ADVERTISEMENT

വര്‍ഷങ്ങളോളം ചെമ്മീന്‍കെട്ടു നടത്തി പോക്കറ്റു ചോര്‍ന്ന നിസാര്‍ ഇടക്കാലത്ത് തിരുതമത്സ്യക്കൃഷിയിലേക്കു തിരിഞ്ഞപ്പോള്‍ ഒപ്പമൊരു ഡെയറി ഫാമും തുടങ്ങി. മത്സ്യക്കൃഷി തിരുതയിലൂടെ ലാഭത്തിലെത്തിയതില്‍ ഈ ഡെയറി ഫാമിനുണ്ട് വലിയൊരു പങ്ക്. തിരുതയും പശുവും ചേര്‍ന്നുള്ള സംയോജിതകൃഷിയുടെ ലാഭവഴി എങ്ങനെയെന്നു നിസാര്‍ പറയും.

ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ് ചെമ്മീന്‍കെട്ട് പാട്ടത്തിനെടുത്ത് മത്സ്യക്കൃഷിയിലിറങ്ങിയ നിസാര്‍ ആദ്യ വര്‍ഷങ്ങളിലെല്ലാം നേരിട്ടതു കനത്ത നഷ്ടം. ചെമ്മീനിന്റെ രോഗബാധതന്നെ കാരണം. ചെമ്മീന്‍ വിട്ട് തിരുതയിലേക്കു തിരിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. തിരുതയുടെ വളര്‍ച്ച പക്ഷേ മന്ദഗതിയിലായിരുന്നു.

ചെമ്മീന്‍കെട്ടുകളില്‍ ചാണകം നിറച്ച ചാക്കുകള്‍ അങ്ങിങ്ങായി നിക്ഷേപിക്കുക പതിവുണ്ട്. ചെമ്മീനിന് തീറ്റയാക്കാവുന്ന സൂഷ്മജീവികള്‍ ജലത്തില്‍ വര്‍ധിക്കുമെന്നു കണ്ടാണിത്. ഇതേ രീതി തിരുതയ്ക്കും പറ്റുമോ എന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു നിസാര്‍. ചാണകം പണം കൊടുത്തു വാങ്ങുന്നതിനു പകരം മത്സ്യക്കുളത്തിന്റെ ചിറയില്‍ ഒരു ഡെയറി ഫാം തന്നെ തുടങ്ങി നിസാര്‍.

വേമ്പനാട്ടു കായലിനോടു ചേര്‍ന്ന 10 ഏക്കറിലാണ് നിസാറിന്റെ ഓരുജല തിരുതക്കൃഷി. ഓരുജലം കയറിയിറങ്ങുന്ന കനാലിനോടു ചേര്‍ന്നുള്ള ചിറയിലാണ് 28 പശുക്കളുള്ള ഡെയറിഫാം. ദിവസം ശരാശരി 300 ലീറ്റര്‍ പാലുല്‍പാദനം.  

nisar-1

നിത്യവും ഡെയറിഫാം കഴുകി വിടുന്ന ചാണകവും മൂത്രവും കനാലിനരികെ വീണ് ഓരിനൊപ്പം പത്തേക്കറിലാകെ എത്തും. ചാണകത്തിലെ പ്ലവകങ്ങള്‍ (Plankton) അഥവാ സൂക്ഷ്മജീവികള്‍ തിരുതയ്ക്ക് ആഹാരമാകും. തീറ്റ എന്നതിനപ്പുറം പ്ലവകങ്ങള്‍ മത്സ്യത്തിന്റെ ആരോഗ്യത്തെയും വളര്‍ച്ചയെയും വെള്ളത്തിന്റെ ഗുണനിലവാരത്തെയുമെല്ലാം മെച്ചപ്പെടുത്തുന്നുവെന്നു നിസാര്‍. നഷ്ടത്തിലായ ചെമ്മീന്‍കൃഷിയില്‍നിന്ന് തിരുതയിലേക്കു തിരിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായെങ്കിലും തിരുത ലാഭമത്സ്യമായത് പശുവളര്‍ത്തല്‍ ഒപ്പം ചേര്‍ന്നതോടെയെന്നു നിസാര്‍. വിശാലമായ മത്സ്യഫാമില്‍ പരിസരവാസികള്‍ക്കൊന്നും ശല്യമില്ലാതെ പശു വളര്‍ത്താം എന്നു വന്നതോടെ തിരുതയ്‌ക്കൊപ്പം മറ്റൊരു ലാഭസംരംഭം കൂടി എന്ന അധിക നേട്ടവുമുണ്ടായി. നല്ല പാലിന് ആവശ്യക്കാര്‍ ഏറെയുണ്ടുതാനും.

തുടക്കത്തില്‍ തിരുതക്കൃഷിയിലെ പ്രധാന വെല്ലുവിളി വളര്‍ച്ചക്കുറവായിരുന്നെങ്കില്‍ ഡെയറി ഫാമില്‍നിന്നുള്ള ചാണകവും മൂത്രവും ഓരുവെള്ളത്തില്‍ കലരാന്‍ തുടങ്ങിയതോടെ വളര്‍ച്ചവേഗം കൂടി. ഒരു വര്‍ഷംകൊണ്ട് 800-900 ഗ്രാം തൂക്കത്തിലേക്കു വളര്‍ന്നു നിസാറിന്റെ തിരുതകള്‍. ഒരു വര്‍ഷം പ്രായമെത്തുമ്പോഴാണ് വിളവെടുപ്പെങ്കിലും കയ്യില്‍ കിട്ടാതെ രക്ഷപ്പെടുന്നവ 2-3 വര്‍ഷംകൊണ്ട് 4 കിലോവരെ വളരുന്നുണ്ടെന്നും നിസാര്‍. വര്‍ഷം കുറഞ്ഞത് 30,000 തിരുതക്കുഞ്ഞുങ്ങളെയാണ് നിസാര്‍ കുളത്തില്‍ നിക്ഷേപിക്കുന്നത്.

ഡെയറിഫാം വന്നതോടെ ചെമ്മീനിന്റ രോഗബാധ ഗണ്യമായി കുറഞ്ഞു എന്നതു മറ്റൊരു നേട്ടം. ചെമ്മീനു പുറമെ  ഓരിനൊപ്പം കയറി വരുന്ന കണമ്പ്, കരിമീന്‍ തുടങ്ങിയവയും പ്ലവകസമ്പന്നമായ വെള്ളത്തില്‍ നന്നായി വളരുന്നു. തിരുതയ്ക്കുള്ള കൃത്രിമത്തീറ്റയും നിസാര്‍ നന്നേ കുറച്ചിരിക്കുന്നു. ഭക്ഷ്യോല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍നിന്ന്, വിറ്റഴിക്കാന്‍ കഴിയാതെ തിരികയെത്തുന്ന ബ്രഡ്, ചപ്പാത്തി മറ്റ് ബേക്കറിയുല്‍പന്നങ്ങള്‍ എന്നിവ സംഭരിക്കും. തിരുതയുടെ മുഖ്യാഹാരം ഇതു തന്നെ.

കിലോ 650 രൂപയ്ക്ക് ഫാമില്‍നിന്നു നേരിട്ടാണ് തിരുതവില്‍പന. ഇന്നത്ത നിലയ്ക്ക് മികച്ച വില ലഭിക്കുന്ന മത്സ്യം. കടലിലും ഓരുജലത്തിലും മാത്രമല്ല, ശുദ്ധജലത്തിലും തിരുത വളരും. ശുദ്ധജല തിരുതയ്ക്കു പക്ഷേ രുചി കുറവെന്ന് നിസാര്‍. ഓരുജല തിരുതയുടെ വില ഉയരാനുള്ള കാരണവും ഇതുതന്നെ.

ഓരുജലാശയങ്ങളില്‍ തിരുത വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനുള്ള സാഹചര്യമൊരുങ്ങിയാല്‍ പശുവളര്‍ത്തല്‍കൂടി സംയോജിപ്പിച്ച് കൂടുതല്‍ കര്‍ഷകര്‍ക്ക് നിസാറിനെപ്പോലെ ഇരട്ടി നേട്ടമുണ്ടാക്കാനാവും. തിരുതയ്‌ക്കൊപ്പം കരിമീനും പൂമിനും കൂടി വളര്‍ത്തിയാല്‍ മത്സ്യക്കൃഷി കൂടുതല്‍ ലാഭകരമായി മാറുകയും ചെയ്യും.

ഫോണ്‍: 9895670672

English summary: Grey Mullet Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com