ADVERTISEMENT

അസോളയുടെ മേന്മയും അതു വഴിയുള്ള ലാഭവും നന്നായി മനസ്സിലാക്കിയ സംയോജിത കർഷകനാണ് കണ്ണൂർ പയ്യാവൂർ വെമ്പുവയിലുള്ള തോമസ് വെണ്ണായപ്പള്ളിൽ. സംയോജിതകൃഷിയിലെ ഒട്ടേറെ ഘടകങ്ങൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന പോഷകാഹാരമാണ് പ്രകൃതിയുടെ ‘പ്രോട്ടീൻ ടാബ്‌ലെറ്റ്’ എന്നു വിളിക്കുന്ന അസോള. സംയോജിതമാർഗം കൃഷിച്ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ ഇതേ നേട്ടം നൽകുന്ന ഒരേയൊരു പോഷകത്തീറ്റ എന്ന മേന്മയുണ്ട് അസോളയ്ക്കുള്ളത്. 

അഞ്ചു ചെറു കുളങ്ങളിലാണ് തോമസിന്റെ അസോളക്കൃഷി. പശു, മത്സ്യം, മുയൽ, കോഴി എന്നിങ്ങനെ തോമസിനുള്ള മുഖ്യ കൃഷിയിനങ്ങളെയെല്ലാം ഒരുപോലെ ആദായകരമാക്കുന്നു അസോള. അസോള ആഹാരമായതോടെ പശുവിന് പാൽ വർധിച്ചു, പാലിനു കൊഴുപ്പു കൂടി. മത്സ്യത്തിന്റെ വളർച്ചവേഗവും രൂചിയും വർധിച്ചു. മുയലിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മുട്ടക്കോഴിയുടെ ഉൽപാദന മികവിനും അസോള കാരണമായി. ചുരുക്കത്തിൽ നിസ്സാര ചെലവിൽ അനായാസം ഉൽപാദിപ്പിക്കാവുന്ന അസോള,  കൃഷിയിനങ്ങളെയെല്ലാം കൂടുതൽ ആദായകരമാക്കി മാറ്റുന്നുവെന്ന് തോമസ്. 

azolla
മൃഗസംരക്ഷണമേഖലയിൽ തീറ്റച്ചെലവ് കുറയ്ക്കാൻ അസോള

താറാവ്, പന്നി, ആട്, ഇറച്ചിക്കോഴി എന്നിവയുടെയെല്ലാം തീറ്റയിൽ അസോള ഉൾപ്പെടുത്താം. വേനൽക്കാലത്ത് വിശേഷിച്ചും, പശുക്കളുടെ ആരോഗ്യത്തിനും ഉൽപാദന സ്ഥിരതയ്ക്കും അസോള ഏറെ ഗുണം ചെയ്യും. സാന്ദ്രിതാഹാരത്തിന്റെ അളവു കുറയ്ക്കാനും പച്ചപ്പുല്ലിന്റെ കുറവു മൂലമുള്ള  പോഷകന്യൂനത നികത്താനും അസോള സഹായിക്കും.  

ശുദ്ധജലത്തിൽ പൊങ്ങിക്കിടന്നു വളരുന്ന, പോഷകസമ്പന്നമായ പന്നൽവർഗസസ്യമാണ് അസോള. ചെറിയൊരു ടാർപോളിൻ കുളത്തിൽ അനായാസം വളർത്താം. മൂന്നു ദിവസംകൊണ്ട് ഇരട്ടിയാകുന്ന വളർച്ച രീതി. കേരളത്തിലെ ക്ഷീരകർഷകർ കാലിത്തീറ്റയില്‍ അസോള ചേർക്കുന്ന പതിവു മുൻപേയുണ്ട്. അസോള നേരിട്ടും മറ്റു തീറ്റകളില്‍ ചേർത്തും നൽകാം.

ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒരടി ആഴവുമുള്ള 5 കുളങ്ങളിലാണ് തോമസിന്റെ അസോളക്കൃഷി. വെട്ടുകല്ലു ചേർത്തുവച്ച് ചെറുകുളം ക്രമീകരിച്ച് ഏറ്റവും അടിയിൽ ചാക്ക് വിരിച്ച ശേഷം മുകളിൽ ടാർപ്പായ വിരിക്കുന്നു. അതിനു മുകളിൽ മണ്ണും ചാണകപ്പൊടിയും നിരത്തി വെള്ളം നിറയ്ക്കും. 150 ഗ്രാം അസോളയിട്ടാൽ ഒരാഴ്ചകൊണ്ടു വളർന്ന് കുളം നിറയുമെന്നു തോമസ്. ഇടയ്ക്ക് ചാണകം കലക്കിയൊഴിക്കുന്നത് വളർച്ച കൂട്ടും. ചാണകമൊഴിച്ച ദിവസങ്ങളിൽ വാരുന്ന അസോള പച്ചവെള്ളത്തിൽ നന്നായി കഴുകി വെള്ളം തോർന്നിട്ടേ കന്നുകാലിക്കു നൽകൂ എന്ന് തോമസ്. ചാണകത്തിന്റെ മണം വന്നാൽ പശു കഴിക്കാൻ മടിക്കും. പശുവൊന്നിന് ദിവസം അരക്കിലോ എന്ന തോതിലാണ് അസോള നൽകുക. മുതിർന്ന മുയലിന് 150 ഗ്രാമും കുഞ്ഞുങ്ങൾക്ക് 50 ഗ്രാമും. മുയലുകൾ തുടക്കത്തിൽ അസോള കഴിക്കാൻ മടി കാട്ടുമെങ്കിലും പതിവായി നൽകി ശീലിപ്പിച്ചാൽ മതിയെന്നു തോമസ്. മത്സ്യങ്ങൾക്കും മുട്ടക്കോഴിക്കുമെല്ലാം അസോള ഏറെ പ്രിയം.

ഫോൺ: 9495144516

English summary: Importance of Azolla as a conventional feed for livestock and Poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com