ADVERTISEMENT

ഇന്നലെ അന്തര്‍ദേശീയ വന്യജീവിദിനമായിരുന്നു. ഒരു വന്യജീവിയില്‍നിന്ന് മനുഷ്യരിലെത്തിയ കോവിഡ് 19  എന്ന ആഗോള മഹാമാരിയോട് ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ് എന്നതുകൊണ്ടുതന്നെ ഈ വന്യജീവി ദിനം 'ഏകലോകം ഏകാരോഗ്യം' എന്ന ആശയത്തെയാണ് വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നത്.

ലോകമാകെ പത്തു കോടിയിലധികം പേരെ വൈറസ് ബാധിതരാക്കിയ, 20 ലക്ഷത്തിലധികം മനുഷ്യ ജീവനുകളെടുത്ത കൊവിഡ് 19 മഹാമാരി ആരംഭിച്ചത് ചൈനയിലെ വുഹാനിലുള്ള ഒരു വന്യജീവി വില്‍പ്പനശാലയിലാണ്. വന്യജീവികളെ അനധികൃതമായി കാട്ടില്‍നിന്ന് പിടിച്ച്, വൃത്തിഹീനമായ ഇടുങ്ങിയ കൂടുകളില്‍ താമസിപ്പിച്ച് അവയുടെ മാംസം വിറ്റഴിച്ചിരുന്ന ഒരു വന്യജീവി വില്‍പ്പനശാലയില്‍നിന്ന്.

സാര്‍സ് കോവ്-2 വൈറസിന്റെ ജനിതക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അതിന് വവ്വാലുകളിലെ കൊറോണ വൈറസുകളുമായി ജനിതക സാമ്യമുണ്ടെന്നാണ്. വവ്വാലുകളില്‍നിന്ന് വൈറസ് നേരിട്ട് മനുഷ്യരിലെത്തിയതാണോ അതോ വവ്വാലുകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ മറ്റൊരു മൃഗ സ്പീഷിസ് ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയാണ്. കൊവിഡ്-19ന് കാരണമായ സാര്‍സ് കോവ് 2 വൈറസുമായി ജനിതക സാമ്യമുള്ള സാര്‍സ് വൈറസ് വവ്വാലുകളില്‍നിന്ന് മനുഷ്യരിലെത്തിയത് മരപ്പട്ടികള്‍ വഴിയും, മെര്‍സ് വൈറസ് വവ്വാലുകളില്‍നിന്ന് ഒട്ടകങ്ങള്‍ വഴിയുമാണെന്നാണ് ഗവേഷണ പഠനങ്ങള്‍ അനുമാനിക്കുന്നത്.

ഒരു വന്യജീവിയില്‍ നിന്നാരംഭിച്ച കൊവിഡ് 19 ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി മൃഗങ്ങളെ ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളായ നായ്ക്കളിലും പൂച്ചകളിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നായ്ക്കളില്‍ വൈറസിന്റെ അളവ് മറ്റു നായ്ക്കളിലേക്ക് വൈറസ് സംക്രമണം നടക്കാന്‍ പര്യാപ്തമല്ല എന്നാല്‍ വൈറസ് ബാധിതരായ പൂച്ചകള്‍ക്ക് മറ്റു പൂച്ചകളിലേക്ക് രോഗം പകര്‍ത്താന്‍ സാധിക്കും. അമേരിക്കയിലും നെതര്‍ലന്‍ഡ്‌സിലുമായി ആയിരക്കണക്കിന് മിങ്കുകള്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഇവയില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ചൈനയിലെ വുഹാനില്‍നിന്ന് 11,000 കിലോമീറ്റര്‍ അകലെ അമേരിക്കയിലെ ഒരു വന്യജീവിയില്‍, ഒരു വന്യ മിങ്ക് സ്പീഷീസില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നു.

വൈറസ് ഏതെങ്കിലും വളര്‍ത്തു/വന്യമൃഗത്തിലേക്ക് വ്യാപിക്കുകയും അവ രോഗവാഹകരായി മാറുകയും ചെയ്യുമോ എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്. അപ്രകാരം സംഭവിച്ചാല്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത് വഴി 'സമൂഹ രോഗപ്രതിരോധശേഷി' (ഹെര്‍ഡ് ഇമ്മ്യൂണിറ്റി) കൈവരിച്ചു കൊണ്ട് കൊവിഡ് 19നെ പിടിച്ചു കെട്ടാമെന്ന പ്രതീക്ഷ അസ്തമിക്കുമെന്നത് വസ്തുതയാണ്.

2002ല്‍ ചൈനയില്‍നിന്നു തുടങ്ങിയ സാര്‍സ് മഹാമാരിക്കാലത്ത് തന്നെ അനധികൃത വന്യജീവി ചന്തകള്‍ അവസാനിപ്പിക്കണമെന്ന് അന്തര്‍ദേശീയ തലത്തില്‍ ആവശ്യമുയര്‍ന്നിരുന്നതാണ്. അടുത്ത മഹാമാരിയുടെ തുടക്കം ചൈനയിലെ വന്യജീവിമാര്‍ക്കറ്റുകളില്‍ നിന്നാകുമെന്ന് നിരവധി വിദഗ്ധര്‍ മുന്നറിയിപ്പ് തന്നിരുന്നതുമാണ്. ചൈനയില്‍ പരിസ്ഥിതി വന്യജീവി സംരക്ഷണ നിയമങ്ങള്‍ സുശക്തമായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക് വൈറസ് കടക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികളോ, സാധ്യതാ പഠനങ്ങളോ നടന്നില്ല എന്നതും ഒരു വീഴ്ചയായി വിലയിരുത്തേണ്ടിയിരിക്കുന്നു.

പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നത് മനുഷ്യാരോഗ്യ സംരക്ഷണം പോലെ പ്രധാനമാണെന്ന്, പരിസ്ഥിതിയുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പര ബന്ധിതമാണെന്നുമാണ് കൊവിഡ് 19 എന്ന ആഗോള മഹാമാരി നമ്മെ ഓര്‍മിപ്പിക്കുന്നത്.

ഏകാരോഗ്യം

മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പര ബന്ധിതമാണെന്ന, ഒന്നു തന്നെയാണെന്ന ആശയമാണ് 'ഏകലോകം ഏകാരോഗ്യം'. മനുഷ്യരുടെ ആരോഗ്യത്തിന് പരിസ്ഥിതിയുമായി ബന്ധമുണ്ടെന്ന ആശയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും വൈദ്യശാസ്ത്രങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുന്ന ഒരു രേഖയില്ലെന്നും അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നും പറഞ്ഞത് വിഖ്യാത ശാസ്ത്രജ്ഞനായ റുഡോള്‍ഫ് വിര്‍ക്കോയാണ്. 

ഏകാരോഗ്യ സമീപനത്തിന് ശാസ്ത്രലോകത്ത് വലിയ അംഗീകാരം ലഭിക്കുന്നത് ഹെന്‍ഡ്ര വൈറസുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണ പഠനത്തെത്തുടര്‍ന്നാണ്. 1994ലാണ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കുതിര ഫാമില്‍ ഒരു അജ്ഞാത രോഗം ബാധിച്ച് 13 കുതിരകള്‍ മരണപ്പെടുന്നത്. കുതിരകളെ പരിപാലിച്ചിരുന്ന ജീവനക്കാരന്‍ കൂടി സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ദ്രുതഗതിയിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ ഡോക്ടര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മൈക്രോ ബയോളജിസ്റ്റുകള്‍ എന്നിവരടങ്ങുന്ന സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 

മരണപ്പെട്ട കുതിരകളുടെ പോസ്റ്റ് മോര്‍ട്ടം സാമ്പിളുകളും, രോഗബാധിതനായ വ്യക്തിയുടെ രക്ത, സ്രവ സാമ്പിളുകളുമൊക്കെ പരിശോധിച്ചതില്‍നിന്ന് ശാസ്ത്രത്തിന് പരിചിതമായ രോഗാണുക്കളെയൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നാലാമത്തെ ദിവസം ഒരു കുതിരയുടെ പോസ്റ്റ് മോര്‍ട്ടം സാമ്പിളില്‍ നിന്ന് ഒരു പുതിയ വൈറസിനെ കണ്ടെത്തുകയും, ഏഴാമത്തെ ദിവസം ആ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് രൂപപ്പെടുത്തുകയും ചെയ്തു.

ആദ്യ ദിവസങ്ങളില്‍ രോഗിയുടെ സീറത്തില്‍

വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കിലും ഒരാഴ്ച കഴിഞ്ഞ് ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കുതിരകളിലും പരിപാലകനിലും കണ്ടെത്തിയത് ഒരേ വൈറസാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വൈറസിന്റെ ഉറവിടം വ്യക്തമായിരുന്നില്ല. ഗവേഷണ സംഘത്തില്‍ പരിസ്ഥിതി ശാസ്ത്ര വിദഗ്ധരും, ജന്തുശാസ്ത്ര വിദഗ്ധരുമൊക്കെ ചേരുന്നു.  സംഘം സമീപ പ്രദേശങ്ങളില്‍ കാണുന്ന വളര്‍ത്തു മൃഗങ്ങളുടെയും വന്യജീവികളുടെയും സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും അവയെല്ലാം നെഗറ്റീവ് ആയിരുന്നു. പിന്നീട് ഓസ്‌ട്രേലിയയില്‍ സമാന ലക്ഷണങ്ങളോടെ  മരണപ്പെട്ട കുതിരകളുടെ പോസ്റ്റ് മോര്‍ട്ടം സാമ്പിളുകള്‍ കൂടി ഗവേഷണ സംഘം പരിശോധിച്ചു. ബ്രിസ്‌ബേനില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്ത് നിന്ന് ലഭിച്ച ഒരു സാമ്പിളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. 

അതുവരെയുള്ള പഠനങ്ങളില്‍നിന്ന് രണ്ട് പ്രദേശങ്ങളിലും കാണപ്പെടുന്ന, ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ കഴിയുന്ന, കുതിരകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്ന ഒരു ജീവി ആയിരിക്കണം വൈറസിന്റെ ഉറവിടമെന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേരുന്നു. അങ്ങനെ ഗവേഷണം പക്ഷികളിലേക്കും പറക്കുന്ന സസ്തനികളായ വവ്വാലുകളിലേക്കും വ്യാപിപ്പിക്കുകയും, നിരവധി വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

മെഡിക്കല്‍ ഡോക്ടര്‍മാരും, വെറ്ററിനറി ഡോക്ടര്‍മാരും, മൈക്രോ ബയോളജിസ്റ്റുകളും പരിസ്ഥിതി ശാസ്ത്ര വിദഗ്ധരും, ജന്തുശാസ്ത്ര വിദഗ്ധരുമൊക്കെ അടങ്ങുന്ന ഗവേഷണ സംഘത്തിനും അവരുടെ 'ഏകാരോഗ്യ' സമീപനത്തിനും ശാസ്ത്ര ലോകത്തുനിന്ന് വമ്പിച്ച അംഗീകാരവും അഭിനന്ദനങ്ങളും ലഭിച്ചു. പിന്നീട് നിരവധി ജന്തുജന്യ രോഗങ്ങളുടെ കാരണവും ഉറവിടവും തിരിച്ചറിയാന്‍ ഈ ഏകാരോഗ്യ ശൈലിയില്‍ പ്രവര്‍ത്തിച്ച ഗവേഷണ സംഘങ്ങള്‍ക്ക് സാധിച്ചു. 

രോഗപ്രതിരോധത്തിലും ഏകാരോഗ്യമെന്ന ആശയമാണ് ഗവേഷണ സംഘം നടപ്പിലാക്കിയത്. മനുഷ്യരില്‍ രോഗം വരാനുള്ള സാധ്യത വിരളമാണെന്നതു കൊണ്ട് മുഴുവന്‍ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യുന്നതിനു പകരം ഹെന്‍ഡ്രാ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചതും ഫലപ്രദമായി നടപ്പിലാക്കിയതും കുതിരകളിലായിരുന്നു. മനുഷ്യരില്‍ രോഗചികിത്സയ്ക്കായി ഫലപ്രദമായ മോണോക്ലോണല്‍ ആന്റിബോഡിയും ഗവേഷകര്‍ കണ്ടെത്തി. ഈ മോണോക്ലോണല്‍ ആന്റിബോഡിയാണ് നിപ്പാ രോഗകാലത്ത് ആസ്‌ട്രേലിയയില്‍ നിന്നെത്തിയ അദ്ഭുത മരുന്ന്! (ഹെന്‍ഡ്രാ വൈറസിനെതിരെയുള്ള ആന്റിബോഡി അതിനെ നിര്‍വീര്യമാക്കാന്‍ ബൈന്‍ഡ് ചെയ്യുന്ന പ്രോട്ടീനിന്റെ അമിനോ ആസിഡ് ശ്രേണി  ജനിതകപരമായി സാമ്യമുള്ള നിപ്പാ വൈറസിലും സമാനമായതുകൊണ്ടാണ് അങ്ങനെയൊരു ചികിത്സാ സാധ്യത ഉണ്ടായത്)

ഹെന്‍ഡ്ര വൈറസിനെ കണ്ടെത്തിയത് വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധ സംഘമായിരുന്നെങ്കില്‍ അമേരിക്കയില്‍ വെസ്റ്റ് നൈല്‍ വൈറസിനെ കണ്ടെത്തിയത് മനുഷ്യരിലും പക്ഷികളിലും ഒരു വ്യക്തി നടത്തിയ സമാനമായ നിരീക്ഷണവും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമായിരുന്നു.  1999ല്‍ ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് മൃഗശാലയിലെ വെറ്ററിനറി പത്തോളജിസ്റ്റായിരുന്ന ഡോ. ട്രേസി മെക്‌നാമറയ്ക്ക് സമീപ പ്രദേശങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു വീഴുന്നതായി വിവരം ലഭിക്കുന്നു. മൃതദേഹ പരിശോധനയില്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ച ഒരു രോഗമാണ് എന്നല്ലാതെ രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ മനുഷ്യരിലും കണ്ടെത്തിയ വാര്‍ത്തയും, മറ്റു ചില പക്ഷി സ്പീഷീസുകളിലെ മരണങ്ങളിലെ സമാനമായ നിരീക്ഷണങ്ങളും വ്യാപിക്കുന്നത് ഒരു ജന്തുജന്യ രോഗമാണോയെന്ന് ഡോ. മെക്‌നാമറ സംശയിക്കാന്‍ കാരണമായി. നിരവധി വെറ്ററിനറി ലബോറട്ടറികളിലും സി.ഡി.സി ലബോറട്ടറിയിലുമൊക്കെ അയച്ച സാമ്പിളുകളില്‍ നിന്ന് കൃത്യമായ രോഗകാരണം തിരിച്ചറിയാന്‍ സാധിച്ചില്ല.

പിന്നീട് 1937ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ പ്രദേശത്ത് കണ്ടെത്തിയ വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരണമെന്ന് കണ്ടെത്തുന്നു. പക്ഷികള്‍ക്കും കൊതുകള്‍ക്കുമിടയില്‍ ജീവിത ചക്രം തുടരുന്ന വൈറസ് അതിന്റെ വാഹകരായ കൊതുകുകളുടെ കടിയേല്‍ക്കുന്ന മനുഷ്യരിലും കുതിരകളിലുമാണ് ഗുരുതര രോഗമുണ്ടാക്കുന്നത്. രോഗകാരണം തിരിച്ചറിയുന്നതിനു മുന്‍പ് തന്നെ കൊതുകുകള്‍ വഴി രോഗം പടര്‍ന്നു കഴിഞ്ഞിരുന്നു. 2003ല്‍ മനുഷ്യരില്‍ പതിനായിരത്തോളം രോഗബാധകള്‍ക്കും നൂറിലധികം മരണങ്ങള്‍ക്കും വൈറസ് കാരണമായി. വൈറസ് വാഹകരായ കൊതുകുകളോ പക്ഷികളോ മുഖേന ഒരു വിദേശ രാജ്യത്തു നിന്നെത്തിയ വൈറസ് അമേരിക്കയില്‍ അര ലക്ഷത്തിലധികം രോഗബാധകള്‍ക്കും രണ്ടായിരത്തിലധികം മരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 

മനുഷ്യരിലും മൃഗങ്ങളിലും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ നിരീക്ഷണങ്ങളും, അത്തരമൊരു സാധ്യതയെ അന്വേഷിച്ച ഗവേഷണ പഠനങ്ങളും നിരവധി ജന്തുജന്യ രോഗങ്ങളുടെ കാരണങ്ങളും, രോഗ സംക്രമണ രീതിയും, പ്രതിരോധ മാര്‍ഗ്ഗങ്ങളും മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏകാരോഗ്യം എന്ന പദം വ്യാപകമായി പ്രചാരത്തിലാകുന്നത് 2003 ലെ സാര്‍സ് മഹാമാരിയോടനുബന്ധിച്ചാണ്. ലോക വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ മാന്‍ഹട്ടന്‍ നിര്‍ദ്ദേശങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ ഏകാരോഗ്യ ആശയത്തെ സംബന്ധിച്ച ആദ്യത്തെ ആധികാരിക നയരേഖ.

ജന്തുജന്യ രോഗങ്ങള്‍

മനുഷ്യര്‍ക്ക് ഭീഷണിയായ ജന്തുജന്യ രോഗങ്ങളുടെ പട്ടികയിലെ അവസാനത്തെ അംഗം മാത്രമാണ് കൊവിഡ് 19. മനുഷ്യരിലെ രോഗാണു ബാധകളില്‍ അറുപത് ശതമാനത്തിലധികവും ജന്തുജന്യ രോഗങ്ങളാണ്. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗാണുബാധകളില്‍ എഴുപത്തി അഞ്ച് ശതമാനം ജന്തുജന്യ രോഗങ്ങളാണ്. ഇവയില്‍ ഭൂരിപക്ഷവു വന്യജീവികളില്‍ നിന്ന് മനുഷ്യരിലെത്തിയവയാണ്. ലോകാരോഗ്യ സംഘടന നിപ്പാ, ഹെന്‍ഡ്രാ വൈറസുകള്‍ക്കൊപ്പം അതീവ  ജൈവസുരക്ഷാ  വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എബോള, മാര്‍ബര്‍ഗ്, ലാസാ ഫീവര്‍, ക്രിമിയന്‍ കോംഗോ ഹെമറാജിക് ഫീവര്‍  വൈറസുകളെല്ലാം ജന്തുജന്യ രോഗങ്ങളാണ്. 

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളായിരുന്നു. മലേഷ്യയില്‍ ആദ്യമായി നിപ്പാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും അവയില്‍നിന്ന് മനുഷ്യരിലേക്കും വൈറസ് പകര്‍ന്നപ്പോള്‍ കേരളത്തില്‍ അത് വവ്വാലുകളില്‍നിന്ന് നേരിട്ട് മനുഷ്യരിലേക്കെത്തുകയായിരുന്നു. മലേഷ്യയില്‍ വ്യാവസായിക പന്നി വളര്‍ത്തലിന്റെ ഭാഗമായി നടന്ന വനനശീകരണവും അതു മൂലം വവ്വാലുകളുടെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റവും രോഗ സംക്രമണത്തിന് കാരണമായി. 

നിപ്പാ വൈറസ് വവ്വാലുകളില്‍നിന്ന് പകര്‍താണെന്ന വാര്‍ത്ത വന്നപ്പോള്‍ വവ്വാലുകളുള്ള മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടന്നിരുന്നു. വവ്വാലുകള്‍ വൈറസുകളെ കൂടുതലായി പുറന്തള്ളുന്നത് അവയുടെ പ്രജനന, പ്രസവ കാലങ്ങളിലും സമ്മര്‍ദ്ദമനുഭവിക്കുമ്പോഴുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ശ്രമങ്ങള്‍ വവ്വാലുകളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനും അതു വഴി രോഗ സംക്രമണ സാധ്യത കൂട്ടാനും മാത്രമേ ഉപകരിക്കുകയുള്ളൂ. നിപ്പാ രോഗവും മനുഷ്യരുടെ ആരോഗ്യം പോലെ പാരിസ്ഥിതിക ആരോഗ്യവും മൃഗാരോഗ്യവും സുപ്രധാനമാണെന്ന പാഠം തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. 

ജന്തുജന്യ രോഗങ്ങളെ കുറിച്ചുള്ള ആശങ്ക ഏറ്റവുമധികമുള്ളത് മനുഷ്യരും വളര്‍ത്തു മൃഗങ്ങളും വന്യജീവികളും ഇടകലര്‍ന്നു ജീവിക്കുന്ന വനാതിര്‍ത്തി മേഖലകളിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി വൈറസ് ബാധയുള്ള കുരങ്ങുകളുടെ ശരീരത്തില്‍ നിന്നും വരുന്ന ചെള്ളുകള്‍ മനുഷ്യരെ കടിക്കുന്നത് വഴിയും കുരങ്ങുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം മുഖേനയുമാണ് പകരുന്നത്. ഏകാരോഗ്യ സമീപനത്തിന്റെ ഉദാഹരണമായി പറഞ്ഞ വെസ്റ്റ് നൈല്‍ വൈറസ് കേരളത്തില്‍  വാര്‍ത്തയായത് 2019ല്‍ മലപ്പുറത്ത് ഏഴു വയസ്സുകാരന്‍ രോഗം ബാധിച്ച് മരണപ്പെട്ടപ്പോഴാണ്. പക്ഷികളില്‍ നിന്ന് ക്യൂലക്‌സ് കൊതുകുകള്‍ വഴി പകരുന്ന ഈ വൈറസിന്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിക്കുന്നത് 2011 ലാണ് ആലപ്പുഴയില്‍ മസ്തിഷ്‌ക ജ്വരബാധിതരായ മൂന്ന് രോഗികളിലാണ്. 

കേരളത്തെ ആശങ്കപ്പെടുത്തിയ മറ്റൊരു ജന്തുജന്യരോഗ ഭീഷണി പക്ഷിപ്പനിയായിരുന്നു. ഈ വര്‍ഷം താറാവുകളിലും കോഴികളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍  'ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ H5N8 വകഭേദം ഇതുവരെ മനുഷ്യരില്‍ രോഗമുണ്ടാക്കിയിട്ടില്ലാത്ത ഒന്നാണ്' എന്നതായിരുന്നു ആശ്വാസം. എന്നാല്‍ ഇതേ  വൈറസ് വകഭേദം റഷ്യയില്‍ മനുഷ്യരില്‍ രോഗമുണ്ടാക്കിയതായ റിപ്പോര്‍ട്ട് ഫെബ്രുവരിയിലാണ് പുറത്തു വന്നത്.

പക്ഷിപ്പനി വൈറസ് കേരളത്തിലെ വളര്‍ത്തു പക്ഷികളിലേക്ക് എത്തിയത് ദേശാടന പക്ഷികളില്‍ നിന്നാണ്. ഇന്‍ഫ്‌ളുവന്‍സ വൈറസുകളില്‍ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ പുതിയ അതിഥി സ്പീഷീസുകളിലേക്ക് കടക്കാനും,  രോഗസംക്രമണ സാധ്യത വര്‍ദ്ധിക്കുന്നതിനുമൊക്കെ വൈറസുകളെ പ്രാപ്തരാക്കാനിടയുണ്ട്. മനുഷ്യരിലും മറ്റു മൃഗ/പക്ഷി സ്പീഷീസുകളിലും കാണുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ തമ്മില്‍ ജനിതക സങ്കലനം നടക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. മാരക രോഗമുണ്ടാകുന്ന ഒരു ജന്തുജന്യ ഇന്‍ഫ്‌ളുവന്‍സ വൈറസും, മനുഷ്യരില്‍ അതിവേഗം പകരാന്‍ കഴിവുള്ള ഒരു മനുഷ്യ ഇന്‍ഫ്‌ളുവന്‍സ വൈറസും തമ്മില്‍ ജനിതക സങ്കലനം നടന്ന് ഒരു ആഗോള മഹാമാരി ഉണ്ടാകുമോ എന്ന് ശാസ്ത്ര ലോകം ഭയപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ വ്യാപകമായ പേവിഷബാധ, എലിപ്പനി, ആന്ത്രാക്‌സ്, ബ്രൂസല്ലോസിസ്, എലിപ്പനി എന്നിങ്ങനെയുള്ള ജന്തുജന്യ രോഗങ്ങളുടെ പട്ടികയും വളരെ നീണ്ടതാണ്. നിരവധി വിരബാധകളും ഫംഗസ് രോഗങ്ങളും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇന്ന് നാം മനുഷ്യ രോഗങ്ങള്‍ എന്നു കരുതുന്ന നിരവധി രോഗങ്ങള്‍ മനുഷ്യ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലെത്തിയവയാണ്. ഇന്ന് മനുഷ്യരിലെ രോഗാണുവായ അഞ്ചാം പനി വൈറസിന്റെ ഉദ്ഭവം കന്നുകാലികളിലെ കാലി വസന്ത വൈറസില്‍ നിന്നായിരുന്നു എന്നാണ് ജനിതക പഠനങ്ങള്‍ തെളിയിക്കുന്നത്. വസൂരിക്ക് ശേഷം ഭൂമിയില്‍ നിന്ന് വാക്‌സിനേഷന്‍ മൂലം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട കാലി വസന്ത വൈറസ് അതിന് മുന്‍പ് തന്നെ മനുഷ്യരിലേക്കെത്തുകയും അതിന്റെ പരിണാമ യാത്ര തുടരുകയും ചെയ്യുന്നു എന്നര്‍ത്ഥം. 

മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പല മനുഷ്യ രോഗാണുക്കളുടെയും ഉദ്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്ര ഘട്ടങ്ങളിലായിരുന്നു എന്നാണ്.  വേട്ടയാടി മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും,   പരാജയപ്പെട്ട ഇണക്കി വളര്‍ത്തല്‍ ശ്രമങ്ങള്‍ക്കിടയിലുമൊക്കെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കള്‍ പകര്‍ന്നിട്ടുണ്ട്.

രോഗാണുക്കളുടെ ജനിതക ഘടനയില്‍  സംഭവിക്കുന്ന വ്യതിയാനങ്ങള്‍ പുതിയ സാഹചര്യങ്ങളെ അതിജീവിക്കുവാനും, പുതിയ അതിഥി ജീവികളിലേക്ക് കടക്കാനുമൊക്കെ അവയെ പ്രാപ്തരാക്കുന്നത് പരിണാമ ചരിത്രത്തില്‍ നിരന്തരം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണ്. എന്നാല്‍ ജന്തുജന്യ രോഗങ്ങളുടെ ഉദ്ഭവത്തില്‍ മനുഷ്യര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിയും മൃഗപരിപാലനവും വന്‍ തോതില്‍ വനനശീകരണത്തിനും, വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ ഇല്ലാതാക്കുന്നതിനും,  അവയുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പലായനങ്ങള്‍ക്കുമൊക്കെ കാരണമായിട്ടുണ്ട്. 

ഒരു വന്യമൃഗത്തില്‍ നിന്ന് പുതിയ അതിഥികളെ തേടി മറ്റൊരു രോഗാണു എപ്പോള്‍ വേണമെങ്കിലും  എത്താമെന്ന്, അത് ദിവസങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ പടരാമെന്ന് കൊവിഡ് 19 നമ്മെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു അവികസിത രാഷ്ട്രത്തിലെ വനമേഖലയില്‍ ഉദ്ഭവിക്കുന്ന ഒരു രോഗം, സുശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള, ഏറ്റവും വികസിതമായ ഒരു രാഷ്ട്രത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും ഭീഷണിയാകാമെന്ന് ലോകത്തിന് ബോധ്യമായിട്ടുണ്ട്.

മൂന്നാം ലോക രാജ്യങ്ങളില്‍ മാത്രം നിലനിന്നിരുന്ന രോഗങ്ങള്‍ക്ക് ഗവേഷണ മേഖലയില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നത്  വാസ്തവമാണ്. എന്നാല്‍ കൊവിഡ് 19 വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നു കയറിയ വേഗതയും വ്യാപ്തിയും  മൂന്നാം ലോക രാജ്യങ്ങളിലെ  'അവഗണിക്കപ്പെട്ട രോഗങ്ങള്‍' ലോക രാഷ്ട്രങ്ങള്‍ക്കെല്ലാം    ഭീഷണിയാണ് എന്ന് പാശ്ചാത്യ ശാസ്ത്രലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

മനുഷ്യരെയും മൃഗങ്ങളെയും ചികിത്സിക്കുന്ന ആധുനിക വൈദ്യശാസ്ത്ര ചികിത്സകരും, ജന്തുശാസ്ത്ര,  ജീവാണുശാസ്ത്ര, പരിസ്ഥിതി ശാസ്ത്ര വിദഗ്ധരുമൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതിനൊപ്പം, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഗവേഷണ രോഗപ്രതിരോധ മേഖലകളില്‍ രൂപപ്പെടേണ്ട   ഐക്യത്തെയും സഹകരണത്തെയും കൂടിയാണ് ' ഏകലോകം ഏകാരോഗ്യം' എന്ന ആശയം ലക്ഷ്യമാക്കുന്നത്.

വളര്‍ത്തു / വന്യമൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കി ജന്തുജന്യ രോഗങ്ങളെ ഒഴിവാക്കാമെന്നത് അപ്രായോഗികമാണ്. മനുഷ്യരുടെ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട വനമേഖലകളുണ്ട്. മനുഷ്യര്‍ നൂറ്റാണ്ടുകളായി അധിവസിക്കുകയും അവരുടെ ജീവിതങ്ങളെ നിരാകരിക്കാന്‍ സാധ്യമല്ലാത്തതുമായ മേഖലകളുമുണ്ട്. വന്യജീവി സംരക്ഷണത്തിനൊപ്പം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാകുന്ന വന്യജീവികളെ കൊന്നൊടുക്കുക എന്നതും ചിലപ്പോള്‍ ഒരു ശാസ്ത്രീയ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമാകാമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

അപ്രായോഗികമായ സസ്യഭക്ഷണ/ കാല്‍പനിക പരിസ്ഥിത വാദത്തിനും, മനുഷ്യ കേന്ദ്രിതം മാത്രമായ വികസന വാദത്തിനുമിടയില്‍ ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണ വാദത്തിന്റെ സാധ്യതകളുണ്ട്. പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നത് മനുഷ്യാരോഗ്യ സംരക്ഷണം പോലെ പ്രധാനമാണെന്ന്, പരിസ്ഥിതിയുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പര ബന്ധിതമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ജന്തുജന്യ രോഗങ്ങളെയും പ്രതിരോധ മാര്‍ഗങ്ങളെയും സംബന്ധിച്ച് ശാസ്ത്രീയമായ ബോധ്യങ്ങള്‍ ആര്‍ജ്ജിക്കുകയും, വളര്‍ത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവര്‍ത്തിത്വം പുലര്‍ത്താന്‍ ശ്രമിക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്തം.

English summary: Does the Covid vaccine stop transmission?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com