അത് വിറ്റെങ്കിൽ മാത്രമാണ് ലാഭത്തിലെത്തുക. അത് വിൽക്കാനുള്ള സാഹചര്യമുണ്ടോ എന്ന് നോക്കിവേണം മത്സ്യക്കൃഷിയിലേക്കിറങ്ങാൻ.
മാസം 50000ഉം ഒരു ലക്ഷവും കിട്ടുമെന്ന് പറഞ്ഞുള്ള സമൂഹമാധ്യമങ്ങളിലെ വിഡിയോകൾ അപ്പാടെ വിശ്വസിക്കാതെ അതേക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കണം. മാസം 50,000ഉം ഒരുലക്ഷവും വരുമാനം നേടുന്നവർ ഉണ്ടായേക്കാം. എന്നാൽ, അത് തനിക്കും ലഭിക്കുമെന്ന് ഒരിക്കലും വിചാരിക്കരുത്. മത്സ്യക്കൃഷിയിൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു മുതൽ നഷ്ടങ്ങൾ വരാനുള്ള സാധ്യതയുണ്ട്. കുളത്തിൽ നിക്ഷേപിച്ച കുഞ്ഞുങ്ങൾ ചത്താൽ കുഞ്ഞുങ്ങൾ വാങ്ങുന്നതിനായി ചെലവാക്കിയ തുക മാത്രമേ പോകൂ. അതേ മത്സ്യങ്ങൾ നാലോ അഞ്ചോ മാസം കഴിഞ്ഞ്, അല്ലെങ്കിൽ വിളവെടുക്കാറാകുമ്പോൾ ചത്തുപോയാൽ നഷ്ടം ഭീകരമായിരിക്കും. അത്രയും നാൾ കൊടുത്ത തീറ്റ, വൈദ്യുതി തുടങ്ങിയവ എല്ലാം വലിയ ചെലവ് വരുത്തിവച്ചിട്ടുണ്ടാകും. അതിനൊപ്പം മാനസിക ബുദ്ധിമുട്ടു വേറെ. ഇനി മത്സ്യങ്ങൾ വിൽക്കാനായില്ലെങ്കിലും ഇതുതന്നെ അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ ലാഭം പ്രതീക്ഷിച്ചല്ല മത്സ്യകൃഷി ചെയ്യേണ്ടത്. നഷ്ടം എങ്ങനെ വരുത്താതിരിക്കാം എന്ന ചിന്തയിൽവേണം കൃഷി മുന്നോട്ടു കൊണ്ടുപോകാൻ.
തിലാപ്പിയ, വാള, കാർപ്പിനങ്ങൾ, അനാബസ് തുടങ്ങിയ മത്സ്യങ്ങളെയാണ് പൊതുവായി കേരളത്തിലെ മത്സ്യക്കർഷകർ വളർത്തിവരുന്നത്. ഈ മത്സ്യങ്ങൾക്കുള്ള അത്രയും പ്രചാരമില്ലെങ്കിലും ജയന്റ് ഗൗരാമികൾക്കും ആവശ്യക്കാരേറെ. എന്നാൽ, അതിവേഗം വളരുന്നതും വിളവെടുക്കാവുന്നതുമായ മത്സ്യം തിലാപ്പിയ തന്നെ. തിലാപ്പിയയ്ക്കൊപ്പം അനാബസും ആറു മാസംകൊണ്ട് വിളവെടുപ്പിന് തയാറാകുമെങ്കിലും തിലാപ്പിയയുടെ അത്ര ജനപ്രീതിയില്ല. വളരാനുള്ള കാലതാമസവും കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവുമാണ് ജയന്റ് ഗൗരാമികളെ പിന്നോട്ടാക്കുന്നത്. എന്നാൽ, അൽപം കാത്തിരിക്കാനുള്ള ക്ഷമയുള്ളവർക്ക് മികച്ച മത്സ്യമാണ് ജയന്റ് ഗൗരാമികൾ. കാലാവസ്ഥയിലെ മാറ്റം ഗൗരാമികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രദ്ധയും പരിചരണവും ആവശ്യവുമാണ്. വാളയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന ഡിമാൻഡ് ഇപ്പോഴില്ല. അതുകൊണ്ടുതന്നെ ഏതൊരു മത്സ്യമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുന്നതിനു മുൻപ് വിപണിയെക്കുറിച്ച് നന്നായി പഠിക്കണം. കൃഷിയും വിപണിയും ഒരുപോലെ കാണുകയും വേണം.
ചുരുക്കത്തിൽ 100 ശതമാനം വിജയത്തോടെ മത്സ്യക്കൃഷി ചെയ്യാൻ സാധിക്കില്ലെന്നു സാരം. അതുകൊണ്ടുതന്നെ, മത്സ്യക്കൃഷിയിലൂടെ വലിയ വരുമാനം കൊയ്യാമെന്ന അമിത പ്രതീക്ഷയോടെ ആരും കൃഷിയിലേക്ക് ചാടി ഇറങ്ങരുത്. ആരെങ്കിലും ലാഭം നേടാമെന്ന് പറഞ്ഞാൽ പോലും സ്വയം ബോധ്യപ്പെടാതെ നിക്ഷേപത്തിനു മുതിരരുത്. കുഴിയിൽ ചാടിക്കാൻ ഒട്ടേറെ ആളുകളുണ്ടാകും. അതിൽനിന്ന് കര കയറുന്നതിന് സഹായിക്കാൻ ഒരാൾ പോലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ, നഷ്ടപ്പെടാനുള്ളത് തനിക്ക് മാത്രമാണെന്ന ബോധ്യം എപ്പോഴും കാർഷികമേഖലയിലേക്ക് വരാൻ താൽപര്യപ്പെടുന്നവർക്ക് ഉണ്ടാവണം.
അവസാനിച്ചു
മത്സ്യക്കൃഷി മേഖലയും കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പങ്കുവച്ചുള്ള ‘വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ’ എന്ന ലേഖന പരമ്പരയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതുക. ലേഖകന്റെ ഇ–മെയിൽ: ibinjoseph@mm.co.in. മത്സ്യക്കൃഷി മേഖലയ്ക്കുവേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന കാഴ്ചപ്പാടുകളും ബുദ്ധിമുട്ടുകളും ഒപ്പം പങ്കുവയ്ക്കാം.
വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക
1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ
2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും
3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം
4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു
5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ
6. മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ
7. യുവാവിന്റെ പുതു സംരംഭം; വ്യത്യസ്ത രുചികളിൽ റെഡി ടു കുക്ക് മത്സ്യങ്ങൾ എത്തും
8. വിപണി പിടിക്കാനുണ്ട് നൂതന മാർഗങ്ങൾ, മത്സ്യക്കർഷകനും മികച്ച വ്യാപാരിയാകണം
English summary: Challenges of fish farming in Kerala