റബറും കൊക്കോയും പിന്നെ പന്നിയും; ലാഭം നല്‍കും കൂട്ടുകെട്ട്

HIGHLIGHTS
  • റബര്‍വില 150 കടന്നതോടെ ജോഷി ടാപ്പിങ് വിണ്ടും തുടങ്ങി
  • റബറിനും കൊക്കോയ്ക്കും പിന്നാലെ പന്നിവളര്‍ത്തലും
joshy
ടി.എം. ജോഷി
SHARE

റബര്‍ക്കൃഷിയുടെ ക്ഷീണം തീര്‍ക്കാനാണ് കണ്ണൂര്‍ ചന്ദനക്കാംപാറ തുളുവനാനിക്കല്‍ ടി.എം. ജോഷി കൊക്കോക്കൃഷി തുടങ്ങുന്നത്. പിന്നാലെ, കൊക്കോയുടെ കൂടി ബലത്തില്‍ പന്നിവളര്‍ത്തല്‍. മോരും മുതിരയുംപോലെ ഒന്നും തമ്മില്‍ ചേരുന്നില്ലല്ലോ എന്നു കരുതാന്‍ വരട്ടെ. തമ്മില്‍ ബന്ധമുണ്ടെന്നു മാത്രമല്ല, മൂന്നും പരസ്പരം താങ്ങും തണലുമായി നില്‍ക്കുകയും ചെയ്യുന്നു.

നിലവില്‍ 30 വര്‍ഷം പ്രായമെത്തിയ 4 ഏക്കര്‍ റബര്‍തോട്ടത്തില്‍ 15 വര്‍ഷം മുന്‍പാണ് ഇടവിളയായി കൊക്കോ പരീക്ഷിക്കുന്നത്. റബറിനെ കൂടുതല്‍ ആദായകരമാക്കാനുള്ള അന്വേഷണമാണ് കൊക്കോയിലെത്തിച്ചതെന്ന് ജോഷി. അന്നു വച്ചത് 300 തൈകള്‍. റബറിന്റെ മേല്‍വേരുകളുമായി മത്സരിക്കാതിരിക്കാന്‍ വളക്കുഴി പോലെ രണ്ടടി ആഴത്തില്‍ കുഴിയെടുത്തു തൈകള്‍ നട്ടു. നാലാം വര്‍ഷം തന്നെ മികച്ച വിളവിലും  തുടര്‍ന്ന് ഉല്‍പാദന സ്ഥിരതയിലുമെത്തി കൊക്കോച്ചെടികള്‍. വിലയിടിഞ്ഞ് റബര്‍ ലാഭകരമല്ലാതായതോടെ ജോഷി വെട്ടു നിര്‍ത്തിയിരുന്നു. വില 150 രൂപ എത്തുന്ന കാലത്തേ  വീണ്ടും തുടങ്ങൂ എന്നു തീരുമാനിച്ച് വെട്ട് ഉപേക്ഷിച്ച കഴിഞ്ഞ അഞ്ചു കൊല്ലവും കൊക്കോ നല്‍കിയ മികച്ച ആദായമാണ് ജോഷിക്കു താങ്ങായത്.

കൊക്കോ വന്നത് ഇനിയും ചില ഗുണങ്ങള്‍ ചെയ്‌തെന്നു ജോഷി. കൊഴിഞ്ഞു വീണ് അട്ടിയായി കിടക്കുന്ന കൊക്കോയിലകള്‍ കടുത്ത വേനലിലും റബറിന്റെ വേരുകള്‍ക്ക് പുതയാകുന്നു. മണ്ണില്‍ ഈര്‍പ്പവും ജൈവാംശവും നിലനിര്‍ത്താന്‍ ഈ പുത സഹായകം. വര്‍ഷം മുഴുവന്‍ കൊക്കോ പൂവിടുകയും കായ്ക്കുകയും ചെയ്യുമെങ്കിലും നവംബര്‍ മുതല്‍ ജനുവരിവരെയാണ് കൂടുതല്‍ പൂവിടല്‍. 30-40 ശതമാനം വെയില്‍ ഈ സമയം കൊക്കോയ്ക്ക് ആവശ്യമെന്നു ജോഷി. ഇതേ കാലത്തുതന്നെയാണ് റബറിന്റെ ഇലപൊഴിക്കല്‍ എന്നത് കാര്യങ്ങള്‍ അനുകൂലമാക്കുന്നു.

ഏക്കറിന് 200 റബറാണ് ഈ പ്രദേശങ്ങളില്‍ പൊതുവെയുള്ള നടീല്‍ രീതി. അങ്ങനെ ആകെ വച്ച 800ല്‍ നിലവില്‍ ശേഷിക്കുന്നത് 650 മരങ്ങള്‍. ഇടവിളയായി ആദ്യം നട്ടത് 300 കൊക്കോയെങ്കിലും ഇപ്പോഴത് 400 ല്‍ എത്തിയിരിക്കുന്നു. റബര്‍ മരങ്ങള്‍ ഒടിഞ്ഞും കേടു വന്നും നശിച്ച് ഒഴിവു വന്നിടത്തെല്ലാം കൊക്കോ വച്ചു. ഒരു മരത്തില്‍നിന്ന് 2000 രൂപയുടെ വരെ കായ കിട്ടിയിട്ടുണ്ടെങ്കിലും ശരാശരി വിളവു നോക്കി മരമൊന്നിനു വര്‍ഷം 600 രൂപ ആദായം കണക്കാക്കാമെന്നു ജോഷി. അതായത്, ആകെ 2,40,000 രൂപ. ഏക്കറിന് ഏറ്റവും കുറഞ്ഞത് 60,000 രൂപ. പരിമിതമാണ് കൊക്കോയുടെ പരിപാലനവും അതിനുള്ള ചെലവും. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുള്ള കമ്പുകോതലാണ് പ്രധാന പരിപാലനം. വിളവെടുപ്പ് ലളിതവും. അതുകൊണ്ടുതന്നെ വരുമാനത്തിന്റെ നല്ല പങ്കും ലാഭം.

joshy-1

റബറിനും കൊക്കോയ്ക്കും പിന്നാലെ 10 വര്‍ഷം മുന്‍പ് പന്നിവളര്‍ത്തലും തുടങ്ങി. നിലവിലുള്ളത് 150 പന്നികള്‍. മുതിര്‍ന്ന ഒരു പന്നിക്ക് ദിവസം അരക്കിലോ പച്ചപ്പുല്ല് ആവശ്യമെന്നു ജോഷി. കമ്പുകോതുമ്പോള്‍ ലഭിക്കുന്നതുള്‍പ്പെടെ, കൊക്കോ ഇലകള്‍ ദിവസവും നല്‍കുന്നതിനാല്‍ പച്ചപ്പുല്ലു തേടി നടക്കേണ്ടതില്ല. കുരു നീക്കിയ കൊക്കോത്തോടാകട്ടെ പന്നിയുടെ ഇഷ്ട ഭക്ഷണവും.

ഇതിനെല്ലാം പന്നി പ്രത്യുപകാരം ചെയ്യുന്നുണ്ട്. ജൈവവളം എന്ന നിലയില്‍ മൃഗവിസര്‍ജ്യങ്ങളില്‍ ഏറ്റവും മികച്ചത് പന്നിക്കാഷ്ഠമെന്ന് ജോഷി. ഇതാണ് റബറിനും കൊക്കോയ്ക്കും മറ്റു വിളകള്‍ക്കും കാലങ്ങളായി ജോഷി നല്‍കുന്ന ഏക വളം. ഹോട്ടലുകളിലെ ഭക്ഷ്യാവശിഷ്ടങ്ങളാണ് ആഹാരമെന്നതിനാല്‍ പന്നിയ്ക്കുള്ള പരിപാലനച്ചെലവു നന്നേ കുറവ്.

റബര്‍വില 150 കടന്നതോടെ ജോഷി ടാപ്പിങ് വിണ്ടും തുടങ്ങി. പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കര്‍ഷകപ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനുമായ ജോഷി ഈ ചുമതലകളെല്ലാം സംയോജിപ്പിച്ചു കൊണ്ടുപോകാന്‍ കാണിക്കുന്ന  മികവ് കൃഷിയിലും പുലര്‍ത്തുന്നു.

ഫോണ്‍: 9447640891, 8943902011

English summary: Integrated Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA