വാഴപ്പിണ്ടി ഇനി ഉപയോഗശൂന്യമല്ല; വാഴപ്പിണ്ടി ചോക്കലേറ്റുമായി വിദ്യാർഥിനി

HIGHLIGHTS
  • നിർമാണം മൂന്നാഴ്ചകൊണ്ട്
  • ഒരു കിലോ വാഴപ്പിണ്ടിക്ക് ഒരുകിലോ പഞ്ചസാര
banana-candy
അരോമ റോസ് പാലയ്ക്കൽ വാഴപ്പിണ്ടി ക്യാൻഡിയുമായി
SHARE

പോഷകങ്ങളുടെ കലവറയാണ് വാഴ. വാഴയുടെ എല്ലാ ഭാഗവും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. പച്ചക്കായയിലും പോഷകങ്ങളുണ്ട്. വാഴച്ചുണ്ടാവട്ടെ പ്രമേഹ രോഗികൾക്ക് മികച്ച ഭക്ഷണമാണ്. അതുപോലെതന്നെ വാഴപ്പിണ്ടിക്കും അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളേറെ. 

വാഴപ്പിണ്ടി കറി രൂപത്തിൽ ആഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, അധികമാരും കൈവച്ചിട്ടില്ലാത്തെ ഒരു വാഴപ്പിണ്ടി വിഭവം ഏവർക്കുമായി പങ്കുവച്ചിരിക്കുകയാണ് തൃശൂർ പർളിക്കാട് സ്വദേശിനിയും മഹാരാഷ്‌ട്രയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ എംഎ സോഷ്യൻ ഇന്നവേഷൻസ് ആൻഡ് ഓൺട്രപ്രണർഷിപ് അവസാന വർഷ വിദ്യാർഥിനിയുമായ അരോമ റോസ് പാലയ്ക്കൽ. വാഴപ്പിണ്ടി ഉപയോഗിച്ചുള്ള ചോക്ക‌ലേറ്റ് ക്യാൻഡിയാണ് അരോമയുടെ വിഭവം. 

പഠനത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബന്ധതയുള്ള എന്തെങ്കിലും കാര്യം അരോമയ്ക്ക് ചെയ്യണമായിരുന്നു. അപ്പോഴാണ് കേരളത്തിലെ കർഷകർ വിലത്തകർച്ചയിൽ പൊറുതിമുട്ടുന്നത്. വീടിനു സമീപത്തും ഒട്ടേറെ വാഴക്കർഷകരുണ്ടായിരുന്നു. അങ്ങനെയാണ് അരോമ വാഴപ്പിണ്ടി ക്യാൻഡി നിർമിക്കാൻ പദ്ധതിയിട്ടത്. കേരള കാർഷിക സർവകലാശാലയുടെ കൊല്ലം കൃഷിവിജ്ഞാന കേന്ദ്രം തയാറാക്കിയ പചകക്കൂട്ട് ഇതിന് സഹായകവുമായി. അങ്ങനെ നാടനും (Native) വാഴയും (Banana) ചേർന്ന് ബനാനേറ്റീവ് (BanaNative) എന്ന പേരും അരോമ തന്റെ സംരഭത്തിനിട്ടു.

banana-candy-2
വാഴപ്പിണ്ടി ക്യാൻഡി

മൂന്നാഴ്ചകൊണ്ടാണ് അസംസ്കൃത വസ്തുവായ വാഴപ്പിണ്ടിയിൽനിന്ന് വാഴപ്പിണ്ടി ക്യാൻഡിയായി മാറുക. പാളയൻകോടൻ വാഴയുടെ പിണ്ടിയാണ് ഇതിനായി അരോമ തിരഞ്ഞെടുത്തത്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞശേഷം സിട്രിക് ആസിഡിൽ 20 മിനിറ്റ് മുക്കിവയ്ക്കും. കറ പോകുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുക (സിട്രിക് ആസിഡിനു പകരം ചുണ്ണാമ്പുവെള്ളവും ഉപയോഗിക്കാം. ഒരു രാത്രി മുഴുവൻ ചുണ്ണാമ്പുവെള്ളത്തിൽ ഇടണം).

ഒരു കിലോ വാഴപ്പിണ്ടിക്ക് ഒരുകിലോ പഞ്ചസാരയാണ് ആവശ്യം. അര കിലോ പഞ്ചസാര ലായനിയാക്കിയശേഷം വാഴപ്പിണ്ടി അതിൽ മുക്കിവയ്ക്കുക. പിറ്റേദിവസം 100 ഗ്രാം പഞ്ചസാര ചേർത്ത് ലായനി വീണ്ടും തിളപ്പിക്കുക. ഇത്തരത്തിൽ ഒരു കിലോ പഞ്ചസാര പൂർണമായും ഘട്ടം ഘട്ടമായി ചേർത്ത് വാഴപ്പിണ്ടിക്ക് മധുരം നൽകണം. അഞ്ചു ദിവസംകൊണ്ടാണ് ഇത് പൂർത്തിയാവുക. പിന്നീട് ഒരാഴ്ചയോളം പാനിയിൽത്തന്നെ സൂക്ഷിക്കും. ഇതിൽ സംരക്ഷിത വസ്തുവായി ഒരു കിലോഗ്രാമിന് അര ടീസ്പൂൺ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റും ചേർക്കും. 

ഒരാഴ്ചയ്ക്കുശേഷം പാനിയിൽനിന്ന് മാറ്റി ഷേപ്പ് കട്ടർ ഉപയോഗിച്ച് ആവശ്യമായ ആകൃതിയിൽ മുറിച്ചെടുക്കും. ശേഷം വെയിലിൽ ഉണക്കിയെടുക്കുന്നു. ഉണങ്ങിയശേഷമാണ് ചോക്കലേറ്റ് കോട്ടിങ് നൽകുക. ഉരുക്കിയ ചോക്കലേറ്റിൽ വാഴപ്പിണ്ടി മുക്കിയെടുത്ത് ഉണക്കും. ഒപ്പം അര മണിക്കൂറോളം ഫ്രിഡ്ജിലും സൂക്ഷിക്കും. പൂർണമായും ഉണങ്ങിയശേഷം അതായത് ഈർപ്പം നന്നായി കുറച്ചശേഷം മാത്രമാണ് പായ്ക്കറ്റുകളിലാക്കുക. 

banana-candy-3
വാഴപ്പിണ്ടി ക്യാൻഡി

100 ഗ്രാം പായ്ക്കിന് 25 രൂപയ്ക്കാണ് വിൽപന. ഒരു പായ്ക്കറ്റിൽ പത്തിലധികം കഷണങ്ങളുണ്ടാകും. തുടക്കമായതിനാൽ ചെറിയ തോതിലാണ് ഉൽപാദനം. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ലഭിച്ച ഓർഡറുകൾ കൊറിയറായി അയച്ചുകൊടുക്കുകയും ചെയ്തു. സമീപത്തുള്ള 2 കടകളിലും ഉൽപന്നം പരിചയപ്പെടുത്താൻ വച്ചിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അരോമ. ഘട്ടംഘട്ടമായി ഉൽപാദനം ഉയർത്താനുള്ള ശ്രമത്തിലാണ് ഈ കൊച്ചു സംരംഭക. 

കൂടുതൽ വിവരങ്ങൾക്ക്: 9633359884, Instagram: bananativecandy

English summary: Preparation of flavored candy from central core of banana tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA