ADVERTISEMENT

സാധാരണക്കാരുടെ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ കേൾക്കുമോ എന്നറിയില്ല. എന്നാലും പറയാം. 

1. വന്യമൃഗങ്ങൾക്കാവശ്യമായ കുടിവെള്ളവും ഭക്ഷണവും വനത്തിനുള്ളിൽ തന്നെ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക. ഇതിനായി ഞാൻ മുൻപ് പറഞ്ഞിട്ടുള്ള ട്രഞ്ച് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. കൂടാതെ വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴകളിൽനിന്നും കനാലുകൾ വഴിയും വനത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാൻ കഴിയും.  

2. വേനൽക്കാലങ്ങളിലും, ജലലഭ്യത കുറയുന്ന അവസരങ്ങളിലും വനത്തിനുള്ളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കുക, ആവശ്യമെങ്കിൽ കൃത്രിമ  കുളങ്ങൾ  ഉണ്ടാക്കുകയും, ടാങ്കറുകൾ ഉപയോഗിച്ചോ, അടുത്തുള്ള പുഴകളിൽ നിന്ന് ജലസേചന പമ്പുകൾ ഉപയോഗിച്ചോ കുളങ്ങളിലേക്ക് വെള്ളമെത്തിക്കുക. 

3. വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്കു ഇഷ്ടപ്പെടുന്ന ഫലങ്ങൾ നൽകുന്ന വന്മരങ്ങൾ നടുക (ഉദാ: പ്ലാവ്, കശുമാവ്). കൂടാതെ കുരങ്ങുകൾ, പന്നി തുടങ്ങിയവ  ഇഷ്ടപ്പെടുന്ന കായ്കളും, കിഴങ്ങുകളും  മറ്റും ഉൽപാദിപ്പിക്കുന്ന വിളകളും മരങ്ങളും. ഇതിനായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വനത്തോട് ചേർന്നുള്ള സ്ഥലങ്ങളും വനത്തിനുള്ളിൽ തന്നെയുള്ള തുറസായ പ്രദേശങ്ങളും ഉപയോഗപ്പെടുത്താം. എല്ലാ സീസണുകളിലും ഫലങ്ങൾ ലഭിക്കാവുന്ന തരത്തിലുള്ള മരങ്ങൾ നടുക.  

4. വനാതിർത്തികളിൽ പ്രത്യേകിച്ച് വന്യമൃഗങ്ങൾ സ്ഥിരമായി വെള്ളം കുടിക്കുവാനും മറ്റുമായി കടന്നുപോകുന്ന മേഖലകളിൽ  നിശ്ചിത അകലത്തിൽ ഓട്ടോമാറ്റിക് സെൻസർ സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ഇവയെ വന്യജീവി ഓഫീസുകളിലെ കംപ്യൂട്ടർ, അലാറം സിസ്റ്റവുമായി ബന്ധിപ്പിക്കുകയും ചെയ്യുക. 

5. വനാതിർത്തികളിൽ താമസിക്കുന്നവരുടെ കോണ്ടാക്ട് നമ്പറുകൾ വനംവകുപ്പ് ഓഫീസിൽ സൂക്ഷിക്കുക. ഇതുവഴി വന്യമൃഗങ്ങളുടെ സാന്നിധ്യം, പ്രത്യേകിച്ച് ആനയുടെയും മറ്റും  വനപാലകർക്ക് (ആത്മാർഥമായും സത്യസന്ധമായും ജോലി ചെയ്യുന്നവരാണെങ്കിൽ) സമീപവാസികളെ അറിയിക്കാൻ കഴിയും. കോണ്ടാക്ട് നമ്പറുകൾ ഈ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ; അല്ലാതെ വീട്ടിലിരിക്കുന്നവരെ വിളിച്ച് വനത്തിൽ കയറ്റി കള്ളക്കേസ് എടുക്കരുത്.  

6. വനാതിർത്തികളിൽ മുളകൾ വളരെ അടുപ്പിച്ച് നട്ടു വളർത്തുക. ഇത് ഇലക്ട്രിക്  ഫെൻസിനേക്കാളും ഫലപ്രദമായ പ്രതിരോധമാണെന്ന് പല നാടുകളിലും തെളിയിച്ചിട്ടുള്ള കാര്യമാണ്. 

7. ‘ആനമതിൽ’ പ്രതിരോധ സംവിധാനത്തിൽ ഞാൻ മുൻപ് പറഞ്ഞിട്ടുള്ള ‘sun shade’, ആളുകൾക്ക് പുഴയിലും മറ്റും ഇറങ്ങാനുള്ള ആർച്ച് കവാടങ്ങൾ, ലോക്കോടുകൂടിയ വാതിലുകൾ തുടങ്ങിയവയും  ഉൾപ്പെടുത്തുക. 

8. കാലാകാലങ്ങളിൽ  വന്യമൃഗങ്ങളുടെ സെൻസസ് എടുക്കുകയും ക്രമാതീതമായി വംശവർധന ഉണ്ടായിട്ടുള്ള മൃഗങ്ങളുടെ വർധന കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക. 

9. വനം-വന്യജീവി നിയമങ്ങളിൽ ആവശ്യമായ, കാലോചിതമായ മാറ്റങ്ങൾ വരുത്തുക. ഇപ്പോൾ നിലവിലുള്ള വനം-വന്യജീവി നിയമം 1972ൽ വന്നതാണ്. അതിനു ശേഷം ഒരു പരിഷ്‌കരണവും ഈ നിയമങ്ങളിൽ ഉണ്ടായിട്ടില്ല. അതായത് അരനൂറ്റാണ്ട് പഴക്കമുള്ള, അന്നത്തെ സാഹചര്യങ്ങക്കനുസരിച്ച് ഉണ്ടാക്കിയ നിയമങ്ങളാണ് നമ്മൾ ഇന്നും പിൻതുടരുന്നത് എന്നത് തികച്ചും വിചിത്രമാണ്.

10. സമീപത്തുള്ള പുഴകളെയും പ്രദേശങ്ങളെയുമൊക്കെ വാണിജ്യവൽകരിക്കാതെതന്നെ സ്വാഭാവിക രീതിയിൽ വനത്തിനുള്ളിൽ, ക്യാമ്പ്, ട്രക്കിങ്, ഹൈക്കിങ്, വാച്ച് ടവർ  പോലുള്ള സംവിധാനങ്ങൾ ഒരുക്കുക. പുഴയും മറ്റും ഉപയോഗിക്കുന്ന സമീപവാസികളുടെ സ്വകാര്യതയെ മാനിക്കുന്ന തരത്തിലുള്ളതായിരിക്കണം ടൂറിസം പദ്ധതികൾ. ഇതുവഴി ലഭിക്കുന്ന പണം വന്യമൃഗങ്ങളുടെ ക്ഷേമത്തിനായും പ്രതിരോധ സംവിധാനങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപണികൾക്കുമായി ഉപയോഗിക്കുക. 

11. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് (ആർക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!) നഷ്ടപരിഹാരത്തോടൊപ്പം അവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും കുടുബത്തിൽ ആർക്കെങ്കിലും ഒരാൾക്ക് സർക്കാർ വകുപ്പുകളിൽ ജോലിയും നൽകുക. വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ ആശുപത്രിച്ചെലവുകളും തുടർചികിത്സകളും  സർക്കാരോ വനം വകുപ്പോ ഏറ്റെടുക്കുക. 

12. ഇതിനെല്ലാം പുറമെ സമീപവാസികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ വനപാലകർ ശ്രമിക്കുക. നാട്ടുകാരെ വെറുതെ പ്രകോപിപ്പിക്കരുത്. 

മേൽപ്പറഞ്ഞകാര്യങ്ങളൊന്നും സമയബന്ധിതമായി നടപ്പിലാക്കാൻ വനം വകുപ്പിനോ സർക്കാരിനോ കഴിയുന്നില്ലെങ്കിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നി പോലെയുള്ള  വന്യമൃഗങ്ങളെ വേട്ടയാടാനും അവയുടെ മാംസം ഭക്ഷിക്കാനും ജനങ്ങളെ അനുവദിക്കുക. വോട്ട് ചെയ്യുന്നതും അധികാരത്തിലെത്തിക്കുന്നതും വന്യമൃഗങ്ങളല്ല മറിച്ച്, ജനങ്ങളാണെന്ന് ഭരണകൂടം മറക്കാതിരിക്കുക!

English summary: How to Survive and Prevent Wild Animal Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com