കാലാവസ്ഥാ വ്യതിയാനം തടയേണ്ടതാര്? മലയോരവാസികള്‍ക്കും ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ മെനയേണ്ടതുണ്ട്

HIGHLIGHTS
  • ശാസ്ത്രവും സാഹിത്യവും വ്യത്യസ്തമാണ്
  • മലയോരങ്ങളുടെ വനവല്‍കരണം കൊണ്ടുമാത്രം കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനാവില്ല
forest
ഫോട്ടോ∙ ജിമ്മി കമ്പല്ലൂർ
SHARE

വിശ്വാസങ്ങളിലും സൗന്ദര്യാവബോധത്തിലും അധിഷ്ഠിതമായ നിലപാടുകളുടെ ഏറ്റവും വലിയ പ്രശ്നം അവയില്‍  തിരുത്തുകള്‍ വരുത്തുക ദുഷ്കരമോ അസാധ്യം തന്നെയോ ആണെന്നതാണ്. മനുഷ്യന്‍റെയും ജീവന്‍റെയും നിലനില്‍പ്പുകളെ സംബന്ധിച്ച അത്തരം നിലപാടുകള്‍ വലിയ അപകടങ്ങളിലേക്കു നയിക്കാം.

കണക്കുകളെ അടിസ്ഥാനമാക്കി നിലപാടുകള്‍ രൂപീകരിക്കുകയാണ് മറ്റൊരു രീതി. കണക്കുകള്‍ തെറ്റാം. പക്ഷേ, ശരിയായ കണക്കുകള്‍ ലഭ്യമാകുന്നതിനനുസരിച്ച് നിലപാടുകള്‍ ‘കൂളായി’ തിരുത്താനാകും.

മനുഷ്യരെ അറിവിന്‍റെ ലോകത്തിലേക്കു നയിക്കുന്നത് മൂന്നു വാതിലുകളാണ്. എന്തുകൊണ്ട്, എങ്ങനെ, എത്ര.

ഇതില്‍ ആദ്യത്തെ രണ്ടു വാതിലുകള്‍ ശാസ്ത്രത്തിലേക്കു തന്നെ നയിച്ചുകൊള്ളണമെന്നില്ല. മൂന്നാമത്തെ വാതില്‍ കൃത്യമായും ശാസ്ത്രത്തിന്‍റെ സെന്‍ട്രല്‍ ഹാളിലേക്കു തന്നെയാണ് നയിക്കുക.

ശാസ്ത്രവും സാഹിത്യവും വ്യത്യസ്തമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന് ഒരുപാട് കാരണങ്ങളുണ്ട്. നമ്മുടെ ജലാശയങ്ങളും, കൃഷിയിടങ്ങളും, കന്നുകാലികളും, വാഹനങ്ങളും, വ്യവസായ ശാലകളും, അടുക്കളകളും ഒക്കെ ഹരിതവാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ ഏതൊക്കെ നമുക്ക് നിയന്ത്രിക്കാനാവും?

ലോകത്തിൽ ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത് ചൈനയിലാണ്, 34 കോടി. അവിടെ പക്ഷേ ആയിരം പേര്‍ക്ക് 243 വാഹനങ്ങളേയുള്ളൂ. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്, 30.3 കോടി വാഹനങ്ങള്‍. ഇതില്‍ ഭൂരിപക്ഷവും ഇരുചക്ര വാഹനങ്ങളാണ്. ആയിരം പേർക്ക് 222 വാഹനങ്ങള്‍. മൂന്നാം സ്ഥാനം അമേരിക്കയാണ്, 27.6 കോടി വാഹനങ്ങള്‍. 1000 പേര്‍ക്ക് 850 വാഹനങ്ങള്‍. ഇതാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഓട്ടോമൊബൈൽ പെര്‍കാപ്പിറ്റ. നാലാമത് ജപ്പാനാണ് ആകെ 7.84 കോടി വാഹനങ്ങളുണ്ട്. ആയിരത്തിന് 621. പിന്നെ ബ്രസീല്‍ ആണ് 4.59 കോടി. ആയിരത്തിന് 218.

ഇതില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളും ഉണ്ട്. പക്ഷേ ക്രമം ഏറെക്കുറെ ശരിയാണ്. ഈ കണക്കുകളിലൊക്കെ തെറ്റുകളുണ്ടാവാം. പക്ഷേ ലോകത്തില്‍ ഉപയോഗിക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തെക്കുറിച്ച് ഒരേകദേശ  ധാരണയുണ്ടാക്കാന്‍ അവ സഹായിക്കും. അത്രയേ വേണ്ടൂ.

ഇന്ത്യയില്‍ 30.3 കോടി വാഹനങ്ങള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ അത് 1.33 കോടിയാണ്.

ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 1.18 ശതമാനമേയുള്ളു കേരളം. എന്നാല്‍ ജനസംഖ്യയുടെ 2.52 ശതമാനം കേരളത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നാലു ശതമാനത്തിലധികം കേരളത്തിലാണ് (കേരളത്തിലെ ജില്ലതിരിച്ചുള്ള വാഹന ഉപയോഗം അന്വേഷിച്ചു, കിട്ടിയില്ല).

വാഹനങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കാന്‍ നമുക്ക് എന്താണ് ചെയ്യാനാവുക? പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഈ പ്രശ്നത്തില്‍ എന്തു നിലപാടാണുള്ളത്? നിയന്ത്രിക്കണം നിരോധിക്കണം എന്നൊക്കെ പറയാന്‍ ആര്‍ക്കും കഴിയും. പക്ഷേ എങ്ങനെ എന്നതാണല്ലോ പ്രശ്നം.

മലയോര പ്രദേശങ്ങളിലെ വനനശീകരണമാണ് കാലാവസ്ഥാ മാറ്റത്തിനു കാരണം എന്നും അവിടങ്ങളിലെ വനവല്‍കരണമാണ് പ്രശ്ന പരിഹാരത്തിനുള്ള പ്രധാന മാര്‍ഗം എന്നും വിശ്വസിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം.

2030 ആകുമ്പോഴേക്കും ഫോറസ്റ്റ് കവര്‍ 30 ശതമാനം ആക്കി വര്‍ധിപ്പിക്കാനായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ പദ്ധതി. അതിപ്പോള്‍ത്തന്നെ 30.5 ആയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ വനനയം ലക്ഷ്യമാക്കുന്നത് ഭൂമിയുടെ മൂന്നിലൊന്ന് ഫോറസ്റ്റ് കവറാണ്. പക്ഷേ, രാഷ്ട്രം 25ശതമാനത്തിനോട് അടുത്ത് നില്‍ക്കുന്നതേയുള്ളൂ.

ഏറ്റവും കൂടുതല്‍ വനമുള്ള റഷ്യയില്‍ ഭൂവിസ്തൃതിയുടെ 50 ശതമാനത്തോളമാണ് ഫോറസ്റ്റ് കവര്‍. ചൈനയില്‍ 22 ശതമാനം. ജപ്പാനില്‍ 68.5 ശതമാനം. അമേരിക്കയില്‍ 36 ശതമാനം. ബ്രിട്ടനില്‍ 13 ശതമാനം.

കേരളത്തില്‍ ഇത് 50 ശതമാനമാണ്. വയനാട് ഇടുക്കി ജില്ലകളില്‍ 70 ശതമാനത്തിന് മുകളിലുമാണ്.

70 ശതമാനമെന്നത് ഭൂമിയുടെ വിസ്തൃതിയോ, പ്ലാന്‍റേഷനുകളും കൂടി ചേര്‍ത്തുകൊണ്ടുള്ളതോ, ഇലച്ചാര്‍ത്ത് (Canopy) കൂടി ചേര്‍ത്തുകൊണ്ടുള്ളതോ ഒക്കെ ആയിരിക്കാം. പക്ഷേ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിന് അതു ധാരാളമാണ്. ക്ലോറോപ്ലാസ്റ്റുള്ള എല്ലാ സസ്യങ്ങൾക്കും അതിന് കഴിയും. 

മലയോരങ്ങളുടെ വനവല്‍കരണം കൊണ്ടുമാത്രം കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനാവില്ല. അതിന് ഒരു പരിധി നിശ്ചയിക്കുകയും വേണം. മലയോരവാസികള്‍ക്കും ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ മെനയേണ്ടതുണ്ട്.

English summary: Who is responsible for tackling climate change?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA