കരുതൽ ബാക്കിയുണ്ടോ, അൽപം നീരയ്ക്കു കൊടുക്കാൻ

HIGHLIGHTS
  • നീര കർഷകരുടെ സംരംഭമാണ്. അതായത് ഫാർമർ പ്രൊഡ്യൂസർ കമ്പനി
  • കമ്പനികൾക്കു പ്രവർത്തന മൂലധനമില്ല
neera
SHARE

പ്രതിദിനം 10,000 ലീറ്റർ നീര ഉൽപാദിപ്പിക്കാനുള്ള നാളികേര വികസന ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ടിൽ 3.48 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചത്. 2.78 കോടി വായ്പ, 50 ലക്ഷം സംസ്ഥാന സർക്കാർ സബ്സിഡി. തുടക്കകാലത്ത് പ്ലാന്റ് ഉദ്ഘാടന ദിവസംതന്നെ സബ്സിഡി ലഭിച്ചിരുന്നു. പിന്നെ കിട്ടാതായി.

നാളികേര വികസന ബോർഡിൽ നീര പദ്ധതി നടപ്പാക്കാൻ അക്ഷീണം പ്രയത്നിച്ച ചെയർമാൻ സ്ഥലംമാറി പോയതോടെ പുതിയ ചെയർമാന്മാർ പലരും മാറി വന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. സംരംഭകർ ഇതു പ്രതീക്ഷിച്ചിരുന്നില്ല. പലവിധ വാഗ്ദാനങ്ങൾ നൽകി പണം വായ്പയെടുപ്പിച്ചും സ്വയം മുടക്കിയും തുടങ്ങിയവർക്ക് പെട്ടെന്നുള്ള അവഗണന താങ്ങാവുന്നതായിരുന്നില്ല. തുടക്കത്തിൽ ആവേശം അഭിനയിച്ച കൃഷിവകുപ്പും പിന്നെപ്പിന്നെ തിരിഞ്ഞു നോക്കാതായി.

നീര കർഷകരുടെ സംരംഭമാണ്. അതായത് ഫാർമർ പ്രൊഡ്യൂസർ കമ്പനി. കൃഷിവകുപ്പ് സർവ കാർഷികോൽപന്നങ്ങൾക്കും എന്തോ ഫാഷൻ പോലെ ‘ഫാർമർ പ്രൊഡ്യൂസർ കമ്പനി’ തുടങ്ങുമെന്ന് വീമ്പിളക്കാറുണ്ടെങ്കിലും ആദ്യംതന്നെ രൂപംകൊണ്ട നീരയുടെ ഗതി ഇതാണെന്നു മിണ്ടുന്നില്ല. നാളികേര കർഷകരുടെ ഓഹരിയാണ് മുതൽമുടക്കിലെ 53 കോടി. വ്യവസായം നടത്തുന്നതിലെ യാഥാർഥ്യങ്ങളും പ്രശ്നങ്ങളും മുന്നിൽ കാണാതെ എടുത്തുചാടിയതും കർഷകർക്കു വിനയായി.

നീര വേഗം പുളിച്ചു കള്ളാവുന്ന ഉൽപന്നമാണ്. പ്രിസർവേറ്റീവ് ചേർത്ത് ടെട്രാ പാക്കിൽ അടച്ചാൽ 3 വർഷം വരെ കേടുകൂടാതിരിക്കും. സെക്രട്ടേറിയറ്റിലും നഗരങ്ങളിൽ ആളുകൂടുന്നിടത്തുമെല്ലാം കിയോസ്കുകളും കുപ്പികളിൽ നീരയും പരിമിതമായ തോതിൽ വന്നു. പ്രതിദിനം 40,000 ലീറ്റർ നീര ഉൽപാദിപ്പിക്കുന്ന സ്ഥതിവരെയെത്തി. പക്ഷേ ഉൽപാദനം പലപ്പോഴും പല അളവിലായിരുന്നു.

നീര ചെത്തുന്നവരെ കിട്ടാനില്ലെന്നു മാത്രമല്ല വേനൽക്കാലത്ത് നീര ചെത്തൽ അസാധ്യവുമായി. ഉൽപാദിപ്പിച്ച നീരയുടെ വിപണനം വളരെ സാവധാനമായിരുന്നു. നീര ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ശരിയല്ലായിരുന്നെന്ന് നാളികേര വികസന ബോർഡിലെ വിദഗ്ധർ ഇപ്പോൾ സമ്മതിക്കുന്നു. യഥാർഥ നീരയ്ക്കു പകരം പലപ്പോഴും ഇളം കള്ളാണു ലഭിച്ചത്.

കമ്പനികൾക്കു പ്രവർത്തന മൂലധനമില്ലെന്നതായിരുന്നു മറ്റൊരു പ്രശ്നം. നീരചെത്തുകാർക്കു കൂലി കൊടുക്കാൻ പോലും കഴിയുന്നില്ല. ഉൽപന്നം കിയോസ്കുകളിലൂടെ വിറ്റ് പണം തിരികെയെത്തുന്നുമില്ല. കടകളിൽ 20 രൂപയ്ക്കു വിറ്റാൽ 10 രൂപ കമ്മീഷൻ കഴിഞ്ഞ് 10 രൂപ മാത്രമേ ഉൽപാദകനു ലഭിക്കൂ. ഉൽപാദനച്ചെലവും ഗതാഗതച്ചെലവുമെല്ലാം ചേരുമ്പോൾ ബാക്കിയൊന്നുമില്ല. ഉൽപാദക കമ്പനികളുടെ കൺസോർഷ്യം ഉണ്ടാക്കി പലതരം പ്രശ്നങ്ങൾക്കു പരിഹാരത്തിനു ശ്രമിച്ചെങ്കിലും സർക്കാർ വകുപ്പുകളുടെയും നാളികേര ബോർഡിന്റെയും താൽപര്യമില്ലായ്മമൂലം ഒന്നും വിജയിച്ചില്ല. നീരയിൽനിന്നു വൈനുണ്ടാക്കാനും മറ്റും അനുമതി ഇല്ലാത്തതിനാൽ പഞ്ചസാര ഉൽപാദിപ്പിക്കാൻ നോക്കി. ഒരു ലീറ്റർ നീരയ്ക്ക് 150 രൂപ കണക്കാക്കിയാൽ ഒരു കിലോ പഞ്ചസാര ഉൽപാദിപ്പിക്കാൻ 7 ലീറ്റർ നീര വേണം. അങ്ങനെ 1000 രൂപയിലേറെ ചെലവിൽ പഞ്ചസാര ഉൽപാദിപ്പിച്ചാൽ എത്ര വിലയ്ക്കു വിൽക്കും? തമിഴ്നാട്ടിൽ കിലോ വെറും 250 രൂപയ്ക്ക് ഈ പഞ്ചസാര കിട്ടും.

വൈകിയ വേളയിൽ നീര വ്യവസായത്തിനു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാൻ ശ്രമിച്ചു. കെഎഫ്സി വായ്പയ്ക്കു മാത്രം പലിശ ഇളവും മൊറട്ടോറിയവും ലഭിച്ചു. വേറെ പുനരുദ്ധാരണമൊന്നുമില്ല.

നീര പ്ലാന്റിൽ ഉൽപാദനം പ്രതിദിനം 20,000 ലീറ്റർ, കിയോസ്കുകളിലൂടെ 200 മില്ലി വീതം 20 രൂപയ്ക്കു വിൽപന, അങ്ങനെ ദിവസം 1 ലക്ഷം കുപ്പികൾ... സംരംഭകന്റെ പെട്ടിയിൽ വീഴുന്നത് 20 ലക്ഷം രൂപ!! എന്തൊക്കെ മോഹന വാഗ്ദാനങ്ങളായിരുന്നു..!! ശത്രുക്കളോടുപോലും ഇങ്ങനെയൊന്നും ചെയ്യരുതേ സർക്കാരേ എന്നാണു കെണിയിലായ കർഷകർ കണ്ണീരോടെ കേഴുന്നത്. 

English summary: Neera production plant crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA