പരിസ്ഥിതി നശിപ്പിക്കുന്നത് സമ്പന്നന്റെ ആഡംബര ജീവിതം; അല്ലാതെ കർഷകരല്ല

HIGHLIGHTS
  • കൂടുതൽ ലാഭത്തിനായി കൂടുതൽ ഉൽപാദിപ്പിക്കമ്പോൾ കാർബൺ ബഹിർഗമനം ഇരട്ടിയാകുന്നു
  • ജീവിതം പോലെ വഴികളും ദുർഗന്ധം വമിക്കുന്ന ഇടങ്ങളാക്കുന്നു
farmer-urban
SHARE

വനത്തിനു വേണ്ടി മരിക്കാൻ തയാറാകുന്ന പരിസ്ഥിതിവാദികൾ എന്തുകൊണ്ട് മംഗളവനത്തിനു ചുറ്റും ബഫർ സോൺ ആവശ്യപ്പെടുന്നില്ല? കേരളത്തിൽ ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനമുള്ള പ്രദേശമാണ് കൊച്ചി. അതുകൊണ്ടുതന്നെ ഉറവിടത്തിൽ കാർബൺ ആഗിരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നത് കൂടുതൽ പ്രയോജനപ്രദമാക്കും, മലയോരത്തെ പച്ചപ്പിനേക്കാൾ.

മൈക്രോവേവ് ഓവനിൽ ഫൈബർ പാത്രത്തിൽ നൂഡിൽസ് ഉണ്ടാക്കിക്കഴിക്കുന്ന സോ കോൾഡ് നഗരവാസികൾക്ക് പൂജ്യം കിലോമീറ്റർ ബഫർസോണും, മൂന്നു കല്ലുകൾ കൂട്ടി ഉണ്ടാക്കിയ അടുപ്പിൽ മൺകലത്തിൽ അരി വേവിച്ച് കഴിക്കുന്നവന് അവന്റെ കിടപ്പാടം ഉൾപ്പെടെ ബഫർ സോണും, പ്രഖ്യാപിക്കുന്നതിന്റെ സാങ്കേതികവശം നമുക്ക് മനസിലാകാൻ സമയമെടുക്കും. പട്ടിണിപ്പാവങ്ങൾ കുഴിക്കക്കൂസിൽ പോകുമ്പോഴല്ല കാർബൺ ബഹിർഗമനം ഉണ്ടാകുന്നത്, മറിച്ച് സമ്പന്നന്റെ ആഡംബര ജീവിതത്തിൽ നിന്നാണെന്ന തിരിച്ചറിവുണ്ടാകണം.

ആറ് ഗ്രാമവാസികളുടെ ഒരു ദിവസത്തെ ഉപഭോഗത്തിന് തുല്യമാണ് ഒരു ശരാശരി നഗരവാസിയുടെ ഒരു ദിവസം. ടോയ്‌ലറ്റ് പേപ്പർ മുതൽ അപ്പർ ക്ലാസ് ഹിപ്പോക്രസിയുടെ പട്ടും പൊന്നും പൊതിയൽ വരെ ആകുമ്പോഴേക്കും ആറു മുതൽ എട്ട് ഗ്രാമവാസികൾ ഉപയോഗിക്കുന്ന ആത്രയും ഉപഭോഗം നടന്നിട്ടുണ്ടാകും. കൂടുതൽ ഉൽപാദനം, കൂടുതൽ ലാഭം. കൂടുതൽ ഉപഭോഗം, കൂടുതൽ സംതൃപ്തി. കൂടുതൽ ലാഭത്തിനായി കൂടുതൽ ഉൽപാദിപ്പിക്കമ്പോൾ കാർബൺ ബഹിർഗമനം ഇരട്ടിയാകുന്നു. കൃഷിക്കാരൻ പൊതു ഗതാഗതം ഉപയോഗിക്കുമ്പോൾ ബെൻസും ഔഡിയും ഫെരാരിയും ഹമ്മറും ഉപയോഗിക്കുന്നവൻ അവനു വേണ്ടി  ESZ ജീവിതം വിധിക്കപ്പെട്ടവനെ പല്ലിളിച്ച് കാട്ടുന്നു, കയ്യേറ്റക്കാരനാക്കുന്നു. അവന്റെ അധ്വാനത്തിന്റെ, വിയർപ്പിന്റെ വിലയായ ഭക്ഷണം ഏറ്റവും കുറഞ്ഞ വിലയ്ക്കു വാങ്ങി മൂന്നും, നാലും നേരം കഴിക്കുന്നു. തിന്നു തീരാത്തത് മാലിന്യമാക്കി പൊതുനിരത്തുകളിൽ തള്ളുന്നു. ജീവിതം പോലെ വഴികളും ദുർഗന്ധം വമിക്കുന്ന ഇടങ്ങളാക്കുന്നു. 

ഒരു കൂട്ടം മനുഷ്യരുടെ ആർത്തിയിൽനിന്ന് ഉൽപാദിപ്പിക്കപ്പെട്ട കാർബണാൽ ചൂടുപിടിച്ച അന്തരീക്ഷത്തിൽ, സ്വയം പാള വീശിത്തണുപ്പിക്കാൻ നോക്കുന്ന മലയോരക്കാരന്റെ നെഞ്ചത്തേക്കു കേറാൻ ശീതീകരിച്ച മുറിയിൽ ചർച്ചകളൊരുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ പച്ചപ്പിനായുള്ള കോൺഫറൻസ് കോമാളിത്തരം നടത്തുന്നു. കോടികൾ  ലാഭം കൊയ്യുന്ന പരിസ്ഥിതി പ്രവർത്തനത്തിൽ അത്താഴപ്പട്ടിണിക്കാരൻ ഇരയും, പരിസ്ഥിതി സ്നേഹി വേട്ടക്കാരനും ആകുന്നു. വേട്ടക്കാരന് നിയമ നിർമാണത്തിലൂടെ മൂർച്ചയേറിയ ആയുധം നിർമിച്ചു നൽകുന്ന ജനപ്രതിനിധികളെ തെരുവിൽ വിചാരണ ചെയ്യുന്നിടത്ത് ആരംഭിക്കുന്നു കർഷകന്റെ പ്രതിരോധം. മംഗള വനത്തിന്റെ ബഫർ സോൺ അല്ല നമ്മുടെ വിഷയം, രാഷ്ട്രീയ അടിമത്വത്തിൽനിന്നുള്ള മോചനമാണ്. അത് നാം സ്വയമേ തീരുമാനിക്കണം. ജയ് കിസാൻ.

English summary: ESZ Problems of Kerala Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA