ADVERTISEMENT

കേരളത്തിലെ മത്സ്യക്കൃഷി സാധ്യത മുന്നിൽക്കണ്ടാണ് പാലക്കാട് ധോണി സ്വദേശി അനുഖുൽ വീട്ടുമുറ്റത്ത് മൂന്നു ബയോഫ്ലോക് ടാങ്കുകൾ സ്ഥാപിച്ചത്. മൂന്നു ടാങ്കുകളിലുമായി വാള, നട്ടർ, തിലാപ്പിയ മത്സ്യങ്ങളെയും വളർത്തി. എന്നാൽ, വിളവെടുപ്പിനു പാകമായപ്പോൾ വിൽപനയ്ക്കു ബുദ്ധിമുട്ട്. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ടുള്ള വാട്സാപ് ഗ്രൂപ്പിൽ സമാന പ്രശ്നങ്ങൾ നേരിടുന്നവരുണ്ടായിരുന്നു. വിൽപന പ്രതിസന്ധി മറികടക്കാൻ അനുഖുലും 4 സുഹൃത്തുക്കളും ചേർന്ന് കൂട്ടായ തീരുമാനമെടുത്തു മത്സ്യങ്ങളെ ജീവനോടെ വിൽക്കാനുള്ള സംവിധാനമൊരുക്കുക, ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള മത്സ്യങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യാം. അങ്ങനെ ചെറുപ്ലശേരിയിൽ അഞ്ചുപേരും ചേർന്ന് ഒരു സംരംഭം തുടങ്ങി, ലൈവ് ഫിഷ് അഥവാ ജീവനുള്ള പച്ചമീൻ.

കടമ്പഴിപുരം സ്വദേശി ശശികുമാർ, ഒറ്റപ്പാലം സ്വദേശി നിഷാദ്, തൃക്കടേരി സ്വദേശി എം. ഷാജഹാൻ, അമ്പലപ്പാറ സ്വദേശി നിദേഷ് എന്നിവരാണ് അനുഖുലിനൊപ്പം സംരംഭത്തിലുള്ളത്. അഞ്ചുപേരുടെയും വീടുകളിൽ മത്സ്യക്കൃഷിയുണ്ട്. ഊഴമനുസരിച്ച് ഓരോരുത്തരും തങ്ങളുടെ മത്സ്യങ്ങളെ കടയിൽ പ്രത്യേകം തയാറാക്കിയിട്ടുള്ള ടാങ്കുകളിൽ നിക്ഷേപിക്കും. ഇത്തരത്തിൽ 3 സ്റ്റോക്കിങ് ടാങ്കുകളാണ് കടയിലുള്ളത്. വിൽപനയ്ക്കായി പ്രദർശന ടാങ്കുകൾ കടയ്ക്കുള്ളിൽ തയാറാക്കിയിരിക്കുന്നു. പ്ലാസ്റ്റിക് ടാങ്കിനു മുകളിൽ വെള്ളം അരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറിയ അക്വാപോണിക്സ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു പറയാം. ശുദ്ധമായ തെളിഞ്ഞ വെള്ളത്തിൽ മത്സ്യങ്ങൾ ജീവനോടെ നീന്തിക്കളിക്കുന്നു. ആവശ്യക്കാർക്ക് ഇതിൽനിന്ന് മത്സ്യങ്ങളെ തിരഞ്ഞെടുക്കാം. ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

live-fish-stocking-tank
കടയിലെ സ്റ്റോക്കിങ് ടാങ്കുകൾ

ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന മത്സ്യങ്ങളെ വൃത്തിയാക്കി, കഴുകി പായ്ക്ക് ചെയ്താണ് നൽകുക. വീട്ടിലെത്തി മസാല പുരട്ടി പാചകം ചെയ്താൽ മതിയെന്ന് അനുഖുൽ പറയുന്നു. ലോക്ഡൗണിന് മുൻപ് പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോഴാണ് തുടങ്ങാൻ സാധിച്ചത്. പ്രവർത്തനമാരംഭിച്ചിട്ട് 2 മാസത്തോളമായെങ്കിലും വിൽപന ഇപ്പോഴും വെല്ലുവിളിയാണെന്ന് അഞ്ചു പേരും സമ്മതിക്കുന്നു. ഒരു തവണ വാങ്ങിയവർ മത്സ്യങ്ങളുടെ രുചി ഇഷ്ടപ്പെട്ട് വീണ്ടും വീണ്ടും എത്തുന്നുണ്ട്. എങ്കിലും വിൽപന വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഈ സുഹൃത്തുക്കൾ. ഇപ്പോൾ പ്രതിദിനം ശരാശരി 10 കിലോയോളം മത്സ്യങ്ങൾ വിൽക്കാൻ കഴിയുന്നുണ്ട്. എന്നാൽ, 5 പേരുടെ നിക്ഷേപം വച്ചു നോക്കുമ്പോൾ ഈ വിൽപന ഒന്നുമല്ല. അഞ്ചു ലക്ഷം രൂപയോളം മുതൽമുടക്കിയാണ് ഇവർ ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.

live-fish-red-tilapia
തിലാപ്പിയകളിൽ റെഡ് തിലാപ്പിയയുമുണ്ട്

വളർത്തുമത്സ്യങ്ങളുടെ വിൽപന കൂടാതെ അലങ്കാരമത്സ്യങ്ങളെക്കൂടി ഉൾപ്പെടുത്തി കട വിപുലീകരിക്കാനുള്ള ശ്രമത്തിലാണിവർ. കൂടാതെ മത്സ്യങ്ങൾ ഗ്രിൽ ചെയ്തു നൽകുന്ന രീതികൂടി തുടങ്ങാനുള്ള ശ്രമത്തിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഒട്ടും വൈകാതെതന്നെ ഈ സംരംഭംകൂടി തുടങ്ങാൻ കഴിയുമെന്നും ഇവർ പറയുന്നു. പുതിയ രീതികൂടി ആവിഷ്കരിക്കുന്നതിലൂടെ വിൽപന വർധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഫോൺ: 9004693241

English summary: Challenges of fish farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com