ADVERTISEMENT

മൈദയും പഞ്ചസാരയും വിദേശ പഴങ്ങളുമൊക്കെയാണ് ബേക്കറികളിലെ അസംസ്കൃതവസ്തുക്കൾ. എന്തിനേറെ വീടുകൾതോറും ഇപ്പോൾ നടന്നുവരുന്ന കേക്ക് വിപ്ലവത്തിലും ഇവയൊക്കെ തന്നെ മുഖ്യചേരുവ. അതുകൊണ്ടുതന്നെ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കുമൊക്കെ എത്ര കേക്ക് വിറ്റഴിഞ്ഞാലും നാട്ടിലെ കൃഷിക്കാർക്ക് ഒരു നേട്ടവുമില്ല. കുട്ടികൾക്ക് എത്ര പായ്ക്കറ്റ് ബിസ്കറ്റ് സമ്മാനിച്ചാലും നേട്ടം ഗോതമ്പു കൃഷിക്കാർക്കു മാത്രം. ഈ അവസ്ഥ മാറ്റണമെന്ന് വയനാട്ടിലെ ഒരു കൂട്ടം ചെറുകിടകൃഷിക്കാർ ഒത്തുചേർന്നു ചിന്തിച്ചതിന്റെ ഫലമാണ് തൃക്കൈപ്പറ്റയിലെ ബാസാ അഗ്രോഫുഡ്സ്.

ഇക്കഴിഞ്ഞ ക്രിസ്മസിന് ഇവിടെ ചക്കകേക്കായിരുന്നു ഹിറ്റ് ഐറ്റം. ചക്കയുടെ പൾപ്പ് ഉപയോഗിച്ചുണ്ടാക്കിയ പ്ലം കേക്കിന് ആവശ്യക്കാരേറെയുണ്ടായിരുന്നു. എറണാകുളത്തുനിന്നും തൃശൂരുനിന്നുമൊക്കെ ഓർഡർ കിട്ടി. മൈദ നാമമാത്രമാക്കി, ഗോതമ്പുപൊടിയും ചക്കപ്പൊടിയും കൂട്ടിക്കലർത്തിയാണ് ഇവിടെ കേക്കും ബിസ്കറ്റുകളുമുണ്ടാക്കുക. വിപണിയിൽനിന്നു ഗോതമ്പ് വാങ്ങി കഴുകിയുണങ്ങി പൊടിച്ചെടുക്കുന്ന രീതിയാണ് ബാസായിലുള്ളത്. യാതൊരു വിധ കലർപ്പും ഇല്ലെന്നുറപ്പാക്കാൻ ഇതുവഴി സാധിക്കുന്നു.

ബേക്കറിപലഹാരങ്ങളിൽ നാടൻ കാർഷികവിഭവങ്ങൾ ഉൾപ്പെടുത്തി കൃഷിക്കാർക്കു വരുമാനം നേടാമെന്നു മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താമെന്നും ഇവർ കാണിച്ചുതരുന്നു. പ്രഥമ ചക്ക മഹോത്സവത്തിലൂടെ 2006ൽ സംസ്ഥാനത്തെ ചക്കവിപ്ലവത്തിനു തുടക്കം കുറിച്ച ഗ്രാമമാണ് തൃക്കൈപ്പറ്റ. ചക്ക ഉൾപ്പെടെയുള്ള നാടൻ കാർഷികവിഭവങ്ങളുടെ സംസ്കരണത്തിലും മൂല്യവർധനയിലും ഇവർ നടത്തിയ പ്രചരണമുന്നേറ്റങ്ങളാണ് ബേക്കറി  ആരംഭിക്കാൻ പ്രേരകമായത്. ചക്കയും മറ്റ് കാർഷികവിഭവങ്ങളും വിനിയോഗിക്കാൻ സാധിക്കുന്ന ഒരു സംരംഭം എങ്ങനെ തുടങ്ങാം  എന്ന ആലോചനയാണ് ബാസാ അഗ്രോ പ്രോഡക്ട്സിന്റെ രൂപീകരണത്തിലെത്തിയതെന്നു മാനേജിങ് ഡയറക്ടർ സിഡി സുനീഷ് പറഞ്ഞു. സുനീഷിനു പുറമെ ചെറുകിട കർഷകരായ ദ്യുതി ബാബുരാജ്, ജെസി രാജു, പി.പി. ദാനിയേൽ, എ.ബി. വിനോദ് , എൻ.വി. കൃഷ്ണൻ, കെ. മോഹനചന്ദ്രൻ എന്നിവരാണ്  സംരംഭത്തിൽ പങ്കാളികളായുള്ളത്. ഒരു വർഷം മുമ്പ് 2019 ഡിസംബറിൽ കൽപറ്റ എംഎൽഎ  സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ബാസാ ഇതിനകം കേരളത്തിന്റെയാകെ ശ്രദ്ധ നേടിക്കഴിഞ്ഞു.

baza-foods-1
കേക്ക് പായ്ക്കിങ്

ഈ ബേക്കറിയിലെ പ്രധാന വിഭവങ്ങൾ കേക്കും ബിസ്കറ്റുമൊക്കെ തന്നെ. പക്ഷേ കേക്കിൽ മൈദയ്ക്കൊപ്പം ചക്കപ്പൊടിയും ചേർന്നിട്ടുണ്ടാകുമെന്നു മാത്രം. ബിസ്കറ്റിലാവട്ടെ കാന്താരിയും കറിവേപ്പിലയും കുരുമുളകും ഇഞ്ചിയും കൂടി ചേർക്കാറുണ്ട്. ചേരുവയനുസരിച്ച് ബിസ്കറ്റിന്റെ പേരു മാറുമെന്നു മാത്രം. കൂടാതെ ഗോതമ്പുപൊടികൊണ്ടുള്ള ബ്രഡും ബണ്ണും ഇവിടെ ലഭിക്കും. വ്യത്യസ്തമായ ബിസ്കറ്റുകളായതിനാൽ വിപണിയിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു സുനീഷ് ചൂണ്ടിക്കാട്ടി. നേരിട്ടുള്ള വിപണനത്തിനു പുറമെ മറ്റ് ബ്രാൻഡുകൾക്കുവേണ്ടി ബിസ്കറ്റ് നിർമിച്ചുനൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. 

ഡിമാൻഡ് അനുസരിച്ച് ഉൽപാദനം വർധിപ്പിക്കണമെങ്കിൽ ഉൽപാദനപ്രക്രിയ വിപുലപ്പെടുത്തുകയും നിശ്ചിതസംസ്കരണരീതികൾ ഏർപ്പെടുത്തുകയും വേണം. കൈകൊണ്ടു പരത്തിയുണ്ടാക്കുന്ന ബിസ്കറ്റുകൾക്കു പകരം മോൾഡുകളിലുണ്ടാക്കുന്ന ബിസ്കറ്റുകളാവും കൂടുതൽ ആകർഷകം. എന്നാൽ സ്വന്തമായി കെട്ടിടംപോലുമില്ലാത്ത ഇവർക്ക് വികസനപ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ഒരു വെല്ലുവിളിയാണിപ്പോൾ. ഓഹരിപങ്കാളികൾ ഓരോ ലക്ഷം രൂപ മുതൽമുടക്കിയതിനൊപ്പം  26 ലക്ഷം രൂപയോളം വായ്പയെടുത്തു തുടങ്ങിയ പ്രസ്ഥാനത്തിനു വ്യവസായവകുപ്പിന്റെ സബ്സിഡി കിട്ടിയിട്ടുണ്ട്.  എന്നാൽ യന്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി കൂടുതൽ വായ്പ ആവശ്യപ്പെടുമ്പോൾ ബാങ്കുകൾ ജാമ്യവസ്തു ആവശ്യപ്പെടുന്നത് തലവേദനയായി മാറിയിരിക്കുകയാണ്. ഇത്തരം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക്  സർക്കാരുകൾ ഗാരണ്ടി നൽകുമെന്നു പറയുന്നുണ്ടെങ്കിലും യാഥാർഥ്യം അങ്ങനെയല്ലെന്ന് സുനീഷ് ചൂണ്ടിക്കാട്ടി. സർക്കാർ ഗാരണ്ടിയെന്ന ആശയം ബാങ്കുകൾക്ക് സ്വീകാര്യമാവുന്നില്ല.

baza-foods-2

ബേക്കറി ഉൽപന്നങ്ങളിൽ ചേർക്കാനാവശ്യമായ കുരുമുളകും കറിവേപ്പിലയും ഇഞ്ചിയും ചക്കയുമൊക്കെ കൃഷിക്കാരിൽനിന്നു അധികവില നൽകി സംഭരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു ക്വിന്റൽ വീതം കറിവേപ്പിലയും കാന്താരിയും ഇഞ്ചിയും അമ്പതു കിലോ കുരുമുളകും കൃഷിക്കാരിൽ നിന്നു ബാസാ വാങ്ങി. സമീപവാസികളായ ജൈവകർഷകരുടെ ഉൽപന്നങ്ങൾ മാത്രമാണ് വാങ്ങുന്നത്. നാട്ടിൻപുറത്തെ സ്ത്രീകൾക്ക് ജോലി നൽകാനും ഇതുവഴി സാധിക്കുന്നു. പ്രവർത്തനമാരംഭിച്ച് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും ലോക്‌ഡൗൺ വന്നതുമൂലം ഉൽപാദനം കുറയ്ക്കേണ്ടിവന്നുവെന്ന് സുനീഷ് ചൂണ്ടിക്കാട്ടി. പുതുവർഷത്തിൽ മെച്ചപ്പെട്ട ബിസിനസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.  

ഫോൺ: 9447010397

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com