നല്ല തീറ്റയിലൂടെ നല്ല പാലിലേക്ക്: പ്രോബയോട്ടിക് പാലിനു കൂടുതൽ വില

HIGHLIGHTS
  • പാലിന്റെ നിലവാരം വർധിപ്പിക്കുന്ന തീറ്റമിശ്രിതം
milk
SHARE

‘ലോകത്തിൽ ഏറ്റവും മോശം പാൽ വിൽക്കുന്ന പട്ടണങ്ങൾ കേരളത്തിലാണ്’- പഴയ സുഹൃത്തുക്കളുടെ ഓൺലൈൻ കൂട്ടായ്മയിൽ സെബാസ്റ്റ്യൻ തുറന്നടിച്ചു. വർഷങ്ങൾക്കു മുൻപ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കണ്ടുമുട്ടിയിരുന്ന അവർ അനുഭവങ്ങൾ പങ്കു വയ്ക്കുകയായിരുന്നു. നിലവിലുള്ളതിനെ പഴി പറയുന്നതിനപ്പുറം നല്ല മാറ്റങ്ങൾക്കായി എന്തു ചെയ്യാനാകുമെന്നായി അടുത്ത ചിന്ത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഫഷനൽ സേവനമനുഷ്ഠിക്കുന്ന അവർക്ക് നല്ല പാലിനായി പല ആശയങ്ങളും നിർദേശിക്കാനുണ്ടായിരുന്നു. 

നല്ല പാലിന്റെ ലഭ്യത ഉറപ്പാക്കാൻ ആദ്യം വേണ്ടത് നിലവാരമുള്ള തീറ്റയാണെന്നു പലരും ചൂണ്ടിക്കാട്ടി. എന്നാൽ  പല തീറ്റകളും ജന്തുജന്യചേരുവകൾ ചേർത്തുണ്ടാക്കുന്നവയാണ്. എന്നാൽ സസ്യാവശിഷ്ടങ്ങളിലെ സെല്ലുലോസ് വിഘടിപ്പിക്കുന്ന വിധത്തിലാണ് പശുക്കളുടെ ദഹനവ്യവസ്ഥ. അതുകൊണ്ടുതന്നെ ഇത്തരം കാലിത്തീറ്റകൾ പശുവിന്റെ ആരോഗ്യത്തെയും പാലിന്റെ നിലവാരത്തെയും ബാധിക്കുമെന്ന് പരിചയസമ്പന്നരായ സുഹൃത്തുക്കളിൽ പലരും പറഞ്ഞു.  മാറ്റങ്ങൾക്ക് തുടക്കമിടാൻ കഴിയണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല. നാട്ടിൽ താമസക്കാരനായ ഏകസുഹൃത്ത് എന്ന നിലയിൽ കൊടുങ്ങല്ലൂർ ഇടവിലങ്ങ് സ്വദേശി കെ.ബി.  ജോയിയെ അവർ ആ ചുമതല ഏൽപിക്കുകയും ചെയ്തു. എൻജിനീയറിങ് സംരംഭം നടത്തുകയായിരുന്ന ജോയി ഓൺലൈൻ ചർച്ച കഴിഞ്ഞതോടെ കാലിത്തീറ്റ നിർമാതാവും പാൽവിൽപനക്കാരനുമാവുകയായിരുന്നു.

milk-1
കെ.ബി. ജോയി

പാലിന്റെ നിലവാരം വർധിപ്പിക്കുന്ന തീറ്റമിശ്രിതം കണ്ടെത്തുകയായിരുന്നു ആദ്യകടമ്പയെന്ന് ജോയി പറഞ്ഞു. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ കൂട്ടുകാർ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് നാല് പ്രോ ബയോട്ടിക് തീറ്റമിശ്രിതങ്ങൾ. എല്ലാം മികച്ച ഡെയറിഫാമുകളിൽ നേട്ടമുണ്ടാക്കിയവ. ബന്ധപ്പെട്ട ഫാം ഉടമകൾക്ക് പ്രതിഫലം നൽകി അവയുടെ ചേരുവ സ്വന്തമാക്കി. സൂപ്പർ തീറ്റമിശ്രിതങ്ങളായിരുന്നു നാലും; പക്ഷേ, താങ്ങാനാവാത്ത ഉൽപാദനച്ചെലവും അസംസ്കൃതവസ്തുക്കളുടെ ലഭ്യതയും പ്രശ്നമായി. എങ്ങനെ ഉൽപാദനച്ചെലവ് കുറയ്ക്കാമെന്നായി അടുത്ത അന്വേഷണം. പ്രാദേശികമായി കിട്ടുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്തി നല്ല തീറ്റമിശ്രിതം കണ്ടെത്താനുള്ള  ഗവേഷണമായി പിന്നെ. ജോയിയുടെ പരിചയവലയത്തിലുള്ള പല ലാബുകളുടെയും വിദഗ്ധരുടെയും സഹായവും ലഭിച്ചു.

പോഷകസമ്പന്നമായ പുളിങ്കുരുവിനെക്കുറിച്ചുള്ള എൻഡിഡിബിയുടെ പഠനറിപ്പോർട്ട് ശ്രദ്ധയിൽപെട്ടത് അങ്ങനെയാണ്. വിദേശ തീറ്റമിശ്രിതങ്ങളിലെ ഓട്സിനും ചോളത്തിനും പകരം പുളിങ്കുരു പൊടിച്ചുചേർക്കാമെന്ന ആശയം അങ്ങനെയാണ് കിട്ടിയത്. പുളിമ്പൊടി- മിശ്രിതത്തിൽ തൈരിൽനിന്നുള്ള ബാക്ടീരിയ ചേർത്താൽ മികച്ച പ്രോബയോട്ടിക് തീറ്റ കിട്ടുമെന്നു തെളിഞ്ഞു. നിലവാരവർധനയ്ക്കായി വെച്ചൂർ പശുവിന്റെ പാലിൽനിന്നുള്ള തൈരുതന്നെ ബാക്ടീരിയയെ വേർതിരിക്കാനായി ഉപയോഗിച്ചു.

തീറ്റമിശ്രിതമുണ്ടാക്കിയതുകൊണ്ടായില്ലല്ലോ. പരിചയക്കാരായ 5 സംരംഭകരുടെ ഫാമുകളിൽ പുതിയ മിശ്രിതം നൽകി. മൂന്നുമാസത്തെ പരീക്ഷണം വലിയ വിജയമായിരുന്നെന്ന് ജോയി പറയുന്നു. പാലിന്റെ അളവും ഗുണവുമൊക്കെ വർധിച്ചു. അഞ്ചു കർഷകർക്കും തീറ്റ തുടർന്നുപയോഗിക്കാൻ താൽപര്യം. 

എന്നാൽ തീറ്റയുടെ വില കൂടുതലാണെന്നത് വീണ്ടും വെല്ലുവിളിയായി. കിലോയ്ക്ക് 30 രൂപയെങ്കിലും വില നൽകേണ്ടിവരും. എന്നാൽ തീറ്റച്ചെലവിന് ആനുപാതികമായ വില ക്ഷീരസംഘത്തിൽ  കിട്ടില്ലതാനും. അതിനുള്ള പരിഹാരവും ജോയിതന്നെ കണ്ടെത്തി. നിലവാരമേറിയ പാൽ ജോയി തന്നെ ഉയർന്ന വിലയ്ക്കു സംഭരിച്ചുതുടങ്ങി. നല്ല പാലിനുവേണ്ടി കൂടുതൽ പണം ചെലവാക്കാൻ മടിയില്ലാത്തവരെ കണ്ടെത്തിയാൽ മതിയല്ലോ. ലീറ്ററിന് 46–48 രൂപ നിരക്കിലാണ് ജോയി പാൽ സംഭരിക്കുന്നത്. വിൽക്കുന്നത് ലീറ്ററിന് 60 രൂപ നിരക്കിലും. സുഗന്ധി എന്ന ബ്രാൻഡിലാണ് പാൽ വിപണനം.  പ്രോബയോട്ടിക് പാലിന്റെ മേന്മ തിരിച്ചറിഞ്ഞ അയൽക്കാർക്കും കൊടുങ്ങല്ലൂരിലെ ജൈവവിൽപനശാലകൾക്കുമാണ് ഇത്  നൽകുക. കൊടുങ്ങല്ലൂരിലെ ഇന്ത്യൻ ഓയിൽ പമ്പിനോട് ചേർന്നുള്ള കാർഷികവിപണനശാലയിലും പ്രോബയോട്ടിക് പാൽ ശ്രദ്ധാകേന്ദ്രമാണ്. വൈകാതെതന്നെ പ്രോബയോട്ടിക് പാലിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഇവർ വിപണിയിലെത്തിക്കും.  ദിവസേന 500 കിലോ പ്രോബയോട്ടിക് കാലിത്തീറ്റ ഉൽപാദിപ്പിക്കുന്ന ഇവർ നൂറു ലീറ്ററോളം പാൽ സംഭരിക്കുന്നുമുണ്ട്. കാർഷിക സർവകലാശാലയുടെ അഗ്രി സ്റ്റാർട്ടപ്പുകളിലൊന്നായ ഈ സംരംഭം ഉൽപാദനം വിപുലമാക്കാനുള്ള തയാറെടുപ്പിലാണ്.  ഇക്കാര്യത്തിൽ തന്റെ വിദേശസുഹൃത്തുക്കൾ തന്നെ തുണയാവുമെന്ന പ്രതീക്ഷയാണ് ജോയിക്കുള്ളത്. കൂടാതെ സ്റ്റാർട്ടപ് നിക്ഷേപകരുമായും ചർച്ച നടക്കുന്നുണ്ട്. 

ഫോൺ: 9447058008

English summary: Probiotic Milk in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA