ADVERTISEMENT

കേന്ദ്രത്തിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കിയാൽ കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഇല്ലാതാകും, എപിഎംസി വിപണികൾ അടച്ചു പൂട്ടും എന്നിവയാണ് സമരം ചെയ്യുന്ന കർഷക സംഘടനകൾ ഉയർത്തുന്ന രണ്ട് പ്രധാന ആശങ്കകൾ. ഇതു രണ്ടും ഖണ്ഡിക്കുന്നതിനുള്ള ശ്രമമാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങളിൽനിന്ന് പിന്നോട്ടു പോകില്ലെന്ന സൂചന കൂടിയാണ് ബജറ്റ് പ്രസംഗം. കുറഞ്ഞ താങ്ങുവില നൽകിയുള്ള സർക്കാർ സംഭരണം സ്ഥിരതയോടെയും കൂടുതൽ വ്യാപകമായും തുടരുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കർഷക ക്ഷേമത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച ധനമന്ത്രി കർഷകർക്ക് കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവിലയായി  ഉറപ്പാക്കുമെന്ന് ആവർത്തിച്ചു. 23 വിളകൾക്കാണ് കേന്ദ്രം കുറഞ്ഞ താങ്ങുവില നൽകുന്നത്. ഇതിൽ പ്രധാനമായും സർക്കാർ സംഭരണം ഗോതമ്പ്, നെല്ല് എന്നീ വിളകളിലാണ്

രണ്ടാം യുപിഎ സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഗോതമ്പിനും നെല്ലിനും  കർഷകർക്കു നൽകുന്ന താങ്ങുവിലയുടെ തുകയിൽ വൻ കുതിച്ചു ചാട്ടമുണ്ടായെന്ന് ധനമന്ത്രി ഊന്നിപ്പറയുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഗോതമ്പ് സംഭരണത്തിന് 33,874 കോടി രൂപ നൽകിയപ്പോൾ ഈ സർക്കാരിന്റെ കാലത്ത് 2019-20ൽ 62,802 കോടി രൂപയും 2020-21ൽ 75,060 കോടി രൂപയും നൽകി. ഈ സാമ്പത്തിക വർഷം 43.36 ലക്ഷം ഗോതമ്പ് കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നെല്ല് സംഭരണത്തിന് 2013-14 ൽ കർഷകർക്ക് 63,928 കോടി രൂപയാണ് നൽകിയതെങ്കിൽ 2019-20ൽ അത് 1,41,930 കോടി രൂപയായി ഉയർന്നു. 2020-21ൽ അത് 1,72,752 കോടിയാകും. ഇതിന്റെ പ്രയോജനം 2019-20 ൽ 1.24 കോടി കർഷകർക്കാണ് ലഭിച്ചതെങ്കിൽ 2019-20 ൽ അത് 1.54 കോടിയായി ഉയർന്നു. പയറു വർഗ്ഗങ്ങളുടെ സംഭരണത്തിന് 2013-14ൽ കർഷകർക്കു നൽകിയ താങ്ങുവില 2013 -14 ൽ 236 കോടി രൂപ മാത്രമായിരുന്നു. 2020-21 ൽ അത് 10,530 കോടിയായി കുതച്ചുയർന്നു. 40 ഇരട്ടി വർധന. പരുത്തിക്കർഷകർക്ക് 2013 - 14 ൽ 90 കോടി രൂപ മാത്രം നൽകിയപ്പോൾ 2020 -21 ൽ  25,974 കോടി രൂപ നൽകും.

എപിഎംസി വിപണികൾ നിർത്തലാക്കുകയല്ല ശക്തിപ്പെടുത്തുകയാണ് കേന്ദ്ര ഗവണ്മെൻറിന്റെ ലക്ഷ്യം. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് കഴിഞ്ഞ വർഷം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ടിന്റെ ഒരു വിഹിതം എപിഎംസി വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും വിനിയോഗിക്കും. കാർഷിക വായ്പ നൽകുന്നതിനുള്ള ലക്ഷ്യം 2020-21 ലെ 15 ലക്ഷം കോടി രൂപയിൽ നിന്നും 2021-22 ൽ 16.50 ലക്ഷം കോടി രൂപയായി ഉയർത്തും. മൃഗ സംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യം വളർത്തൽ എന്നീ മേഖലകളിലെ കർഷകർക്കും വായ്പ ഉറപ്പാക്കും.

ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് 30,000 കോടി രൂപയിൽ നിന്നും 40,000 കോടി രൂപയായി ഉയർത്തും. നബാർഡിന്റെ നിയന്ത്രണത്തിലുള്ള സൂക്ഷ്മ ജലസേചന ഫണ്ടിന്റെ നിധി നിലവിലുള്ളതിന്റെ ഇരട്ടിയാക്കി 10,000 കോടി രൂപയായി ഉയർത്തും. കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധന പ്രോത്സാഹിപ്പിക്കുന്നതിനായി തക്കാളി, ഉരുളക്കിഴങ്ങ് എന്നീ വിളകളിൽ നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻസ് ഗ്രീൻ’ പെട്ടെന്ന് കേടായി പോകുന്ന 22 പഴം പച്ചക്കറി വിളകളിലേക്കു കൂടി വ്യാപിപ്പിക്കും. കർഷകരെ സഹായിക്കാൻ പരുത്തിക്ക് 5 ശതമാനം ഇറക്കുമതി തീരുവ പുതുതായി എർപ്പെടുത്തും. അസംസ്കൃത സിൽക്കിന്റെയും പട്ടുനൂലിന്റെയും ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി ഉയർത്തും. മത്സ്യത്തീറ്റയുടെ തീരുവയും 15 ശതമാനമാക്കും.

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനാണ് പുതിയ കാർഷിക നിയമങ്ങളെന്നാണ് കേന്ദ്ര ഗവണ്മെന്റെന്റെ വാദം. എന്നാൽ ഈ ബജറ്റിൽ ഇതിന്റെ ബാധ്യത നികുതി ദായകരായ  ഉപഭോക്താക്കളിലേക്ക് കൈമാറിയിരിക്കുകയാണ് കേന്ദ്രം. ഇതിനു വേണ്ടി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സെസ്സ് എന്ന പേരിൽ ചില ഉൽപന്നങ്ങൾക്ക് ഒരു പുതിയ നികുതി ഏർപ്പെടുത്തും. ഉപഭോക്താക്കൾക്ക് അധികഭാരമുണ്ടാകാതിരിക്കാനായി ചില ഉൽപന്നങ്ങളുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഇതിനു വേണ്ടി കുറച്ചിട്ടുമുണ്ട്. അസംസ്കൃത പാമോയിൽ, സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 15 ശതമാനമാക്കി. ആപ്പിളിന്റെ തീരുവയും 15 ശതമാനമാക്കി. യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, ഡൈ അമ്മോണിയം ഫോസ്ഫേറ്റ് എന്നീ രാസവളങ്ങളുടെ ഇറക്കുമതി തീരുവ ‘പൂജ്യം’ ശതമാനമാക്കി. അമോണിയം നൈട്രേറ്റിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ രണ്ടര ശതമാനമാകും. ചില പയറു വർഗ്ഗങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനമാക്കി.

മത്സ്യ ബന്ധന തുറമുഖങ്ങളുടെ വികസനത്തിന് കാര്യമായ നിക്ഷേപം നടത്തും. ആദ്യ ഘട്ടത്തിൽ കൊച്ചി, വിശാഖപട്ടണം, ചെന്നൈ, പാരാദീപ്, പെടുവാഗട് എന്നീ തുറമുഖങ്ങൾ വികസിപ്പിക്കും. നദീതീരങ്ങളിലും ജലപാതകളിലും ഉൾനാടൻ മത്സ്യ ബന്ധന കേന്ദ്രങ്ങളും വികസിപ്പിക്കും. തീരപ്രദേശങ്ങളിൽ കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി തമിഴ്നാട്ടിൽ പാർക്ക് സ്ഥാപിക്കും.

ഗ്രാമീണ കർഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശങ്ങൾ സംരക്ഷിക്കാനുള്ള പി എം സ്വാമിത്വാ യോജന പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത നിയന്ത്രിത കാർഷിക വിപണികളെ സംയോജിപ്പിച്ചു കൊണ്ട് 2016-ൽ കേന്ദ്രം ദേശീയ ഇലക്ട്രോണിക് കാർഷിക വിപണി (ഇ- നാം) ആരംഭിച്ചിരുന്നു. രാജ്യത്തെ 1000 കാർഷിക വിപണികളെക്കൂടി 2021-22 ൽ ദേശീയ ഇലക്ട്രോണിക് കാർഷിക വിപണിയുമായി ബന്ധിപ്പിക്കും. ആത്മ നിർഭർ പാക്കേജിന്റെ ഭാഗമായി അഞ്ച് മിനി ബജറ്റുകൾ ധനമന്ത്രി കഴിഞ്ഞ ഒരു വർഷത്തിനിടെ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ഇതിൽ വൻ കാർഷിക വികസന പദ്ധതികളും ഉൾപ്പെടുത്തിയിരുന്നു. അതിനാൽ ഈ ബജറ്റിൽ വമ്പൻ കാർഷിക വികസന പദ്ധതികളുടെ പ്രഖ്യാപനത്തിന് ധനമന്ത്രി മുതിർന്നിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന പതിവു പ്രഖ്യാപനം ഈ ബജറ്റിലും ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ അതിനുള്ള പ്രത്യേക പദ്ധതികളൊന്നും ബജറ്റിൽ ഇല്ല.

English summary: Union Budget Allocation for Agriculture Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com