ADVERTISEMENT

ഇടക്കാലത്തു നേരിട്ട പ്രതിസന്ധികളെ മറികടന്ന് മുയൽവളർത്തൽ വീണ്ടും സജീവമാകുന്നു. 4–5 വർഷം മുൻപ് മുയലിനെ സംരക്ഷിത വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് കേരളത്തിലെ മുയൽസംരംഭത്തെ തകർച്ചയിലെത്തിച്ചിരുന്നു. നിയമം എതിരാവും മുൻപ് ഒരു കിലോ മുയലിറച്ചിക്ക് 220–240 രൂപ വിലയും മികച്ച ഡിമാൻഡുമുണ്ടായിരുന്നു. നിയമം കാട്ടുമുയലിനു മാത്രമാണു ബാധകമെന്നും ബ്രോയിലർ ഇനം പട്ടികയിൽപ്പെടില്ലെന്നും വന്നതോടെ വീണ്ടും മുയൽക്കർഷകർ ഉഷാറായിരിക്കുന്നു.

കുറഞ്ഞ മുതൽമുടക്ക്, ഉയർന്ന പ്രജനന നിരക്ക്, ഹ്രസ്വമായ ഗർഭകാലം, പരിമിതമായ തീറ്റച്ചെലവ് എന്നിവയെല്ലാം മുയൽസംരംഭത്തിനുള്ള അനുകൂല ഘടകങ്ങൾ. കേരളത്തിൽ 90% ജനങ്ങളും മാംസാഹാരികളാണ്. കോഴി, പോത്ത്, പന്നി, ആട് എന്നിവയാണ് നമ്മുടെ ഇറച്ചിയിനങ്ങളിൽ മുഖ്യം. കൊളസ്ട്രോള്‍ കുറഞ്ഞതും പോഷകമേന്മകൾ ഏറിയതുമായ മുയൽ മാംസം സ്ഥിരം വിഭവം എന്ന നിലയിലേക്ക് ഇനിയും വളർന്നിട്ടില്ല. എന്നാൽ ആ വഴിക്കുള്ള മാറ്റം വേഗത്തിലെന്നു പറയുന്നു മുയൽക്കൃഷിക്കാർ.

ആരോഗ്യമേന്മകളേറിയ ഭക്ഷ്യവിഭവങ്ങളോട് മലയാളികൾക്കു താൽപര്യമേറുന്നതാണ് മുയലിറച്ചിക്ക് ഡിമാൻഡ് കൂട്ടുന്ന ഘടകം. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഇറച്ചിയിനം എന്നതും ഗുണകരം. അതുകൊണ്ടുതന്നെ വിപണനം ഇന്നു പ്രശ്നമേയല്ല.

മുയലിൽനിന്ന് മൂന്നു വഴിക്കുണ്ട് വരുമാനം. മുയലിറച്ചി വിൽപന തന്നെ ആദ്യവഴി. വീടുകൾ മാത്രമല്ല, കേറ്ററിങ് യൂണിറ്റുകളും റിസോർട്ടുകളുമെല്ലാം മുയലിറച്ചിയുടെ ആവശ്യക്കാരാണ്.   

മുയൽഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പെൺമുയലുകളും ആൺമുയലുകളും ചേർന്ന ബ്രീഡിങ് യൂണിറ്റുകൾ നല്‍കലാണ് രണ്ടാമത്തെ വരുമാന വഴി. ഈ രംഗത്തേക്കു കടന്നുവരുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതിനാലും ബ്രീഡർമാരെ സംബന്ധിച്ച് മാതൃശേഖരം ഇടയ്ക്കിടെ പുതുക്കണമെന്നതിനാലും ഈ വഴിക്കും വിൽപന ഉറപ്പ്. പെറ്റ്സ് ഷോപ്പുകൾക്കു മുയൽക്കുഞ്ഞുങ്ങളെ നൽകലാണ് മൂന്നാം വഴി. സാധാരണ മുയലുകളും അലങ്കാര ഇനങ്ങളും ഇങ്ങനെ വിറ്റു പോകും.

സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ് ഇനങ്ങള്‍ക്കാണ് നമ്മുടെ നാട്ടിൽ കൂടുതൽ പ്രചാരമെങ്കിലും ഗ്രേ ജയന്റ്, ന്യൂസിലൻഡ് വൈറ്റ് എന്നിവ  തൊട്ടു പിന്നിലുണ്ട്. പത്തെണ്ണം (7 പെണ്ണും 3 ആണും) ഉൾപ്പെടുന്ന ബ്രീഡിങ് യൂണിറ്റിന് നിലവിൽ 6000 രൂപയ്ക്കു മുകളിൽ വിലയുണ്ട്. ഇറച്ചിവിപണിയെടുത്താൽ, ജീവനോടെ കിലോ 200–250 രൂപയും ഇറച്ചിയാക്കി നൽകിയാൽ 50പ0–550 രൂപയും ലഭിക്കുന്നു. 

ബ്രീഡിങ് യൂണിറ്റ് മാറ്റി നിർത്തിയാൽ പിന്നെ പ്രാരംഭ മുതൽമുടക്കിൽപ്പെടുന്നത് കൂടിനുള്ള ചെലവാണ്. ഹൈടെക് സംവിധാനങ്ങളുള്ള കൂടുകളൊക്കെ ഇന്നു ലഭ്യമാണെങ്കിലും പരിമിത സാഹചര്യത്തിൽത്തന്നെ വളർത്തുന്നവരാണ് കൂടുതലും. അതായത്. 10 മുയലുകളുള്ള  ബ്രീഡിങ് യൂണിറ്റ് തുടങ്ങാൻ 15,000 രൂപയ്ക്കപ്പുറം ചെലവിടേണ്ടി വരില്ല. വിപണിയും എണ്ണവും വർധിക്കുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മതി.

English summary: Rabbit Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com