ADVERTISEMENT

തൃശൂർ വാടാനപ്പിള്ളിക്കടുത്ത് ചേറ്റുവയിലുള്ള വലിയകത്ത് റഹീം–ബാഷിദ ദമ്പതിമാർ കൂൺകൃഷിയിലെത്തുന്നത് 8 വർഷം മുൻപാണ്. കൂൺകൃഷി കേരളത്തിൽ പ്രചാരത്തിലെത്തിയിട്ട് ഏറെക്കാലമായെങ്കിലും ഇപ്പോഴും ട്രാക്കിലായിട്ടില്ല. തുടങ്ങിയും നിർത്തിയും വീണ്ടും തുടങ്ങിയുമൊക്കെ തട്ടിത്തടഞ്ഞു നീങ്ങുന്നവരാണു പലരും. ഉൽപാദനപ്പിഴവുകൾ മുതൽ വിപണന പ്രതിസന്ധി വരെയുണ്ട് കാരണങ്ങള്‍. ഇവയൊക്കെ ഈ രംഗത്തുറച്ചു നിൽക്കുന്നവരും നേരിടുന്നുണ്ടെന്നു റഹിം. എന്നാൽ അതിന്റെ പേരിൽ  കൃഷി മതിയാക്കാൻ ഒരുക്കമല്ലെന്നു മാത്രം. മാത്രമല്ല, ശ്രദ്ധയോടെ കൃഷിയും വിളവെടുപ്പും വിപണനവും ക്രമീകരിച്ചാൽ മികച്ച വരുമാനം നേടാമെന്നും തെളിയിക്കുന്നു ഈ ദമ്പതിമാർ.

rahim-mushroom-1
റഹീമും ബാഷിദയും

റഹീം–ബാഷിദ ദമ്പതിമാരുടെ ഫാദിൽ മഷ്റൂം ഫാമിൽ ചിപ്പിക്കൂണും പാൽക്കൂണും ഉൽപാദിപ്പിക്കുന്നുണ്ട്. താഴ്ന്ന താപനിലയാണ് ചിപ്പിക്കൂണിനു യോജ്യമെങ്കിൽ നേരെ തിരിച്ചാണ് പാൽക്കൂണിന്റെ കാര്യം. കൂൺപുരയിൽ താപനില ക്രമീകരിച്ച് വേനലിലും ചിപ്പിക്കൂൺ വിളയിക്കുന്ന റഹീം വർഷം മുഴുവൻ  പാൽക്കൂൺ വിളയുന്ന യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. മഴക്കുറവുള്ള ഇപ്പോഴത്തെ കാലാവസ്ഥാമാറ്റം കേരളത്തിൽ പാൽക്കൂൺകൃഷി എളുപ്പമാക്കുന്നുണ്ടെന്നു റഹിം. പാൽക്കൂണിന്റെ രുചി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾ ഏറെയുണ്ടെന്നും റഹിം പറയുന്നു.

കൂൺകൃഷിയിൽ പരിശീലനം നേടിത്തന്നെ റഹിമിന്റെ തുടക്കം. കടകളും വാട്സാപ് ഗ്രൂപ്പ് വഴിയുമെല്ലാം വിപണനം. ചെറുകിട കർഷകരെ സംബന്ധിച്ച് വാട്സാപ് വിപണി വലിയ കരുത്തെന്നു റഹീം. കൂണിന്റെ കാര്യത്തിൽ, ഒരു ബാച്ചിലെ ഉൽപാദനം തുടങ്ങിയാൽ അടുത്ത രണ്ടു മാസത്തേക്കു തുടർച്ചയായി വിളവെടുപ്പുണ്ടാവും. ഇടയ്ക്കു ഹർത്താലോ മറ്റോ വന്നു കടകളടഞ്ഞാൽ പെട്ടതുതന്നെ. എന്നാലിന്ന് ഇത്തരം സാഹചര്യങ്ങളിൽ വാട്സാപ് ഗ്രൂപ്പുകൾ വഴി നൽകുന്ന സന്ദേശത്തിലൂടെ വളരെ വേഗം ആവശ്യക്കാരെ കണ്ടെത്തി വിളവു വിറ്റഴിക്കാൻ കഴിയുന്നു.

കൂൺ വിഭവങ്ങളും കൂൺതടം നിർമിച്ചു വിൽപനയും അധിക വരുമാനമാർഗമാണ്.  ഉൽപാദിപ്പിക്കുന്ന കൂണ്‍ അത്രയും അതതു ദിവസം വിറ്റഴിക്കാൻ കഴിയാതെ വന്നാലും പരിഭ്രമമില്ല. ഡ്രയറിൽ ഉണക്കിപ്പൊടിച്ച് വിപണിയിലെത്തിക്കുന്നു. ജ്യൂസിലോ പാലിലോ ഒക്കെ ചേർത്തു കഴിക്കാവുന്ന, പോഷകസമൃദ്ധമായ മഷ്റൂം പൗഡറിനും ഇപ്പോൾ നല്ല വിപണിയുണ്ട്. 

ഫോൺ: 9961299844

English summary: Mushroom Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com