കാർഷികവൃത്തിയും മൃഗപരിപാലനവും നെഞ്ചിലേറ്റി മറ്റൊരു പൊങ്കൽ കാലം

pongal
SHARE

‘പൊങ്കൽ’ തമിഴ് ജനതയുടെ വിളവെടുപ്പുത്സവമാണ്. അഞ്ചു വർഷം പുതുച്ചേരിയിൽ ഉണ്ടായിരുന്ന എനിക്ക് ഓണം പോലെ പ്രിയപ്പെട്ടതാണ് പൊങ്കൽ എന്ന തമിഴ് ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവവും. ഭോഗി, തൈ പൊങ്കൽ (സൂര്യ പൊങ്കൽ), മാട്ടു പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ പൊതുവിൽ ജനുവരി 13 മുതൽ 16 വരെയാണ് ഈ ദിനങ്ങൾ കൊണ്ടാടാറുള്ളത്.

ആദ്യ ദിവസമായ ഭോഗിക്കു തലേന്ന് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കി, പഴയതും വേണ്ടാത്തതുമായ വസ്തുക്കൾ കത്തിച്ചു കളഞ്ഞ് പുതുമയെ വരവേൽക്കാരൻ ഒരുങ്ങുന്നു. ഭോഗിയുടെ അന്ന് അതിരാവിലെ ഉണർന്ന് കുളിയൊക്കെ കഴിഞ്ഞ് വീടിനു മുന്നിൽ കോലവും വരച്ച് സൂര്യ ഭാഗവാനെയും, കൃഷി ആയുധങ്ങളെയും വണങ്ങി ഐശ്വര്യമായി വിളവെടുപ്പ് നടത്തുന്നു.

രണ്ടാം നാളായ തൈ പൊങ്കൽ (സൂര്യ പൊങ്കൽ) ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. വീടിനു മുന്നിൽ മനോഹരമായ കോലമൊരുക്കിയും  സൂര്യ ഭഗവാനെ വണങ്ങിയും പുതിയ മൺചട്ടിയിൽ പൊങ്കൽ ഒരുക്കും. തലേന്ന് വിളവെടുത്ത പുത്തൻ നെല്ല് കുത്തിയ അരിയാണ് ഇതിനുപയോഗിക്കുക. അരിയും, പാലും, ശർക്കരയും ചേർത്തുള്ള പൊങ്കൽ തിളച്ചു തൂവുമ്പോൾ 'പൊങ്കലോ പൊങ്കൽ' എന്ന് സന്തോഷത്തോടെ സ്ത്രീകൾ ആർത്തുവിളിക്കുന്നു. പൊങ്കൽ സൂര്യ ഭഗവാന് നിവേദിച്ച ശേഷം കുടുംബങ്ങളെല്ലാവരും ഒത്തുകൂടി സന്തോഷത്തോടെ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നു.

മൂന്നാം നാൾ മാട്ടുപൊങ്കൽ ആണ്. കൃഷിവിജയിക്കാൻ തങ്ങളെ സഹായിക്കുന്ന നിലമുഴുന്ന കാളകളെയും വീട്ടിലെ വരുമാനധായനിയായ പശുക്കളെയും ആദരിക്കുന്ന ദിവസമാണന്ന്. അന്നേ ദിവസം അതി രാവിലെ കന്നുകാലികളെ കുളിപ്പിച്ചൊരുക്കി, പോട്ടൊക്കെ തൊടുവിച്ച് അണിയിച്ചൊരുക്കുന്നു. കൊമ്പൊക്കെ പെയിന്റ് ഉപയോഗിച്ച് മനോഹരമാക്കി പൂമാലകൾ അണിയിച്ച് അവരെ സുന്ദരകുട്ടപ്പന്മാരാക്കിയിട്ടുണ്ടാകും. തങ്ങളുടെ സുന്ദരകുട്ടന്മാർക്ക് പൊങ്കൽ നൽകിയ ശേഷം അവരെയും കൊണ്ട് നാടുചുറ്റി കാണാനിറങ്ങുന്ന പതിവും അന്നുണ്ട്.

mattu-pongal

തമിഴ് ജനതയുടെ വികാരവും എന്നാൽ അടുത്തകാലങ്ങളിലായി അനേകം വിവാദങ്ങളിൽ  അകപ്പെട്ട ‘ജെല്ലിക്കെട്ടും’ ഇതേ ദിവസമാണ് നടത്തിപ്പൊരുന്നത്. തമിഴ് സംസ്കാരത്തിന്റെ പ്രതീകമെന്ന് കരുതിപോരുന്ന ജെല്ലിക്കെട്ട് ബിസി നാനൂറാമാണ്ടിൽ തന്നെ തുടങ്ങപ്പെട്ട കായികവിനോദമായിട്ടാണ് രേഖകൾ സൂചിപ്പിക്കുന്നത്. കാളക്കൂട്ടന്മാരെ മുതുകിലും കൊമ്പിലും പിടിച്ച് നിയന്ത്രിക്കുന്ന ചെറുപ്പക്കാരെ വീരപുരുഷന്മാരായി കണ്ട് കാശു കൊടുത്ത് ആദരിക്കുന്ന ചടങ്ങ് തുടക്കം മുതലേയുണ്ട്. മനുഷ്യർക്കും മൃഗങ്ങൾക്കും ഇതുമൂലമുണ്ടാകുന്ന പരിക്കുകളും മരണവും മുൻനിർത്തി വിവിധ മൃഗക്ഷേമ പ്രവർത്തകർ വിവിധ കോടതി ഉത്തരവുകളിലൂടെ പല കുറി ഇതിനു തടയിടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തമിഴ് ജനതയുടെ വ്യാപകമായ എതിർപ്പ് മൂലം 2017ൽ ഇറക്കിയ ഓർഡിനൻസ് വഴി ഇപ്പോഴും ജെല്ലിക്കെട്ട് തുടരുന്നു. മേളയിൽ വിജയിക്കുന്ന മൂരികൾ വിപണിയിലെ മൂല്യമേറിയ ബ്രീഡിങ് കുട്ടപ്പന്മാരായിത്തീരുന്നു.

നാലാമത്തെയും അവസാനത്തെയും നാളാണ് 'കാണും പൊങ്കൽ'. ശർക്കര പൊങ്കൽ സൂര്യ ഭഗവാന് നേദിക്കലും, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെ പ്രതീകമായി കരിമ്പ് കൈമാറലുമാണ് ഈ ദിവസത്തിന്റെ പ്രത്യേകത. പേര് സൂചിപ്പിക്കുന്ന പോലെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ട് സ്നേഹവും സൗഹൃദവും പുതുക്കാനും ഈ നാൾ ഉപയോഗിക്കുന്നു. പൊങ്കൽ പാട്ടുകളും, മറ്റ് നാടൻ പാട്ടുകളുമായി ആഘോഷത്തോടെ കടന്നു പോകുന്നു നാലാം നാളും.

പിന്നീടങ്ങോട്ട്  നീണ്ട കാത്തിരിപ്പാണ്. പുത്തൻ പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെയായി അടുത്ത പൊങ്കൽ വരെ.

English summary: Traditional Tamilnadu Pongal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA