സിബി കല്ലിങ്കലിന്റെ സ്വപ്നങ്ങൾക്കൊപ്പം നിലയുറപ്പിച്ച ഭാര്യ സ്വപ്ന പറയുന്നു, ആവശ്യം നമ്മെ എല്ലാം പഠിപ്പിക്കും

HIGHLIGHTS
  • പാട്ടത്തിനെടുത്ത തോട്ടിലുണ്ടായ അപകടത്തിലാണ് സിബി മരിച്ചത്
  • സിബി വികസിപ്പിച്ച ജാതിത്തൈകൾ കല്ലിങ്കൽ സീരിസിൽ അറിയപ്പെടുന്നു
swapna-kallingal
സ്വപ്ന സിബി കുതിരകൾക്കൊപ്പം
SHARE

സിബി കല്ലിങ്കൽ എന്ന കർഷകനെ വളർത്തിയത് സ്വപ്നങ്ങളായിരുന്നു. അധ്വാനത്തിന്റെ ഇടവേളകളിൽ സിബി കണ്ട സ്വപ്നങ്ങളിൽ മികച്ച വിളവും വരുമാനവും മാത്രമല്ല ഉണ്ടായിരുന്നുത്; വിളകളിലെ വൈവിധ്യവും പുതിയ വിപണിയും അപൂർവ വിത്തുകളുടെ സംരക്ഷണവുമൊക്കെ അതിന്റെ ഭാഗമായി. പദ്ധതികൾക്കു പിന്തുണയുമായി ജീവിതത്തിലേക്കു സ്വപ്നകൂടി എത്തിയതോടെ സ്വപ്നങ്ങൾ വിളവെടുക്കാവുന്ന അവസ്ഥയിലേക്ക് വളർന്നു. സംസ്ഥാന സർക്കാരിന്റെ കർഷക പുരസ്കാരങ്ങൾ തന്നെ സിബിയെ തേടിയെത്തി. കൃഷി കൂടുതൽ സ്ഥലങ്ങളിലേക്കു പടർന്നു. പുതിയ പരീക്ഷണങ്ങൾക്ക് ധൈരമായി. ഇടയ്ക്ക്, ഒരു ദുഃസ്വപ്നം പോലെ ഒരു അപകടം. എന്നെന്നേക്കുമായി സിബി യാത്രയാവുമ്പോൾ പദ്ധതികൾ പലതും പാതിവഴിയിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

തൃശൂർ പട്ടിക്കാട് വെള്ളാനി മലയുടെ അടിവാരത്തിലെ 12 ഏക്കറിൽ സ്വപ്നയും 2 കുട്ടികളും തനിച്ചായി. 2019 ജൂൺ 11ന് ഭർത്താവ് മരിച്ച് മൂന്നാംദിവസം തന്നെ കൃഷിയുമായി ബന്ധപ്പെട്ട് ആദ്യ തീരുമാനം എടുക്കാൻ നിർബന്ധിതയായി സ്വപ്ന. അടിമാലിയിൽ സിബി പാട്ടത്തിനെടുത്ത തോട്ടത്തിൽ ഏലക്കൃഷി തുടരണോ അതോ ഉപേക്ഷിക്കണോ? അതായിരുന്നു ആ സമയത്തെടുക്കേണ്ടിയിരുന്ന പ്രധാന തീരുമാനം. അവിടുത്തെ ജോലിക്കാർ വിളിച്ചുകൊണ്ടേയിരുന്നു. ഏലം നടേണ്ട സമയമമാണ്. വച്ചിരുന്നാൽ ചീത്തയാവും. 

അടിമാലിയിൽ സിബി തന്നെ പുതുമുഖമാണ്. പാട്ടക്കരാറുമായി ബന്ധപ്പെട്ട കടലാസുകളിലെ നൂലാമാലകൾ വേറെയും. തീർത്തും അപരിചതമായ പ്രദേശവും അറിയാത്ത ജോലിക്കാരും.  മാത്രമല്ല, ‘അതങ്ങൊഴിവാക്കിയേക്ക്’ എന്ന് ഉപദേശിക്കുന്നവർക്ക് കൂടുതൽ ശക്തമായ ഒരു കാരണം കൂടിയുണ്ടായിരുന്നു. പാട്ടത്തിനെടുത്ത തോട്ടിലുണ്ടായ അപകടത്തിലാണ് സിബി മരിച്ചത്. ചെടികൾക്കു വയ്ക്കാനുള്ള കഴകളിലൊന്ന് കാറ്റിൽ മറിഞ്ഞു ദേഹത്തേക്ക് വീഴുകയായിരുന്നു.     

ബന്ധുക്കൾക്ക് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവർ  സ്വപ്നയുടെ തീരുമാനം കാത്തു.  സ്വപ്നയ്ക്കു കൂടുതലായൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല; ‘കൃഷി തുടരണം’.  

swapna-kallingal-1
സ്വപ്ന കൃഷിയിടത്തിൽ

ആ തീരുമാനം കാത്തുനിന്നവരിൽ മൂന്നു കുതിരകൾ, പത്തു പശുക്കൾ, താറാവുകൾ, കോഴികൾ എന്നിവയൊക്കെയുണ്ടായിരുന്നു. അന്ന് ഏറ്റെടുത്തതാണ് നിയന്ത്രണം. പിന്നെ തിരിഞ്ഞു നോക്കാ‍ൻ സമയമുണ്ടായില്ല. രണ്ടാംവർഷം കൃഷിവകുപ്പിന്റെ കർഷകതിലകം പുരസ്കാരം തേടിയെത്തുമ്പോഴും പറയാനുള്ളതു നേട്ടങ്ങളെക്കുറിച്ചല്ല. മുറിഞ്ഞു പോയ സ്വപ്നങ്ങൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചാണ്.  

ബെംഗളൂരുവിൽ ജനിച്ചു വളർന്ന എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മകൾ വിവാഹിതയായി പട്ടിക്കാട്ടേക്കു വരുമ്പോൾ കൃഷി വന്യമായ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. തോട്ടവും അതിൽ മേഞ്ഞുനടക്കുന്ന നാനാജാതി പക്ഷിമൃഗാദികളുമൊന്നും ഒട്ടും ആകർഷകമായി തോന്നിയില്ല സ്വപ്നയ്ക്ക്. ബെംഗളൂരുവിൽ ഐടി മേഖലയുടെ വികാസത്തിന്റെ സമയംകൂടിയായിരുന്നു അത്. നല്ലൊരു ജോലി കള‍ഞ്ഞിട്ടാണ് നഗരം വിട്ടത്.  ഭർത്താവാകട്ടെ കൃഷിയിടത്തിൽ സദാ ഉത്സാഹഭരിതൻ. എല്ലാ പറഞ്ഞു കൊടുക്കാൻ താൽപര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ ‘കൂട്ടുകൃഷി’യിൽനിന്നു  രക്ഷപ്പെടാനായിരുന്നു സ്വപ്നയുടെ തീരുമാനം. അതിനു കണ്ടെത്തിയ വഴി അധ്യാപനം. അടുത്തുള്ള സ്കൂളിൽ അധ്യാപികയായി ചേർന്നു.

വേണ്ടെന്നുവച്ചു മാറിയാലും പിടിച്ചുവലിക്കുന്ന എന്തോ മണ്ണിലുണ്ട് എന്ന് പതുക്കെ സ്വപ്ന തിരിച്ചറിഞ്ഞു തുടങ്ങി. പതുക്കെ കൃഷിയുടെ ഭാഗമായി. എങ്കിലും കർഷക എന്നു വിശേഷണത്തിൽ നിന്നു മാറിത്തന്നെ നിന്നു. 

ആ സമയത്ത് സിബിയുടെ പരീക്ഷണങ്ങൾ കൂടുതൽ ഉയരങ്ങളിലേക്കു പടരുകയായിരുന്നു. കാട്ടുജാതിക്കയിൽ പുതിയ ഇനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഫലം കണ്ടു. ഇതിന് കേന്ദ്രകൃഷിവകുപ്പിന്റെ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം കിട്ടി. സിബി വികസിപ്പിച്ച ജാതിത്തൈകൾ കല്ലിങ്കൽ സീരിസിൽ അറിയപ്പെടുന്നു. തൈകളുടെ വിപണനത്തിന് ഒരു നഴ്സറിയും നടത്തിയിരുന്നു. 

2017ലാണ് സിബിയുടെ കാർഷിക പരീക്ഷണങ്ങളെത്തേടി  സംസ്ഥാന സർക്കാരിന്റെ അംഗീകാരമെത്തിയത്; ആ വർഷത്തെ കർഷകോത്തമ പുരസ്കാരം. (സിബിയോടുള്ള ആദര സൂചകമായി ‘സിബി മെമ്മോറിയൽ കർഷകത്തോമ പുരസ്കാരം’ എന്ന പേരിലാണ് ഇപ്പോൾ ഇതു നൽകുന്നത്). 

ഭർത്താവിന്റെ മരണശേഷം എല്ലാംവിറ്റ് സ്വസ്ഥമായി ഇരിക്കാൻ സ്വപ്നയെ ഉപദേശിച്ചവർ ഏറെയായിരുന്നു. വീട്ടിൽ വളർത്തിയിരുന്ന അലങ്കാലമത്സ്യത്തിനുപോലും വിലപറ‍‍ഞ്ഞ് ആളുകൾ എത്തി. ‘പെട്ടെന്നൊരു ദിവസം എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ എനിക്കങ്ങനെ വലിയ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. മോൻ വളർന്നു വലുതാകുന്നതുവരെ ഇത് നോക്കി നടത്തണം. പിന്നെ അവനെ ഏൽപ്പിക്കണം. ഒരു സ്ത്രീയെക്കൊണ്ട് തനിച്ച് ഇത്രയും കാര്യങ്ങൾ നോക്കിനടത്താൻ ആവില്ല എന്നാണ് അന്ന് കൂടുതൽ പേരും ഉപദേശിച്ചത്’– സ്വപ്ന ഓർക്കുന്നു.

ആവശ്യം നമ്മളെ എല്ലാം പഠിപ്പിക്കും

ഇവിടുത്തെ മണ്ണും മൃഗങ്ങളൊന്നും ഇനിയും സിബിയുടെ അസാന്നിധ്യം അറിഞ്ഞിട്ടുണ്ടാവില്ല. അലങ്കാരപൂർവം സിബി വളർത്തിയിരുന്ന കുതിരകളെ കൗതുകപൂർവം തൊട്ടുതലോടി നിന്ന പരിചയമേ ഉണ്ടായിരുന്നുള്ളൂ സ്വപ്നയ്ക്ക്. കഴിഞ്ഞ വർഷം അതിലൊരു കുതിരയുടെ പ്രസവം എടുക്കാനും പരിചരിക്കാനും ആരുടെയും സഹായം വേണ്ടിവന്നില്ല. ‘ആവശ്യം നമ്മളെ എല്ലാം പഠിപ്പിക്കും’ എന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ. കൃഷിയിലും അതു പ്രാവർത്തികമാക്കി. കെ.സീരിസീൽ ഒരു പുതിയ ഇനം ജാതിത്തൈ കൂടി വികസിപ്പിച്ചു. പച്ചിലവള പ്രയോഗത്തിന്റെ പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞു. ഓരോ ജോലിക്കാരും തോട്ടത്തിൽ ചിലവഴിക്കേണ്ട സമയംകൂടി മു‍ൻകൂട്ടി കുറിച്ചിടുന്ന ആസൂത്രണ മികവ് പരമ്പരാഗത ശൈലിയിൽ നിന്നുള്ള മാറിനടക്കൽ കൂടിയായി. ബിരുദ വിദ്യാർഥിനിയായ മകൾ ടാനിയയും മകൻ തരുണും അമ്മയെ സഹായിക്കാൻ സന്നദ്ധർ. 

ചുരുക്കിപ്പറഞ്ഞാൽ തുടക്കക്കാരിയുടെ പരിഭ്രമമൊന്നുമില്ലാതെ നടത്തിയ ഇടപെടലുകൾ കൃഷിയെ കൂടുതൽ ഭദ്രമാക്കി. നടപ്പാക്കാൻ ഇനിയും ഏറെ കാര്യങ്ങൾ എന്ന ബോധ്യവും. ഈ ശ്രമങ്ങളിൽ ധൈര്യംതന്ന് കൂടെനിന്ന് കുറച്ചുപേരെയെങ്കിലും  നന്ദിപൂർവം ഓർക്കേണ്ടതുണ്ട്. 

വർഷങ്ങൾക്കു മുൻപ് സിബിയുടെ തോട്ടം കാണാനെത്തി ഭ്രമിച്ചുപോയ ഒരാൾ നിരസിക്കാൻ ബുദ്ധമുട്ടുള്ള ഒരു വാഗ്ദാനം മുന്നോട്ടുവച്ചിരുന്നവത്രെ. ചോദിച്ച വിലയ്ക്ക് സ്ഥലം വാങ്ങാൻ തയ്യാർ.  മോഹവിലയ്ക്കു മുൻപിൽ മുട്ടുമടക്കാതെ സിബി പറഞ്ഞു ‘ഞാൻ , അല്ലെങ്കിൽ എന്റെ ഭാര്യ, രണ്ടിലൊരാൾക്ക് മുട്ടിലിഴഞ്ഞു നടക്കാനെങ്കിലും ആവുന്ന കാലം വരെ ഇതു വിൽക്കാൻ ആലോചിക്കുന്നില്ല’.

കഴിഞ്ഞ വർഷം, തോട്ടത്തിനു വില പറഞ്ഞെത്തിയ മറ്റൊരു സംഘത്തിനു മുൻപിലും ചരിത്രം ആവർത്തിച്ചു. സ്വപ്നയും സിബിയുടെ സ്വപ്നങ്ങളും തല ഉയർത്തിപ്പിടിച്ചുതന്നെ നിന്നു. കല്ലിങ്കൽ തറവാട്ടിലെ വൻമരങ്ങളെപ്പോലെ.

English summary: Siby Kallingal and His Dreams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA