ADVERTISEMENT

കേരളത്തിൽ മത്സ്യക്കർഷകർ പ്രതിസന്ധിയിലായിരിക്കുമ്പോഴും മത്സ്യവിപണിയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. കടൽ മത്സ്യങ്ങളും വില കുറഞ്ഞ വളർത്തുമത്സ്യങ്ങളും യഥേഷ്ടം വിറ്റുപോകുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടായിരിക്കാം കർഷകരുടെ മത്സ്യങ്ങൾക്ക് വിപണി പിടിക്കാൻ കഴിയാത്തത്? സംശയമില്ല, ഉയർന്ന വിലതന്നെ.

മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് വളർത്തുമത്സ്യങ്ങൾക്ക്, പ്രത്യേകിച്ച് പെല്ലറ്റ് തീറ്റ നൽകി, ബയോഫ്ലോക് പോലുള്ള ആധുനിക രീതിയിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് വില കൂടുതലാണ്. അങ്ങനെ വിൽക്കാനേ കർഷകന് കഴിയൂ. വില കുറച്ചാൽ മുടക്കു മുതൽ പോലും ലഭിക്കാത്ത സ്ഥിതിയാകും. അതുകൊണ്ടുതന്നെ വിലയിൽ കുറവു വരുത്തുകയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്. അങ്ങനെ വില കുറയ്ക്കണമെങ്കിൽ ചെലവ് കുറയണം. ചെലവ് കുറയ്ക്കാൻ പല മാർഗങ്ങളും സ്വീകരിക്കേണ്ടിയും വരും.

വിപണിയിൽ ഇന്ന് ഒട്ടേറെ ബ്രാൻഡുകളുടെ മത്സ്യത്തീറ്റകൾ ലഭ്യമാണ്. ഈ തീറ്റകളുടെയെല്ലാം മൊത്തവിലയും ചില്ലറവിലയും തമ്മിൽ വലിയ അന്തരവുമുണ്ട്. അതുകൊണ്ടുതന്നെ കർഷകർ കൂട്ടായ തീരുമാനത്തോടെ മൊത്തവിലയ്ക്ക് തീറ്റകൾ ഇറക്കാൻ ശ്രമിക്കുന്നത് തീറ്റച്ചെലവ് കുറയ്ക്കാൻ ഉപകരിക്കും. കേരളത്തിൽ പെല്ലറ്റ് തീറ്റകൾ നൽകി വളർത്തിയ തിലാപ്പിയ മത്സ്യങ്ങൾ 200–300 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്. എന്നാൽ, രാജ്യാന്തര വിപണിയിൽ ഫില്ലറ്റ് (തൊലിയും മുള്ളും തലയും നീക്കംചെയ്ത് മാസം മാത്രമെടുത്തത്) ആക്കിയ തിലാപ്പിയയ്ക്കു പോലും ഈ വില വരുന്നില്ല. അതുകൊണ്ടുതന്നെയാണ് വിലയേറിയ തിലാപ്പിയ മത്സ്യങ്ങൾക്ക് ആവശ്യക്കാർ കുറയുന്നത്.

കടൽ മത്സ്യമായ കേരയ്ക്ക് ശരാശരി 280 രൂപയാണ് കോട്ടയത്ത് വില. ഒരു കിലോ കേര വാങ്ങിയാൽ അതിൽനിന്ന് നഷ്ടപ്പെടാൻ ഒന്നുമില്ല. എന്നാൽ, വളർത്തുമത്സ്യങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരു കിലോ തിലാപ്പിയ വാങ്ങിയാൽ ഏകദേശം 350–400 ഗ്രാമോളം തലയും കുടലും വിസർജ്യങ്ങളുമെല്ലാമായി ഉപഭോക്താവിന് നഷ്ടപ്പെടും. ഭക്ഷ്യയോഗ്യമായത് ചിലപ്പോൾ 600 ഗ്രാം മാത്രമായിരിക്കും. മറ്റു വളർത്തുമത്സ്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. അതേസമയം, ചെറിയ കടൽമത്സ്യങ്ങൾക്ക് പൊതുവെ ഇത്രയും നഷ്ടം വരുന്നുമില്ല. ഇതാണ് വലിയ വിലയുള്ള വളർത്തുമത്സ്യങ്ങളേക്കാളേറെ ഉപഭോക്താക്കൾ ചെറിയ വിലയുള്ള മത്സ്യങ്ങളിൽ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം.

വില കുറയ്ക്കുക എന്നതാണ് ഇത് മറികടക്കാനുള്ള പ്രധാന വഴിയെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. അപ്പോൾ ചെലവും കുറയ്ക്കണം. വലിയ ബാധ്യതയുള്ള ബയോഫ്ലോക്കും റാസു(റീസർക്കുലേറ്ററി അക്വാകൾച്ചൽ സിസ്റ്റം)മെല്ലാം മാറി ഇന്ന് പലരും ഡയറ്റം കൾച്ചറിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. വെള്ളത്തിലെ അമോണിയ കുറയ്ക്കാനും വെള്ളത്തിലെ ഓക്സിജന്റെ അളവ് ഉയർത്താനും സൂക്ഷമജീവികളും പ്രോബയോട്ടിക്കുകളും സഹായിക്കും. അതിന് ആവശ്യംവേണ്ടത് പ്രകാശവും. വലിയ റിസ്ക് ഇല്ലാതെ മത്സ്യങ്ങളെ വളർത്താമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. 

തീറ്റച്ചെലവ് കുറയ്ക്കാൻ പോഷകസമ്പുഷ്ടമായ അസോള, ഡക്ക് വീഡ് പോലുള്ള പന്നൽ വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങൾക്ക് സാധിക്കും. വലിയ ചെലവില്ലാതെ ചെറു കുളങ്ങളിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഇവ മത്സ്യങ്ങൾക്ക് മികച്ച തീറ്റയാണ്. മൊത്തം ശുഷ്കാഹാരത്തിന്റെ (ഡ്രൈമാറ്റർ 25–35 ശതമാനം അളവിൽ മാസ്യം (പ്രോട്ടീൻ) അസോളയിലുണ്ട്. ദഹനത്തെ തടസപ്പെടുത്തുന്ന ലിഗ്നിൻ ഘടകം തെല്ലും അടങ്ങിയിട്ടില്ലാത്തതിനാൽ മാംസ്യമടക്കമുള്ള ഘടകങ്ങളുടെ ദഹനവും ആഗിരണവും കാര്യക്ഷമമായി നടക്കും. കൂടാതെ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കൊബാൾട്ട്, കോപ്പർ, മാംഗനീസ്, സൾഫർ, സെലീനിയം തുടങ്ങിയ സൂക്ഷ്മധാതുക്കൾ, ജീവകം എ, ബി12 എന്നിയുമെല്ലാം അടങ്ങിയിരിക്കുന്നു. അപൂർവ അമിനോ ആസിഡുകൾ, പ്രോബയോട്ടിക് ഘടകങ്ങൾ, ബയോപോളിമെറുകൾ, ബയോകരോട്ടിനോയിഡികൾ, ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം അസോളയിൽ ഒളിഞ്ഞിരിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തീറ്റക്രമത്തിൽ അസോള ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അസോള നൽകുന്നതിലൂടെ പെല്ലറ്റ് തീറ്റയുടെ അളവ് കുറയ്ക്കാനും കഴിയും.

മത്സ്യക്കൃഷിമേഖലയ്ക്ക് മറ്റൊരു മുതൽക്കൂട്ടാണ് അടുക്കളയിലെ മാലിന്യം സംസ്കരണത്തിലൂടെ തീറ്റ കണ്ടെത്തുന്ന രീതി. ഇതിനായി ബ്ലാക്ക് സോൾജ്യർ ഫ്ലൈയുടെ വളർച്ചാഘട്ടം പ്രയോജനപ്പെടുത്താം. ഈ ഈച്ചകളുടെ ലാർവകളെ മത്സ്യങ്ങൾക്ക് ഭക്ഷണമായി നൽകുന്നത് തീറ്റച്ചെലവ് കുറയ്ക്കാൻ കഴിയുന്ന മികച്ച മാർഗമാണ്. വീട്ടിലെ മാലിന്യങ്ങൾ മികച്ച രീതിയിൽ സംസ്കരിക്കാൻ കഴിയുമെന്നത് നേട്ടവുമാണ്. 

ഒരിനം മാത്രം വളർത്തുന്ന രീതി മാറി ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിലുള്ള മത്സ്യക്കൃഷി സംസ്കാരം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ലോക്‌ഡൗണിൽ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലിറങ്ങിയത് 1.6 കോടി മത്സ്യക്കുഞ്ഞുങ്ങളായിരുന്നു. അതിൽത്തന്നെ 75 ശതമാനത്തിലധികവും തിലാപ്പിയ മത്സ്യങ്ങളുമായിരുന്നു. ഇത്രയേറെ തിലാപ്പിയ മത്സ്യങ്ങൾ വളർന്നുവരുമ്പോൾ എങ്ങനെ വിൽക്കാൻ കഴിയും?

ചുരുക്കത്തിൽ 70–100 രൂപയ്ക്ക് വിപണിയിൽ വളർത്തുമത്സ്യം ലഭ്യമാകുന്ന സാഹചര്യത്തിൽ പെല്ലറ്റ് തീറ്റ നൽകിയ, രുചിയിൽ മുൻപന്തിയിൽ നിൽക്കുന്ന മത്സ്യങ്ങൾ എന്നു വിളംബരം ചെയ്താൽപോലും പ്രയോജനമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കി വില കുറയ്ക്കുക എന്നതാണ് മത്സ്യക്കർഷകർ ഇനി സ്വീകരിക്കേണ്ട നടപടി. 

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ 

2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും 

3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു 

5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ 

6. മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ

7. യുവാവിന്റെ പുതു സംരംഭം; വ്യത്യസ്ത രുചികളിൽ റെ‍ഡി ടു കുക്ക് മത്സ്യങ്ങൾ എത്തും 

8. വിപണി പിടിക്കാനുണ്ട് നൂതന മാർഗങ്ങൾ, മത്സ്യക്കർഷകനും മികച്ച വ്യാപാരിയാകണം 

9. ഉപഭോക്താക്കൾ കർഷകരായപ്പോൾ കർഷകൻ കച്ചവടക്കാരനായി; മത്സ്യക്കൃഷിയുടെ കഥകഴിഞ്ഞു

English summary: English summary: Impact of Reducing Costs, Reducing costs increases profitability in Fish Farming

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com