ADVERTISEMENT

വന്യജീവി സംരക്ഷണകേന്ദ്രത്തിനു ചുറ്റുമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ മലയോര മേഖലയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ട് നാളുകളേറെയായി. മലയോര മേഖലയിലെ കർഷകർ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ സമരം ചെയ്തിട്ട് അതിലേക്ക് ശ്രദ്ധ ചെലുത്താൻ സംസ്ഥാന സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല, താൽപര്യമില്ല എന്നുതന്നെ പറയേണ്ടിവരും. ഈ സാഹചര്യത്തിൽ കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികൾ കണ്ടുപഠിക്കേണ്ട ചിലരുണ്ട്. അവർ ഇക്കോളജിക്കൽ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ കാണണം. അവരെയാണ് ശരിക്കും ജനപ്രതിനിധികൾ എന്നു വിളിക്കേണ്ടത്.

പശ്ചിമ ബെംഗാളിലെ ബെതുവാദഹരി വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശത്തിന് 5 മീറ്റർ മുതൽ 100 മീറ്റർ വരെ ബഫർ സോൺ ആകാമെന്നാണ് പശ്ചിമ ബെംഗാൾ സർക്കാർ പറഞ്ഞത്. ഒട്ടേറെ വന്യജീവികളുടെ സംരക്ഷണകേന്ദ്രമാണെങ്കിലും വന്യജീവി സംരക്ഷണകേന്ദ്രത്തിനു ചുറ്റും വസിക്കുന്ന ജനങ്ങളുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ ബഫർ സോൺ നിശ്ചയിക്കാൻ കഴിയില്ല. 5 മീറ്റർ മുതൽ 100 മീറ്റർ വരെ ബഫർസോൺ ആയി നിശ്ചയിക്കാമെന്നും പശ്ചിമ ബെംഗാൾ അറിയിച്ചു. ഇതുവഴിയുള്ള ദേശീയപാതയെ ബഫർ സോൺ ബാധിക്കരുതെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. സർക്കാരിന്റെ നിലപാടിനോട് വിദഗ്ധ കമ്മിറ്റി അംഗീകാരം വൈകാതെ നൽകും.

സമാന നിലപാടാണ് അരുണാചൽ പ്രദേശും സ്വീകരിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിലെ കെയ്ൻ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ബഫർ സോൺ 50 മീറ്റർ മുതൽ 500 മീറ്റർ വരെയായി നിജപ്പെടുത്താമെന്നാണ് സർക്കാർ അറിയിച്ചത്. കൂടുതൽ പ്രദേശം ബഫർസോൺ ആയി പ്രഖ്യാപിച്ചാൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നും ഈ സർക്കാർ വിദഗ്ധ കമ്മിറ്റിയെ അറിയിച്ചു.

കേരളത്തിന്റെ നിലപാട് മേൽ പറഞ്ഞ സംസ്ഥാനങ്ങളിൽനിന്ന് തികച്ചും വിഭിന്നമാണ്. 0 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ബഫർസോൺ ആയി പ്രഖ്യാപിക്കാമെന്നാണ് കേരള സർക്കാരിന്റെ നിലപാട്. എറണാകുളം ജില്ലയുടെ ഹൃദയഭാഗത്തുള്ള മംഗളവനത്തിന് ചുറ്റും 0 കിലോമീറ്ററാണ് ബഫർസോൺ. അതേസമയം മലയോര മേഖലയിൽ അത് 10 കിലോമീറ്റർ വരെ ആകാമെന്നും സർക്കാർ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരേയാണ് മലയോര ജനത ആഴ്ചകളായി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ജനപ്പെരുപ്പമുള്ള കൊച്ചിയിലെ മംഗളവനത്തിന് ചുറ്റും ബഫർ സോൺ ഇല്ലായെന്നതും മലയോര മേഖലയിൽ ബഫർ സോൺ 10 കിലോമീറ്റർ വരെയാകാമെന്നതും സർക്കാരിന്റെ ഇരട്ടത്താപ്പ് നയമാണെന്നും കർഷകർ ആരോപിക്കുന്നു. 

English summary:  Ecological Sensitive Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com