നേന്ത്രന്‍ കപ്പലേറുന്നു ലണ്ടനിലേക്ക്: കടത്തുകൂലി പറന്നു ചെല്ലുന്നതിന്റെ പകുതി മാത്രം

HIGHLIGHTS
  • നേന്ത്രപ്പഴത്തിന്റെ ഉറവിടവും ഉൽപാദന രീതികളും ഉപഭോക്താക്കൾക്ക് അറിയാൻ ക്യുആർ കോഡ്
  • കയറ്റുമതിക്കായി തയാറാക്കിയ പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് കൃഷി
vfpck-banana
വിഎഫ്‌പിസികെ ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലെത്തി വേണ്ട നിർദേശങ്ങൾ നൽകുന്നു
SHARE

ലണ്ടനിലെ മലയാളി കുടുംബങ്ങൾ കാത്തിരുന്നോളൂ. അടുത്ത വിഷുവിന് നിങ്ങൾക്കായി ഒരു പൊൻകണി നാട്ടിൽ ഒരുങ്ങുന്നു. ഒന്നാം തരം നാടൻ നേന്ത്രപ്പഴം ലണ്ടനിലെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വിഎഫ്പിസികെയും ഒരു കൂട്ടം കർഷകരും.

നേന്ത്രപ്പഴം കയറ്റുമതി പുതിയ കാര്യമല്ലല്ലോയെന്നു സംശയം തോന്നാം. എന്നാൽ ഇത്തവണ കപ്പലിലാണ് നേന്ത്രൻ ശീമയ്ക്കു പോകുന്നത്. പറന്നു ചെല്ലുന്നതിന്റെ പകുതിയേ കടത്തുകൂലി വേണ്ടി വരൂ. അതിലുപരി ഓരോപടല നേന്ത്രപ്പഴത്തിന്റെയും ഉറവിടവും ഉൽപാദന രീതികളും ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്ന സവിശേഷതയുമുണ്ട്. പഴത്തിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ അത് ഉല്‍പാദിപ്പിച്ച കൃഷിക്കാരന്റെ പേരും കൃഷിരീതികളുമൊക്കെ മൊബൈലിൽ തെളിഞ്ഞു വരും. ഇഷ്ടപ്പെട്ടെങ്കിൽ കൃഷിക്കാരനെ വിളിച്ച് അനുമോദിക്കാനുള്ള ഫോൺ നമ്പർ / ഇമെയിലും ഇതോടൊപ്പം ലഭിക്കും. ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രേസബിലിറ്റി (ഉറവിടം കണ്ടെത്തല്‍) സൗകര്യം ഇതിനായി വിഎഫ്പിസികെ(വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കേരളം) പരീക്ഷിക്കുകയാണ്. 

vfpck-thalir
എറണാകുളം ഇടപ്പള്ളിയിലെ മിൽമ പാർലറിനോടു ചേർന്ന് തളിർ ബ്രാൻഡ് പച്ചക്കറി വിൽപനശാല

തൃശൂർ ജില്ലയിലെ  തിരഞ്ഞെടുക്കപ്പെട്ട പത്തു കർഷകരിലൂടെയാണ് കയറ്റുമതിക്കുള്ള 10 ടൺ നേന്ത്രക്കായ് സംഭരിക്കുക. തൃശിനാപ്പള്ളിയിലെ ദേശീയ വാഴഗവേഷണകേന്ദ്രം കയറ്റുമതിക്കായി തയാറാക്കിയ പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് കൃഷി. 5000 വാഴകളിൽനിന്ന് മാനദണ്ഡപ്രകാരം 10 ടൺ കണ്ടെത്താനാവുമെന്നാണ് കണക്കുകൂട്ടൽ. ഗ്രേഡ് ചെയ്ത് മികച്ചവ മാത്രം എടുക്കുന്നതിനാലാണ് 5000 വാഴയിൽനിന്ന് 10 ടൺ പ്രതീക്ഷിക്കുന്നത്. ഈ കുലകൾക്കു മികച്ച വില മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ലണ്ടൻയാത്രയ്ക്കു കുറഞ്ഞത് മൂന്നാഴ്ച വേണ്ടിവരുമെന്നതിനാൽ ഫെബ്രുവരി അവസാനം വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി. വിവിധ ബാച്ചുകളിലായി ഓരോ കുലയും വെട്ടിയെടുത്തു പായ്ക്ക് ഹൗസിലെത്തിക്കുന്നതുവരെ വിഎഫ്പിസികെ ഉദ്യോഗസ്ഥർ നേരിട്ടു മേൽനോട്ടം വഹിക്കും. 

പ്രാഥമിക സംസ്കരണം, പായ്ക്കിങ്ങ് തുടങ്ങിയ കാര്യങ്ങൾ നിശ്ചിത മാനദണ്ഡപ്രകാരം ഒരു കയറ്റുമതി ഏജൻസിയാവും നിർവഹിക്കുക. ഇതു സംബന്ധിച്ച് പ്രസ്തുത ഏജൻസിയും ദേശീയ വാഴഗവേഷണ കേന്ദ്രവുമായി വിഎഫ്പിസികെ ധാരണയിലെത്തിയിട്ടുണ്ട്. ഗൾഫിലേക്കുള്ള കയറ്റുമതി മാത്രം പരിചയിച്ചിരുന്ന വാഴക്കർഷകർക്ക് മറ്റു ഭൂഖണ്ഡങ്ങളിലും വിപണി കണ്ടെത്താനുള്ള ശ്രമം സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയുടെ ഭാഗമാണ്. ഇതു വിജയിച്ചാൽ. ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങൾക്കു നാടൻവിഭവങ്ങൾ കുറഞ്ഞ ചെലവിൽ എത്തിക്കുന്നതിനു കപ്പൽ മാർഗം പ്രയോജനപ്പെടുത്താം.

കൂടുതൽ സൂക്ഷിപ്പുകാലം വേണമെന്നതായിരുന്നു കപ്പൽമാർഗത്തിന്റെ പരിമിതി. സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഇതു മറികടക്കാനാണ് വിഎഫ്പിസികെയുടെ ഉദ്യമം. തൃശിനാപ്പള്ളിയിലെ ദേശീയ വാഴഗവേഷണകേന്ദ്രമാണ് ഇതിനു സാങ്കേതികവിദ്യ നല്‍കുന്നത്. ഇതനുസരിച്ച് നേന്ത്രൻ ഇനങ്ങളുടെ  തിരഞ്ഞെടുപ്പും വിളപരിപാലനവും വിളവെടുപ്പും ലോഡിങ്ങുമൊക്കെ നിശ്ചിത മാനദണ്ഡ പ്രകാരം ചെയ്യേണ്ടതുണ്ട്. 

English summary: ‘Nendran’ banana to sail to London market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA