ADVERTISEMENT

2020 ഫെബ്രുവരിയിൽ ഏലക്കായുടെ വില 3000നു മുകളിലായിരുന്നു. 2021 ഫെബ്രുവരിയിൽ അത് 1300 ൽ എത്തി നിൽക്കുന്നു. ഇപ്പോൾ തന്നെ കർഷകർ നടുവൊടിഞ്ഞ അവസ്ഥയിലാണ്. ഇനിയും വില താഴെക്കു പോയാൽ സാധാരണ കർഷകന്റെ അവസ്ഥയും നിലനിൽപ്പും പരുങ്ങലിലാകും.

വിലക്കയറ്റം വരുത്തിയ വിന

ഏലത്തിന് കഴിഞ്ഞ വർഷം ലഭിച്ച വില ഒരു പ്രതിഭാസം മാത്രമാണ്. ഏതൊരു ഉൽപന്നത്തിനും 4 വർഷത്തിലൊരിക്കൽ ഉയർന്ന വില ലഭിക്കും (ഉദാ: സവാള, ഉള്ളി, ഇഞ്ചി). ഈ വില ലഭിക്കുന്ന സമയത്ത് പരമാവധി ഉഷപാദനത്തിനായി കിട്ടുന്ന വളങ്ങളും കീടനാശിനികളും ഉപയോഗിക്കും. ഇത് ഉഷപാദനച്ചെലവ് ഉയർത്തും. ഉൽപാദനച്ചെലവ് ഒരിക്കൽ കൂടിയാൽ അത് കുറയ്ക്കുക അത്ര എളുപ്പമല്ല. മാത്രമല്ല ഉൽപാദനം കൂട്ടിയപ്പോൾ ഗുണമേന്മ നഷ്ടപ്പെടുത്തുകയും ചെയ്തു.

കയറ്റത്തിനൊരിറക്കം

ഏതൊരു കയറ്റത്തിനും ഒരിറക്കമുണ്ട്. കോവിഡ്-19 ലോകത്തെ എല്ലാ മേഖലകളെയും ബാധിച്ച പോലെ ഏലത്തിനെയും ബാധിച്ചു. കച്ചവടം നടക്കാതെയായി. ഉയർന്ന വിലയ്ക്കു വാങ്ങിയവർക്ക് വിൽക്കാൻ പറ്റാതെയായി. അങ്ങനെ വ്യവസായ സ്തംഭനമായി. ഇനി പഴയ വിലയിലേക്കാകാൻ വർഷങ്ങൾ എടുത്തേക്കാം. ഉയർന്ന വില ഉൽപാദനം കൂട്ടി. പക്ഷേ, അതിനനുസരിച്ചുള്ള വിപണന സാധ്യതകൾ തുറക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഉപഭോക്തൃ രാജ്യങ്ങളെല്ലാം ഗുണമേന്മയെ ആധാരമാക്കി മാത്രം വാങ്ങുന്ന രീതിയിലേക്കു മാറിക്കഴിഞ്ഞു. രാസകീടനാശിനിയുടെ അളവുകൾക്ക് 'കോഡക്സ്' പരിധി നിശ്ചയിച്ചു കഴിഞ്ഞു. ഈ പരിധിയിൽ വരുന്ന ഏലക്കയ്ക്കു മാത്രമേ ഇനി ലോക വിപണി കിട്ടുകയുള്ളു എന്നതും വിപണിയെ സാരമായി ബാധിക്കും എന്നുറപ്പാണ്.

ഇനിഎന്ത്?

ചെലവു കുറച്ച് ഗുണമേന്മയോടെ ഉൽപാദനം നടത്തുക എന്നതു മാത്രമാണ് ഇതിനൊരു പ്രതിവിധി. 'Safe to eat' സുരക്ഷിത ഭക്ഷണം എന്ന ആശയത്തിലൂന്നി കൃഷി ചെയ്യുക. ഇതിലൂടെ മണ്ണ് നന്നാവും. മണ്ണ് നന്നായാൽ ചെടിയുടെ ആരോഗ്യം നന്നാവും. ആരോഗ്യമുള്ള ചെടിക്ക് നല്ല വിളവും ഉണ്ടാവും. അതുമാത്രമല്ല കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണവും കുറയും. Safe to eat എന്നത് സമ്പൂർണ്ണ ജൈവകൃഷിയല്ല. എന്നാൽ ഇതിൽ നിന്നും ജൈവ സർട്ടിഫിക്കേഷനിലേക്ക് മാറാൻ എളുപ്പവുമാണ്.

രണ്ട് കാര്യങ്ങൾ

രണ്ട് കാര്യങ്ങളാണ് ഏതു കൃഷിയെയും വിജയിപ്പിക്കുന്നത്. അതിൽ ഒന്നാമത്തെത് pH ആണ്. മനുഷ്യന് pHൽ 1 പോയിന്റ് കുറവു വന്നാൽ ICUവിലാകും അപ്പോൾ ചെടിക്കോ? pH 6.5നും 7.5 നും ഇടയിൽ നിർത്തിയാൽ തന്നെ ചെടിയുടെ ആരോഗ്യം 60% ശരിയാവും. രണ്ടാമത്തെ കാര്യം സ്ട്രെസ് അഥവാ സമ്മർദ്ദം, മനുഷ്യന് സ്ട്രെസ് ഉണ്ടാകുന്നതു പോലെ തന്നെ ചെടികൾക്കും ഉണ്ട്. നല്ല മഴ, നല്ല വെയിൽ ഇവയൊക്കെ ഉൽപാദനത്തെ ബാധിക്കും. ഈ സ്ട്രെസ് ഒഴിവാക്കിയാൽ ബാക്കി 20% ശരിയാവും. 

വളവും കീടനാശിനിക്കുമുള്ള സ്ഥാനം വെറും 20 % മാത്രമാണ്. വളത്തിനും കീടനാശിനിക്കുമായി 80 % തുക ചെലവാക്കുകയും 20% റിസൾട്ട് നേടുകയുമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

പാട്ടത്തുക

വില കൂടുന്നതിനനുസരിച്ച് സ്ഥലത്തിന്റെ പാട്ടത്തുക വർധിപ്പിക്കും. ഇത് വില കുറയുന്ന സമയത്ത് കർഷകനെ നന്നായി ബാധിക്കും. അടുത്ത 2 വർഷത്തേക്ക് അമ്പതിനായിരം രൂപയിൽ കൂടിയാൽ 'A zone'ൽപ്പോലും കൃഷി നഷ്ടത്തിലാവും.

മൂല്യവർധിത ഉൽപന്നങ്ങൾ

ഫുഡ് പ്രോഡക്റ്റായും മരുന്നായും ഉപയോഗിക്കാവുന്ന സുഗന്ധവ്യഞ്ജനമാണ് ഏലം എന്നതുകൊണ്ട് തന്നെ അതിന്റെ വിപണന സാധ്യതകളും ഏറെയുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാൻ കഴിയുന്ന ഉൽപന്നമാണ് ഏലം. പക്ഷേ വിഷ രഹിതമാവണം എന്നു മാത്രം.

സ്പൈസസ് ബോർഡ്

വിഷ രഹിതമായ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ബോർഡ് ചെയ്യേണ്ടത്. കർഷകർക്ക് ആവശ്യമായ പരിശീലനങ്ങൾ കൊടുക്കുക, അത് നടപ്പിലാക്കുവാൻ കൃത്യമായ ഫോളോ അപ്പ് നടത്തുക, അവർ ഉൽപാദിപ്പിക്കുന്ന ഏലം വിപണിയിലെത്തിച്ച് അതിന്റെ ഗുണമേന്മയ്ക്കുള്ള വിപണി കണ്ടെത്തി വില ഉയർത്തിയെടുക്കുക എന്നിവ ബോർഡിന് ചെയ്യാൻ കഴിയണം. ലോക വിപണിയിൽ ഗുണമേന്മയുള്ള ഇന്ത്യൻ ഏലക്കായ്ക്കു ഡിമാൻഡ് ഉണ്ടാക്കാൻ സ്പൈസസ്സ് ബോർഡിനു മാത്രമേ കഴിയൂ. ഗുണമേന്മയുള്ള ഏലം ഉൽപാദനത്തിനു തയാറായി വരുന്ന കർഷകർക്ക് GAP പോലുള്ള സർട്ടിഫിക്കേഷനുകൾ എടുക്കാൻ സഹായിക്കുക. GAP ഉള്ള കർഷകർക്ക് ട്രെയ്സബിലിറ്റി കോഡ് കൊടുക്കുക. ഇത് കർഷകരെ വാങ്ങുന്നവരുമായി കൂടുതൽ അടുപ്പിക്കാനും വിശ്വാസ്യത ഉണ്ടാക്കാനും സാധിക്കും. മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കുന്നവർക്ക് സഹായങ്ങൾ നൽകുക.

കൂടുതൽ വിവരങ്ങൾക്ക്: 8139844988

English summary: Farmers Wary of Fall in Cardamom Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com