40 വർഷം മുൻപ് കോർപറേറ്റ് ഫാമിങ്ങിലേക്ക് തിരിഞ്ഞ അമേരിക്കയ്ക്ക് സംഭവിച്ചത്

HIGHLIGHTS
  • ഭക്ഷ്യോൽപന്ന വില കുറയുമോ?
farming-america
SHARE

ഇന്ത്യ ഇപ്പോൾ വേണമെന്ന് ആവശ്യപ്പെടുന്ന കോർപറേറ്റ് ഫാമിങ് 4 പതിറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കിയ രാജ്യമാണ് അമേരിക്ക. എന്നാൽ, ഇപ്പോൾ അമേരിക്കയുടെ ഗ്രാമീണ മേഖലയിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയായിക്കും? നാസയിലെ മുൻ സയന്റിസ്റ്റും നാഷണൽ അവാർഡ് നേടിയ ചലച്ചിത്രകാരനുമായ ബെഡബ്രറ്റ പെയ്ൻ അമേരിക്കയിലെ ഗ്രാമീണ മേഖലയിലൂടെ സ‍ഞ്ചരിച്ചപ്പോൾ കണ്ട കാര്യങ്ങൾ കാർഷികമേഖലയെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്.

ജനുവരി 1നാണ് പെയ്ൻ തന്റെ യാത്ര ആരംഭിച്ചത്. അമേരിക്കയുടെ ഗ്രാമീണ മേഖലയിലൂടെ 10,000 കിലോമീറ്റർ ദൂരം അദ്ദേഹം സഞ്ചരിച്ചു. യുവ ഗവേഷകരായ സ്രിസ്റ്റി അഗ്രവാൾ, രാജഷിക് തരാഫ്ഡെർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശക്തമായ മഞ്ഞുവീഴ്ചയും തണുപ്പും വിഡീയോ ചിത്രീകരണത്തെ ബാധിച്ചെങ്കിലും കർഷകരുടെ ഭാഗത്തുനിന്ന് മൂവർക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കർഷകർക്കിടയിൽ റിപ്പബ്ലിക്കനെന്നോ ഡെമോക്രാറ്റ് എന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിവ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. 

അമേരിക്കയുടെ കാർഷിക സാഹചര്യം ഇന്ത്യയ്ക്കു സമാനമാണ്. പ്രധാനമായും ചെറുകിട കർഷകരും ഫാമുകളുമാണ് അമേരിക്കയിൽ ഏറെയുള്ളത്. ഫാമുകളുടെ 90 ശതമാനവും ചെറുകിട കർഷകരുടേതാണ്. എന്നാൽ, ഈ 90 ശതമാനത്തിൽനിന്നുള്ള ഉൽപാദനമാവട്ടെ ആകെയുള്ള ഉൽപാദനത്തിന്റെ 25 ശതമാനം മാത്രവും. കഴിഞ്ഞ പതിറ്റാണ്ടിൽ കർഷകരുടെ വരുമാനം തുടർച്ചയായി നഷ്ടത്തിൽത്തന്നെയായിരുന്നു. 2020 ഫെബ്രുവരിയിലെ റിപ്പോർട്ട് അനുസരിച്ച് കർഷകരുടെ വരുമാനം കേവലം 1400 ഡോളറായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഗോതമ്പിന്റെ ഉൽപാദനച്ചെലവിൽ മൂന്നു മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, കർഷകന് ലഭിക്കുന്ന വില 1865ലെ ആഭ്യന്തര യുദ്ധകാലത്ത് ഉണ്ടായിരുന്നതുതന്നെയാണെന്ന് കർഷകനായ ബ്രന്റ് ബ്രൂവർ പറയുന്നു.

ചില്ലറ വ്യാപാരവിലയിൽ അമേരിക്കൻ കർഷകരുടെ വിഹിതം 15 ശതമാനത്തിലേക്ക് താഴ്ന്നു. 1950ലെ 50 ശതമാനത്തിൽനിന്നാണ് ഈ ഇടിവ്. കടം 42,500 കോടി ഡോളറിലേക്ക് ഉയരുകയും ചെയ്തു. കിട്ടാക്കടം, പാപ്പർ നടപടികൾ എന്നിവയുടെ എണ്ണത്തിലും വലിയ ഉയർച്ചയുണ്ടായി. ആത്മഹത്യ പ്രണവണത കുറയ്ക്കുന്നതിനുള്ള ശ്രമമായിരുന്നു ഇവയൊക്കെ. ലോഡ് ചെയ്ത തോക്കുമായി ഹെൽപ്‌ലൈനിൽ വിളിച്ച കർഷകനും കർഷരുടെ വായ്പ തിരിച്ചുപിടിക്കാനുള്ള മാനേജ്മെന്റിന്റെ സമ്മർദം മൂലം ജീവിതം അവസാനിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥനുമൊക്കെ ഇവിടുത്തെ കാർഷിക പ്രശ്നങ്ങളുടെ ഭാഗമാണ്.

80 ശതമാനം ഗ്രാമീണ കൗണ്ടികളിലെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാരങ്ങളും വർക്ക് ഷോപ്പുകളും ആശുപത്രികളും അടച്ചുപൂട്ടി. അമേരിക്കയുടെ ഗ്രാമീണ മേഖലകളിൽനിന്ന് വർഷം ആയിരത്തോളം സ്കൂളുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. വൻകിട കാർഷിക ബിസിനസ് സ്ഥാപനങ്ങളാണ് അമേരിക്കൻ ഫാമിങ് മേഖലയെ ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നതുതന്നെ. ഇവയാണ് കർഷകരുടെ ദുരവസ്ഥയ്ക്കു കാരണമെന്ന് കർഷകർത്തന്നെ പറയുന്നു.

1981ൽ റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് മാർക്കറ്റ് നിയന്ത്രണം സർക്കാരിൽനിന്ന് വഴുതിപ്പോയത് കർഷകർക്കും ഗുണഭോക്താക്കൾക്കും ഒരുപോലെ വെല്ലുവിളി സൃഷ്ടിച്ചു. കുടുംബകൃഷിക്കുള്ള താങ്ങുവില, വായ്പ, പാരിറ്റി പ്രൈസിങ് (ഇന്ത്യയിലെ അടിസ്ഥാന താങ്ങുവിലയ്ക്കു സമം) എന്നിവയെല്ലാം ഇല്ലാതായി. പിന്നാലെ ഉൽപന്നങ്ങളുടെ വില ഇടിഞ്ഞു, ഭൂമിയുടെ വിലയും ഇടിഞ്ഞു. പലിശനിരക്കാവട്ടെ കുത്തനെ ഉയരുകയും ചെയ്തു. സർക്കാരിന്റെ പിന്തുണ ഇല്ലാതായതോടെ രണ്ടര ലക്ഷത്തോളം ചെറുകിട ഫാമുകൾ പൂട്ടി, 10 ലക്ഷത്തോളം കർഷകർ കൃഷിസ്ഥലം ഉപേക്ഷിച്ചു, ഗ്രാമീണമേഖലകളിൽ വിജനമായ നഗരങ്ങളുടെ എണ്ണം കൂടി.

സംഭവിച്ചത്?

കുത്തക ഭീമന്മാർ കർഷകരുടെ പ്രതിസന്ധി മുതലെടുത്ത് കോൺട്രാക്ട് ഫാമിങ്ങിലേക്ക് കർഷകരെ ആകർഷിച്ചു. മാർക്കറ്റ് നിയന്ത്രിക്കാൻ വൻ ശക്തികൾ സാമ്പത്തികമായി പരിശ്രമിച്ചു, കൃഷിച്ചെലവ് ഉയർത്തി. ക്രമേണ ചെറുകിട ഫാമുകൾക്ക് സ്വതന്ത്രമായി നിലനിൽപ്പില്ലാത്ത സ്ഥിതിയിലേക്കെത്തി.

ഇനി ഏതാനും കർഷകരിലേക്കു വരാം. ജിം ഗുഡ്‌മാൻ എന്ന ക്ഷീരകർഷകന് തന്റെ 45 പശുക്കളുടെ പേരും മനഃപാഠമായിരുന്നു. എന്നാൽ, പശുക്കളെ വിറ്റൊഴിവാക്കി ഫാമും അടച്ചുപൂട്ടേണ്ട അവസ്ഥ വന്നു ഈ കർഷകന്. ജോയൽ ഗ്രീനോ എന്ന കർഷകന്റെ അവസ്ഥയും ഇതുതന്നെ. ഫാം അടച്ചുപൂട്ടി ഒരു ഫാക്ടറിയിൽ 12 മണിക്കൂർ ജോലിക്കുപോകുകയാണ് ഈ കർഷകൻ. 

മറ്റു ലൈവ്സ്റ്റോക്ക് മേഖലകളിലും അവസ്ഥ ഇതുതന്നെ.  വൻകിട ഇറച്ചി സംസ്കരണ കമ്പനികളുടെ കീഴിലാണ് പൗൾട്രി, ബീഫ്, പന്നി കർഷകരെല്ലാം. ഈ കമ്പനികൾക്കായി കരാർ കൃഷിയാണ് കർഷകർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വില പേശാനൊന്നും കർഷകന് അവകാശമില്ല, കാരണം ഭക്ഷ്യഭീമന്മാരാണ് ഈ മേഖല അടക്കിഭരിക്കുന്നത്. അമേരിക്കയിലെ 75 ശതമാനം പൗൾട്രി കർഷകരും ദാരിദ്ര്യത്തിലാണ്. കാരണം ഫാം ടു ഫോർക്ക് അഥവാ ഫാമിൽനിന്ന് തീൻമേശയിലേക്ക് വരുന്ന ഉൽപന്നത്തിന്റെ പൂർണാധികാരം വൻകിട കമ്പനികൾക്കു മാത്രമാണ്. 

അമേരിക്കയുടെ വിത്തു മാർക്കറ്റിന്റെ മൂന്നിൽ രണ്ടു ശതമാനം, രാസവള മേഖലയുടെ 80 ശതമാനം, ധാന്യ വിതരണം, ക്ഷീരോൽപാദനം, മാംസ വിതരണം, 100 ശതമാനം ഫാം മെഷിനറി എന്നിവയെല്ലാം കൈവശം വച്ചിരിക്കുന്നത് 4 വൻകിട കമ്പനികളാണ്. കടം എഴുതിത്തള്ളൽ, വിള ഇൻഷുറൻസ് എന്നിങ്ങനെയുള്ള സർക്കാർ സഹായം എല്ലാം ലഭിക്കുന്നത് ഈ കമ്പനികൾക്കാണ്. അമേരിക്കൻ സർക്കാരിന്റെ 5000 കോടി ഡോളർ സബ്സിഡിയുടെ 70 ശതമാനവും ലഭിക്കുന്നത് മുൻനിരയിലുള്ള 20 ശതമാനം ഫാമുകൾക്കു മാത്രമാണ്.

ഭക്ഷ്യോൽപന്ന വില കുറയുമോ?

ഭക്ഷ്യോൽപന്ന മേഖലയിൽ ഒരു ശക്തി മാത്രമായാൽ വില കുറയുമോ? ഇല്ല എന്ന് അമേരിക്കയുടെ വിലക്കയറ്റം വിലയിരുത്തിയാൽ മനസിലാകും. കഴിഞ്ഞ 40 വർഷത്തിനിടെ ശരാശരി ഭക്ഷ്യവില 200 ശതമാനമാണ് വർധിച്ചത്. 

English summary:  Corporate Control of Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA