മത്സ്യക്കൃഷിയും ഹൈടെക് ആയിക്കോട്ടെ എന്നു കരുതിയാണ് റാന്നി അങ്ങാടി പുറത്തേപറമ്പിൽ ജോസ് പി. ഏബ്രഹാം എന്ന മുൻ പ്രവാസി സമ്പാദ്യമെല്ലാം മുടക്കി അക്വാപോണിക്സ് കൃഷി പരീക്ഷിച്ചത്. മത്സ്യവും പച്ചക്കറിയും ഒരുപോലെ പാകപ്പെടുന്ന കൃഷിരീതിയിൽ 2015 മുതൽ ലാഭമായിരുന്നു. മികച്ച ഫലം ലഭിച്ചതോടെ കൂടുതൽ മുതൽമുടക്കിലേക്കു നീങ്ങി. 25 മത്സ്യക്കുളങ്ങളായി. 70 ലക്ഷം രൂപ വായ്പയെടുത്തു നടത്തിയ 2018ലെ കൃഷി പക്ഷേ, ഒരു മനുഷ്യായുസിന്റെ പ്രയത്നഫലം അപ്പാടെ ഒഴുക്കിക്കളയുന്നതായി.
മഹാപ്രളയത്തിൽ ജോസിനുണ്ടായ നഷ്ടം സർക്കാർ കണക്കിൽ 1.37 കോടി രൂപയുടേതാണ്. വില്ലേജ് ഓഫിസർ മുതൽ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വരെ നേരിട്ടെത്തി നഷ്ടം തിട്ടപ്പെടുത്തി സാക്ഷ്യപ്പെടുത്തിയെങ്കിലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ജോസിന്റെ വീടും പറമ്പും ഫാമും ഉൾപ്പെടെ ജപ്തിയുടെ വക്കിലാണ്.
ഫിഷറീസ് വകുപ്പ് പരമ്പരാഗത മത്സ്യക്കൃഷിക്കു സഹായം പ്രഖ്യാപിച്ചെങ്കിലും ഹൈടെക് കൃഷി എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ജോസിന്റെ അപേക്ഷ മടക്കി. മത്സ്യക്കൃഷി മേഖലയിൽ പത്തനംതിട്ട ജില്ലയുടെ ആകെ നഷ്ടമായി ഫിഷറീസ് രേഖപ്പെടുത്തിയിരിക്കുന്നത് 1.24 കോടി രൂപ മാത്രമാണ്. ജോസിന്റെ നഷ്ടം ഈ കണക്കിൽ ഉൾപ്പെട്ടില്ല.
ജോസിന്റെ സുഹൃത്തായ റാന്നി ഐത്തല കണ്ണാത്ത്കുഴിയിൽ പി.എ. ഏബ്രഹാമും ഇതേ അവസ്ഥയിൽ തന്നെയാണ്. പ്രളയത്തിൽ 54 ലക്ഷം രൂപയുടെ നഷ്ടമാണ് ഏബ്രഹാമിന്റേത്. ഈ രണ്ടു നഷ്ടങ്ങളും സംസ്ഥാനത്തിന്റെ ആകെ നഷ്ടത്തിൽ ഇടം പിടിച്ചില്ല. ഹൈടെക് കൃഷിയായതിനാൽ പ്രത്യേക പാക്കേജിലൂടെ വേണം നഷ്ടം നികത്താൻ എന്നായിരുന്നു വന്നു കണ്ട ഉദ്യോഗസ്ഥരുടെയെല്ലാം നിലപാട്. എന്നാൽ, പൊതുമാനദണ്ഡത്തിലല്ലാതെ സഹായം നൽകാൻ വകുപ്പില്ലെന്നായിരുന്നു റവന്യു നിലപാട്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ അനുവദിച്ച തുകയിൽ ഇരുവരുടെയും നഷ്ടം നികത്താൻ തുക തികയില്ലെന്നാണു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മറുപടി നൽകിയത്. നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും മുട്ടാത്ത വാതിലുകളില്ല. പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു നിർദേശിച്ച് നിയമസഭാ പെറ്റിഷൻസ് കമ്മിറ്റി ജോസിന്റെ അപേക്ഷ ഫിഷറീസിലേക്ക് അയച്ചു. അതൊക്കെ സാധാരണ നടപടിക്രമങ്ങളാണെന്നും കാര്യമില്ലെന്നുമായിരുന്നു ഫിഷറീസ് ഉദ്യോഗസ്ഥരുടെ മറുപടി.
പ്രത്യേക പാക്കേജായി സഹായം അനുവദിക്കണമെന്നു ശുപാർശ ചെയ്ത് കേന്ദ്ര ഫിഷറീസ് ജോയിന്റ് കമ്മിഷണർ സംസ്ഥാന ഫിഷറീസ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടിക്കായി കാത്തിരിക്കുകയാണ് ജോസ്.
English summary: The Impact of Flood on Fish Farmers