പതിനായിരക്കണക്കിനു മയിലുകളെ ഇല്ലാതാക്കിയ ന്യൂസിലൻഡ്, കാരണം ഒന്നുമാത്രം

HIGHLIGHTS
  • കേരളത്തിൽ മയിൽ ഒരു അധിനിവേശ ജീവി
  • മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തിൽ
peacock-hunting
SHARE

മയിൽ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലൻഡുകാർ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന്  മയിലുകളെയാണ് ന്യൂസിലൻഡ് കൊന്നൊടുക്കിയിട്ടുള്ളത്. കൃഷിക്ക് വൻ നാശം വരുത്തുന്ന ഈ വിപത്ത് 'മയിലുകളുടെ പ്ലേഗ്' എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാർക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാൻഡ് കൊടുത്തിട്ടുണ്ട്.

ന്യൂസിലൻഡ് ഇതിനു മുൻപും വന്യമ്യഗശല്യത്താൽ വലഞ്ഞിട്ടുണ്ട്. 1897ൽ ബ്രിട്ടീഷുകാർ വേട്ടയാടൽ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ ന്യൂസിലൻഡിലെ റാകിയ നദിക്കരയിൽ വിടുകയും അവിടെ നിന്ന്  മാനുകൾ വെസ്റ്റ്ലൻഡിലേക്ക് വരെ വ്യാപിക്കുകയും  ചെയ്തു. തുടർന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതോടെ 1932നും 1945നും ഇടയിൽ 30 ലക്ഷം മാനുകളെയാണ് ന്യൂസിലൻഡ് കൊന്നൊടുക്കിയത്. മാനുകളെ വെടിവച്ചു കൊല്ലാൻ ഹെലികോപ്റ്ററുകൾ വരെ ഉപയോഗിച്ചിരുന്നു.

ഓസ്ട്രേലിയയിൽ തോമസ് ഓസ്റ്റിൽ എന്ന കർഷകൻ കൊണ്ടുവന്ന 24 കാട്ടു മുയലുകൾ 60 വർഷംകൊണ്ട് 1000 കോടി കടന്നു. മെക്സോമ എന്ന വൈറസ് ഉപയോഗിച്ചാണ് അവയെ ഉന്മൂലനം ചെയ്തത്.

ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുവിനെ ഗവൺമെന്റ് തന്നെ നേരിട്ട് കൊന്നൊടുക്കുകയാണ് പതിവ്. കഴിഞ്ഞ 20 വർഷത്തിനിടെ 9 കോടി കങ്കാരുക്കളെ ഓസ്ട്രേലിയ ഇല്ലായ്മ ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി ഓസ്ട്രേലിയ പതിനായിരക്കണക്കിന് ഒട്ടകങ്ങളെ വെടിവെച്ചുകൊന്നത് കഴിഞ്ഞവർഷമാണ്

യുഎഇയിലെ പരിസ്ഥിതി ഏജൻസിയുടെ ബയോ സെക്യൂരിറ്റി യൂണിറ്റിന്റെ കണക്കുകളനുസരിച്ച് ഒരു പതിറ്റാണ്ട് മുൻപ് ഒരു ലക്ഷം മാടപ്രാവുകളെയും, 5000 മൈനകളെയും, 3500 തത്തകളെയും, 1200 കാക്കകളെയും കൊന്നൊടുക്കിയത് പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. 

‘പറക്കുന്ന എലികൾ’ അല്ലെങ്കിൽ ആകാശത്തിലെ ചൊറിത്തവളകൾ (cane toads of the sky) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ മൈന, ലോകത്തെ ഏറ്റവും ആക്രമണകാരികളായ 100 ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏവിയൻ മലേറിയ (Plasmodium and Haemoproteus spp.) പടർത്തുകയും, പഴം, പച്ചക്കറി, ധാന്യ വിളകൾ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇവയെ അക്രമണകാരിയായി കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ ബുണ്ടാബെർഗ് റീജിയണൽ കൗൺസിൽ ഒരു മൈനയുടെ തലയ്ക്ക് 2 ഡോളർ പ്രതിഫലം നൽകുന്നുണ്ട്. 

കാവ്യഭാവനയുടെ സർഗസൗന്ദര്യം ആവാഹിച്ച മയിൽ പ്രശ്നക്കാരണോ എന്ന ചോദ്യത്തിന്, മയിൽ ഒരു ഭീകരജീവിയാണ് എന്നതാണ് ഉത്തരം. എങ്ങനെയെന്നല്ലേ? 

നമ്മുടെ ദേശീയ പക്ഷി എന്നതിലുപരി, കേരളത്തിൽ മയിൽ ഒരു അധിനിവേശ ജീവിയാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വകുപ്പു മേധാവിയായ ഇ.എ.. ജയ്സണും, ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ആയ സുരേഷ് കെ. ഗോവിന്ദും ചേർന്ന് 2018ൽ നടത്തിയ പഠനത്തിൽ മയിലുകൾക്ക് നെൽകൃഷി പോലുള്ള വിളകളിൽ 46% വരെ വിളനാശം ഉണ്ടാക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത ജില്ലകളില്ല. മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ തരൂരിലാണ് മയിലുകൾക്കു വേണ്ടി നിർമ്മിച്ച ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രമുള്ളത്.

1933ൽ ഇന്ത്യയുടെ ‘പക്ഷിമനുഷ്യ’നായ സലിം അലി തിരുവിതാംകൂർ-കൊച്ചി പ്രവിശ്യകളിൽ നടത്തിയ സർവേയിൽ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ല. 2020ലെ Birdlife മാഗസിൻ ഇന്ത്യൻ പീക്കോക്കിന്റെ അമിത വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന ഇന്ത്യന്‍ മയിലാണ് നീല മയില്‍ അഥവാ Pavo cristatus എന്നറിയപ്പെടുന്നത്. നമ്മുടെ ദേശീയ പക്ഷിയെന്ന നിലയിൽ, മയിലിന് പ്രത്യേക നിയമ പരിരക്ഷയുണ്ട് . കേസിൽ പെട്ടാൽ 1972ലെ ഷെഡ്യൂൾ ഓഫ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ സെക്ഷൻ 51 പ്രകാരം മയിലിനെ കൊല്ലുന്നതിന്, മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവും 20,000 രൂപയിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റർ VA വകുപ്പ് 49 A (B) പ്രകാരം മയിൽ വേട്ട നടത്താതെയുള്ള മയിൽപീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല എന്നു കൂടെയുണ്ട്.

തമിഴ്നാട്ടിലെ കാരക്കലിലെ 12,000 ഹെക്ടറിൽ കൃഷിചെയ്തിരുന്ന നെൽക്കർഷകർ, കൃഷി 6000 ഹെക്ടറായി ചുരുക്കിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മയിൽ ശല്യമാണ്. മയിലുകൾ വിളയാറായ നെൽമണികൾ തിന്ന് നശിപ്പിക്കുക മാത്രമല്ല ചെയ്യുക. നെല്ലില്ലാത്ത സമയത്തുപോലും, മണ്ണിര, മിത്രകീടങ്ങൾ, ഓന്ത്, തവള, പാമ്പുകൾ, എന്നിങ്ങനെ കർഷകരുടെ മിത്രങ്ങളായ സകലതിനെയും മുച്ചൂടും മുടിക്കും. ഇത് നാടിന്റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കും. മയിലുകൾ കൂട്ടത്തോടെ പാടത്തേക്കിറങ്ങി, ചവിട്ടിയും മെതിച്ചും നെൽച്ചെടികൽ നശിപ്പിക്കുന്നതുവഴി നെൽപ്പാടം തന്നെ തരിശാക്കി മാറ്റും. പാടത്ത് ഉപയോഗിച്ചിരിക്കുന്ന കളനാശിനികളോ കീടനാശിനികളോ മൂലം മയിലുകൾക്ക് ജീവഹാനിയുണ്ടായാലുള്ള നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം കൂടിയായായപ്പോൾ കാരയ്ക്കലിലെ നെൽക്കൃഷി പകുതിയായി ചുരുങ്ങി.

ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെടുത്തിയ, 1972ൽ പുതുക്കിയ വനം-വന്യജീവി നിയമങ്ങൾ പൊളിച്ചു പണിയാതെ നമ്മുടെ പരിസ്ഥിതിയെയും കർഷകരെയും രക്ഷിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

peacock-population
കഴിഞ്ഞ 30 വർഷത്തിൽ കേരളത്തിലെ മയിലുകളുടെ വളർച്ച. ചിത്രം 1∙ 1991–2001 കാലഘട്ടം. ചിത്രം 2∙ 2001–2011 കാലഘട്ടം. ചിത്രം 3∙ 2011–2021 കാലഘട്ടം. അവലംബം: കോർണൽ ലാബ് ഓഫ് ഓർണിത്തോളജി, സ്പീഷിസ് മാപ്.

Cornell Lab of Ornithology യുടെ Species mapൽ കാണുന്ന പർപ്പിൾ ചതുരങ്ങൾ (ഒരു ചതുരശ്ര കിലോമീറ്റർ വീതമുള്ള ചതുര പ്ലോട്ടുകൾ) ആശങ്ക ഉളവാക്കുന്നതാണ്. മയിൽ കേരളത്തിൽ ഒരു പാരിസ്ഥിതിക ദുരന്തമായി മാറാൻ അധിക സമയം വേണ്ട എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്ത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) പോലും ഒട്ടും ആശങ്കാജനകമല്ലാത്ത (LC - Least Concern) വിഭാഗത്തിലാണ് മയിലുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇനി യഥാർഥ പ്രശ്നത്തിലേക്ക് വരാം. ന്യൂസിലൻഡിന്റെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 18 പേരും,  ഓസ്ട്രേലിയയുടേത് വെറും നാലു പേരുമാണ്. ഇന്ത്യയുടെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 പേരാണ്, അതേസമയം കേരളത്തിലേത് ചതുരശ്ര കിലോമീറ്ററിന് 859 പേർ വരും. കൂടാതെ കേരളത്തിൽ 54.42% ഫോറസ്റ്റ് കവർ കൂടെയാണ് എന്നോർക്കണം. വയനാട് പോലുള്ള ജില്ലകളിൽ അത് 74 ശതമാനത്തിൽ കൂടുതലാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടെ വേണം വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതാൻ. 

കൂടാതെ യുഎഇ പോലുള്ള രാജ്യങ്ങൾ നടപ്പാക്കിയ ബയോ സെക്യൂരിറ്റി യൂണിറ്റ് പോലുള്ളവ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് നമ്മുടെ നാട്ടിൽ ആരംഭിക്കുകയും വേണം.

English summary: 'No predators, plenty to eat': New Zealand struggles with plague of peacocks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA