കേരളത്തിന്‌റെ സ്ഥിതി മറ്റു സംസ്ഥാനങ്ങളേക്കാള്‍ ദയനീയം; എന്തിനാണീ ദ്രോഹം?

HIGHLIGHTS
  • തീരുമാനങ്ങള്‍ ഒരു നാടിന്‌റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തും
esz-forest-1
ഫോട്ടോ: ജിമ്മി കമ്പല്ലൂര്‍
SHARE

സംരക്ഷിത വന മേഖലയോടും, വന്യജീവി സങ്കേതങ്ങളോടും ചേര്‍ന്ന് ESZ സോണുകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മലയോര മേഖലയില്‍ പ്രതിഷേധം കനക്കുകയാണ്. നാളുകളേറെയായി മലയോര ജനത സമരമുഖത്താണ്. മലയോര മേഖലയിലെ കര്‍ഷകര്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ സമരം ചെയ്തിട്ട് അതിലേക്കു ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും വാസ്തവമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാരിനു താല്‍പര്യവുമില്ല എന്നുതന്നെ പറയേണ്ടിവരും. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികള്‍ കണ്ടുപഠിക്കേണ്ട ചില മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നുണ്ട്. അവര്‍ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളാണ് ശ്രദ്ധേയം. ESA നടപ്പാക്കില്ല എന്നു തിരുമാനിച്ച കര്‍ണ്ണാടക മുതല്‍ ESZ അഞ്ചു മീറ്ററായി ചുരുക്കിയ ഹരിയാന വരെ കേരളത്തിനു മാതൃകയാക്കാവുന്നതാണ്.

കേരളത്തിന്റെ സ്ഥിതി മറ്റേത് സംസ്ഥാനത്തെക്കാളും കൂടുതല്‍ ദയനീയമാണ്. കാരണം ഇന്ത്യയിലെ മൊത്തം ജനസാന്ദ്രത 300നും 350നും ഇടയില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലത് 800നു മുകളിലാണ്. കേരളം എന്ന സാന്‍വിച്ച് ലാന്‍ഡ് ചുരുങ്ങുകയാണ്. ESZ, ESA , CRZ , EFL എന്നീ ഓമനപ്പേരുകള്‍ കാര്‍ന്നെടുക്കുന്നത് കൃഷിസ്ഥലം മാത്രമല്ല, മലയാളിയുടെ സംസ്‌കാരത്തെ, സാമൂഹിക ജീവിതത്തെ, സ്വപ്നങ്ങളെ, നാടിനെത്തന്നെയാണ്. പിറന്ന മണ്ണില്‍നിന്ന് മാറിക്കൊടുക്കാന്‍ മനസില്ലാത്ത മലയാളിയുടെ ചെറുത്തു നില്‍പ്പാണ് ഈ ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ കാണുന്നത്.

കേരളത്തിന്റെ സാമ്പത്തിക മേഖല തകരുന്നതോടൊപ്പം, വിദ്യാഭ്യാസ, രാഷ്ട്രീയ, ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ ദൂരെ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരം വിജ്ഞാപനങ്ങളും, സര്‍ക്കാര്‍ നിലപാടുകളും കാരണമാകും എന്നതില്‍ സംശയമില്ല. വെച്ച മരം മുറിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്ത് ആരെങ്കിലും മരം വയ്ക്കാനും സംരക്ഷിക്കാനും തയ്യാറാകുമോയെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ വരെ ചോദിക്കുന്നു. വേണ്ടത്ര ആലോചനയില്ലാതെ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ ഒരു നാടിന്‌റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തും.

പശ്ചിമ ബെംഗാളിലെ ബെതുവാദഹരി വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശത്തിന് 5 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ബഫര്‍ സോണ്‍ ആകാമെന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞത്. ഒട്ടേറെ വന്യജീവികളുടെയും, ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണകേന്ദ്രമാണെങ്കിലും വന്യജീവി സംരക്ഷണകേന്ദ്രത്തിനു ചുറ്റും വസിക്കുന്ന ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ കഴിയില്ല. 5 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ബഫര്‍സോണ്‍ ആയി നിശ്ചയിക്കാമെന്നും പശ്ചിമ ബെംഗാള്‍ അറിയിച്ചു. ഇതുവഴിയുള്ള ദേശീയപാതയെ ബഫര്‍ സോണ്‍ ബാധിക്കരുതെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. സര്‍ക്കാരിന്റെ നിലപാടിനോട് വിദഗ്ധ കമ്മിറ്റി അംഗീകാരം വൈകാതെ നല്‍കും.

സമാന നിലപാടാണ് അരുണാചല്‍ പ്രദേശും സ്വീകരിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ കെയ്ന്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ബഫര്‍ സോണ്‍ 50 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയായി നിജപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ പ്രദേശത്തെ ജനസാന്ദ്രത നൂറില്‍ താഴെയാണ്. കൂടുതല്‍ പ്രദേശം ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചാല്‍ സാധാരണക്കാരുടെ ജീവിതത്തെ ഭാവിയില്‍ ബാധിക്കുമെന്നും ഈ സര്‍ക്കാര്‍ വിദഗ്ധ കമ്മിറ്റിയെ അറിയിച്ചു. അവിടെ സര്‍ക്കാരുകള്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ഇവിടെ ഇപ്പോഴത്തെ ഗുരുതര സ്ഥിതിയെ ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടിലെന്ന് നടിക്കുന്നത്.

കേരളത്തിന്റെ നിലപാട് മേല്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വിഭിന്നമാണ്. 0 കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആയി പ്രഖ്യാപിക്കാമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. എറണാകുളം ജില്ലയുടെ ഹൃദയഭാഗത്തുള്ള മംഗളവനത്തിന് ചുറ്റും 0 കിലോമീറ്ററാണ് ബഫര്‍സോണ്‍. അതേസമയം മലയോര മേഖലയില്‍ അത് 10 കിലോമീറ്റര്‍ വരെ ആകാമെന്നും സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിലും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരേയാണ് മലയോര ജനത ആഴ്ചകളായി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ജനപ്പെരുപ്പമുള്ള കൊച്ചിയിലെ മംഗളവനത്തിന് ചുറ്റും ബഫര്‍ സോണ്‍ ഇല്ലായെന്നതും മലയോര മേഖലയില്‍ ബഫര്‍ സോണ്‍ 10 കിലോമീറ്റര്‍ വരെയാകാമെന്നതും സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

ജനപ്പെരുപ്പമുള്ള കൊച്ചിയിലെ മംഗളവനത്തിന് ചുറ്റും ബഫര്‍ സോണ്‍ ഇല്ലായെന്നതും മലയോര മേഖലയില്‍ ബഫര്‍ സോണ്‍ ഒരു കിലോമീറ്ററും അതില്‍ കൂടുതലും ആകാമെന്നതും അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് കര്‍ഷക പക്ഷം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് അധിവസിക്കാന്‍ ആളോഹരി ഭൂമി പന്ത്രണ്ട് സെന്റ് മാത്രമാണെന്നു കൂടി അറിയുമ്പോഴാണ് കര്‍ഷക പ്രതിക്ഷേധത്തിന്റെ അനിവാര്യത തിരിച്ചറിയപ്പെടുന്നത്. അതിജീവനത്തിനു വേണ്ടിയുള്ള കര്‍ഷകന്റെ ചെറുത്തുനില്‍പ്പിനെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇതില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാ എന്ന് പ്രചരിപ്പിക്കുന്ന ചില തല്‍പരകക്ഷികളെ ജനം തിരിച്ചറിയണമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

English summary: Problems of eco sensitive zone in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA