തേനീച്ച വളർത്തലിൽ മൂന്നര പതിറ്റാണ്ട്: വർഷം 1500 കിലോ തേൻ വിൽക്കുന്ന വീട്ടമ്മ

HIGHLIGHTS
  • പരിചരണക്കുറവുകൊണ്ട് തേനീച്ച കൂടൊഴിഞ്ഞ് പോകാം
selin-honey-bee
SHARE

തേനീച്ചവളർത്തൽ പലർക്കും ഒരു പേടി സ്വപ്നമാണ്. തേനീച്ച കുത്തും എന്ന ഭയത്താലാണ് പലരും ഈ മേഖലയിലേക്ക് കടന്നുവരാൻ മടിക്കുന്നത്. എന്നാൽ, അൽപം മനസ്സും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച വളർത്തൽ മികച്ച വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരുകയാണ് മരങ്ങാട്ടുപിള്ളി പുളിക്കിയിൽ ജോഷിയും സെലിനും. 

35 വർഷത്തോളമായി മികച്ച രീതിയിൽ തേനീച്ച കൃഷി തുടങ്ങിയിട്ട്.  പിതാവിൽനിന്നു പഠിച്ച ബാലപാഠങ്ങളും വിവാഹശേഷം ഭർത്താവിന്റെ പിന്തുണയും കൂടിച്ചേർന്നപ്പോൾ സെലിനെ മികച്ച ഒരു തേനീച്ചക്കർഷകയായി മാറ്റി. വീട്ടിൽനിന്ന് കിട്ടിയ നാലുപെട്ടി തേനീച്ചയിൽനിന്ന് വളർന്ന് ഇപ്പോൾ ഒരു വർഷം 1000 മുതൽ 1500 കിലോ വരെ തേൻ ഉൽപാദിപ്പിക്കുന്ന തേനീച്ച വളർത്തൽ കേന്ദ്രത്തിന് ഉടമയാണ് സെലിൻ. 

രാവിലത്തെ വീട്ടു ജോലികൾക്കു ശേഷം തോട്ടത്തിലേക്കിറങ്ങും. ആദ്യകാലഘട്ടങ്ങളിൽ യാതൊരു മുൻകരുതലുകളും ഉപയോഗിക്കാതെ തന്നെ തേനീച്ചകളെ കൈകാര്യം ചെയ്തു പോന്നിരുന്നു. ഇന്ന് എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ലഭ്യമായ സ്ഥിതിക്ക് ആർക്കു വേണമെങ്കിലും തേനീച്ച വളർത്തലിലേക്ക് കടന്നു വരാമെന്ന് സെലിൻ പറയുന്നു. വളരെ അധികം ഇഷ്ടപ്പെട്ട ഒരു തൊഴിലാണ് തേനീച്ച വളർത്തൽ. അതുപോലെ തന്നെ ക്ലാസ് എടുക്കുന്നതും വളരെ അധികം ഇഷ്ടമാണെന്നും സെലിൻ പറയുന്നു. അതിലുപരി തേനീച്ചയെ കൈകാര്യം ചെയ്യുന്നതിന്റെ പരിചയമാണ് ഏറ്റവും പ്രധാനം. ക്ഷമയോടെ പെട്ടി തുറക്കാനും ഈച്ചയോടു കൂടി അടയെടുത്ത് കൈകാര്യം ചെയ്യാനുമുള്ള കഴിവ് സ്വയം ശീലിക്കേണ്ടതാണെന്നും സെലിൻ. 

ഔഷധമൂല്യമുള്ള ഒരു ഭക്ഷണമാണ് തേൻ. എല്ലാവീട്ടിലും ചെറുതേനും വൻതേനുമൊക്കെ വളർത്തേണ്ടത് ആവശ്യമാണ്. തേനീച്ചക്കൃഷിയിൽ നിന്ന് തേൻ മാത്രമല്ല, പരാഗണം മൂലം പച്ചക്കറികളുടെയും മറ്റ് കൃഷികളുടെയുമെല്ലാം ഉൽപാദനം കൂടുന്നതിനും സഹായിക്കും. ചെറുതേൻ വളർത്താൻ പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ലെന്നും ജോഷി പറയുന്നു.

തേനീച്ചയ്ക്കു പുറമേ റബറും തെങ്ങും ജാതിയും കൃഷി ചെയ്തു വരുന്നു. തേനിന്റെ പ്രാധാന്യം മനസിലാക്കി ഒട്ടേറെ പേർ തേനീച്ച കൃഷിയിലേക്ക് വരുന്നുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് തേനിന്റെ ഔഷധഗുണം മനസിലാക്കി തേൻ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് സെലിൻ. ഇതിനു പുറമേ, തേനീച്ച കൃഷിയെക്കുറിച്ചും  മൂല്യവർധിത ഉൽപന്നങ്ങളെയും കുറിച്ച് വിവിധ സ്ഥലങ്ങളിൽ ക്ലാസുകളും നടത്തി വരുന്നു. 

വൻതേനിനു  പുറമേ ചെറുതേനും സെലിനുണ്ട്. നൂറോളം കൂടുകളിൽനിന്നായി ഒരു വർഷം 25 കിലോ വരെ ചെറുതേൻ ലഭിക്കുണ്ട്. ചെറുതേൻ കൂടുതലായും മരുന്ന് ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. ചെറുതേനീച്ച പ്രധാനമായും ചെറിയ സസ്യങ്ങളിൽ നിന്നാണ് പൂമ്പൊടി ശേഖരിക്കുക. ഔഷധ സസ്യങ്ങളായ തുളസി, മുക്കുറ്റി, നിലന്തെങ്ങ് എന്നിവയൊക്കെ അതിൽപെടുന്നു. തേനീച്ച പരാഗണത്തിന് സഹായിക്കുന്നതിനാൽ തെങ്ങിനും പച്ചക്കറിക്കുമെല്ലാം കൂടുതൽ വിളവ് ലഭിക്കുന്നുണ്ട്. 

തേനട ഉപയോഗിച്ച് ബീവാക്സും സെലിൻ നിർമിക്കുന്നു. തേൻ എടുത്ത ശേഷം അവശേഷിക്കുന്ന തേനറകൾ ശുദ്ധി ചെയ്താണ് ബീ വാക്സ് നിർമിക്കുന്നത്. ഈ വാക്സ് ഉപയോഗിച്ച്  സൗന്ദര്യവർധക ഉൽപന്നങ്ങൾ നിർമിക്കുന്നു.

തേനീച്ചക്കൂടിനെക്കുറിച്ച് കൂടുതലറിയാം

സ്റ്റാൻഡിന്റെ തൊട്ടു മുകളിലായിട്ട് കാണുന്നതാണ് തേനീച്ചപെട്ടിയുടെ അടിപ്പലക. അതിനു മുകളിലായി ബ്രൂഡ് ചേംബർ. ബ്രൂഡ് ചേംബറിലാണ് ഈച്ചയുടെ ജനനം മുതലുള്ള എല്ലാക്കാര്യങ്ങളും നടക്കുന്നത്. റാണി, വേലക്കാരി ഈച്ച, ഡ്രോൺ അതായത് ആൺ ഈച്ച എന്നീ മൂന്ന് തരത്തിലുള്ള ഈച്ചകളും അവയ്ക്ക് അത്യാവശ്യം വേണ്ട തേനും മുട്ട, ലാർവ, പ്യുപ്പ എന്നിവയുമെല്ലാമാണ് ബ്രൂഡ് ചേംബറിൽ ഉള്ളത്. അതിനു മുകളിലായുള്ള പെട്ടിയിലാണ് (ഹണി ചേംബർ അഥവാ സൂപ്പർ) ഉൽപാദന കാലത്ത് ഈച്ചകൾ തേൻ ശേഖരിച്ചുവയ്ക്കുന്നത്. ഉൽപാദനകാലം ആകുമ്പോഴേക്ക് ഹണി ചേംബർ വച്ചുകൊടുത്തിരിക്കണം. ബ്രൂഡ് ചേംബറിൽ നിന്ന് ഒരു അടയെടുത്ത് മുറിച്ച് എല്ലാ സൂപ്പറിലെ എല്ലാ ഫ്രെയിമുകളിലും വെച്ചുകെട്ടി കൊടുക്കുന്നു. ഒരു ഹണി ചേംബറിൽ അഞ്ചു ഫ്രെയിമുകളാണുള്ളത്. തേനീച്ചക്കൂട്ടിലേക്ക് ഉറുമ്പ് കയറാതിരിക്കാൻ സ്റ്റാൻഡിൽ പാത്രം ഘടിപ്പിച്ച് വെള്ളം ഒഴിച്ചുവയ്ക്കാം.

പരിചരണക്കുറവുകൊണ്ട് തേനീച്ച കൂടൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്. വലിയ ഈച്ചയുടെ ഗണത്തിൽ പെടുന്ന കുളവികൾ തേനീച്ചയെ തിന്നാറുണ്ട്. അതുകൂടാതെ നിശാശലഭങ്ങൾ വന്ന് കൂടിന്റെ അടിപ്പലകയിൽ  മുട്ടയിട്ട് വിരിഞ്ഞ് പുഴുവായിക്കഴിയുമ്പോൾ ആ പുഴു കോളനി ആക്രമിച്ച് ക്ഷയം വരുത്തുന്നു. ഇതേത്തുടർന്ന് തേനീച്ചകൾ സ്വയം കൂട് ഉപേക്ഷിച്ച് പോകും. മഴക്കാലത്തെ ഏറ്റവും പ്രധാന പ്രശ്നം പരിചരണക്കുറവുമൂലം കോളനികൾ നഷ്ടപ്പെടുന്നതാണ്. പരിചരണം നന്നായാൽ എല്ലാമായി.

തേനീച്ചയുടെ ആവശ്യത്തിനായി പൂച്ചെടികളും ഫലവ‍ൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. പൂമ്പൊടിയാണ് തേനീച്ചയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള വസ്തു. പൂമ്പൊടിയും തേനും ജലവും കൂടിച്ചേർന്ന ബീബ്രഡാണ് തേനീച്ചയുടെ ഭക്ഷണം. മഴക്കാലത്ത് തെങ്ങിൽനിന്നും പനയിൽ നിന്നുമൊക്കെ ഇവർക്കാവശ്യമുള്ള ഭക്ഷണം ശേഖരിക്കുന്നു. രണ്ടു കിലോമീറ്റർ ചുറ്റളവിൽ വരെ സഞ്ചരിച്ച് ഭക്ഷണം കണ്ടെത്തി കുഞ്ഞുങ്ങളെയും പരിചരിക്കുന്നു. അതുപോലെ ഭക്ഷണ ദൗർഭല്യമുണ്ടായാൽ സ്വാഭാവികമായും റാണി മുട്ടയിടുന്നതു കുറച്ച് കൂട്ടിൽ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നു. 

തേനീച്ച കുത്തിയാൽ 

തേനീച്ച കുത്തിയാൽ അതിന്റെ മുള്ള് പറിച്ചെടുത്ത് കളയുക. അതിനു ശേഷം കുത്തിയ സ്ഥലത്ത് തുളസിയില തിരുമ്മുകയോ ഉപ്പുനീര് പുരട്ടുകയോ ചെയ്താൽ നീരു വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. തേനീച്ച വിഷം നല്ല വിലയുള്ള ഒരു ഔഷധം കൂടിയാണ്. ചില ആളുകൾക്ക് തേനീച്ച കുത്തിയാൽ  അസ്വസ്ഥതകളുണ്ടാകാം. അവർ വൈദ്യസഹായം തേടണം. 

വിഡിയോ കാണാം 

English summary: Beekeeping Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA