കോവിഡ് പിരിമുറുക്കത്തിൽ തുണയായത് മത്സ്യങ്ങൾ; അനുഭവം കർഷകശ്രീയുമായി പങ്കുവച്ച് പ്രവാസി

HIGHLIGHTS
  • വലിയ ബുദ്ധിമുട്ട് ഇതൊന്നും വീട്ടിൽ അറിയിക്കാതെ കൈകാര്യം ചെയ്യുക എന്നത്
  • ഭംഗിയുള്ള ഒരു ബൗളിൽ അതീവഭംഗിയുള്ള ബീറ്റ മത്സ്യം
fish-gold-fish
SHARE

2019ന്റെ അവസാനം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്–19 2020ന്റെ ആദ്യ മാസങ്ങളിൽ ലോകമെങ്ങും വ്യാപിച്ചു. ജനങ്ങൾ ഭീതിയോടെ രോഗത്തെയും രോഗം ബാധിച്ചവരെയും കണ്ട നാളുകൾ. മരണം ഏറുന്നതുകണ്ട് കോവിഡ്–19 പിടിപെട്ടാൽ മരിക്കുമെന്ന് പേടിച്ച നാളുകൾ. ലോകം ഭീതിയോടെ ഇനിയെന്ത് എന്ന് ചിന്തിച്ചിരുന്നപ്പോൾ വിദേശ രാജ്യങ്ങളിലുള്ളവരും കുറേയേറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച വിവരം കുടുംബാംഗങ്ങളെ അറിയിക്കാതെ എത്രയോ പേർ മറച്ചുവച്ചിരിക്കുന്നു! കോവിഡ്–19ൽനിന്ന് പൂർണമായും മുക്തി നേടിയാലും ഒട്ടേറെ അനന്തര ഫലങ്ങളും രോഗിയെ കാത്തിരിക്കുന്നുണ്ട്. പ്രമേഹം, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് പ്രധാന ബുദ്ധിമുട്ടുകൾ.

കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടത്തിന്റെ തുടക്ക കാലത്ത് രോഗം ബാധിച്ചപ്പോഴുള്ള പ്രശ്നങ്ങളും കുടുംബാംഗങ്ങളോടുപോലും പറയാൻ സാധിക്കാതെ സിസ്സഹായനായ അവസ്ഥയും കർഷകശ്രീയുമായി പങ്കുവച്ചിരിക്കുകയാണ് വിദേശത്തു ജോലിചെയ്യുന്ന മലയാളി യുവാവ്. കോവിഡ് പിടിപെട്ട കാര്യം കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ പുറത്തുപറയാൻ കഴിയില്ല. കോവിഡ്–19ന്റെ അനന്തരഫലമായ മാനസിക പിരിമുറുക്കത്തിൽനിന്ന് ആ യുവാവിനെ കരകയറ്റിയത് ഇത്തിരിക്കുഞ്ഞൻ മത്സ്യങ്ങളാണ്. ആ വിവരങ്ങൾ അദ്ദേഹം മനോരമ ഓൺലൈൻ കർഷകശ്രീയുടെ പ്രിയ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

എന്റെ കോവിഡ് കാലം (2020 മാർച്ച്)

കോവിഡ് പെരുകുന്നു. കോവിഡ് മരണം, ഭാഗീക ലോക്‌ഡൗൺ, ലോക്ഡൗൺ, വിമാന സർവീസ് റദ്ദാക്കൽ... ഇതൊക്കെയായിരുന്നു തുടക്കം. എല്ലാവരും പുതിയ ജീവിതശൈലിയിൽ മാസ്ക്, കയ്യുറ, സാനിറ്റൈസർ ഉപയോഗിച്ചുതുടങ്ങി. എല്ലാ ദിവസവും ഭയപ്പെടുത്തുന്ന എന്തെങ്കിലും അനുഭവം ഉണ്ടാകും. കൂടെ ജോലി ചെയ്യുന്ന ആർക്കെങ്കിലും കോവിഡ് പോസിറ്റീവ്, അടുത്ത കെട്ടിടത്തിൽ കോവിഡ് രോഗി, സുഹൃത്തുക്കളെ വിളിച്ചാലോ നാട്ടിൽ വിളിച്ചാലോ എങ്ങും കോവിഡ് മയം.

പതിയെ പരിചയക്കാർക്കും അയൽ ഫ്ലാറ്റിലും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങി. പ്രഷർ കൂടാൻ തുടങ്ങി. ദിവസവും തലവേദന, ഉറക്കമില്ലായ്മ, നാട്ടിൽ എപ്പോൾ പോകാൻ കഴിയും, എപ്പോൾ ഭാര്യയയെയും മക്കളെയും അമ്മയെയും കാണും എന്നിവയെല്ലായി ചിന്ത. ഈ ചിന്തകളെല്ലാം റൂമിലെ മറ്റുള്ളവർക്കും ഉണ്ടായിരുന്നു. അത് എല്ലാവരുടെയും പെരുമാറ്റത്തിലും പ്രകടവുമായിരുന്നു. ചെറിയ കാര്യത്തിൽ പോലും ചൂടാവുക, പുറത്തുനിന്നു വന്നാൽ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും വൃത്തിയാക്കുന്നതിനുമെല്ലാം വഴക്കടിക്കൽ എന്നിവയൊക്കെ എല്ലാവരിലും കണ്ടു.

ഏപ്രിലിൽ ആദ്യ കോവിഡ് പോസിറ്റിവ് എന്റെ റൂമിൽ റിപ്പോർട്ട് ചെയ്തു. അതും വൃത്തിയുടെ പേരിൽ എല്ലാവരുമായി ഏറ്റവുംകൂടുതൽ അടിയുണ്ടാക്കിയ ആൾക്ക്. എല്ലാവരും കുറേക്കൂടി ഭയപ്പെട്ട അവസ്ഥ. മുറിയിൽ രോഗം സ്ഥിരീകരിച്ച ആളെ ആരോഗ്യപ്രവർത്തകർ വന്നു കൊണ്ടുപോകാൻ എല്ലാവരും സമ്മർദം ചെലുത്തി. എല്ലാവരും ടെസ്റ്റ് ചെയ്യാനുള്ള വഴികൾ നോക്കിത്തുടങ്ങി. ചെറുതായി ഒന്നു തുമ്മിയാൽ പോലും ആളുകൾ പേടിക്കുന്ന അവസ്ഥ. അടുത്ത ദിവസം രണ്ടാമനും പോസിറ്റീവ് ആയി. റൂമിലെ എല്ലാവരും ഒന്നുകൂടി കരുതൽ എടുക്കാൻ തുടങ്ങി. പക്ഷേ, അപ്പോഴേക്ക് പലർക്കും പകർന്നിട്ടുണ്ടായിരുന്നു. മൂന്നാമൻ ഞാനായിരുന്നു.

പനി തുടങ്ങിയ അടുത്ത ദിവസംതന്നെ ​ഞാൻ തളർന്നു ബെഡ്ഡിൽ കിടപ്പായി. തലവേദന, ജലദോഷം, പനി, തൊണ്ടവേദന, ശ്വാസതടസം, രുചിയും മണവും അറിയാൻ പറ്റാതാകുക എന്നിവയെല്ലാമുണ്ടായിരുന്നു. 

ശാരീരിക ബുദ്ധിമുട്ടിനേക്കാളും എന്നെ ബാധിച്ചത് മാനസിക പിരിമുറുക്കമായിരുന്നു. ഇനി നാടു കാണാൻ പറ്റുമോ, ഭാര്യ, മക്കൾ, അമ്മ എന്നിവരെയൊക്കെ ഞാനിനി കാണുമോ എന്നെല്ലാം ആലോചിച്ച് കണ്ണുകൾ നിറ‍ഞ്ഞൊഴുകി. ആകെ മൊത്തം മാനസികമായി തകർന്ന അവസ്ഥ. ഉറക്കത്തിൽ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്തു. 

fish-angel

എന്റെ ഈ വിഷമം മനസിലാക്കിയതുകൊണ്ടാവണം എന്റെ മുറിയിലുള്ള സുഹൃത്തുക്കൾ എന്നെ ആരോഗ്യപ്രവർത്തകരുടെ ഒപ്പം അയച്ചില്ല. എന്നെ അവർതന്നെ നോക്കിക്കൊള്ളാം, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നു പറഞ്ഞ് ആരോഗ്യപ്രവർത്തകരെ പറഞ്ഞയച്ചു. അപ്പോഴേക്ക് ക്വാറന്റൈൻ സെന്ററുകളൊക്കെ പുതിയ ആളുകളെ ഉൾക്കൊള്ളാനാകാതെ നിറയുകയും ചെയ്തിരുന്നു. 

എന്റെ മാനസികാവസ്ഥ നേരെയാക്കാൻ എന്റെ റൂംമേറ്റുകൾ കൂടെത്തന്നെയുണ്ടായിരുന്നു. എന്റെ ബെഡ്ഡിൽത്തന്നെയായിരുന്നു അവർ. എനിക്കാണോ അവർക്കാണോ കോവിഡ് ബാധിച്ചതെന്ന് സംശയം തോന്നും. പലപ്പോഴും വഴക്ക് പറഞ്ഞ് അവരെ ബെഡ്ഡിൽനിന്ന് ഇറക്കിവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നല്ല റൂംമേറ്റുകൾ ഉണ്ടായിരുന്നത് എന്റെ ഭാഗ്യം. കാരണം, പോസിറ്റീവ് ആയതിന്റെ പേരിൽ ഒരാളെ ബാൽക്കണിയിൽ പൂട്ടിയിട്ടതും റൂമിൽനിന്ന് ഇറക്കിവിട്ടതുമൊക്കെ അപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. 

വലിയ ബുദ്ധിമുട്ട് ഇതൊന്നും വീട്ടിൽ അറിയിക്കാതെ കൈകാര്യം ചെയ്യുക എന്നതായിരുന്നു. വിട്ടിലോ നാട്ടിലെ കൂട്ടുകാരെയോ ഒന്നും അറിയിച്ചില്ല. ഇതൊക്കെ എന്റെ പിരിമുറുക്കം കൂട്ടി. പെട്ടെന്ന് ദേഷ്യം വരിക, ആരും കാണാതെ പൊട്ടിക്കരയുക ഒക്കെ പതിവായി. ആരോഗ്യപ്രശ്നങ്ങളെല്ലാം ഒരാഴ്ചകൊണ്ട് മാറി. പക്ഷേ കോവിഡ് നെഗറ്റീവ് ആകാൻ 24 ദിവസത്തിലേറെ വേണ്ടിവന്നു. ആദ്യ ടെസ്റ്റ് 14–ാം ദിവസമായിരുന്നു. അന്ന് പോസിറ്റീവ്. പിന്നെയും 14 ദിവസം കഴിഞ്ഞപ്പോൾ ചെയ്ത ടെസ്റ്റിൽ നെഗറ്റീവ് ആയി. ഞാൻ സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. ഓഫീസിലും പോയിത്തുടങ്ങി.

fish-gold-fish-1

തുടർന്നായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട് ആരംഭിച്ചത്. പോസിറ്റീവ് ആയിരുന്നതിനാൽ പലരും അവഗണിച്ചു, ഏതാണ്ട് ഒരുമാസത്തോളം ആരും എന്റെ അടുത്തേക്ക് വന്നില്ല. എല്ലാവർക്കും മിണ്ടാൻ പോലും പേടിയായിരുന്നു. പല സന്ദർഭങ്ങളും വേദന നൽകുന്നവയായിരുന്നു. പക്ഷേ, ഞാൻ എന്നെത്തന്നെ മാനസികമായി ബലപ്പെടുത്താൻ ശ്രമിച്ചു. അവർ അവരുടെ സുരക്ഷയ്ക്കുവേണ്ടിയല്ലേ പേടിക്കുന്നത്. അതു മനസിലാക്കി മനസിനെ പറഞ്ഞു പഠിപ്പിച്ചു. അതോടെ ഏറെക്കുറെ ഈ അവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞു.

രണ്ടു മാസം കുഴപ്പമില്ലാതെ മുന്നോട്ടു പോയി. അടുത്ത പ്രശ്നം അവിടെയാണ് തുടങ്ങിയത്. ഏറ്റവും വലിയ ആരോഗ്യപ്രശ്നം ഓഗസ്റ്റിലാണുണ്ടായത്. ക്ഷീണം, മടുപ്പ്, കിതപ്പ്, ഭാരക്കുറവ് എന്നിവയെല്ലാം തോന്നിത്തുടങ്ങി. ലക്ഷണങ്ങൾ നോക്കിയാൽ പ്രമേഹം. പക്ഷേ, ഏതാനും നാളുകൾക്കു മുൻപ് പരിശോധിച്ചപ്പോൾ നോർമലായിരുന്നു. അതുകൊണ്ടുതന്നെ ഡോക്ടറെ കാണാൻ തീരുമാനിച്ചു.

ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്തപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അങ്ങ് മുകളിലാണ്. അന്ന് ഡോക്ടർ പറഞ്ഞത് കോവിഡ് ബാധിക്കുന്ന പത്തിൽ 5–6 പേർക്ക് പ്രമേഹം വരുമെന്നാണ്. പെട്ടെന്നുതന്നെ ഇൻസുലിൻ കുത്തിവച്ചു. സൂചി കണ്ടാൽ ഓടിയിരുന്ന എനിക്ക് നിത്യവും ഇൻസുലിൽ കുത്തിവയ്ക്കേണ്ടിവന്നു. ‌

രണ്ടാഴ്ചകൊണ്ട് മരുന്നിന്റെയും ഭക്ഷണ നിയന്ത്രണത്തിന്റെയും സഹായംകൊണ്ട് ഷുഗർ താഴ്ന്നു. പിന്നെ അടുത്ത 4–5 മാസം തുടർച്ചയായി മരുന്നെടുത്തു. ഡോക്ടർ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ആവശ്യമായ നിർദേശങ്ങളും ഡയറ്റും പറഞ്ഞുതന്നു. മരുന്നിന്റെ ഡോസേജ് പതുക്കെപ്പതുക്കെ കുറച്ചുകൊണ്ടുവന്നു. 

ഇപ്പോൾ പൂർണമായും ആരോഗ്യം തിരിച്ചുകിട്ടിയിരിക്കുന്നു. മരുന്ന് എടുക്കുന്നത് നിർത്തി. പക്ഷേ, ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധയുണ്ട്. 

fish

ഈ പിരിമുറുക്കങ്ങളെല്ലാം എന്നെ ശരിക്കും ഒരു രോഗിയാക്കി മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് ഒരു സുഹൃത്ത് എനിക്ക് ഒരു മത്സ്യക്കുഞ്ഞിനെ തരുന്നത്. ഭംഗിയുള്ള ഒരു ബൗളിൽ അതീവഭംഗിയുള്ള ബീറ്റ മത്സ്യമായിരുന്നു ഉണ്ടായിരുന്നത്. ബീറ്റ മത്സ്യത്തെ അറിയില്ലെ? പടയാളി മത്സ്യം പോരാളി മത്സ്യം എന്നൊക്കെ പേരുള്ള കുഞ്ഞൻ മത്സ്യം തന്നെ. ഓരോ ദിവസവും ആ മത്സ്യത്തെ നോക്കി, ഭക്ഷണം കൊടുത്ത് പരിപാലിച്ചു. മത്സ്യത്തെ ശ്രദ്ധിക്കുമ്പോൾത്തന്നെ എന്തോ ഒരു പ്രത്യേക അനുഭൂതി. ദിവസവും ഓഫീസിൽ പോകുന്നതിനു മുൻപും വന്നതിനുശേഷവും മത്സ്യത്തിന്റെ കൂടെ കുറെ സമയം ചെലവഴിക്കാൻ ശ്രദ്ധിച്ചു.

അടുത്ത മാസം ഒരു ഫിഷ് ടാങ്ക് വാങ്ങി, ഒപ്പം നിറയെ മത്സ്യങ്ങളെയും. ക്രമേണ മുറിയിൽ നിറയെ മീനുകളായി. അവരുടെ ഭക്ഷണം, ബ്രീഡിങ്, മരുന്നുകൾ എല്ലാം എന്നെ കൂടുതൽ തിരക്കിലാക്കി. പതിയെ പതിയെ എന്റെ മനസിലെ പിരിമുറുക്കങ്ങളെല്ലാം ഇല്ലാതായി. ഇപ്പോൾ കോവിഡിനു ശേഷമുള്ള പുതിയ ജീവിതം ഞാൻ ആസ്വദിക്കുകയാണ്, എന്റെ അരുമകൾക്കൊപ്പം. അവ എത്രത്തോളം സന്തോഷം തരുന്നുവെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം. യുട്യൂബിൽ സെർച്ച് ചെയ്യുന്നതുപോലം ഇപ്പോൾ മത്സ്യങ്ങളെക്കുറിച്ച് പഠിക്കാനാണ്, അവയുടെ പരിപാലനം, പ്രജനനം, ഭക്ഷണം എല്ലാം പഠിക്കാൻ...

English summary: Benefits of Pets During the COVID-19 Pandemic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA