വലിയ അധ്വാനമില്ലാതെ തോട്ടങ്ങൾക്കൊരു ചുമടുകാരൻ, ശേഷി 200 കിലോ

HIGHLIGHTS
  • കൃഷിയിടത്തിലൂടെ വിവിധ തരം ഭാരങ്ങളുമായി അനായാസം നീങ്ങാം
  • പ്രത്യേക വഴിയോ കൂടുതൽ ഇടമോ ആവശ്യമില്ല
manu-joseph
SHARE

‘മുകളിലത്തെ പറമ്പിൽ രണ്ടു ചാക്ക് പൊട്ടാഷ് എത്തിക്കണം. താഴത്തെ കുളക്കരയിൽനിന്ന് മൂന്ന് പാളയൻകോടൻ കുലകൾ  വീട്ടിലെത്തിക്കണം, അയലത്തുനിന്ന് ഇത്തിരി പച്ചച്ചാണകം വാങ്ങി പച്ചക്കറികൾക്ക് ഇടണം, അങ്ങിങ്ങായി നിൽക്കുന്ന കുരുമുളകിനൊക്കെ മരുന്നുതളിക്കണം’– ഇത്രയെ ജോലിയുള്ളൂ. പക്ഷേ തനിച്ചു ചെയ്താൽ വശം കെട്ടതു തന്നെ. വിശേഷിച്ച് രോഗവും പ്രായവുമൊക്കെ അലട്ടുന്നവർ. അറബാനോയിൽ എടുത്തു വച്ചാൽ തന്നെ ചെരിവുള്ള കൃഷിയിടത്തിലൂടെ തള്ളിനീക്കുക അൽപം കഠിനമാണ്. തോട്ടങ്ങളിലെയും മറ്റും  അധ്വാനഭാരവും കൂലിച്ചെലവും ചില്ലറയല്ല.

കൃഷിയിടമുള്ള ആരോടു ചോദിച്ചാലും പറയും– കൃഷിപ്പണികൾക്ക് സഹായിക്കാൻ ആളില്ലാതെ വരുന്നതിന്റെ പ്രയാസങ്ങൾ. കാർഷികജോലികൾ സ്വയം ചെയ്യുന്നവർക്കു മാത്രമേ  കൃഷി തുടരാൻ സാധിക്കുന്നുള്ളൂ.    

കൂടുതൽ കായികാധ്വാനം വേണ്ട  ജോലികൾക്ക് ഉയർന്ന വേതനം നൽകിയാലേ പരിമിതമായെങ്കിലും തൊഴിലാളികളെ ലഭിക്കൂ. അമിതവേതനം മൂലം കൃഷി നഷ്ടത്തിലാകുമെന്ന് തിരിച്ചറിയുന്ന പല കർഷകരും സ്വന്തനിലയിൽ വളപ്രയോഗവും മരുന്നടിക്കലും നടത്തുക പതിവാണ്.  കൃഷിയിടത്തിന്റെ  ഓരോ മുക്കിലും വളവും മരുന്നുമൊക്കെ ചുമന്നെത്തിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളച്ചാക്കും കമ്പോസ്റ്റും മണ്ണുമൊക്കെയായി നിരപ്പല്ലാത്തതും പുല്ലുവളർ‌ന്നു മൂടിയതുമായ പറമ്പുകളിലൂടെ നടക്കണം. കൃഷിപ്പണികളുടെ കാര്യക്ഷമത നശിപ്പിക്കുന്ന കാര്യംതന്നെയാണിത്. കുന്നിൻചെരിവിലെ കൃഷിയിടമാണെങ്കിൽ ചുമടുകാരന്റെ ദുരിതം വർധിക്കും.

ഇത്തരം പ്രയാസങ്ങൾക്കെല്ലാം അറുതി വരുത്തുകയാണ് ഇടുക്കി കൊച്ചറ സ്വദേശി കായലിൽ മനു ജോസഫ് അവതരിപ്പിക്കുന്ന എഡ്വിൻ അഗ്രോ കാർട്ട്. കൃഷിയിടത്തിലൂടെ വിവിധ തരം ഭാരങ്ങളുമായി അനായാസം നീങ്ങാൻ ഇതു സഹായിക്കുന്നു. ഒറ്റ നോട്ടത്തിൽ മോട്ടർ ഘടിപ്പിച്ച അറബാനോ (വീൽബാരോ) ആയി തോന്നുമെങ്കിലും താൻ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ഭാരവണ്ടിയാണിതെന്ന് മനു പറയുന്നു.

ഓട്ടമൊബീൽ എൻജിനിയറിങ്ങും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനും പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുകയായിരുന്ന മനു  കഴിഞ്ഞ വർഷം ലോക് ഡൗണിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് കൃഷിയിടത്തിലെ ജോലിഭാരം കുറയ്ക്കുന്ന ചെറുവാഹനത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ആറു മാസത്തിനുള്ളിൽ ലക്ഷ്യത്തിലെത്താൻ അദ്ദേഹത്തിനു സാധിച്ചു. ഏലത്തോട്ടങ്ങളിൽ ചുമട്ടുജോലികൾ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഗവേഷണ– വികസന പ്രവ‍ർത്തനങ്ങൾ മനുവിനെ എത്തിച്ചത് വ്യത്യസ്ത മേഖലകൾക്ക് ഉപയോഗപ്രദമായി ഈ ചെറുവണ്ടിയിലായിരുന്നു. പെട്രോൾ എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്നതും കൈ കൊണ്ടു നിയന്ത്രിക്കാവുന്നതുമായ അഗ്രോ കാർട്ട് എസ്റ്റേറ്റുകളിൽ മരുന്നുതളിക്കാനും പ്രയോജനപ്പെടുത്താം.  എത്ര ഉയരത്തിൽ മരുന്നെത്തിക്കാനും ഇതിന്റെ എൻജിനു സാധിക്കും.

മൂന്നടി മാത്രം വീതിയുള്ള ഈ ചെറുവാഹനം കൃഷിയിടത്തിലെവിടെയും സുഗമമായി എത്തും, പ്രത്യേക വഴിയോ കൂടുതൽ ഇടമോ ആവശ്യമില്ല. പരമാവധി 200 കിലോ ഭാരം വരെ ചുമന്നുകൊണ്ട് വിളകൾക്കിടയിലൂടെ സഞ്ചരിക്കുന്ന ഈ വാഹനത്തിന്റെ ഭാഗമായി ഒരു പമ്പുണ്ട്. ഇതുപയോഗിച്ച് പരമാവധി നാലുപേർക്കു വരെ ഒരേസമയം മരുന്നുതളിക്കാൻ സാധിക്കും. കൃഷിയിടത്തിന്റെ ഒരു ഭാഗത്ത് നിറുത്തിയശേഷം 200 മീറ്റർ നീളമുള്ള  ഹോസുകളുമായി വിളകളുടെ ചുവട്ടിലെത്തുകയേ വേണ്ടൂ. സന്ധ്യാനേരത്തുപോലും അത്യാവശ്യം പ്രവർത്തിപ്പിക്കാൻ സഹായകമായ വിധത്തിൽ ശക്തിയേറിയ രണ്ട് എൽഇഡി ലൈറ്റുകളും വണ്ടിക്കുണ്ട്. 163 സിസി എൻജിനും ഓട്ടോമാറ്റിക് ഗിയർസമ്പ്രദായവുമൊക്കെയായി പരിഷ്കരിക്കപ്പെട്ട എഡ്വിൻ  അഗ്രോകാർട്ട് ഒരു ലീറ്റർ പെട്രോളിൽ രണ്ടര മണിക്കൂർ വരെ പ്രവർത്തിക്കും.  75,000 രൂപ വില പ്രതീക്ഷിക്കാം. ബ്രേക്കും ആക്സിലേറ്ററുമൊക്കെയുള്ള വണ്ടിയുടെ ഗിയർ സംവിധാനം ഓട്ടമാറ്റിക്കായി മാറ്റിയതോടെ കൂടുതൽ സൗകര്യപ്രദമായെന്നു മനു ചൂണ്ടിക്കാട്ടി. ഇതുമൂലം സ്ത്രീത്തൊഴിലാളികൾക്കു പോലും അനായാസം പ്രവർത്തിപ്പിക്കാവുന്ന ഈ ചെറുവണ്ടി നമ്മുടെ കൃഷിത്തോട്ടങ്ങളിലെ അനിവാര്യഘടകമാകുമെന്നുറപ്പ്.

‌മനുവിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ഞൂറോളം ഓർഡറുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. കശ്മീരിലെയും കർണാടകത്തിലെയുമൊക്കെ സർക്കാർ ഏ‍ജൻസികൾ ചില പരിഷ്കാരങ്ങൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്നുകിടക്കുന്നവ വാരിയെടുക്കുന്ന സംവിധാനമാണിത്. ജെസിബി മാതൃകയിൽ മുൻഭാഗത്ത് ഘടിപ്പിക്കുന്ന ബക്കറ്റ് ഉപയോഗിച്ച്  ഇതു സാധ്യമാക്കാമെന്ന് മനു ചൂണ്ടിക്കാട്ടി. നിരത്തിയ കാപ്പിക്കുരുവും മറ്റും വാരാൻ  കർണാടകക്കാർക്ക് ഈ പരിഷ്കാരം സഹായകമാകും. അതേസമയം നിലത്തുനിന്നും മഞ്ഞ് നീക്കുന്നതിനായാണ് കശ്മീരിൽ ഇത് പ്രയോജനപ്പെടുക. പേറ്റന്റ് ലഭിച്ചതിനെ തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ എഡ്വിൻ അഗ്രോ കാർട്ട് വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 

ഫോൺ: 7558005267

English summary:  Small Equipment for Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA