ADVERTISEMENT

നിങ്ങള്‍ ഒരു പ്രകൃതിസ്‌നേഹിയാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ആര്‍എസ്പിഒ ലേബല്‍ ഇല്ലാത്ത പാമോയിലിനോടു നോ പറഞ്ഞിരിക്കണം. വെറും പാമോയിലിനോടു മാത്രമല്ല, ലിപ്സ്റ്റിക്, ഷാംപൂ, ഐസ്‌ക്രീം, ചോക്ലേറ്റ്, സോപ്പ്, ബിസ്‌ക്കറ്റുകള്‍, ഡിറ്റര്‍ജെന്റ്, എന്തിനേറെ ബയോ ഡീസലിനോട് പോലും നോ പറയണം. 

എന്തിന് എന്നല്ലേ? ഇന്തോനേഷ്യയില്‍, ഒറാങ് ഉട്ടാന്‍, കടുവ, ആന എന്നിവയുള്‍പ്പെടെയുള്ള അനേകം വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ കൊന്നൊടുക്കപ്പെട്ടതും, അത്യപൂര്‍വ സസ്യജാലങ്ങള്‍ ഉള്‍പെടുന്ന 1,300 ചതുരശ്ര കിലോമീറ്റര്‍ (2015ലെ കണക്ക്) മഴക്കാടുകള്‍ നശിപ്പിക്കപ്പെട്ടതും എണ്ണപ്പനക്കൃഷിക്ക് വേണ്ടിയാണ്.

ഗോറില്ലയ്ക്കുശേഷം രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ഒറാങ് ഉട്ടാന്‍. 19.3 മുതല്‍ 15.7 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരില്‍നിന്നും ചിമ്പാന്‍സികളില്‍നിന്നും ഗോറില്ലകളില്‍നിന്നും പിരിഞ്ഞ പോങ്കിനെയ് (Ponginae) എന്ന ഉപകുടുംബത്തിലെ ഒരേയൊരു ഇനമാണ് ഒറാങ് ഉട്ടാനുകള്‍. കുരങ്ങുകളില്‍ ഏറ്റവും ധീരരായ, മനുഷ്യരുടെ ഡിഎന്‍എയുടെ 97% പങ്കിടുന്ന ബോര്‍ണിയന്‍ ഒറാങ് ഉട്ടാനുകള്‍ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയായി കണക്കാക്കപ്പെടുന്നു. 

കഴിഞ്ഞ 60 വര്‍ഷത്തിനിടെ ബോര്‍ണിയന്‍ ഒറാങ്ഉട്ടാന്‍ 50 ശതമാനത്തിലധികം കുറഞ്ഞു, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഈ ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയുടെ 55 ശതമാനമെങ്കിലും ഇല്ലാതെയായി. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് (IUCN) ഗുരുതരമായ വംശനാശത്തിന്റെ വക്കില്‍ (CR) എന്ന വിഭാഗത്താലാണ് ഒറാങ്ഉട്ടാനുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലോകമെമ്പാടും, പാമോയില്‍ ഉല്‍പ്പന്നങ്ങള്‍ സോപ്പ് മുതല്‍ ഐസ്‌ക്രീം വരെയുള്ള സാധനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നാല്‍ ഇപ്പോള്‍, ഇത് മറ്റൊന്നിന്റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു: ബയോഡീസല്‍. 

മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം ബയോഡീസലില്‍ നിന്നാണ്.

2001ല്‍ അമേരിക്കയില്‍ അധികാരമേറ്റ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ആദ്യ നടപടികളില്‍ ഒന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുണൈറ്റഡ് നേഷന്‍സ് തയ്യാറാക്കിയ Kyoto Protocolല്‍ നിന്ന് പിന്മാറുക എന്നതായിരുന്നു. തുടര്‍ന്ന് എനര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് എന്ന നയം പ്രഖ്യാപിച്ച ബുഷ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാമോയിലില്‍ നിന്നുണ്ടാക്കുന്ന ബയോഡീസലിനെ പ്രോത്സാഹിപ്പിച്ചു. ഇതിനായി ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ അമേരിക്ക എണ്ണപ്പനകൃഷി പ്രോത്സാഹിപ്പിച്ചു.

പക്ഷേ, അത് നേര്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്. എണ്ണപ്പന കൃഷിക്കുവേണ്ടി ഇന്തോനേഷ്യയും, മലേഷ്യയും, ബ്രസീലും, പല ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ വനങ്ങള്‍ ചുട്ടെരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ (Greenhouse gas emissions) പ്രധാന ഉറവിടങ്ങള്‍ വനനശീകരണവും തണ്ണീര്‍ത്തട നാശവുമാണ്. വനങ്ങള്‍ കത്തിച്ചതുമൂലം, സാധാരണഗതിയില്‍ 2000 വര്‍ഷംകൊണ്ട് പുറപ്പെടുവിക്കുമായിരുന്ന കാര്‍ബണ്‍, ഇന്തോനേഷ്യ ഒറ്റ വര്‍ഷംകൊണ്ട് അന്തരീക്ഷത്തിലേക്ക് തള്ളി. അങ്ങനെ കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ ഇന്തോനേഷ്യ നാലാം സ്ഥാനത്ത് എത്തിച്ചേര്‍ന്നു.

പാമോയില്‍ ലാഭക്കൊതി മൂത്ത കമ്പനികള്‍ ഇന്തോനേഷ്യയുടെ 'ടെസ്സോ നിലോ' (Tesso Nilo) നാഷണല്‍ പാര്‍ക്കിന്റെ മുക്കാല്‍ ഭാഗവും അനധികൃത പാം ഓയില്‍ തോട്ടങ്ങളാക്കി മാറ്റി. കടുവകള്‍, ഒറാങ്ഉട്ടാനുകള്‍, ആനകള്‍ എന്നിവരുടെ വാസസ്ഥലവും അപൂര്‍വ്വ സസ്യജാലങ്ങളുടെ ഉറവിടവും ആയിരുന്നു ടെസ്സോ നിലോ നാഷണല്‍ പാര്‍ക്ക്.

ചുരുക്കത്തില്‍ പ്രകൃതിയുടെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട പാമോയില്‍, ഒരു രാജ്യത്തിന്റെ മുഴുവന്‍ ജൈവ വ്യവസ്ഥയുടെ അന്തകനായി മാറുകയായിരുന്നു!

എണ്ണപ്പന കൃഷിയിലൂടെ അതിസമ്പന്നര്‍ ആയി മാറിയ കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ പുതിയ ശക്തിയും സമ്പത്തും ഉപയോഗിച്ച് വിമര്‍ശകരെ അടിച്ചമര്‍ത്തുകയും തൊഴിലാളികളെ ചൂഷണം ചെയ്യുകയും ചെയ്തു. കൂടാതെ എണ്ണ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ ഭൂമി സ്വന്തമാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.  

ഇങ്ങനെ പല വിധത്തില്‍ ഇന്തോനേഷ്യയെ പ്രതികൂലമായി ബാധിച്ച 25 പ്രോക്‌സി കമ്പനികളെ കുറിച്ച് അന്വേഷിച്ചാല്‍, അതില്‍ 18 എണ്ണവും ചെന്നെത്തി നില്‍ക്കുക വില്‍മര്‍ ഇന്‌റര്‍നാഷണല്‍ എന്ന വില്ലനിലാണ്.  കൂടുതല്‍ ഭൂമി സ്വന്തമാക്കാനായി, കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്പ്  ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വില്‍മര്‍ നടത്തി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ വില്‍മറിന്റെ കേസില്‍ പലതവണ ഇടപെട്ടിട്ടുണ്ട്. ആഗോള പാമോയില്‍ വ്യാപാരത്തിന്റെ 40% വില്‍മറിന്റെ കുത്തകയാണ്. 2017ലെ കണക്കനുസരിച്ച് വില്‍മറിന്റെ കയ്യില്‍ മാത്രം 2,39,1935 ഹെക്ടര്‍ എണ്ണപ്പനക്കൃഷിയുണ്ട്. ഇന്തോനേഷ്യയിലും, മലേഷ്യയിലെ ബോര്‍ണിയോയിലും, ആഫ്രിക്കയിലും, മറ്റനേകം രാജ്യങ്ങളിലും വില്‍മര്‍ പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. 2018 ജൂലൈയില്‍ വനനശീകരണത്തെക്കുറിച്ച് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് വില്‍മറിന്റെ  സഹസ്ഥാപകനായ സിറ്റോറസും (Martua Sitorus) അദ്ദേഹത്തിന്റെ സഹോദരനും ഉള്‍പ്പെടെ 48 പേരാണ് വില്‍മറില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. 

'എന്തുകൊണ്ട്  പാമോയില്‍?' എന്ന ചോദ്യത്തിന് ഏറ്റവും ലാഭകരമായ എണ്ണ എന്നാണുത്തരം. ഒരു ഹെക്ടറിനിന്ന് 0.7 ടണ്‍ സൂര്യകാന്തി എണ്ണ ഉല്‍പാദിപ്പിക്കുമ്പോള്‍ പാമോയില്‍ 3.3 ടണ്‍ വിളവ് ആണ് തരുന്നത്. 

എല്ലാ പാമോയിലും പ്രശ്‌നക്കാരാണോ? അല്ല! വനനശീകരണം ഇല്ലാതെ, തികച്ചും പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്വത്തോടെ പാമോയില്‍ കൃഷി നടത്തുന്നവരുടെ കൂട്ടായ്മ നല്‍കുന്ന ലേബല്‍ ആണ് RSPO (Roundtable on Sustainable Palm Oil). ഈ ലേബലുള്ള പാമോയില്‍ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് സധൈര്യം വാങ്ങാം. 

നമ്മുടെ നാട്ടിലെ പാമോയില്‍ രാഷ്ട്രീയം കൂടി പറയാതെ ഈ കുറിപ്പ് പൂര്‍ണമാകില്ല.

ഗോതമ്പ്, അരി, എന്നി ധാന്യങ്ങളുടെ കാര്യത്തില്‍ ഒരു സര്‍പ്ലസ് രാജ്യമാണ് ഇന്ത്യ. പക്ഷേ, ഇന്ത്യയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഒന്നര ലക്ഷം കോടിയോളം വരുന്നുണ്ട്. ഇതില്‍ പകുതിയും ഭക്ഷ്യ എണ്ണയാണ്. 2001 മുതല്‍ രാജ്യത്ത് പാമോയില്‍ ഉപഭോഗം 3 ദശലക്ഷം ടണ്ണില്‍നിന്ന് 10 ദശലക്ഷം ടണ്ണായി ഉയര്‍ന്നു എന്നാണ് കണക്ക്. 2020 മുതല്‍ ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതി തീരുവ 37.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഇറക്കുമതിക്ക് ആക്കംകൂട്ടി. രാജ്യത്ത് ഭക്ഷ്യ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിന്, ഭക്ഷ്യ എണ്ണ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. 

കേരളത്തിലെ വെളിച്ചെണ്ണ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ തുറമുഖങ്ങളിലൂടെ പാമോയില്‍ ഉല്‍പന്ന ഇറക്കുമതി കേരളം നിരോധിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെട്ട് നിരോധനം ഒഴിവാക്കുകയും ചെയ്തു. നിരോധനം നീക്കിയ ആഴ്ചയില്‍ മാത്രം മലേഷ്യയില്‍ നിന്ന് ഏകദേശം 8,000 ടണ്‍ പാമോയിലാണ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. കുറഞ്ഞ പാമോയില്‍ വില വെളിച്ചെണ്ണയുടെ ആഭ്യന്തര ഉപഭോഗം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്.

1991-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന പാമോയില്‍ ഇടപാട് കേരള രാഷ്ട്രീയത്തില്‍ ഏറെ കാലം കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. സക്കീര്‍ നായ്ക്കിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വരെ  മാറ്റങ്ങള്‍ ഉണ്ടായത് ഈയിടെയാണ്. 

കേരളത്തില്‍ എണ്ണപ്പനക്കൃഷിയുടെ സാധ്യതകള്‍ അനന്തമാണ്. കൊല്ലം ജില്ലയില്‍ അഞ്ചലിനടുത്ത് ഭാരതീപുരത്ത് 1969ല്‍ കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതല്‍മുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടര്‍ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവല്‍ക്കരണത്തിലൂടെ 4500 ടണ്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉല്‍പാദനശേഷി 7000 ടണ്ണാണ്. 

നഷ്ടത്തിലോടുന്ന റബ്ബര്‍ കൃഷിക്ക് പകരമാകാന്‍ എണ്ണപ്പനയ്ക്ക് കഴിയും. ജലലഭ്യത കുറഞ്ഞതു മൂലം കൃഷി ചെയ്യാതിരിക്കുന്ന വയലുകള്‍ക്കും യോജിച്ച വിളയാണ് എണ്ണപ്പന. അങ്ങിനെ നമുക്ക് അതിരാവിലെ എഴുന്നേറ്റ്  എണ്ണപ്പന പൂവിട്ടോ കതിരിട്ടോ എന്ന് നോക്കാം. 

ഏതായാലും അടുത്ത തവണ പാമോയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 'മുദ്ര' ശ്രദ്ധിക്കുക! 

English summary: The Effects of Palm Oil 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com