ADVERTISEMENT

മത്സ്യവും പച്ചക്കറിക്കൃഷിയും യോജിപ്പിച്ച് നേട്ടമുണ്ടാക്കുന്ന കര്‍ഷകനാണ് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല വളഞ്ഞവട്ടം വാഴപ്പള്ളില്‍ പ്രദീപ് ജേക്കബ് അലക്‌സാണ്ടര്‍. ഗള്‍ഫ് ജോലിക്കു ശേഷം കൃഷിയിലിറങ്ങിയ പ്രദീപിന്റെ മുഖ്യ വരുമാനമാര്‍ഗം രണ്ടരയേക്കര്‍ കുളത്തിലെ മത്സ്യക്കൃഷിയാണ്. കരിങ്കല്ലുകൊണ്ടു ബണ്ട് തീര്‍ത്ത് ഉള്ളില്‍ മണ്ണുകോരി ചിറയുയര്‍ത്തിയ ശേഷം മത്സ്യക്കൃഷിചെയ്യുന്ന കുളങ്ങള്‍ അപ്പര്‍ കുട്ടനാട്ടില്‍ കുറവല്ല. ചിറയില്‍ തെങ്ങും ഇടവിളയായി പച്ചക്കറികളുമാണ് മിക്കവരും കൃഷി ചെയ്യുക.

മത്സ്യക്കൃഷിക്കൊപ്പം ചിറയില്‍ പച്ചക്കറിക്കൃഷിയും ചെയ്തിരുന്ന പ്രദീപ് ഏതാനും വര്‍ഷങ്ങളായി ചിറയുടെ മുകളിലല്ല വശങ്ങളിലാണ് പച്ചക്കറി വളര്‍ത്തുന്നത്. കുളത്തിലെ വെള്ളപ്പരപ്പില്‍നിന്ന് ഒരടി മുകളിലായി കുളത്തിന്റെ കുത്തനെയുള്ള വശങ്ങളില്‍ വിത്തിടുന്നു. തൈകള്‍ വളരുമ്പോള്‍ കുളത്തില്‍ മുളങ്കാലുകള്‍ നാട്ടി കമ്പി കെട്ടി അതിലേക്കു പടര്‍ത്തും. ചിറയിലെ തെങ്ങുകളിലേക്ക് കമ്പികള്‍ വലിച്ചുകെട്ടി പന്തല്‍ ബലവത്താക്കും.

കുളത്തിലെ മത്സ്യവിസര്‍ജ്യം കലര്‍ന്ന വെള്ളവും ഇടയ്ക്കു നല്‍കുന്ന ചാണകപ്പൊടിയും മാത്രം സ്വീകരിച്് നിറഞ്ഞു വിളയും ഒന്നാന്തരം ജൈവ പച്ചക്കറികള്‍. ജനുവരി-ഫെബ്രുവരിയില്‍ തുടങ്ങി മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഭീഷണിയുള്ള ജൂണിനു മുന്‍പുതന്നെ പ്രദീപ് കൃഷി പൂര്‍ത്തിയാക്കും. 200 ചുവടു പയറുവരെ ഈ രീതിയില്‍ കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തു. ഒന്നിടവിട്ട ദിവസങ്ങളില്‍ ശരാശരി 50 കിലോ വിളവ്. മത്സ്യക്കുളത്തിന്റെ അരികുകളിലായതിനാല്‍ രാസവളപ്രയോഗം പൂര്‍ണമായും ഒഴിവാക്കി. എന്നിട്ടും പയറും പാവലും പടവലനുമെല്ലാം നന്നായി വിളയുന്നത് മത്സ്യക്കുളത്തിലെ വെള്ളത്തിന്റെ ഗുണംകൊണ്ടെന്നു പ്രദീപ്. കൃഷിച്ചെലവു തീര്‍ത്തും കുറയുന്നതിനാല്‍ വിലയിടിവില്‍പോലും പച്ചക്കറിക്കൃഷി ആദായകരം.

pradeep-1

ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ കീടാക്രമണം നന്നേ കുറവെന്നും പ്രദീപ് പറയുന്നു. പച്ചക്കറിക്കര്‍ഷകരെ കഷ്ടത്തിലാക്കുന്ന കായീച്ചശല്യം തെല്ലുമില്ല. താഴെ വെള്ളത്തില്‍ വീണ് മുട്ടകള്‍ നശിച്ചുപോകാവുന്ന സാഹചര്യം സഹജാവബോധത്താല്‍ തിരിച്ചറിഞ്ഞ് കായീച്ചകള്‍ ഒഴിഞ്ഞുമാറുന്നതാവും കാരണമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

ഫിഷറീസ് വകുപ്പില്‍നിന്നു സൗജന്യമായി ലഭിക്കുന്ന കട്ല, രോഹു, ഗ്രാസ് കാര്‍പ് എന്നിവയും റെഡ് തിലാപ്പിയ, ഗിഫ്റ്റ്, അനാബസ് (കല്ലേമുട്ടി) എന്നിവയുമാണ് പ്രദീപിന്റെ മത്സ്യയിനങ്ങള്‍. മത്സ്യത്തീറ്റ മാത്രം നല്‍കി പരിപാലനം. ആവശ്യക്കാര്‍ക്ക് ഫാമില്‍നിന്ന് ദിവസവും മത്സ്യം ലഭ്യമാകും വിധം ഇടവേള കണക്കാക്കിയാണ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. വര്‍ഷം ശരാശരി 10 ടണ്‍ ഉല്‍പാദനം.

കുളത്തിനു മീതെ പടര്‍ന്നു കിടക്കുന്ന പച്ചക്കറിപ്പന്തല്‍ സൃഷ്ടിക്കുന്ന സ്വാഭാവികപ്രകൃതി മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അനുകൂലമാകുന്നുണ്ടെന്നാണ് പ്രദീപിന്റെ നിരീക്ഷണം. സ്വാഭാവിക സാഹചര്യങ്ങളില്‍ വളരുന്നത് വളര്‍ത്തുമത്സ്യത്തിന്റെ രുചി വര്‍ധിപ്പിക്കുമെന്നും പ്രദീപ്. ഏതായാലും വിശാലമായ, സ്വാഭാവിക മത്സ്യക്കുളങ്ങളുടെ അരികുകളില്‍ കൂടുതല്‍ പേര്‍ക്കു പരീക്ഷിക്കാവുന്നതാണ് ഈ മാര്‍ഗം.

ഫോണ്‍: 9847666237

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com