ADVERTISEMENT

കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അനുസരിച്ച് 1.1.1970നു മുൻപ് കൈവശം വച്ച് കൃഷിചെയ്തിരുന്ന കൃഷിഭൂമികൾ ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം ലാൻഡ് ട്രിബ്യൂണലിൽനിന്ന് ക്രയ സർട്ടിഫിക്കറ്റ് വഴി പതിച്ചു നൽകപ്പെട്ടിരുന്നു. കേരളത്തിലെ താഴ്വാരങ്ങളിലും മലയോരങ്ങളിലുമുള്ള പതിനായിരക്കണക്കിന് കർഷകർക്ക് ഇത്തരം പട്ടയങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പട്ടയങ്ങൾക്കു പരിപൂർണമായ നിയമസംരക്ഷണം ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് ഉറപ്പുനൽകിയിരുന്നു. 

1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമം നിലവിൽ വന്നതിനു ശേഷം മുകളിൽ പറഞ്ഞ പ്രകാരം ഭൂപരിഷ്കരണ നിയമപ്രകാരം ഉടമസ്ഥാവകാശം പതിച്ചു കിട്ടിയ നിരവധി കർഷകർക്കെതിരേ അത് സ്വകാര്യ വനഭൂമി ആണെന്നും ആയതുകൊണ്ട് ലാൻഡ് ട്രിബ്യൂണൽ നൽകിയ പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള വനം വകുപ്പ് കേസുകൾ ഫയൽ ചെയ്തു തുടങ്ങി.  ഇത്തരം കേസുകളിൽ കർഷകരായ ഉടമകൾക്ക് ലാൻഡ് ട്രിബ്യുണലിൽനിന്നും കിട്ടിയ ക്രയ സർട്ടിഫിക്കറ്റ് ആധികാരികമായി ഉടമസ്ഥത തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. 2019ൽ സുപ്രീം കോടതി കർഷകർക്ക് അനുകൂലമായി തീർപ്പാക്കിയ അത്തരമൊരു കേസിൽ (State of Kerala Vs Mohammed Basheer, 2019, 2, SC 260) ലാൻഡ് ട്രിബ്യൂണൽ നൽകിയ സർട്ടിഫിക്കറ്റിൽപ്പെട്ട  ഭൂമിയിൽ സ്വകാര്യ വന നിയമം അനുസരിച്ചുള്ള നടപടി നിലനിൽക്കുകയില്ല എന്ന് ഉത്തരവായി. അത്തരം പട്ടയങ്ങൾക്കു  ഭൂപരിഷ്കരണനിയമം 72കെ വകുപ്പിന്റെ  സംരക്ഷണമുണ്ട് എന്നുള്ളതാണ് കാരണം.

2019ൽ വന്ന ഈ വിധിയോട് കൂടി, കേരളത്തിലെ വനം വകുപ്പിന് കൃഷിക്കാരെ ദ്രോഹിക്കാനുള്ള ഒരു വാതിൽ അടഞ്ഞു പോയതു കൊണ്ട്, ആ വാതിൽ വീണ്ടും തുറക്കാനും പൂർവാധികം ശക്തിയോടുകൂടി കർഷകദ്രോഹം  തുടരാനും, കേരളത്തിലെ മലയോര ജനതയെ കുടിയിറക്കിന്റെ മുൾമുനയിൽ നിർത്താനുമായി വനം വകുപ്പും, കൃഷി വകുപ്പും, റവന്യൂ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയുന്ന പാർട്ടി മേൽപ്പറഞ്ഞ 72കെ വകുപ്പിന്റെ  സംരക്ഷണം സ്വകാര്യ വനഭൂമി കേസുകളിൽ കർഷകർക്ക് കിട്ടരുത് എന്ന ഉദ്ദേശത്തിൽ ഭൂപരിഷ്കരണ നിയമം 72കെ വകുപ്പിന്റെ സംരക്ഷണവും സഹായവും 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമത്തിലെ മൂന്നാം വകുപ്പ് 50 വർഷത്തെ മുൻകാല പ്രാബല്യത്തോടുകൂടി ഭേദഗതി ചെയ്ത് തന്ത്രപൂർവം എടുത്തു കളഞ്ഞിരിക്കുന്നു. 

ഈ ഒരൊറ്റ ഉദ്ദേശം മാത്രം ലക്ഷ്യംവച്ച് 2020 മേയ്  22നു  കൊണ്ടുവന്ന ഓർഡിനൻസിന്റെ കോപ്പി ഈ പോസ്റ്റിനോടൊപ്പം വയ്ക്കുന്നു. നിലവിൽ 31. 3. 2021 വരെയാണ് ഈ ഓർഡിനൻസിന്റെ കാലാവധി. അടുത്ത  നിയമസഭാ സമ്മേളനത്തിൽ ഇത് നിയമം ആകും. 

kifa-1

സവർണ ജന്മിത്വത്തിന്റെ നഷ്ടബോധം പേറി, കർഷക വിരുദ്ധത മുഖമുദ്രയാക്കികൊണ്ടു നടക്കുന്ന സിപിഐ എന്ന കർഷകവിരുദ്ധ പാർട്ടി ഇത് ചെയ്തത് മനപ്പൂർവം ആണെങ്കിൽ ഇതിലെ അപകടവും ചതിയും സിപിഐ(എം) എന്ന പാർട്ടി കണ്ടില്ലെന്നു നടിക്കുകയാണ്. കോൺഗ്രസുകാരും സ്വയംപ്രഖ്യാപിത കർഷക രക്ഷകരായ  കേരളകോൺഗ്രസുകാരും ഇത് അറിഞ്ഞമട്ടില്ല (അവർ അറിഞ്ഞു കാണാനും വഴിയില്ല).

ഈ ഓർഡിനൻസ് തുടരുകയോ നിയമമാക്കുകയോ ചെയ്താൽ, കേരളത്തിലെ മലയോര കർഷകരുടെ തലയ്ക്കു മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ പട്ടയം റദ്ദു ചെയ്യലും കുടിയിറക്കും കാലാകാലങ്ങളോളം തുടരും. കാരണം സ്വകാര്യ വനഭൂമികളെ സംബന്ധിച്ച് 1974ൽ ഉണ്ടായ ചട്ടങ്ങൾ അനുസരിച്ചുള്ള അളവ്, അതിർത്തി തിരിക്കൽ, പരസ്യപ്പെടുത്തൽ എന്നിവ കേരളത്തിൽ ഒരിടത്തും ചെയ്യേണ്ട രീതിയിൽ പൂർത്തിയുമാക്കിയിട്ടില്ല. എന്നുവച്ചാൽ ഏതൊരു വനംവകുപ്പ് ഉദ്യോഗസ്ഥൻ  വിചാരിച്ചാലും, ഇത് പണ്ട് സ്വകാര്യ വനമായിരുന്നു എന്ന ന്യായം പറഞ്ഞ് ഏതു കർഷകന്റെയും പട്ടയം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലാൻഡ് ട്രിബ്യൂണലിൽ അപ്പീൽ കൊടുക്കാം എന്ന അവസ്ഥ വരും. പിന്നെ ഇത് സ്വകാര്യ വനഭൂമി ആയിരുന്നില്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം കർഷകന്റേതായി മാറുകയും നിലവിലുള്ള പട്ടയത്തിന് നിയമ സാധുത ഇല്ലാത്തതുകൊണ്ട് മറ്റു രേഖകൾ ഉപയോഗിച്ചു കൊണ്ട് ഉടമസ്ഥാവകാശം തെളിയിക്കേണ്ടി വരികയും ചെയ്യും. ചുരുക്കി പറഞ്ഞാൽ ഒരായുസു മുഴുവൻ കോടതി വരാന്തയിൽ തീരും എന്ന് സാരം. 

ഇത്തരത്തിൽ 1983ൽ, കോഴിക്കോട് കുന്നമംഗലത്തുള്ള ലാൻഡ് ട്രിബ്യൂണൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, 37 വർഷങ്ങളൾക്കു ശേഷം വനം വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നു. കോഴിക്കോടിന് പുറമെ പാലക്കാട് ജില്ലയിലെ  മണ്ണാർക്കാടും ഇത്തരം  പട്ടയങ്ങൾ റദ്ദാക്കാൻ നടപടി ആരംഭിച്ചിരിക്കുന്നു. കോഴിക്കോട് മുത്തപ്പൻ പുഴയിൽ 17 കർഷകർക്കെതിരെയാണ് ഇത്തരത്തിൽ പട്ടയം റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.  

English summary: Farmers and Forest Department Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com