ADVERTISEMENT

കഴിഞ്ഞു പോയ 2 പ്രളയകാലത്തിന്റെ അവശേഷിപ്പുകളിൽനിന്നും ഉയർത്തെഴുന്നേറ്റ ആലപ്പുഴ ജില്ലയിലെ കൊച്ചു ഗ്രാമം, പാണ്ടനാട്. ഉയർന്നുവന്ന പ്രളയ ജലത്തോടൊപ്പം ജീവനും ജീവനോപാധിയും രക്ഷിക്കാൻ നെട്ടോട്ടമോടിയവരാണ് ഇവിടത്തുകാർ. വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ എൺപതുകാരായ മുല്ലശ്ശേരി വീട്ടിലെ വൃദ്ധ ദമ്പതികളെ ഹെലികോപ്ടർ വഴി എയർ ലിഫ്റ്റിംഗ് നടത്തി രക്ഷപ്പെടുത്തിയതും ഇവിടെ തന്നെ. നഷ്ടങ്ങളുടെ കണക്കെടുപ്പിൽ പകച്ചു പോയവർ ഏറെ. മുന്നോട്ടുള്ള യാത്രയിൽ തുണയായത് സർക്കാരും, വിവിധ വകുപ്പുകളും.

അച്ചൻകോവിലാറിന്റെ തീരത്തുള്ള ഇവിടുത്തെ കർഷകർക്ക് അതിജീവനത്തിന്റെ പാത ഒരുക്കിയത് മൃഗസംരക്ഷണ വകുപ്പായിരുന്നു. പശു, ആട്, കോഴി എന്നിവയെല്ലാം പ്രളയജലത്തിൽ ഒഴുകിപ്പോയ ഇവർക്ക് കൈത്താങ്ങായത് റീബിൽഡ് കേരള ഇനിഷ്യറ്റീവ് പദ്ധതി. ഏകദേശം 63 ലക്ഷം രൂപയോളം ഇതിനോടകം കർഷകരിലേക്ക് എത്തിക്കഴിഞ്ഞു. പത്തു പദ്ധതികളിലായി കറവപ്പശുക്കൾ, കിടാരികൾ, ആടുകൾ, കോഴി, താറാവ്, കാലിത്തീറ്റ, പുൽകൃഷി പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനെയെല്ലാം കർഷകരിലേക്ക് ധനസഹായമെത്തി. കാൻസർ രോഗബാധിതനും തയ്യൽ തൊഴിലാളിയും വീട്ടമ്മമാരും എല്ലാം പദ്ധതിയുടെ ഭാഗമായി. പദ്ധതി നടത്തിപ്പിനായി വിളിച്ചുകൂട്ടിയ ആദ്യ യോഗങ്ങളിൽ പങ്കാളിത്തം തീരെ കുറവായിരുന്നു എന്നതായിരുന്നു ആദ്യ വെല്ലുവിളി. വെറ്ററിനറി സർജൻ ഡോ. സ്മിതയും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും നടത്തിയ ഇടപെടലുകൾ ആവശ്യക്കാരായതും അർഹരുമായ കർഷകരെ പദ്ധതിയിലേക്കെത്തിച്ചു.

pandanadu-1
താറാവിൻകുഞ്ഞുങ്ങളുടെ വിതരണം

തമിഴ്‌നാട്ടിൽ പോയി നല്ലയിനം കറവപ്പശുക്കളെ വാങ്ങാൻ കർഷകരോടൊപ്പം ജനപ്രതിനിധികളും ക്ഷീരസംഘം ഭരണസമിതിയും സഹായത്തിനെത്തി. മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി പ്രകാരം ഇതിനോടകം 75 കർഷകർ രണ്ടു കറവപ്പശുക്കളെ വീതം വാങ്ങിക്കഴിഞ്ഞു. കർഷർക്ക് എല്ലാ വിധ പിന്തുണയുമായി പാണ്ടനാട് വെസ്റ്റ് ക്ഷീരസംഘവും പ്രവർത്തിക്കുന്നു. പ്രളയ ശേഷം വെറും മൂന്ന് ക്യാനുകളിൽ ഒതുങ്ങിനിന്ന പാൽസംഭരണം പ്രതിദിനം 1800–2000 ലീറ്ററിൽ എത്തിനിൽക്കുന്നു. ശേഖരിക്കുന്ന മുഴുവൻ പാലും പത്തനംതിട്ട ഡെയറിയിലേക്ക് നൽകുന്നതും ക്ഷീര സംഘത്തിൽ ലോക്കൽ സെയിൽ ഇല്ലാത്തതും (എല്ലാ വീടുകളിലും പശുക്കൾ ഉണ്ട്) ഈ പദ്ധതിയുടെ ഫലപ്രാപ്തി എടുത്തു കാണിക്കുന്നു. ക്ഷീരസംഘം പ്രസിഡന്റും കർഷകനുമായ മണിക്കുട്ടനും, സെക്രട്ടറി ഗീതാകുമാരിയും ഈ കർഷക കൂട്ടായ്മയ്ക്ക് സകല വിധ പിന്തുണയും നൽകുന്നു. പുതുതായി എത്തിച്ച എല്ലാ കറവപ്പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകിയതും സബ്സിഡിയിനത്തിൽ ഓരോ കർഷകനും 60,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ കഴിഞ്ഞതും പദ്ധതിയുടെ വിജയത്തിന് കാരണമായി.

pandanadu-2
ആട്ടിൻകുട്ടികളുടെ വിതരണം

പശുക്കളിൽ മാത്രം ഒതുങ്ങുന്നില്ല ഈ അതിജീവനകഥ. കിടാരി, കോഴി, ആട്, താറാവ് എന്നിങ്ങനെയുള്ള ജീവനോപാധികൾ ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾ ഇവിടെ ഇല്ലാ എന്നു തന്നെ പറയാം. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയ ആടും കോഴിയും താറാവുമെല്ലാം ഇവിടെ സുസ്ഥിര വരുമാനം ഒരുക്കുന്നു. തീറ്റപ്പുൽ കൃഷി, ഫാം യന്ത്രവൽക്കരണം, കന്നുകുട്ടി പരിപാലനം എന്നിങ്ങനെയുള്ള പത്ത് പദ്ധതികളിലൂടെ ഉയർത്തെഴുനേൽക്കുകയാണിവർ. പ്രളയ കാഴ്ചകളെ ആവാഹിച്ചെടുത്ത മനസുകൾക്ക് ഇന്ന് നഷ്ടബോധമോ അരക്ഷിതാവസ്ഥയോ ഇല്ല. അതിജീവനപാതയിലൂടെയുള്ള പാണ്ടനാട് എന്ന കൊച്ചു ഗ്രാമത്തിന്റെ മുന്നേറ്റത്തിൽ താങ്ങും തണലുമായി മൃഗസംരക്ഷണവും വെറ്ററിനറി സർജൻ ഡോ. സ്മിതയും ഉണ്ട്.

ഫോൺ: 9447505236 (ഡോ. സ്മിത)

English summary: Rebuild Kerala Initiative Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com