കുത്തകയായ മത്സ്യവിപണി; അത്ര സുഭിക്ഷമല്ല സുഭിക്ഷ കേരളം

HIGHLIGHTS
  • കുടിപ്പക വരുത്തിയ വിന
  • ഗിഫ്റ്റ് അല്ല ചിത്രലാട
tilapia-fish-seed
SHARE

കോവിഡ്-19നെത്തുടര്‍ന്ന് വരുംകാല ക്ഷാമം മുന്നില്‍ക്കണ്ട് കൃഷിയിലേക്കറിങ്ങിയ ഒട്ടേറെ പേര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാവാതെ വിഷമിക്കുകയാണ്. പച്ചക്കറികളും കിഴങ്ങിനങ്ങളും മത്സ്യവും വാങ്ങാനാളില്ലാതെ ടണ്‍ കണക്കിനാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡി പ്രതീക്ഷിച്ച് കൃഷിയിലേക്കിറങ്ങിയ നല്ല പങ്ക് ആളുകള്‍ക്കും കൈപൊള്ളിയ അവസ്ഥയാണ്.

ഇവിടെ വിഷയം മത്സ്യമാണ്. മത്സ്യക്കൃഷിയാണ്. മത്സ്യക്കച്ചവടമാണ്. സംസ്ഥാനം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ലോക്ഡൗണില്‍ കേരളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങള്‍ പറന്നെത്തിയത്, അതും ചാര്‍ട്ടേഡ് വിമാനത്തില്‍. സുഭിക്ഷകേരളം എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി, കേന്ദ്രത്തിന്‌റെ പദ്ധതി, ലോക്ഡൗണ്‍ വിരസത മാറ്റാന്‍ എന്നിങ്ങനെ കേരളത്തില്‍ മത്സ്യക്കൃഷി തുടങ്ങിയവര്‍ ഏറെയുണ്ട്. വീട്ടാവശ്യത്തിനായി മത്സ്യങ്ങളെ വളര്‍ത്തിയവര്‍ നല്ല രീതിയില്‍ മുന്നോട്ടുപോയപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിയവര്‍ പ്രതിസന്ധിയിലായി. അക്കാര്യങ്ങള്‍ ഡിസംബര്‍ അവസാനവാരം മുതല്‍ ജനുവരി ആദ്യ വാരം വരെ കര്‍ഷകശ്രീ ഓണ്‍ലൈന്‍ പങ്കുവച്ചതുമാണ്. ഇന്നു പറയാനുള്ളത് മത്സ്യക്കുഞ്ഞുങ്ങളുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ്.

ലോക്ഡൗണില്‍ ഒട്ടേറെ പേര്‍ മത്സ്യക്കൃഷിയിലേക്കിറങ്ങിയത് മത്സ്യക്കച്ചവടക്കാര്‍ക്ക് ചാകരയായി എന്നതില്‍ സംശയമില്ല. കച്ചവടക്കാരുടെ എണ്ണവും കൂടി. വലിയ ഹാച്ചറികളൊക്കെ തങ്ങളുടെ പേര് ഉയര്‍ത്തിക്കാണിക്കാനും ശ്രമിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ബയോഫ്‌ളോക്ക് മത്സ്യക്കൃഷിയിലേക്ക് ഒരുപാടുപേര്‍ കടന്നുവന്നത് സര്‍ക്കാര്‍ വഴിയുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തെ സാരമായി ബാധിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്വാകള്‍ച്ചറില്‍(ആര്‍ജിസിഎ)നിന്നുള്ള ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ (ഗിഫ്റ്റ്) കുഞ്ഞുങ്ങളെയായിരുന്നു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു കൊടുത്തിരുന്നതെങ്കില്‍ ലോക്ഡൗണിലെ കര്‍ഷകരുടെ എണ്ണപ്പെരുപ്പം ഗിഫ്റ്റ് വിതരണത്തെ സാരമായി ബാധിച്ചു. ആവശ്യമായ അളവില്‍ ഉല്‍പാദനമില്ലാ എന്നതുതന്നെ ഇതിനു കാരണം. അപ്പോള്‍ എന്തു സംഭവിച്ചു? സര്‍ക്കാര്‍ സ്വകാര്യ ഹാച്ചറികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.

ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിരുന്ന ചിത്രലാട എന്ന തിലാപ്പിയ ഇനം ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാലമായിരുന്നു ലോക്ഡൗണ്‍. ഒരു പ്രമുഖ കമ്പനിയുടെ ചിത്രലാട തിലാപ്പിയ കേരളത്തിന്‌റെ പ്രീതി പിടിച്ചുപറ്റിയപ്പോള്‍ സര്‍ക്കാരിലേക്കും ആ കമ്പനിതന്നെ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ചുരുക്കത്തില്‍ സര്‍ക്കാരില്‍നിന്ന് ഗിഫ്റ്റിനെയും ചിത്രലാടയെയും ഒരുപോലെ കര്‍ഷകര്‍ക്കു ലഭിച്ചു.

ഗിഫ്റ്റ് അല്ല ചിത്രലാട

ഗിഫ്റ്റിന്‌റെ വളര്‍ച്ച മറ്റൊരു തിലാപ്പിയ ഇനത്തിനും ലഭിക്കില്ലെന്ന് കര്‍ഷകര്‍ത്തന്നെ അനുഭവത്തിന്‌റെ വെളിച്ചത്തില്‍ പറയുന്നു. എന്നാല്‍, ലഭ്യതക്കുറവ് പ്രശ്‌നമായപ്പോള്‍ മറ്റു കമ്പനികളുടെ തിലാപ്പിയകളെ വളര്‍ത്താന്‍ പല കര്‍ഷകരും നിര്‍ബന്ധിതരായി. സുഭിക്ഷകേരളം പദ്ധതിയിലൂടെ കര്‍ഷകരിലേക്കെത്തിയത് ചിത്രലാടയായിരുന്നു. അതേസമയം, ഗിഫ്റ്റിന്‌റെ വിലതന്നെ കര്‍ഷകര്‍ക്ക് ഇതിനായി നല്‍കേണ്ടിവന്നു.

കേരളത്തില്‍ ഏകദേശം 2 രൂപയ്ക്ക് വിമാനമിറങ്ങുന്ന ചിത്രലാടക്കുഞ്ഞ് ഇടനിലക്കാരിലൂടെ കൈമറിഞ്ഞ് കര്‍ഷകരിലെത്തുമ്പോള്‍ ഏകദേശം 4 രൂപ വിലവരും. ഇതേ മത്സ്യക്കുഞ്ഞുങ്ങളാണ് 8 രൂപ നിരക്കില്‍ സുഭിക്ഷകേരളത്തില്‍ വിതരണം ചെയ്തത്. അങ്ങനെ വാങ്ങിയ ഒട്ടേറെ കര്‍ഷകരുടെ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വാര്‍ത്ത മുന്‍പു കര്‍ഷകശ്രീ പങ്കുവച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ വിതരണം ചെയ്ത മത്സ്യക്കുഞ്ഞുങ്ങളില്‍ രോഗബാധ വ്യാപകമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കുഞ്ഞിന് 7 രൂപ നിരക്കില്‍ വാങ്ങിയ മത്സ്യക്കുഞ്ഞുങ്ങളില്‍ 80 ശതമാനവും ചത്തൊടുങ്ങി. എന്നാല്‍, സുഭിക്ഷകേരളത്തിന്‌റെ സബ്‌സിഡി തടഞ്ഞുവയ്ക്കുമോ എന്ന ഭയത്തില്‍ ഇക്കാര്യം കര്‍ഷകര്‍ത്തന്നെ പുറത്തുപറയാന്‍ മടിക്കുന്നു. രോഗബാധമൂലമാണ് മത്സ്യക്കുഞ്ഞുങ്ങള്‍ ചാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. അതിനു പ്രതിവിധി കര്‍ഷകര്‍ക്കു പറഞ്ഞുനല്‍കാന്‍പോലും ആര്‍ക്കും കഴിയുന്നില്ലെന്നതാണ് അവസ്ഥ. മള്‍ട്ടിപ്പിള്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് തിലാപ്പിയക്കുഞ്ഞുങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹാച്ചറിയില്‍നിന്നോ കേരളത്തിലെത്തിയശേഷം സര്‍ക്കാര്‍ ഫാമിലെ ക്വാറന്‌റൈന്‍ സമയത്തോ ഉണ്ടായതാകാമിത്. കര്‍ഷകരിലേക്കെത്തിയപ്പോള്‍ രോഗം തീവ്രമായി. കൂട്ടത്തോടെ ചത്തൊടുങ്ങി. കൃത്യമായ പരിശോധനയില്ലെന്നതുതന്നെ ഇതിനു കാരണം. പുറത്തുനിന്ന് രോഗങ്ങളുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ എത്തുന്നത് തടയാന്‍ നടപ്പാക്കിയ സീഡ് ആക്ട് എവിടെപ്പോയി?

tilapia-bill
സര്‍ക്കാര്‍ കര്‍ഷകര്‍ക്കു സുഭിക്ഷകേരളം പദ്ധതി വഴി വിതരണം ചെയ്ത മത്സ്യക്കുഞ്ഞുങ്ങളുടെ ബില്‍. 500 ചിത്രലാട തിലാപ്പിയയ്ക്ക് 8 രൂപ നിരക്കില്‍ 4000 രൂപയും പായ്ക്കിങ് ചാര്‍ജ് ആയി 40 രൂപയും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

കുടിപ്പക വരുത്തിയ വിന

മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയത് കര്‍ഷകര്‍ അത്ര കാര്യമാക്കിയിരുന്നില്ല എന്നതുകൊണ്ടുതന്നെ അത് വ്യാപകമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ചില മത്സ്യക്കുഞ്ഞ് വിതരണക്കാരുടെ മത്സരബുദ്ധിയും കുടിപ്പകയും പുറത്തെത്തിച്ചത് വലിയ ഒത്തുകളിയുടെ കഥയാണ്. സ്വകാര്യ ഹാച്ചറിയില്‍നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ടെന്‍ഡര്‍ ക്ഷണിച്ച് വാങ്ങിയപ്പോള്‍ ആ കമ്പനിക്കു സര്‍ക്കാര്‍ നല്‍കിയ കൃതജ്ഞതാ കത്ത് ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പന നടത്തിയ വിതരണക്കാരാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കംകുറിച്ചത്.

തങ്ങളുടെ കുഞ്ഞുങ്ങളാണ് ഏറ്റവും മികച്ചത്, അതിന് സര്‍ക്കാര്‍ത്തന്നെ അംഗീകാരം നല്‍കി എന്ന രീതിയില്‍ മേല്‍ പറഞ്ഞ കൃതജ്ഞതാ കത്തും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പരസ്യമിറക്കിയതിനൊപ്പം മറ്റു കമ്പനികളില്‍നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് വിതരണം ചെയ്തിരുന്നവരെ കുറ്റപ്പെടുത്താനും ചീത്ത പറയാനും ഇക്കൂട്ടര്‍ ഉത്സാഹിച്ചു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് മത്സ്യക്കൃഷി വികസന ഏജന്‍സിക്ക് ഇതിനെതിരേ നോട്ടീസ് ഇറക്കേണ്ടിവന്നത്. സര്‍ക്കാര്‍ കത്ത് ഉപയോഗിച്ച് പരസ്യം ചെയ്ത് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്താല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

മത്സ്യക്കൃഷിയും കുത്തകയാകുന്നു

കേരളത്തിലെ തിലാപ്പിയ വിപണി കേവലം ഒരു കമ്പനിയുടെ കീഴിലാക്കാനുള്ള ശ്രമങ്ങളാണ് ഏതാനും മാസങ്ങളായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. എതിര്‍ക്കുന്നവരെ ചീത്തപറഞ്ഞ് മാറ്റിനിര്‍ത്താനും തങ്ങളുടെ കുഞ്ഞുങ്ങള്‍ മാത്രമാണ് നല്ലതെന്ന് പറയാനുമുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നു. സീഡ് ആക്ടിനെക്കുറിച്ച് ചര്‍ച്ച വന്ന സമയത്ത്  സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ റെയിഡും പിഴയീടാക്കലും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് ഒരനക്കവുമില്ല. കച്ചവടക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് റെയിഡിന്‌റെ രൂപത്തില്‍ നടപ്പിലായത്.

മത്സ്യക്കുഞ്ഞുങ്ങളുടെ വില

കേരളത്തിലേക്ക് 90 പൈസ മുതല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ എത്തിയിരുന്നു. ഇപ്പോള്‍ ചരക്കുനീക്കത്തിന് ചെലവ് കൂടിയതിനാല്‍ വില ഏറിയിട്ടുണ്ട്. എങ്കിലും നല്ല കമ്പനികളുടെ കുഞ്ഞുങ്ങളുടെ വില ഏകദേശം 2 രൂപയാണ്. അത് കര്‍ഷകരിലേക്ക് എത്തുമ്പോള്‍ 3.5-4 രൂപയാകും. എന്നാല്‍, നിലവാരമില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളും എത്തിയിരുന്നു. വിലക്കുറവിനു പിന്നാലെ പോകുന്ന പലരും ഗുണനിലവാരം ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം മത്സ്യക്കുഞ്ഞുങ്ങള്‍ 3-4 മാസം പ്രായമാകുമ്പോള്‍ മുതല്‍ പ്രജനനം തുടങ്ങും. ബംഗാളിലെ മത്സ്യക്കുഞ്ഞു വിതരണക്കാര്‍ക്കിടയില്‍ത്തന്നെ സംസാരമുണ്ട്, കേരളീയര്‍ക്ക് വിലക്കുറവ് മാത്രം മതി, ക്വാളിറ്റി ആവശ്യമില്ലാ എന്ന്.

മോണോ സെക്‌സ് തിലാപ്പിയ

പെണ്‍മത്സ്യങ്ങള്‍ മുട്ടയിട്ടാല്‍ ലാഭകരമായ മത്സ്യക്കൃഷി സാധ്യവുമല്ല എന്നതിനാലാണ് മത്സ്യങ്ങളെ ഏകലിംഗമാക്കുന്നത്. ആണ്‍മത്സ്യത്തിന് വളര്‍ച്ച കൂടുതലും തീറ്റയെടുക്കാനുള്ള വേഗം കൂടുതലാമാണ്. അതുകൊണ്ടുതന്നെ മോണോ സെക്‌സ് തിലാപ്പിയ (എംഎസ്ടി) സ്വകാര്യ ഹാച്ചറികള്‍ വികസിപ്പിച്ചെടുക്കുന്നു. നൈല്‍ തിലാപ്പിയ, ചിത്രലാട തുടങ്ങിയ ഇനങ്ങളാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. മുട്ട വിരിയുന്നതു മുതല്‍ ഏകദേശം 21 ദിവസം ഹോര്‍മോണ്‍ ചികിത്സ നല്‍കിയാണ് എല്ലാ കുഞ്ഞുങ്ങളെയും ആണ്‍മത്സ്യങ്ങളാക്കുന്നത്. ഈ കാലയളവിലെ ഹോര്‍മോണ്‍ ചികിത്സ ഫലപ്രദമായില്ലെങ്കില്‍ എംഎസ്ടി എന്ന പേരിലെത്തുന്ന കുഞ്ഞുങ്ങള്‍ 3-4 മാസത്തില്‍ പ്രജനനം തുടങ്ങും. കേരളത്തിലെ ഒട്ടേറെ കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞിട്ടുമുണ്ട്. പ്രധാനമായും വിലക്കുറവിന്‌റെ പിന്നാലെ പോയവര്‍ക്കാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുള്ളത്.

സബ്‌സിഡിയും മത്സ്യക്കൃഷിയും

പലരുടെയും ധാരണ സബ്‌സിഡി ലഭിച്ചാല്‍ മത്സ്യക്കൃഷിയില്‍ എല്ലാമായി എന്നാണ്. സബ്‌സിഡി എന്ന് കേട്ട് എടുത്തു ചാടിയ പലര്‍ക്കും മത്സ്യങ്ങളെക്കുറിച്ചോ മത്സ്യക്കൃഷിയെക്കുറിച്ചോ ധാരണപോലും ഉണ്ടായിരുന്നില്ല എന്നത് വേദനാജനകമാണ്. അതുകൊണ്ടുതന്നെ വിളവെടുക്കാന്‍ പാകമായ മത്സ്യങ്ങളുടെ കൂട്ടമരണത്തിലേക്ക് എത്തുന്നത് ഇത്തരത്തിലുള്ള അറിവില്ലായ്മയാണ്. പലപ്പോഴും ശത്രുക്കളുടെ പേരില്‍ മുദ്രചാര്‍ത്തപ്പെടുന്ന മത്സ്യങ്ങളുടെ കൂട്ടമരണം കര്‍ഷകന്‌റെതന്നെ അറിവില്ലായ്മയുടെയോ അശ്രദ്ധയുടെയോ പരിണിതഫലമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA