ADVERTISEMENT

മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായിട്ടാണ് കേരളം വിഭജിക്കപ്പെട്ടിരിക്കുന്നത്. ബിസി5000 അടുത്ത് കടൽ പിൻവാങ്ങിയതോടെയാണ് ഇടനാടും തീരപ്രദേശവും രൂപംകൊണ്ടത്. അതിനുമുമ്പ് ഈ പ്രദേശങ്ങൾ കടലിന്റെ ഭാഗമായിരുന്നു. ഈ ഒരു നിരീക്ഷണത്തിനു കൂടുതൽ ശക്തിപകരുന്ന തെളിവാണ് കേരളം എന്ന പേരിന്റെ ഉൽപത്തിയെക്കുറിച്ച് ചില ചരിത്ര രേഖകളിൽ കാണുന്ന പരാമർശം. പർവതം സമുദ്രവുമായി ചേരുന്ന പ്രദേശമാകയാൽ 'ചേരൽ' (മലഞ്ചെരിവ്) എന്നും ചേരളം എന്നും ആ ഭൂവിഭാഗത്തിനു പേര് സിദ്ധിച്ചു. 'ചേർ' അഥവാ 'ചേർന്നു' എന്നതിനോട് 'അളം' അഥവാ 'ഭൂമി' ചേർന്നപ്പോൾ, മുൻപേ നിലനിന്ന മലനിരയോട് ചേർന്നത് എന്ന അർഥത്തിൽ ചേരളം എന്ന് മനസിലാക്കാം. 'ചേർ'(സാൻഡ്) + 'അളം' എന്ന മറ്റൊരു നിരീക്ഷണവും ഉണ്ട്. ചേരളം കാലക്രമത്തിൽ കേരളം എന്ന് സംസ്കൃതീകരിച്ചതാണ്. 

മേൽപ്പറഞ്ഞ നിരീക്ഷണങ്ങളിൽ നിന്നും മലനാടിനെ അപേക്ഷിച്ചു കേരളത്തിന്റെ ഇടനാടിന്റെയും തീരപ്രദേശത്തിന്റെയും കാലപ്പഴക്കത്തിലെ കുറവ് വ്യക്തമാകുന്നുണ്ട്.  ഇതിൽനിന്ന് വ്യക്തമാകുന്നത് പ്രാചീന സംസ്കാരത്തിന്റെ പിള്ളത്തൊട്ടിൽ മലനാടാണെന്നാണ്.  ഇന്നത്തെ ഇടുക്കി ജില്ലയും, കോട്ടയം ജില്ലയിൽ ഉൾപ്പെട്ട പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, മൂന്നിലവ്, മേലുകാവ്, കൂട്ടിക്കൽ തുടങ്ങിയ പഞ്ചായത്തുകളും ശബരിമല ഉൾപ്പെട്ട പത്തനംതിട്ടയുടെ കുറെ ഭാഗങ്ങളും ചേർന്നതായിരുന്നു മലനാട്. ഈ പ്രദേശങ്ങളിലെ പുരാവസ്തുക്കളും നന്നങ്ങാടികളും സ്ഥലനാമങ്ങളും ഈ സിദ്ധാന്തത്തിനു ബലം നൽകുന്നു. ഗോത്രവർഗക്കാർ ഏകദേശം 1500 വർഷങ്ങൾക്കുമുമ്പ് പാണ്ഡ്യരാജാക്കന്മാരോടൊപ്പമാണ് ഇവിടെയെത്തിയത്. അതിനും വളരെ മുമ്പേ ഇവിടെ ഒരു ജനതയും, മഹാമുനിമാരും മഹാരാജാക്കന്മാരും വസിച്ചിരുന്നു എന്ന് വേണം കരുതാൻ. ഇന്നത്തെ പുരാണകൃതികളിൽ പലതും ഇവിടെ വച്ച് രചിക്കപ്പെട്ടതാകാം. പല ഐതീഹ്യങ്ങളും ഈ വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്. പകർച്ചവ്യാധിയിലൂടെയോ പ്രകൃതി ദുരന്തങ്ങളിലൂടെയോ യുദ്ധങ്ങളിലൂടെയോ ആ സംസ്കൃതി മണ്ണടിഞ്ഞു പോയിട്ടുണ്ടാവണം. കടൽ പിൻവാങ്ങിയപ്പോൾ മലമുകളിൽനിന്നു പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഇന്നത്തെ ഇടനാട്ടിലേക്കും തീരദേശത്തേക്കും കുടിയേറിയിട്ടുണ്ടാവാം എന്നും കരുതേണ്ടിയിരിക്കുന്നു. അതായത്, സമീപ ചരിത്രത്തിൽ നമ്മൾ കാണുന്ന ഇടുക്കിയിലെയും വയനാട്ടിലെയും കുടിയേറ്റങ്ങൾ യഥാർഥത്തിൽ ഒരു മടങ്ങി വരവാണെന്ന സത്യത്തിലേക്കല്ലേ വിരൽചൂണ്ടുന്നത്?

ചരിത്രാതീതകാലം 

കേരളത്തിലെ ആദിമ സംകൃതിക്ക് പിൽക്കാലശിലായുഗത്തോളമെങ്കിലും (Upper Paleolithic Age) പഴക്കം കാണണം.  പിൽക്കാല ശിലായുഗത്തെ തുടർന്ന് വരുന്ന സൂക്ഷമശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ ഇടുക്കി ജില്ലയിൽ പലയിടത്തുനിന്നും ലഭിച്ചിട്ടുണ്ട്. വെള്ളാരം കല്ലുകളെക്കാൾ അൽപ്പം കൂടി കാഠിന്യമേറിയ ഒരു ശിലോപകരണം കട്ടപ്പനയ്ക്കടുത്തു പേഴുംകവലയിൽ ഒരു കർഷകന്റെ ഭവനത്തിൽ കാണാൻ കഴിഞ്ഞു എന്ന് ചരിത്ര അന്വേഷിയും ഗ്രന്ഥകാരനുമായ ടി. രാജേഷ് അദ്ദേഹത്തിന്റെ ഇടുക്കി-ചരിത്രരേഖകൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നവീനശിലായുഗ മാതൃകയിലുള്ള കന്മഴു മറയൂർ താഴ്വരയിൽ ഗിരിവർഗക്കാർ പൂജിക്കുന്നതായി അറിയാം എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. മലബാർ മേഖലയിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ മ്യൂസിയം പ്രൊജക്ടുമായി ബന്ധപ്പെട്ട് എൻ.കെ. രമേശിന്റെ കണ്ടെത്തലുകളും അവയെക്കുറിച്ചുവന്ന പത്രവാർത്തകളും ഇതിനോട് ചേർത്ത് വായിക്കേണ്ടവയാണ്.

മറയൂർ ഛായാചിത്രങ്ങൾ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ മറയൂർ വില്ലേജിൽ കൊടക്കാട് റിസർവ് ഫോറസ്റ്റിനുള്ളിൽ, മറയൂർ മൂന്നാർ റോഡിൽനിന്ന് 2 കിലോമീറ്റർ വടക്കു പടിഞ്ഞാറായി ഫണാകൃതിയിലുള്ള ഒരു കൂറ്റൻ പാറക്കെട്ടിന്റെ ഉൾവശത്തായി ചില ഛായാ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ നവീന ശിലായുഗത്തിലെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, 

സ്ഥലനാമങ്ങൾ

സ്ഥലനാമങ്ങൾ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നവയാണ്.  കാലിമേച്ചിലുമായി ബന്ധപ്പെട്ട കുന്നിൻപുറങ്ങളാണ് മുല്ലൈ നിലങ്ങൾ. ഇടുക്കിയിലെ മുഞ്ച മുല്ലൈ പിന്നീട് മഞ്ഞ മലയായും പിന്നീട് മഞ്ചുമലയായും മാറി.  കോട്ട മുല്ലൈ കോട്ടമലയായും, പശു മുല്ലൈ പശുമലയായും മാറി. തബുരാൻകുളം, ദേവികുളം എന്നിങ്ങനെ കുളം എന്നാണ് പൊതുനാമത്തിൽ അറിയപ്പെടുന്ന സ്ഥലനാമങ്ങൾ പ്രാചീനമായ കാർഷിക ജീവിതത്തിന്റെ സാന്നിധ്യത്തിലേക്കാണ് വിരൽ‍ചൂണ്ടുന്നത്. ത്രേതായുഗത്തിൽ സീതാന്വേഷണത്തിനു പുറപ്പെട്ട ശ്രീരാമൻ ചുറ്റുപാടുകൾ വീക്ഷിക്കുന്നതിനു കയറിനിന്ന സ്ഥലത്തു അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞതായി കരുതപ്പെടുന്നു. ആ പ്രദേശമാണ് രാമക്കൽമേട്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ സീത അന്തർദ്ധാനം ചെയ്ത ഗർത്തമാണ് സീതക്കുഴിയെന്നും,  വാല്മീകിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് ഗുരുനാഥൻ മണ്ണ് എന്നും ഒരു ഐതീഹ്യം ഉണ്ട്.

ഇടുക്കിയുടെയും വയനാടിന്റെയും ചരിത്രം രേഖപെടുത്തപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ട് അവരെ കുടിയേറ്റക്കാരായി മുദ്രകുത്താൻ ഇനി വിരൽ ചൂണ്ടുന്നതിനു മുൻപ് ഓർക്കുക, കുടിയേറിയത് അവരല്ല, മറിച്ച് ഇടനാട്ടിലെയും തീരദേശത്തെയും ആളുകൾ ആണ്. ഇടുക്കിയിലെയും വയനാട്ടിലെയും ജനങ്ങൾ നടത്തിയത് ഒരു മടങ്ങിപ്പോക്ക് മാത്രമാണ്. അതും ഇടനാട്ടിലെയും തീരദേശത്തെയും കുടിയേറ്റക്കാരെ പട്ടിണിമരണത്തിൽനിന്നും രക്ഷിക്കാൻ വേണ്ടിയും സ്വന്തം ചങ്കുറപ്പിൽ സംശയം ഇല്ലാത്തതുകൊണ്ടും.

English summary: History of Malanadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com