25 റംബുട്ടാൻ, 100 പ്ലാവ്, 50 പെട്ടി തേനീച്ച; കൃഷിയെ സ്നേഹിക്കുന്ന കാക്കിക്കുള്ളിലെ കർഷകൻ

HIGHLIGHTS
  • 100 വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് 30 സെന്റിൽ വളരുന്നു
  • അരയേക്കറിൽ 25 റംബുട്ടാനും അതിന് ഇടവിളയായി 50 തെങ്ങും
muhammed-police-jack-fruit
മുഹമ്മദ്
SHARE

ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ മുഹമ്മദ് കളപ്പുരയിലിന് ജോലിപോലെതന്നെ കൃഷിയും ജീവനാണ്. എറണാകുളം ജില്ലയിലെ പല്ലാരിമംഗലത്ത് സ്വന്തമായുള്ള 50 സെന്റ് സ്ഥലംകൂടാതെ കുടുംബസ്വത്തായുള്ള ഒരേക്കറിലുംകൂടിയാണ് മുഹമ്മദിന്റെ കൃഷി. റംബുട്ടാനും പ്ലാവും വാഴയും പച്ചക്കറികൾക്കുമൊപ്പം വീട്ടുമുറ്റത്തെ 4 കുളങ്ങളിൽ മത്സ്യക്കൃഷിയുമുണ്ട്. 

അരയേക്കറിൽ 25 റംബുട്ടാനും അതിന് ഇടവിളയായി 50 തെങ്ങും വച്ചിട്ടുണ്ട്. മൂന്നു വയസായ റംബുട്ടാൻ കഴിഞ്ഞ വർഷം ആദ്യ വിളവ് നൽകി. 100 കിലോ കായ 150 രൂപ നിരക്കിൽ വിൽക്കാനായി. ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി ചേർത്തായിരുന്നു തൈ നട്ടത്. തുടർന്നുള്ള ഓരോ വർഷവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും 2 കുട്ട ചാണകപ്പൊടിയും വളമായി നൽകുന്നു. വേനൽക്കാലത്ത് നനച്ചുകൊടുക്കും. ഇതിന് മത്സ്യക്കുളത്തിലെ വെള്ളം ഉപയോഗിക്കാറുണ്ട്. ചാണകം ഇടുന്നതിനു മുൻപ് ഒരാഴ്ച കക്കയിടും. മണ്ണിലെ അമ്ല–ക്ഷാരനില ക്രമപ്പെടുത്തുന്നതിനുവേണ്ടിയാണിത്.

muhammed-police-rambuttan

ഒന്നര വർഷം മുൻപ് കാഞ്ഞിരപ്പള്ളിയിൽനിന്ന് എത്തിച്ച 100 വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് 30 സെന്റിൽ വളരുന്നു. ഇതിൽ 30 ശതമാനം പ്ലാവുകൾ ഇക്കൊല്ലം കായിച്ചു. ആദ്യ വിളവായതിനാൽ പുറത്തു വിറ്റില്ല. 30 സെന്റിലെ പ്ലാവ് കൃഷി ഒരേക്കറിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇവ കൂടാതെ 350 ഏത്തവാഴ നട്ടിരുന്നു. വിളവെടുപ്പ് കാലത്ത് വിലത്തകർച്ചയേത്തുടർന്ന് കിലോയ്ക്ക് 17–18 രൂപയാണ് ലഭിച്ചതെന്ന് മുഹമ്മദ്. അതുകൊണ്ടുതന്നെ വാഴയിൽനിന്ന് ലാഭമൊന്നും ലഭിച്ചില്ല. ചേനയ്ക്കും വിലയിടിവായതിനാൽ വിത്തിന് വിൽക്കാനായി മാറ്റിവച്ചിരിക്കുന്നു. ഇവ കൂടാതെ വീട്ടിലേക്കാവശ്യമായ എല്ലാവിധ പച്ചക്കറികളും സ്വന്തമായി ഉൽപാദിപ്പിക്കുന്നു.

muhammed-police
മുഹമ്മദ്

കൃഷിയിൽ തനിക്ക് എപ്പോഴും നേട്ടം സമ്മാനിക്കുന്നത് തേനീച്ചവളർത്തലാണെന്ന് മുഹമ്മദ് പറയും. 3 സ്ഥലത്തായി 50 പെട്ടി തേനീച്ചയാണുള്ളത്. കഴിഞ്ഞ വർഷം ഇതിൽനിന്ന് 400 കിലോഗ്രാം തേൻ ലഭിച്ചു. ലോക്‌ഡൗൺ ആയതിനാൽ കിലോഗ്രാമിന് 350 രൂപ നിരക്കിലായിരുന്നു വിൽപന. മൂന്നു മാസം മുൻപ് ആ തേൻ പൂർണമായും തീർന്നു. 

50 കിലോഗ്രാമിന്റെ ജാറിൽ തേൻ നിറച്ച് വായു കടക്കാത്ത വിധത്തിൽ അടച്ചാണ് സൂക്ഷിക്കുക. ‍‌ഒരു ജാർ തുറന്നാൽ തേൻ 1 കിലോ, 2 കിലോ തോതിൽ കുപ്പികളിൽ നിറയ്ക്കും. ഇത് വിറ്റു തീർന്നതിനുശേഷമേ അടുത്ത ജാർ തുറക്കൂ. അതുകൊണ്ടുതന്നെ കേടായിപ്പോകില്ലെന്നു മുഹമ്മദ്. കൂടാതെ തേനടയിലെ തേനറകൾ പൂർണമായും സീൽ ചെയ്തതിനുശേഷം മാത്രമാണ് തേൻ ശേഖരിക്കുക. അതുകൊണ്ടുതന്നെ ജലാംശം തേനിൽ കുറവായിരിക്കുമെന്നും മുഹമ്മദ്. തേനിന് സൂക്ഷിപ്പുകാലാവധി കൂടുതൽ ലഭിക്കുന്നത് ഇങ്ങനെ സീൽ ചെയ്തശേഷം തേൻ എടുക്കുമ്പോഴാണെന്നും മുഹമ്മദ്.

നാലു കുളങ്ങളിലായി മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഒരു കുളത്തിൽ തിലാപ്പിയ മത്സ്യങ്ങളെ വളർത്തി. അവ വിൽക്കാൻ കഴിഞ്ഞെങ്കിലും തീറ്റച്ചെലവ് നോക്കുമ്പോൾ വലിയ ലാഭമൊന്നുമില്ലെന്നാണ് മുഹമ്മദിന്റെ അനുഭവം. മൂന്നു കുളങ്ങളിൽ ജയന്റ് ഗൗരാമികൾ വളരുന്നു. അധികം പരിചരണം ആവശ്യമില്ലാത്ത ഇവർക്ക് തൊടിയിൽനിന്നുള്ള ഇലവർഗങ്ങൾ ഭക്ഷണമായി നൽകിയാൽ മതി. അതുകൊണ്ടുതന്നെ തീറ്റച്ചെലവ് വരുന്നുമില്ല. വളരാൻ കാലതാമസമെടുക്കുമെങ്കിലും തീറ്റച്ചെലവ് നോക്കുമ്പോൾ ജയന്റ് ഗൗരാമികൾത്തന്നെ നല്ലതെന്നും മുഹമ്മദ്. ഇലവർഗങ്ങൾ നന്നായി കഴിക്കുമെന്നതിനാൽ ഇവയുടെ കാഷ്ഠത്തിന്റെ അളവും കൂടുതലായിരിക്കും. കൃഷിക്ക് ഈ കാഷ്ഠമടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് അധികനേട്ടമെന്നും മുഹമ്മദിന്റെ അനുഭവം.

ഫോൺ: 9747372246

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA