ജാതിക്കാ തൊണ്ടും വരുമാനം; ബീന നേടുന്നത് മാസം 30,000 രൂപ

HIGHLIGHTS
  • മുപ്പതോളം മൂല്യവർധിത ഉൽപന്നങ്ങൾ
beena-tom-1
SHARE

ജാതിക്കാ തൊണ്ടിന് യാതൊരു വിലയും കൊടുക്കാതെ വലിച്ചെറിയുന്ന ഒന്നാണ്. ഏതു പറമ്പിൽ ചെന്നാലും നമുക്ക് വെറുതേ തരും. ആ തൊണ്ടിൽനിന്ന് ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലാ മരങ്ങാട്ടുപിള്ളി ചെമ്പകമറ്റം വീട്ടിലെ ബീനാ ടോം. ജാതിക്കാ തൊണ്ടിൽനിന്ന് ജാമും സ്ക്വാഷും അച്ചാറും ജെല്ലിയും നട്ട്മഗ് ഹണിയുമൊക്കെ നിർമ്മിച്ച് മികച്ച വരുമാനം നേടുകയാണ് ഈ വീട്ടമ്മ. 

മായമൊട്ടും കലരാതെ ഭക്ഷ്യോൽപന്നങ്ങൾ തയാറാക്കി നൽകിയാൽ നമുക്ക് നൂറു ശതമാനം വിജയിക്കാനാകുമെന്ന് പാലാ രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ സ്റ്റുഡന്റ് കൗൺസിലർ കൂടിയായ ബീന പറയുന്നു. വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്കും കോളേജിൽ പോകുന്ന കുട്ടികൾക്കുമൊക്കെ എളുപ്പത്തിൽ വരുമാനം നേടാൻ സാധിക്കുമെന്നും ബീന.

ജാതിക്കാ ഉൽപന്നങ്ങൾക്കു പുറമേ നിസാരമായി കരുതുന്ന വസ്തുക്കളിൽനിന്ന് മുപ്പതോളം മൂല്യവർധിത ഉൽപന്നങ്ങളും തയാറാക്കി വിൽക്കുന്നുണ്ട്. കുമ്പളങ്ങ ഉപയോഗിച്ച് പേടയും ഹൽവയും, അരിയുണ്ട, ആപ്പിൾ-പപ്പായ മിക്സഡ് ജാം, ജാതിക്ക ജാം, പൈനാപ്പിൾ ജാം, ഇഞ്ചി-കാന്താരി മിശ്രിതം, ഇഞ്ചി -മഞ്ഞൾ മിശ്രിതം, ജാർ പുഡ്ഡിംഗ്, സ്ക്വാഷുകളായ ക്യാരറ്റ്, ലൂപിക്ക, ജാതിക്ക- ചെമ്പരത്തിപ്പൂവ്, പൈനാപ്പിൾ, മാങ്ങ, എന്നിവയും തയാറാക്കുന്നു.

ഇതിനുപുറമെ കിസ്മിസ്, പേരയ്ക്ക ജാം, പഴം ജാം, ഹോംമെയ്ഡ് വിനാഗിരി, നെയ്യ്, മീൻ അച്ചാർ, ഇറച്ചി അച്ചാർ, നാരങ്ങ അച്ചാർ, ലൂപിക്ക അച്ചാർ, ജാതിക്ക അച്ചാർ, പേരക്ക ബാർ, കൊളസ്ട്രോളിനും ജലദോഷം-കഫക്കെട്ട് എന്നിവയ്ക്കും ഫലപ്രദമായ തേനും മഞ്ഞളും കുരുമുളകും ചേർന്ന ഒരു മരുന്ന് കൂട്ട്, പ്രമേഹരോഗികൾക്കായി ഹണി ഞാവൽ, കുട്ടികൾക്ക് പല്ലു തേക്കാനായി തേനും കൂവപ്പൊടിയും ഗ്രാമ്പൂവും ചേർന്നൊരു പേസ്റ്റ്, നട്ട്മഗ് ഹണി, തേൻ മാങ്ങാതെര, തേൻ ഗുവാബാർ, തേൻ ചെമ്പരത്തിപൂവ്, തേൻ റംബൂട്ടാൻ,  ജാതിക്കതൊണ്ട് കൊണ്ടുള്ള ജെല്ലി, ത്വക് സംബന്ധമായ പ്രശ്നങ്ങൾക്ക് നോനി ഓയിൽ, പത്ത് തരം ഇലകളും മൂന്ന് തരം ധാന്യങ്ങളും ചേർന്ന ഹെയർ ഓയിൽ, റോസാപ്പൂ ഇതൾകൊണ്ടുള്ള വൈൻ, ജാതിക്കാ വൈൻ, പാഷൻഫ്രൂട്ട് വൈൻ, പൈനാപ്പിൾ വൈൻ, പേരയ്ക്ക വൈൻ, ഞാവൽ വൈൻ, മിക്സഡ് ഫ്രൂട്ട് വൈൻ എന്നിവയും തയ്യാറാക്കി നൽകുന്നുണ്ട്. സംരക്ഷകങ്ങൾ ഒന്നും ചേർക്കാതെ നിർമിക്കുന്നതിനാൽ കൂടുതലായി തയാറാക്കി വയ്ക്കാറില്ല. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് തയാറാക്കി നൽകുകയാണ് ചെയ്യുന്നത്.

ഇതിനു പുറമേ തേനിൽ നിന്നുള്ള മെഴുകുകൊണ്ട് ലിപ് ബാം, കാലുവിണ്ടു കീറുന്നതിന് പരിഹാരമായ ഫൂട് ബാം, വേദനസംഹാരി ബാം, ഫേസ്ക്രീം എന്നിവയുമുണ്ട്. രണ്ട് വർഷത്തോളമായി തേനീച്ച കൃഷിയും മികച്ച രീതിയിലുണ്ട്. തേൻ കൊണ്ടുള്ള മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ച് പഠിക്കാനാൻ ലക്നൗവിൽ നിന്നുവരെ ആളുകൾ വീട്ടിൽ എത്തുന്നുണ്ട്. അതിനുപുറമേ, ആവശ്യക്കാർക്ക് തേനീച്ച കോളനികൾ വിൽക്കുന്നുമുണ്ട്.  

തേൻ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഹണി ചേംബറിലെല്ലാം അടകൾവച്ചുകൊടുക്കുന്ന തിരക്കിലാണ് ബീന. പ്രോത്സാഹനവുമായി ഭർത്താവ് ഡെയറി ഡിപ്പാർട്ട്മെന്റിലെ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടറായ ടോം സി. ആന്റണിയും  മക്കളായ ശീതളും അരുണും  കൂടെയുണ്ട്. ആവശ്യക്കാർ ഏറെയുള്ളതിനാൽ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം വിപുലമാക്കാനുള്ള ആലോചനയിലാണ് ഇവർ.

ബീന ടോം: 9497326496

English summary: Woman Make Money from Value-Added Products

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA