ADVERTISEMENT

‘ആയിരത്തി ഇരുനൂറു കാടയിൽനിന്ന് ദിവസം ശരാശരി 1000 മുട്ട. ഒന്നിന് രണ്ടര രൂപ നിരക്കിൽ 2500 രൂപ വരുമാനം. തീറ്റച്ചെലവു നീക്കിയാലും ദിവസം ചുരുങ്ങിയത് 600 രൂപ ലാഭം. കൂടു വൃത്തിയാക്കലും തീറ്റ കൊടുക്കലും മുട്ട ശേഖരിക്കലുമൊക്കെയായി പരിപാലനത്തിന് ദിവസം ചെലവിടേണ്ടി വരുന്നത് ഏറിയാൽ 2 മണിക്കൂർ. പക്ഷേ ഒരു കാര്യം, കാടമുട്ടയ്ക്കു സ്ഥിരവിപണി ഉറപ്പാക്കാൻ നടത്തിയ പ്രയത്നങ്ങൾ ഇപ്പോഴത്തെ ലാഭത്തിന്റെ പിന്നിലുണ്ടു കേട്ടോ. 

അതായത്, 1200 കാടയെ വാങ്ങി കയ്യും കെട്ടിയിരുന്നാൽ ദിവസം 600 രൂപ വരില്ല. രണ്ടു വർഷം മുൻപ് 500 കാടയെ പരീക്ഷണാർഥം വാങ്ങി, കടകളായ കടകളൊക്കെ കയറിയിറങ്ങി സ്ഥിരവിപണി ഉറപ്പാക്കി, മുടങ്ങാതെ കാടമുട്ട നൽകാൻ പാകത്തിന് ബാച്ചുകളുടെ എണ്ണം വർധിപ്പിച്ച്, പടിപടിയായാണ് ഇന്നത്തെ ഈ നേട്ടത്തിലെത്തിയത്. അതിനൊക്കെ തയാറുണ്ടെങ്കിൽ നിത്യവരുമാനത്തിനു കാടപോലെ സഹായകമായ അധികം സംരംഭങ്ങളില്ല’, കട്ടപ്പനയിലും ചെറുതോണിയിലുമെല്ലാം എത്തിക്കാനുള്ള കാടമുട്ട പായ്ക്ക് ചെയ്യുന്നതിനിടയിൽ ഇടുക്കി ഡാമിനു സമീപം താമസിക്കുന്ന ആലുങ്കൽ പീടികയിൽ സിന്ധു പറയുന്നു.

sindhu-idukki-3

രണ്ടു മാസത്തെ പ്രായവ്യത്യാസത്തിൽ 2 ബാച്ച് കാടകളെയാണ് സിന്ധു പരിപാലിക്കുന്നത്. 21 ദിവസം പ്രായമുള്ള കുഞ്ഞൊന്നിന് 40 രൂപയാണ് വില. 40 ദിവസം വളർച്ചയെത്തുന്നതോടെ മുട്ടയുൽപാദനം തുടങ്ങും. 60 ദിവസമെത്തുമ്പോഴേക്കും ഉൽപാദനം സ്ഥിരതയിലെത്തും. മികച്ച കുഞ്ഞുങ്ങളെ വാങ്ങിയാൽ 1000 കാടയിൽനിന്ന് ദിവസം 850–900 മുട്ടകൾ വരെ ലഭിക്കുമെന്നു സിന്ധു. മുട്ടയുൽപാദനനിരക്ക് അൽപം കുറയുന്നുവെന്നു തോന്നിയാൽ കാത്സ്യം സപ്ലിമെന്റുകൾ ഉൾപ്പെടെ നൽകി ആരോഗ്യരക്ഷ ഉറപ്പാക്കും. 13 മാസം പ്രായമെത്തുന്നതോടെ മുട്ടയുൽപാദനം പൊടുന്നനേ കുറഞ്ഞു തുടങ്ങും. അതു മുന്നിൽകണ്ട് 2 മാസം മുൻപുതന്നെ അടുത്ത ബാച്ചിനെ വാങ്ങി പതിവായി വിപണിയിലെത്തിക്കേണ്ട മുട്ടയെണ്ണം ഉറപ്പാക്കും. 

മുട്ടയുൽപാദനം നിലയ്ക്കുന്നതോടെ വാട്സാപ് ഗ്രൂപ്പുകളിൽ ‘കാടയിറച്ചി വിൽപനയ്ക്ക്’ എന്ന അറിയിപ്പു നൽകും. 1000 കാടകൾ വാങ്ങിയാൽ ഇടയ്ക്ക് 100 കാടകളെങ്കിലും ചത്തുപോയിട്ടുണ്ടാവും. ബാക്കിയുള്ളവ, ജീവനോടെ 45 രൂപയ്ക്കും ഇറച്ചിയാക്കി 50 രൂപയ്ക്കും വിൽക്കുന്നു. അടുത്ത ബാച്ചിലേക്കു കുഞ്ഞുങ്ങളെ വാങ്ങാനുള്ള തുക ഈ വഴിക്കു വരുമെന്നു സിന്ധു.

ഇരുപതെണ്ണത്തിന് 50 രൂപ വിലയിട്ട പായ്ക്കറ്റിലാക്കിയാണ് മുട്ട കടകളിലെത്തിക്കുന്നത്.  ദിവസവും കടകളിലേക്കു വിളിച്ച് എത്ര പായ്ക്കറ്റു തീർന്നു, എത്ര ആവശ്യമുണ്ട് എന്നറിഞ്ഞ് മുടങ്ങാതെ മുട്ടയെത്തിക്കും. മൊത്തമായി വാങ്ങി വീടുകളിലെത്തിച്ചു വിൽക്കുന്ന മുട്ടവണ്ടിക്കാരും വിപണനം എളുപ്പമാക്കുന്നു.

വിലയിടിച്ചു നൽകി ഇടയ്ക്കു വിപണി തകർക്കുന്നവരുണ്ട്. അവരും പക്ഷേ സിന്ധുവിനു ഭീഷണിയല്ല. കഷ്ടപ്പെടാൻ മനസ്സില്ലാതെ കാടവളർത്തൽ മതിയാക്കുന്നവരാണ് വിലയിടിച്ചു നൽകുന്നത്. ആദ്യമൊക്കെ അവരിൽനിന്നു വാങ്ങുന്ന കടക്കാർ പക്ഷേ കുറഞ്ഞ വിലയ്ക്ക് തുടർച്ചയായി കിട്ടില്ലെന്നു വരുന്നതോടെ മുടങ്ങാതെ മുട്ട നൽകുന്നവരോടുതന്നെ താൽപര്യം കാണിക്കും. 

sindhu-idukki-2
കാട ഷെഡ്ഡ്

മുയൽ എന്ന മുതൽ

ഒന്നര വർഷം മുൻപ് രണ്ടു സോവിയറ്റ് ചിഞ്ചില ഇനം ബ്രോയിലർ മുയലുകളെ വാങ്ങി വളര്‍ത്തല്‍ തുടങ്ങിയ സിന്ധുവിന് ഈ സംരംഭത്തിൽനിന്ന് ഇപ്പോൾ വർഷം ലഭിക്കുന്നത് ഒരു ലക്ഷം രൂപയോളം. കാടയും കോഴിയുമൊക്കെയുള്ളതിനാൽ മുയലിന്റെ എണ്ണം 50ൽ ഒതുക്കിയിരിക്കുന്നു. എന്നിട്ടും ദിവസം ഒരു മണിക്കൂർ മാത്രം ചെലവിടേണ്ടി വരുന്ന സംരംഭം വർഷം ഒരു ലക്ഷം രൂപ നേടിത്തരുന്നതു ചില്ലറക്കാര്യമാണോ എന്നു സിന്ധു. 

ഇറച്ചിവിൽപന ലക്ഷ്യമിട്ടാണ് മുയൽവളർത്തൽ തുടങ്ങിയതെങ്കിലും കുഞ്ഞുങ്ങൾക്കുള്ള വൻ ഡിമാൻഡ് മൂലം ഇറച്ചിക്കുള്ള വളർത്തൽ കുറവെന്നു സിന്ധു. 45 ദിവസം പ്രായമെത്തുന്ന  ജോടിക്ക് 650 രൂപ നിരക്കിലാണു വിൽപന. ആറേഴു വർഷം മുൻപ് സിന്ധു മുയൽവളർത്തൽ തുടങ്ങിയിരുന്നെങ്കിലും നിയമപ്രശ്നം മൂലം അന്നത് അവസാനിപ്പിച്ചിരുന്നു. തടസ്സങ്ങൾ നീങ്ങിയ ശേഷമുള്ള തിരിച്ചുവരവിൽ മുയൽക്കുഞ്ഞുങ്ങൾക്കും മുയലിറച്ചിക്കും വൻ ഡിമാൻഡെന്നു സിന്ധു. കിട്ടാനില്ല  എന്നുതന്നെ പറയാം. ശുദ്ധമായ, ആരോഗ്യകരമായ മാംസത്തോട് ആളുകളുടെ താൽപര്യം വർധിച്ചതാണു കാരണം.

സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ് ഇനങ്ങളിൽപ്പെട്ട ഇറച്ചിമുയലുകളാണ് സിന്ധുവിനുള്ളത്. പത്തെണ്ണം ഉൾപ്പെടുന്ന മാതൃശേഖരം. അന്തഃപ്രജനനം (Inbreeding) ഒഴിവാക്കാൻ ഓരോ തലമുറയ്ക്കു ശേഷവും പഴയ ആൺമുയലുകളെ മാറ്റി പുതിയവയെ എത്തിക്കും. 6–8 മാസമെത്തുന്നതോടെ പെൺമുയലുകളെ ഇണചേർക്കാം. ഗർഭകാലം 30 ദിവസം. ഒരു പ്രസവത്തിൽ  7–8 കുഞ്ഞുങ്ങൾ. 45 ദിവസത്തെ ഇടവേളയിൽ വീണ്ടും ഇണചേർക്കാമെങ്കിലും വർഷം മൂന്നു പ്രസവമാണ് തള്ളമാരുടെ ആരോഗ്യത്തിനും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനും നല്ലതെന്നു സിന്ധു. 4–5 മാസംകൊണ്ട് ഇറച്ചി മുയലുകൾ ശരാശരി 4 കിലോ തൂക്കമെത്തും. ജീവനോടെ കിലോ ശരാശരി 250 രൂപ നിരക്കിൽ വിറ്റു പോകും. 

പെൺമുയലുകളുടെ തൂക്കം ശരാശരി രണ്ടര കിലോയിൽ ക്രമീകരിച്ചാലേ ഇണചേരലും പ്രസവവുമെല്ലാം എളുപ്പമാകൂ. തള്ളമുയലുകളുടെ തൂക്കം കൂടാതിരിക്കാൻ ഇടയ്ക്കു കൂടിനു പുറത്തു നടക്കാൻ വിടുമെന്നു സിന്ധു. അരിയും ഗോതമ്പും ഒരുമിച്ചു വേവിച്ചു രാവിലെ  നൽകുന്നതാണ് മുയലുകൾക്കുള്ള മുഖ്യ ഭക്ഷണം. വൈകുന്നേരം അൻപതെണ്ണത്തിന് ഒരു കെട്ടു പുല്ലു മതി. കൂടു വൃത്തിയാക്കാനും തീറ്റയും വെള്ളവും നൽകാനുമെല്ലാം ദിവസവും കുറച്ചു സമയം ചെലവിട്ടാല്‍ മതി. 13000 രൂപ വരെ മുയൽ വിൽപനയിലൂടെ ലഭിച്ച മാസങ്ങളുണ്ടെന്നു സിന്ധു. 

sindhu-idukki-1
ഹൈടെക് കൂടിനുള്ളിൽ ബിവി 380 കോഴികൾ

മുട്ടക്കോഴി: മുട്ടില്ലാതെ വരുമാനം

ഗ്രാമശ്രീയിൽ തുടങ്ങി ബിവി 380 ഇനത്തിൽ എത്തി നിൽക്കുന്നു മുട്ടക്കോഴിവളർത്തൽ. മുടങ്ങാതെ മുട്ട ലഭിക്കാൻ മികച്ചത് ബിവി 380  തന്നെയെന്ന് സിന്ധു. ഗ്രാമശ്രീ ഇനം 50 കോഴികളെ വളർത്തിയാൽ ദിവസം ശരാശരി 30 മുട്ട ലഭിക്കുമെങ്കിൽ ആ സ്ഥാനത്ത് 45 മുട്ട വരെ നൽകും ബിവി 380. അഞ്ചര മാസം പ്രായമെത്തുമ്പോൾ തുടങ്ങി മുടങ്ങാതെ ഒരു വർഷം മുട്ടയിടുമെന്നതും നേട്ടം.

ഒരു ബാച്ചിൽ 100 മുട്ടക്കോഴികളെയാണ് വാങ്ങുക. രണ്ടുമാസം പ്രായമെത്തിയ കുഞ്ഞുങ്ങൾ. ഒന്നിന് 170 രൂപ വില. തീറ്റപ്പാത്രവും വെള്ളപ്പാത്രവും മുട്ട ശേഖരിക്കാനുള്ള തട്ടുമെല്ലാം സജ്ജമാക്കിയ ഹൈടെക് കമ്പിവലക്കൂടുകളിലാണ് പരിപാലനം. വെൽഡ് ചെയ്തു നിർമിക്കുന്ന കൂടുകളെക്കാൾ കെട്ടി യോജിപ്പിച്ച കമ്പിവലക്കൂടുകളാണ് മെച്ചം. കൂട്ടിലെ കാഷ്ഠവും ഈർപ്പവും മൂലം വെൽഡു ചെയ്ത ഭാഗം തുരുമ്പുകയറി ഒടിയുന്നതാണു പ്രശ്നം. കെട്ടി യോജിപ്പിച്ചവയാകട്ടെ, ദീർഘകാലം ഈടു നിൽക്കും. സങ്കരയിനങ്ങളെ അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്താമെങ്കിലും അവയിൽപ്പെട്ട ബിവി 380 ഇനത്തെ കൂട്ടിൽത്തന്നെ നിർത്തുന്നതാണ് നല്ലതെന്നു സിന്ധു. അഴിച്ചുവിട്ടാൽ മുട്ടയുൽപാദനം കുറയും. അതുകൊണ്ടുതന്നെ കൂട് ഉറപ്പുള്ളതായിരിക്കണം.

ഒന്നിന് 100ഗ്രാം കണക്കിലാണ് ലെയർത്തീറ്റ നൽകുക. മുടങ്ങാതെയുള്ള മുട്ടയുൽപാദനത്തിന് കൃത്രിമ ലെയർ തീറ്റ അത്യാവശ്യമെങ്കിലും സിന്ധു പരിമിതമായേ നൽകൂ. പകരം അരിയും ഗോതമ്പും വേവിച്ചു കൃത്രിമത്തീറ്റയുടെ അളവും അതുവഴി തീറ്റച്ചെലവും കുറയ്ക്കും. കോഴിയുടെയും കാടയുടെയും മുട്ടയുൽപാദനത്തിൽ വെളിച്ചം നൽകൽ പ്രധാനമെന്നു സിന്ധു. രാത്രി 9മണി വരെ മെർക്കുറി ട്യൂബ് ലൈറ്റിന്റെ പ്രകാശം കൂട്ടിൽ ലഭിക്കുന്നത് രണ്ടിന്റെയും മുട്ടയുൽപാദനം മുടങ്ങാതെ നിലനിർത്തും.

ഒന്നിന് ഏഴര രൂപയ്ക്കാണ് മുട്ട വിൽപന. നാടൻമുട്ടയ്ക്ക് ആവശ്യക്കാർ ഇഷ്ടംപോലെ. 100 കോഴിയിൽനിന്ന് ദിവസം ശരാശരി 90 മുട്ട. ഏഴര രൂപ നിരക്കിൽ 675 രൂപ. എല്ലാ ചെലവും കഴിഞ്ഞ് കുറഞ്ഞത് 300 രൂപ കയ്യിലെത്തും. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ചുരുങ്ങിയ മുതൽമുടക്കിൽ പരിമിതമായ സ്ഥലത്തുനിന്നും നിത്യച്ചെലവിനുള്ള വരുമാനം കണ്ടെത്താൽ മേൽപ്പറഞ്ഞവയിൽ ഏതെങ്കിലുമൊരു സംരംഭം മതിയാകുമെന്നു സിന്ധു.

ഫോൺ: 9947882799

English summary: Better Profit from Animal Husbandry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com