ADVERTISEMENT

1. 'മരം മുറിക്കരുത്'
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാഥമിക പാഠമാണത്. പ്രൈമറി തലം മുതല്‍ പഠിപ്പിക്കുന്ന പാഠം.
പൊതുഗതാഗതത്തിനോ, കെട്ടിടനിര്‍മാണത്തിനോ, സുരക്ഷയ്ക്കുവേണ്ടിയോ സ്വകാര്യ വസ്തുവിലുള്ള ഒരു മരം മുറിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഉച്ചിയില്‍ കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കാന്‍ ഇവിടെ ആളുണ്ട്.

വയനാട്ടിലെ കൊളഗപ്പാറയില്‍, ദേശീയ പാതയോരത്തുള്ള പൂര്‍ണമായി ഉണങ്ങിയതും കൊമ്പുകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കുന്നതുമായ ഒരു മരമാണ് ചിത്രത്തില്‍. ഏതുനിമിഷവും അത് നിലംപൊത്താം. നിരന്തരം വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന പാതയാണ്. വലിയ ദുരന്തത്തിന് സാധ്യതയുണ്ട്. അതു മുറിച്ചുമാറ്റുന്നതിന് തടസ്സമായി നില്‍ക്കുന്ന ഒരു ഘടകം നമ്മുടെ പാരിസ്ഥിതിക വികാരമാണ്.
കഷ്ടി 200 മീറ്റര്‍ അകലെ ഒരാഴ്ചമുന്‍പ് ഒരു പച്ചമരം ഒടിഞ്ഞുവീണതാണ് രണ്ടാമത്തെ ചിത്രം. ദുരന്തമൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം. ജീവന് ഭീഷണിയാണെങ്കില്‍ പോലും മരത്തില്‍ തൊടാന്‍ അനുവദിക്കാത്തത്ര ശക്തമാണ് മലയാളിയുടെ 'പാരിസ്ഥിതികാവബോധം'.

മനുഷ്യനാവശ്യമായ പ്രാണവായു നല്‍കുന്നത് മരങ്ങളാണെന്ന് ഒരു പൊതുബോധം നിലവിലുണ്ട്. അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ശേഖരത്തിന്‌റെ സൃഷ്ടാക്കള്‍ സയാനോ ബാക്ടീരിയകളാണ്. അവതന്നെയാണ് ഭൂമിയിലെ ഓക്‌സൈഡുകളുടെയും ഉത്തരവാദി. അന്തരീക്ഷത്തിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹത്തിന്റെ സിംഹഭാഗവും കടലില്‍ നിന്നാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത് (80 ശതമാനം വരെ മതിപ്പുകള്‍). പക്ഷേ, കടലിന്‌റെ പരിസ്ഥിതിയില്‍ മലയാളിക്ക് വലിയ വേവലാതിയൊന്നുമില്ല.

ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ സസ്യങ്ങള്‍ക്കും പങ്കുണ്ട്. പക്ഷേ, അതിന് മരം വേണമെന്നില്ല. ഇലകള്‍ മതി.
കാര്‍ബണ്‍ ശേഖരിക്കുന്നു എന്നതാണ് മരങ്ങളുടെ മറ്റൊരു പ്രയോജനം. ആഗോളതപനത്തെ തടയാന്‍ മാത്രമൊന്നുമില്ലെങ്കിലും മരങ്ങളുടെ ഈ ധര്‍മം പ്രാധാന്യമര്‍ഹിക്കുന്നതുതന്നെയാണ്.
പക്ഷേ, മരങ്ങള്‍ ദ്രവിക്കുമ്പോള്‍ അതു ജീവിതകാലത്തു സ്റ്റോക്കു ചെയ്ത കാര്‍ബണ്‍ മുഴുവന്‍ പ്രകൃതിയിലേക്കു പുറന്തള്ളപ്പെടും. മുകളില്‍ സൂചിപ്പിച്ച മരത്തിന്‌റെ കാര്യത്തില്‍ ഇനി അതു തടയാന്‍ മാര്‍ഗമൊന്നുമില്ല.

ഉണങ്ങി ഉപയോഗശൂന്യമാകുന്നതിനുമുന്‍പ് അത് മുറിച്ചു ഫര്‍ണീച്ചറുകളോ മറ്റു ഈടുനില്‍ക്കുന്ന വസ്തുക്കളോ ആക്കി മാറ്റിയിരുന്നെങ്കില്‍ കുറേക്കൂടി കാലം ആ കാര്‍ബണ്‍ സ്റ്റോക്ക് നിലനില്‍ക്കുമായിരുന്നു. ആ മരത്തിനു പകരം ഉപയോഗിച്ച സിമന്‌റും കമ്പിയും സൃഷ്ടിക്കുന്ന മലിനീകരണവും ഒഴിവാക്കാമായിരുന്നു. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുളള ജീവാപായവും ഒഴിവാക്കാം.

2. 'മരം നട്ടു വളര്‍ത്തുക' എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്‌റെ രണ്ടാമത്തെ പാഠം. പക്ഷേ, മുറിക്കാന്‍ പറ്റാത്ത മരം ആരാണ് സ്വന്തം പറമ്പില്‍ നട്ടുവളര്‍ത്തുക? കേരളത്തില്‍ ആകെയുള്ളത് 68 ലക്ഷത്തോളം ഭൂവുടമകളാണ്. ഇതില്‍ 96 ശതമാനവും ഒരു ഹെക്ടറില്‍ താഴെയാണ്. ഇവരുടെ കൈവശമുള്ള ഭൂമിയുടെ ആകെ വിസ്തൃതി 59 ശതമാനമാണ്. ഒരു ഹെക്ടറിനും രണ്ടു ഹെക്ടറിനും ഇടയിലുള്ളത് 19 ശതമാനവും.
ഇവരില്‍ എത്ര പേര്‍ക്ക് സ്വന്തം ഭൂമിയില്‍ മരങ്ങള്‍ നടാനാവും. അതു മുറിച്ചുമാറ്റാന്‍ അനുമതിയില്ലാതിരിക്കുകയോ, അതിനുവേണ്ടി അനന്തമായ നൂലാമാലകള്‍ നേരിടേണ്ടിവരുകയോ ചെയ്താല്‍ ആരാണ് അതിനു തയ്യാറാവുക?

പിന്നെ അവശേഷിക്കുന്നത് വഴിയോരങ്ങളും സ്‌കൂള്‍ ഗ്രൗണ്ടുകളുമാണ്. അവിടെ നടുന്ന മരങ്ങളുടെ സ്ഥിതിയാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്.
വൃക്ഷവല്‍കരണം സമൂഹത്തിന്‌റെ മൊത്തം ഗുണത്തിനുവേണ്ടിയാണ്. സ്വന്തമായി നഷ്ടം സഹിച്ചുകൊണ്ടല്ല വ്യക്തികള്‍ അതു ചെയ്യേണ്ടത്. അതോടൊപ്പം തന്നെ മരങ്ങള്‍ നിരന്തരമായി പുതുക്കാനാവുന്ന ഒരു വിലപ്പെട്ട വിഭവം കൂടിയാണ്. അതിനെ ആ രീതിയില്‍ ഉപയോഗപ്പെടുത്താനാവണം.
ബോധവല്‍കരണം നടത്തുന്നത് അന്യന്‌റെ പറമ്പില്‍ മരം നടുന്നതിനുവേണ്ടിയാണ്. സ്വന്തം പറമ്പില്‍ അതു ചെയ്യണമെങ്കില്‍ വ്യക്തിപരമായ പ്രതിഫലം നല്‍കേണ്ടിവരും.
മറ്റെല്ലായിടത്തുമെന്നപോലെ നമ്മുടെ പാരിസ്ഥിതികാവബോധവും കുറെ വിശ്വാസങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അശാസ്ത്രീയവും വൈകാരികവുമായ പാരിസ്ഥിതികാവബോധം പരിസ്ഥിതിക്കും മനുഷ്യനും ദോഷമേ ചെയ്യൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com