കൃഷി, മരം മുറി തുടങ്ങി 29 തരം പ്രവർത്തനങ്ങൾക്ക് നിരോധനം; ബഫര്‍ സോണ്‍ വാളാകുമ്പോൾ

HIGHLIGHTS
  • തോന്നിയപോലെ അതിര്‍ത്തിനിര്‍ണയം
  • ജനജീവിതം ദുസ്സഹമാകും
silent-valley-1
SHARE

പശ്ചിമഘട്ടത്തെ പച്ചപ്പണിയിച്ചതിലും വലിയൊരു കാര്‍ഷിക സംസ്കൃതി പടുത്തുയര്‍ത്തിയതിലും മലയോര കര്‍ഷകരുടെ പങ്കു ചെറുതല്ല. കയ്യേറ്റക്കാരെന്നും പരിസ്ഥിതിവിനാശകരെന്നും പഴി കേട്ടപ്പോഴും അന്നം തരുന്ന മണ്ണിന്റെ നിലനില്‍പിനായി കുടിയേറ്റക്കാര്‍ കൂടുതല്‍ അധ്വാനിച്ചു. ഭീഷണിപ്പെടുത്താൻ നിയമങ്ങളും കണ്ണുരുട്ടാൻ അധികാരികളും ഇല്ലാതിരുന്ന കാലത്തും മണ്ണും മനുഷ്യനും കാടും കാട്ടുമൃഗങ്ങളുമെല്ലാം പരമാവധി സഹവർത്തിത്വത്തോടെ കഴിഞ്ഞു. മരം വച്ചുപിടിപ്പിച്ചും കയ്യാല കെട്ടിയുയര്‍ത്തിയും പ്രകൃതിക്കു കോട്ട കെട്ടിയവര്‍ ഇപ്പോള്‍ പിറന്ന നാട്ടില്‍നിന്നു കുടിയൊഴിയേവരുമോ എന്ന ആശങ്കയിലാണ്. അടുത്ത കാലത്ത് പരിസ്ഥിതി-വന സംരക്ഷണത്തിനായിറക്കിയ പല നിയമങ്ങളും പ്രകൃതിയുടെ വിപരീതപദമായി കർഷകനെ ചിത്രീകരിക്കുന്നുവെന്ന പരിവേദനമാണ് മലയോരത്ത് ഉയരുന്നത്. 

ഇടിത്തീയായി ബഫര്‍സോണ്‍ 

വന്യമൃഗശല്യം, വിലയിടിവ്, വിളകളുടെ കീട,രോഗബാധ തുടങ്ങി  നൂറു കൂട്ടം പ്രശ്നങ്ങളില്‍ വലയുന്ന മലയോര കര്‍ഷകര്‍ക്കു കൂനിന്മേല്‍ കുരുവായാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ബഫര്‍ സോണ്‍ പ്രഖ്യാപനം വന്നത്.  കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങളോടു ചേർന്നും ബഫര്‍ സോണ്‍ വരും. മതികെട്ടാന്‍ചോല വനമേഖലയോടു ചേര്‍ന്ന് ജനവാസകേന്ദ്രങ്ങളുള്‍പ്പെടെ 17.5 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങിക്കഴി‍ഞ്ഞു. ഇടുക്കി, വയനാട് വന്യ ജീവിസങ്കേതങ്ങളുള്‍പ്പെടെ മറ്റിടങ്ങളിലും വിജ്ഞാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. 

ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന 29 തരം പ്രവർത്തനങ്ങൾക്ക് കരടു വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ നിരോധനമോ നിയന്ത്രണങ്ങളോ വരും. ഇതിൽ കൃഷി, റോഡ് നിർമാണം, റോഡ് വികസനം, മരം മുറി, രാത്രിയാത്രാനിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ഏറ്റവുമധികം വിമർശനവിധേയമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ റവന്യു, സ്വകാര്യ ഭൂമിയിൽനിന്നു മരം മുറിക്കാനാകില്ല. രാത്രികാല യാത്രയ്ക്കു നിയന്ത്രണം വരും. ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി മാത്രമേ അന്തിമവിജ്ഞാപനം വരികയുള്ളൂവെന്നു സർക്കാര്‍ ഉറപ്പുനല്‍കുമ്പോഴും കര്‍ഷകരുടെ അനുഭവം മറിച്ചാണ്. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ വിസ്തൃതി കരട് വിജ്ഞാപനത്തിലും അന്തിമ വിജ്ഞാപനത്തിലും ഒരേ വിസ്തൃതിയാണെന്നു കര്‍ഷകസംഘടനകള്‍ പറയുന്നു. 

വരും, കൃഷിക്കും നിയന്ത്രണം 

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ബഫർ സോൺ  മാനദണ്ഡങ്ങൾ 2011 ഫെബ്രുവ രി 8ന് കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇവ കൃത്യമായി പാലിക്കാതെയാണ് കേരളത്തിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം. 2011ലെ മാനദണ്ഡങ്ങൾ പ്രകാരം, വൈൽഡ് ലൈഫ് വാർഡൻ, ഇക്കോളജിസ്റ്റ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടുന്ന സമിതിക്കാണ് ബഫർ സോൺ നിർണയാധികാരം. എന്നാൽ, വിജ്ഞാപനം ഇറങ്ങിയ ശേഷം മാത്രമാണ് ബഫർ സോൺ പരിധിയിലുൾപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റുമാർപോലും സംഗതി അറിഞ്ഞത്. ബഫർ സോണുകളിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നിരോധിക്കുകയെന്നതിനെക്കാൾ  നിയന്ത്രണങ്ങൾക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടതെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. പരിസ്ഥിതി സംഘടനകൾക്കു പ്രാതിനിധ്യം നൽകിയപ്പോഴും കർഷകരുടെ പ്രതിനിധികളാരും മേൽനോട്ട സമിതിയിലില്ല. ബഫർ സോൺ മാനദണ്ഡമനുസരിച്ച്, തദ്ദേശീയജനവിഭാഗങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾ അനുവദനീയമായവയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. എന്നാൽ, കരടു വിജ്ഞാ‌പനമിറങ്ങിയപ്പോൾ കൃഷിക്കും നിയന്ത്രണം വന്നു. 

‌‌‌തോന്നിയപോലെ അതിര്‍ത്തിനിര്‍ണയം 

ബഫര്‍ സോണ്‍ ഭൂപടങ്ങളിലെ അതിർത്തികൾ  ആശയക്കുഴപ്പം വർധിപ്പിക്കുകയാണ്. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്ന് റോഡുകളാണു ബഫര്‍ സോണ്‍ അതിര്‍ത്തിയായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, ജനവാസകേന്ദ്രങ്ങളും ബസ് സ്റ്റാന്‍‍ഡ്പോലും ബഫര്‍ സോണിനുള്ളിലായി. നമ്പ്യാര്‍കുന്ന്, പഴൂര്‍, കല്ലൂര്‍, നെന്മേനിക്കുന്ന്, മൂലങ്കാവ്, ഓടപ്പള്ളം, കുറുക്കന്മൂല, കാട്ടിക്കുളം തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളെല്ലാം ബഫര്‍ സോണിനുള്ളിലായി. റോ‍‍ഡിന്റെ ഒരുവശം ബഫര്‍ സോണും മറുവശം ബഫര്‍ സോണിനു പുറത്തും എന്ന മട്ടില്‍ കണക്കാക്കിയപ്പോള്‍ വനത്തില്‍നിന്ന് ദൂരെയുള്ള സ്ഥലങ്ങള്‍ ബഫര്‍ സോണിനുള്ളിലും അടുത്ത ചില സ്ഥലങ്ങള്‍ ബഫര്‍സോണിനു പുറത്തും എന്ന വൈരുധ്യവും ഉണ്ടായി. കര്‍ഷകരെയുള്‍പ്പെടെ ബാധിക്കുന്ന ബഫര്‍ സോണ്‍ അതിര്‍ത്തിനിര്‍ണയം വളരെ ലാഘവത്തോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത് എന്നതിന് മികച്ച ഉദാഹരണമാണിത്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ അതിര്‍ത്തിനിര്‍ണയത്തെക്കുറിച്ചും ഇത്തരത്തില്‍ പരാതികളുണ്ട്. ജനവാസമേഖലകളെ പരമാവധി ഒഴിവാക്കിയാണ് ബഫർ സോൺ നിർണയിച്ചതെന്ന് അധികൃതർ പറയുമ്പോഴും ബഫർ സോണിനു പുറത്തുള്ള ഒരു കിലോമീറ്റർ ദൂരത്തും നിർമാണങ്ങൾക്കു നിയന്ത്രണമുണ്ടായിരിക്കുമെന്നു വനംവകുപ്പ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു നാട്ടുകാർ പ്രക്ഷോഭരംഗത്തുള്ളത്. ബഫർ സോണുകൾ ജനവാസകേന്ദ്രങ്ങളല്ലെങ്കിൽ അവിടെ ഗതാഗതത്തിനും കൃഷിക്കും റോഡ് നിർമാണത്തിനും നിയന്ത്രണങ്ങളേർപ്പെടുത്തേണ്ട കാര്യമെന്തെന്നതാണ് ഉയരുന്ന ചോദ്യം. ആൾത്താമസമില്ലാത്ത സ്ഥലങ്ങളെങ്കിൽ പിന്നെ ഇത്തരം നിയന്ത്രണങ്ങളുടെ ആവശ്യമേയുണ്ടാകില്ലല്ലോ എന്ന സംശയവും അവർ ഉന്നയിക്കുന്നു. ബഫര്‍സോണില്‍നിന്നു ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി കേരളം നല്‍കിയ ശുപാര്‍ശ കേന്ദ്രം പൂര്‍ണമായും പരിഗണിച്ചില്ലെങ്കില്‍ കുടിയൊഴിഞ്ഞുപോവുകയല്ലാതെ കര്‍ഷകര്‍ക്കു മറ്റു മാര്‍ഗമില്ലെന്നുവരും. 

ജനജീവിതം ദുസ്സഹമാകും 

തീർത്തും നിരുപദ്രവകരമായ നിർദേശങ്ങളാണു കരടു വിജ്ഞാപനത്തിലേതെന്നും കർഷക പ്രതിനിധികളുമായുൾപ്പെടെ ചർച്ച ചെയ്ത ശേഷം ജനോപകാരപ്രദമായി മാത്രമേ നടപ്പാക്കൂവെന്നുമാണ് അധികൃതരുടെ നിലപാട്. എന്നാൽ, ഇതിനുള്ള മേൽനോട്ട സമിതിയിൽ പൊതുജനത്തിനു വേണ്ടത്ര പ്രാതിനിധ്യമില്ല. മതി കെട്ടാന്‍ചോല, ഇടുക്കി, മലബാര്‍, കൊട്ടിയൂര്‍, ആറളം വന്യജീവിസങ്കേതങ്ങളുടെ ബഫര്‍ സോണ്‍ മേല്‍ നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയ എംഎല്‍എമാരെ ഒഴിവാക്കണമെന്നു കേന്ദ്രത്തിന്റെ അന്ത്യശാസനവും വന്നുകഴിഞ്ഞു. ജനവാസകേന്ദ്രങ്ങളുൾപ്പെടെ ബഫർ സോണുകളാക്കിയ കരടു വിജ്ഞാപനം അവ്യക്തവും സങ്കീർണവുമായ പ്രയോഗങ്ങളാൽ സമ്പന്നമാണ്. ബഫർ സോണുകളിൽ പ്രഖ്യാപിച്ചിട്ടുള്ള പല നിയന്ത്രണങ്ങളും ഫലത്തിൽ നിരോധനങ്ങളായിത്തന്നെ നടപ്പാക്കുമെന്ന ആശങ്ക കർഷകർക്കുണ്ടാകുന്നതിനു പ്രധാന കാരണങ്ങളിലൊന്ന് ഈ അവ്യക്തത തന്നെ. വാണിജ്യാടിസ്ഥാനത്തിലുള്ള വൻകിട കോഴിവളർത്തൽ, കന്നുകാലി ഫാം എന്നിവ നിയന്ത്രിക്കുമെന്നാണ് വിജ്ഞാപനത്തിലെ ഇത്തരം നിർദേശങ്ങളിലൊന്ന്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ, കന്നുകാലി ഫാം എന്നിവ വിജ്‍ഞാപനത്തിൽ  നിർവചിച്ചിട്ടില്ല. വൻകിടയെന്നോ ചെറുകിടയെന്നോ നോക്കാതെ എല്ലാ കന്നുകാലി ഫാമുകളും നിയന്ത്രിക്കുമെന്നാണോ വാണിജ്യാടിസ്ഥാനത്തിലുള്ളവയ്ക്കു മാത്രമാണോ നിയന്ത്രണമെന്നതും അവ്യക്തം. 

കിണറുകൾ, കുഴൽകിണറുകൾ എന്നിവ കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു കർശന മേൽനോട്ടമുണ്ടാകുമെന്നതാണ് മറ്റൊരു വ്യവസ്ഥ. കാർഷികേതര ആവശ്യങ്ങൾ ഏവയെന്ന് ആരു നിശ്ചയിക്കുമെന്നതാണു ചോദ്യം. സ്വന്തം വീട്ടിലെ പറമ്പിൽനിന്നു വീട്ടിലേക്കു കുടിവെള്ളമെടുക്കുന്നതു കാർഷികപ്രവൃത്തിയല്ലെങ്കിൽ അതും തടയപ്പെട്ടേക്കില്ലേ എന്ന ആശങ്കയെ ചിരിച്ചു തള്ളാനാവില്ല. കിണറിലെ വെള്ളമെടുക്കുന്നത് എങ്ങനെയാണു വനം-വന്യജീവി സംരക്ഷണത്തിന് പ്രതികൂലമാവുക എന്ന സംശയവുമുയരുന്നു. തദ്ദേശീയരല്ലാത്തവരുടെ ഉപയോഗത്തിനു കൃഷി പാടില്ലെന്നു വ്യവസ്ഥ ചെയ്താൽ കർഷകർ ഉപജീവനത്തിനു മറ്റു വഴി തേടേണ്ടിവരും. വിദേശ സസ്യ‍, ജന്തുവര്‍ഗങ്ങളുടെ കടന്നുവരവ് നിലവി ലെ നിയമങ്ങൾപ്രകാരം നിയന്ത്രണവിധേയമായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ബഫർ സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളിലെ പ്രധാന വിളകളായ റബർ, കൊക്കോ, കാപ്പി തുടങ്ങിയവയെല്ലാം വിദേശത്തുനിന്നെത്തിയതാണ്. കപ്പപോലും ബ്രസീലിൽനിന്നെത്തിയ വിളയാണ്. ഇവയുടെ കടന്നു വരവ് നിയന്ത്രിക്കുമെന്ന ഒറ്റവരി വ്യവസ്ഥയുള്ള വിജ്ഞാപനം നാട്ടുകാരെ പ്രക്ഷോഭത്തിനിറക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. 

ഭൂമി ക്രയവിക്രയം നിലയ്ക്കും 

പുതിയ ഹോട്ടലുകളും റിസോർട്ടുകളും അനുവദിക്കില്ലെന്നതുൾപ്പെടെയുള്ള കർശനനിയന്ത്രണങ്ങൾ ഒരു പ്രദേശത്തിന്റെയാകെ വികസന സ്വപ്നങ്ങളെ തകിടം മറിക്കും. ഇപ്പോൾത്തന്നെ ബഫര്‍സോണുകളോട് ചേര്‍ന്നുള്ള വില്ലേജുകളിൽ ഭൂമിയുടെ ക്രയവിക്രയം കാര്യമായി നടക്കുന്നില്ല. കടബാധ്യതയിൽപ്പെട്ടുഴലുന്ന കർഷകർക്ക് ഭൂമി വിറ്റുപോലും ഉപജീവനം കണ്ടെത്താനാകാത്ത സ്ഥിതി വരുമോ? വരാനിരിക്കുന്ന നിയന്ത്രണങ്ങൾ കർഷകരെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് വനംവകുപ്പ് അധികൃതർ ആണയിടുമ്പോഴും ആശങ്ക ഒഴിയുന്നില്ല.

English summary: Buffer Zone Problems in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA