നേന്ത്രന്റെ ലണ്ടൻ കയറ്റുമതി പരീക്ഷണം, വിജയിച്ചാല്‍ കര്‍ഷകര്‍ക്കു വന്‍നേട്ടം

HIGHLIGHTS
  • വിഎഫ്പിസികെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ
  • സ്വാശ്രയ കർഷക വിപണികൾ സജീവമാക്കും
vfpck-ceo
‍ഡോ. എ.കെ. ഷെരീഫ്
SHARE

യൂറോപ്പിലേക്ക് നേന്ത്രപ്പഴം കയറ്റുമതി, ബ്ലോക്ക് ചെയിൻപോലുള്ള നൂതന സാങ്കേതിക വിദ്യകൾ, താങ്ങുവില, ബ്രാൻഡിങ് - പുതിയ കാലത്തിനു ചേർന്ന പരിഷ്കാരങ്ങളിലൂടെ ഫലപ്രദവും പ്രസക്തവുമായ കാർഷിക ഏജൻസിയായി മാറാനുള്ള ശ്രമത്തിലാണ് വിഎഫ്പിസികെ. പുതിയ ഉദ്യമങ്ങളെക്കുറിച്ച് സിഇഒ ഡോ. എ.കെ. ഷെരീഫ് കർഷകശ്രീയോട് സംസാരിക്കുന്നു

? നേന്ത്രപ്പഴം കപ്പൽ മാർഗം കയറ്റി അയക്കാൻ സാധിക്കുന്നത് കേരളത്തിലെ കർഷകർക്ക് എങ്ങനെയാണ് നേട്ടമായി മാറുക

കപ്പൽമാർഗമുള്ള പരീക്ഷണ കയറ്റുമതി മാത്രമാണ് ഇപ്പോൾ. ഈ രീതിയിൽ കയറ്റുമതി ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ, ചെലവ്, സ്വീകാര്യത എന്നിവ പഠിക്കുകയാണ് ലക്ഷ്യം. വിജയകരമെന്നു കണ്ടാൽ സ്ഥിരമായി കയറ്റുമതി ചെയ്യാനാവും. കടൽമാർഗമുള്ള കയറ്റുമതിക്ക് താരതമ്യേന ചെലവ് കുറവാണ്. കിലോയ്ക്ക് ഏകദേശം 10 രൂപ മതി. അതേസമയം ഉയർന്ന അളവിൽ ഉൽപന്നങ്ങൾ എത്തിക്കാനും സാധിക്കും. പുതിയ വിപണി കണ്ടെത്താനും കർഷകർക്ക് മെച്ചപ്പെട്ട വില നൽകാനും ഇത് ആവശ്യമാണ്. വിമാന മാർഗം കയറ്റുമതി ചെയ്യുമ്പോൾ കടത്തുകൂലി നൽകിയ ശേഷം കൃഷിക്കാർക്കു കൈമാറാനാവുന്ന വരുമാനം താരതമ്യേന കുറവാണ്.

? ഈ സാങ്കേതികവിദ്യ മതിയായ മാറ്റങ്ങളോടെ പൈനാപ്പിൾ, മാമ്പഴം, മറ്റു പഴങ്ങൾ എന്നിവയുടെ കയറ്റുമതിയിലും പ്രയോജനപ്പെടുത്താനാവില്ലേ. ഇതിന് എത്രമാത്രം തുടർഗവേഷണം വേണ്ടിവരും.

മറ്റു പഴവർഗങ്ങളുടെ കാര്യത്തിലും കപ്പൽ മാർഗമുള്ള കയറ്റുമതി സാധ്യമാണ്. എന്നാൽ നേന്ത്രപ്പഴത്തിനൊപ്പം പൈനാപ്പിളോ മാമ്പഴമോ കയറ്റുമതി ചെയ്യാനാവില്ല. ഓരോന്നിനും പ്രത്യേകം പ്രോട്ടോകോൾ വികസിപ്പിക്കണം. നിശ്ചല കണ്ടെയ്നറിനള്ളിൽ അവ പരീക്ഷണാർഥം ദീർഘകാലം സൂക്ഷിച്ച് കേടാകില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യപടി. ഇപ്രകാരം സൂക്ഷിക്കാനായാൽ പിന്നെ കപ്പലുകളിലെ സഞ്ചരിക്കു ന്ന കണ്ടെയ്നറുകളിലും ഈ പഴവർഗങ്ങൾ സംഭരിച്ച് പരീക്ഷിക്കണം. നേന്ത്രപ്പഴം നിശ്ചല കണ്ടെയ്നറുകൾക്കുള്ളിൽ സംഭരിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങൾ തൃശിനാപ്പള്ളിയിലെ എൻആർസിബി (ദേശീയ വാഴ ഗവേഷണ കേന്ദ്രം ) പൂർത്തിയാക്കിയിട്ടുണ്ട്. മറ്റൊരു ഏജൻസിക്കുവേണ്ടി നടത്തിയ ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ ലഭ്യമായതുകൊണ്ട് നമുക്ക് ആ ഘട്ടം ഒഴിവാക്കി നേരിട്ടു കപ്പലിലെ പരീക്ഷണയാത്ര നടത്താനായെന്നു മാത്രം. അനുകൂല താപനില, വിളവെടുക്കുന്ന സമയം, പായ്ക്കിങ് എന്നിവ ഏറ്റവും യോജിച്ച വിധത്തിൽ ക്രമീകരിച്ചാണ് കയറ്റുമതിക്കാവശ്യമായ നിലവാരം സാധ്യമാക്കിയത്. വിളകളുടെ സൂക്ഷിപ്പുകാലം കൂട്ടാനായി അവയുടെ അമ്ലതയും നിശ്ചിത തോതിൽ ക്രമീകരിക്കേണ്ടി വന്നു.

? പഴങ്ങളും പച്ചക്കറികളും ബ്രാൻഡ് ചെയ്തു വിൽക്കാനുള്ള പദ്ധതിക്ക് എത്രമാത്രം സ്വീകാര്യത ലഭിച്ചു. ഇതിനു വേണ്ടി വരുന്ന പരിശ്രമവും ബ്രാൻഡിങ്ങിന്റെ പ്രാധാന്യവും വിശദമാക്കാമോ.

ബ്രാൻഡിങ്ങിന്റെ പ്രാരംഭ ഘട്ടം മാത്രമാണിപ്പോൾ. തളിർ എന്നാണ് ചില്ലറ വിപണനത്തിനുള്ള വിഎഫ്‌പിസികെയുടെ ബ്രാൻഡ് അറിയപ്പെടുക. ഞങ്ങളുടെ കർഷകരുടെ നേന്ത്രക്കുലകൾ കഴുകി തരം തിരിച്ച് ശീതീകൃത സംവിധാനത്തിൽ തളിർ ശൃംഖലയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 63 തളിർ  ഷോപ്പുകളാണ് ഉദ്ദേശിക്കുന്നത്. ഇവയിൽ രണ്ടെണ്ണം ആരംഭിച്ചു കഴിഞ്ഞു. മറ്റിടങ്ങളിൽ തൊഴിൽ രഹിതരായ യുവ സംരംഭകർക്കും എസിഎബിസി പദ്ധതി പ്രകാരം പരിശീലനം ലഭിച്ചവർക്കും മുൻഗണന നൽകും. മറ്റു പച്ചക്കറികളും ക്രമേണ ഈ ബ്രാൻഡിൽ ലഭ്യമാകും. മുന്തിയ ഉൽപന്നമെന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെടുന്നതിന് ഉൽപാദനത്തിന്റെയും വിളവെടുപ്പിന്റെയും എല്ലാ ഘട്ടങ്ങളിലും നിശ്ചിത നിലവാരം ഉറപ്പാക്കുകയും അമ്ലത നിശ്ചിത തോതിൽ ക്രമീകരിക്കുകയും വേണം. അനുദിനം ആവശ്യക്കാരേറുന്ന സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനാണ് സ്വന്തം ബ്രാൻഡിലൂടെ വിഎഫ്പിസികെ ശ്രമിക്കുന്നത്. വൈകാതെ സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൂടെ നിശ്ചിത നിലവാരമുള്ള തളിർ ബ്രാൻഡ് പഴ ങ്ങളും പച്ചക്കറികളും ലഭ്യമാക്കും

?പഴവർഗക്കൃഷിയുടെ  വികസനത്തിനു വിഎഫ്പിസികെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ.  

കയറ്റുമതിക്കുള്ള നേന്ത്രപ്പഴം ഉൽപാദനത്തിനാണ് പഴവർഗമേഖലയിൽ ഈ വർഷം  പരിഗണനയും പ്രാധാന്യവും നൽകുക.  വീട്ടുവളപ്പുകളിൽ നാടൻ പഴവർഗങ്ങളുടെ ലഭ്യത വർധിപ്പിക്കാന്‍ മികച്ച നില വാരമുള്ള തൈകൾ ഉൽപാദിപ്പിക്കും. മൾബറിപോലുള്ള പഴവർഗങ്ങളുടെ കൃഷിസാധ്യത പഠിക്കും.

? വിദേശ പഴവർഗങ്ങളുടെ കൃഷി കേരളത്തിൽ വ്യാപകമാവുകയാണ്. ഈ രംഗത്തെ ഉൽപാദകരെ പിന്തുണയ്ക്കാൻ എന്ത് പദ്ധതികളാണുള്ളത്.

നിലവിൽ വിദേശ പഴവർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളില്ല. എന്നാൽ നമ്മുടെ കർഷകർ സുരക്ഷിത മാർഗത്തിൽ ഉൽപാദിപ്പിച്ച വിദേശ പഴങ്ങൾക്ക് വിഎഫ്പിസികെ ശൃംഖലയിലൂടെ വിപണനപിന്തുണ നൽകാനാവും.

? ചക്കവിപണനത്തിനു വിഎഫ്പിസികെ  ഈയിടെ സ്വീകരിച്ച നടപടികൾ  ഫലപ്രദമോ.

വയനാട്ടിലും ഇടുക്കിയിലും ഞങ്ങൾ ചക്ക വിപണിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഫലപ്രദമായ  വിപണനശൃംഖല ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്ത് ഇടുക്കിയിലെ ചക്കവിപണിയെ ദേശീയ ഇലക്ട്രോണിക് കാർഷിക വിപണി(E NAM)യുമായി ബന്ധിപ്പിക്കാൻ ഞങ്ങൾക്കു സാധിച്ചിട്ടുണ്ട്.  ഉത്തരേന്ത്യൻ വ്യാപാരികളുമായി നേരിട്ട് വ്യാപാരം നടത്താൻ ഇത് നമുക്ക് അവസരം നൽകും . ഇടുക്കിയിൽ അടുത്ത മാസം ചക്ക സീസൺ ആരംഭിക്കുന്നതിനൊപ്പം ഇതിനുള്ള നടപടിക്രമം പൂർത്തീകരിക്കും.  

? ഒരു കോടി പഴവർഗ തൈകളുടെ വിതരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെക്കുറിച്ച് എന്താണ് പറ യാനുള്ളത്. ആവശ്യക്കാരില്ലാത്ത, വാളൻപുളിപോലുള്ള ഇനങ്ങൾ കെട്ടിയേൽപിച്ചെന്നാണ് പരാതി.

ഒരു കോടി ഫലവർഗ തൈകളുടെ വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ്  പ്രതിസന്ധി മൂലം ഇക്കാര്യത്തിൽ ചില തടസങ്ങളുണ്ടായി. എങ്കിലും വിവിധ ജില്ലകളി ലെ പ്ലഗ് നഴ്സറികളുടെയും കൃഷിക്കാരുടെയും സഹകരണത്തോടെ ഈ ദൗത്യം പൂർത്തീകരിക്കാനായി. തൈകളുടെ ഉൽപാദന ഘട്ടത്തിൽ മികച്ച നിലവാരം ഉറപ്പാക്കിയെങ്കിലും അവയുടെ വിതരണത്തിൽ അങ്ങിങ്ങു ചില പാളിച്ചകൾ ഉണ്ടായി. അത്തരം സാഹചര്യങ്ങളിൽ പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ട്.

? സാങ്കേതികവിദ്യയെ കൂടുതല്‍ പ്രയോജനപ്പെടുത്തി കൃഷിക്കാർക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍.

നേരത്തേ സൂചിപ്പിച്ചതുപോലെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെ ഉറവിടവും കൃഷിരീതികളും സുതാര്യമാക്കാനാവും. ഇത് നമ്മുടെ കാർഷികോൽപന്നങ്ങൾക്ക് സ്വീകാര്യത വർധിപ്പിക്കും. വിളപരിപാല നത്തിൽ ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

? മികച്ച പഴവർഗ നടീൽവസ്തുക്കളുടെ ഉൽപാദനത്തിന് എന്തെങ്കിലും പദ്ധതി.

ഗ്രാഫ്റ്റിങ്ങിലൂടെ മികച്ച നിലവാരമുള്ള തൈകൾ തൈകൾ ഉൽപാദിപ്പിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു.  സംസ്ഥാനവ്യാപകമായി നഴ്സറികളും മാതൃവൃക്ഷത്തോട്ടങ്ങളും സ്ഥാപിക്കാനുള്ള പദ്ധതി അംഗീ കാരത്തിനു സമർപ്പിച്ചിട്ടുണ്ട്.

? സ്വാശ്രയ കർഷകവിപണികൾ കൂടുതൽ വ്യാപകവും കർഷക സൗഹൃദവുമാക്കാൻ എന്താണ് നടപടി.

പ്രധാന ഉൽപാദനമേഖലകളിലെല്ലാം സ്വാശ്രയ കർഷക വിപണികൾ സജീവമാക്കും. സംസ്ഥാന സർക്കാരിന്റെ താങ്ങുവില പദ്ധതി നടപ്പാക്കുന്നതു വഴി ഈ വിപണികളെ കൂടുതൽ കർഷകസൗഹൃദമാക്കാനാവും. എന്നാൽ സ്വാശ്രയ കർഷകസമിതികൾക്ക് കൂടുതൽ വിപണനപിന്തുണ നൽകുന്നതിനു ഞങ്ങൾക്കു പരിമിതിയുണ്ട്. സർക്കാർ ധനസഹായം കിട്ടിയാലേ ഇക്കാര്യത്തിൽ കൂടുതല്‍ ചെയ്യാനാവൂ. 

English summary: ‘Nendran’ banana to sail to London market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA