മൂന്നു പതിറ്റാണ്ടത്തെ ശ്രമം വിജയം; തിരുത മത്സ്യക്കുഞ്ഞുങ്ങൾ കർഷകർക്ക് ലഭ്യമാകും

HIGHLIGHTS
  • രുചി, ഘടന, കുറഞ്ഞ മുള്ളുകൾ, പോഷകമൂല്യം
thirutha-mullet
SHARE

ഉയർന്ന വാണിജ്യ മൂല്യമുള്ള ഓരുജല മത്സ്യമായ തിരുതയുടെ വിത്തുൽപാദന സാങ്കേതികവിദ്യ ഇന്ത്യയിൽ ആദ്യമായി വിജയകരമായി വികസിപ്പിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചറിലെ (സിഐബിഎ) ശാസ്ത്രജ്ഞർ മൂന്നു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ദൗത്യത്തിനാണ് വിജയകരമായ വിരാമമായിരിക്കുന്നത്‌. കേരളത്തെ സംബന്ധിച്ച് ഓരുജല മത്സ്യക്കൃഷിക്കായി ഏറെ ആവശ്യകതയുള്ള ഓരുമത്സ്യ ഇനമാണ് തിരുത. എന്നാൽ ഇതിന്റെ കൃഷി പൂർണമായും പ്രകൃതിയാൽ ലഭിക്കുന്ന വിത്തുകളെ ആശ്രയിച്ചായിരുന്നു. 

ദീർഘനാളായി കാത്തിരുന്ന ഈ ബ്രീഡിങ് സാങ്കേതികവിദ്യയുടെ വിജയം ചെന്നൈയിലെ മുത്തുകാടുള്ള പരീക്ഷണാത്മക സ്റ്റേഷനിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മയിൽ സിബ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച് (ഐസി‌ആർ‌), ഡപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിഷറീസ്) ഡോ. ജെ.കെ. ജെന, സി‌എം‌എഫ്‌ആർ‌ഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും സിബയുടെ ആർ‌എസി അംഗവുമായ ഡോ. വിജയകുമാരൻ, സിബയുടെ തമിഴ്നാട്, ആന്ധ്ര പ്രദേശ് ഐഎംസി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം ഹാച്ചറിയിൽ  ഉൽപാദിപ്പിച്ച തിരുത കുഞ്ഞുങ്ങളും തിരുതയ്ക്കായി പ്രത്യേകം ഉൽപാദിപ്പിച്ച തീറ്റയും കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മത്സ്യ കർഷകർക്ക് വിതരണം ചെയ്തു. 

രുചി, ഘടന, കുറഞ്ഞ മുള്ളുകൾ, പോഷകമൂല്യം എന്നിവയാണ് തിരുതയെ ഉപയോക്താക്കളുടെ പ്രിയപ്പെട്ടതാക്കുന്നത്. അതിവേഗ വളർച്ചാ നിരക്കും സർവവ്യാപിയായ ഭക്ഷണ ശീലവും പെല്ലറ്റ് തീറ്റയുടെ സ്വീകാര്യതയും ഈ സസ്യാഹാര മത്സ്യത്തെ ഉപ്പുവെള്ള കൃഷിക്കു മാത്രമല്ല, ശുദ്ധജല മത്സ്യക്കൃഷിക്കും സമുദ്രജല മത്സ്യക്കൃഷിക്കും അനുയോജ്യമായ മത്സ്യമാക്കി മാറ്റുന്നു. മോണോ കൾചർ, പോളി കൾചർ, ഇന്റഗ്രേറ്റഡ് മൾട്ടിട്രോഫിക്ക് അക്വാകൾചർ (ഐഎംടിഎ) എന്നിങ്ങനെയുള്ള വിവിധ കാർഷിക സമ്പ്രദായങ്ങളിൽ കൃഷി ചെയ്യാവുന്ന മത്സ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ച് സിബ ഡയറക്ടർ ഡോ. കെ.കെ. വിജയൻ ചൂണ്ടിക്കാട്ടി. ഓരുജല മത്സ്യകൃഷിയിൽ തിരുതയുടെ പ്രാധാന്യം കണക്കിലെടുത്ത് സിബാ 2015 മുതൽ തിരുതയുടെ പ്രജനനത്തിനു കൂടുതൽ ശ്രദ്ധ നൽകിയിരുന്നു. ഈ ശ്രമങ്ങളുടെ ഫലമായി 2016-17 ൽ കുളത്തിൽ വളർത്തിയെടുത്ത മുതിർന്ന മത്സ്യങ്ങൾ ഉപയോഗിച്ചു വിജയകരമായ പ്രജനനവും വിത്തുൽപാദനവും നേടി. ഡിസംബർ -ജനുവരി കാലയളവിൽ  സിബയുടെ ഹാച്ചറിയിൽ മൂന്നാമത്തെ ബാച്ച് തിരുത കുഞ്ഞുങ്ങളെ വിജയകരമായി വളർത്തിയെടുക്കാൻ സാധിച്ചതായി ഡോ. വിജയൻ പറഞ്ഞു.

English summary: Grey Mullet Fish Breeding Technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA