ഗുണമേന്മ കുറഞ്ഞ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം അധികാരികളെ അറിയിക്കണം: അഡാക്

HIGHLIGHTS
  • ഗുണമേന്മ പരിശോധനയ്ക്കായി ജനതക പരിശോധനയും രോഗനിര്‍ണയ പരിശോധനയും
fish-seed-impact
SHARE

മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കര്‍ഷകശ്രീ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് കേരള മത്സ്യക്കൃഷി വികസന ഏജന്‍സി (അഡാക്) മത്സ്യക്കര്‍ഷകര്‍ക്കായി നല്‍കിയ അറിയിപ്പ്.

സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി മത്സ്യവിത്ത് വിതരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന, കേരള മത്സ്യക്കൃഷി വികസന ഏജന്‍സി (അഡാക്) ഇതിനായി വിപുലമായ ക്രമീകരണങ്ങള്‍ സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുണ്ട്. ശാസ്ത്രീയമായ മത്സ്യക്കൃഷി വ്യാപനത്തിന് സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികള്‍ക്ക് ആവശ്യമായ മത്സ്യവിത്ത് സംസ്ഥാനത്തുടനീളം വിവിധ ബാച്ചുകളിലായി സംഭരിച്ച് വിതരണം ചെയ്യുന്നു.

സംസ്ഥാനത്തെ ഹാച്ചറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ ആവശ്യകതയേക്കാള്‍  കുറവായതിനാല്‍ ലഭ്യമായ സ്ഥലങ്ങളില്‍നിന്നും ലഭ്യമായ ഇതര സ്രോതസ്സുകളായ ആര്‍ജിസിഎ വിജയവാഡ, ആര്‍ജിസിഎ വല്ലാര്‍പാടം, കൃഷ്ണഗിരി തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നു ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ യും കൂടാതെ ഏറെ വാണിജ്യ പ്രാധാന്യമുള്ള ചിത്രലാട കുഞ്ഞുങ്ങള്‍ റോസണ്‍ ഫിഷറീസ്, എംഎം ഹാച്ചറി തുടങ്ങിയ സ്വകാര്യ വിതരണക്കാരില്‍നിന്നും എല്ലാ ഗുണമേന്മാ പരിശോധനകളും പൂര്‍ത്തിയാക്കി അഡാക് വാങ്ങി വിവിധ സ്ഥലങ്ങളില്‍ സംഭരിച്ച് പരിപാലിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരുന്നു.

ഗുണമേന്മ പരിശോധനയ്ക്കായി ജനതക പരിശോധനയും രോഗനിര്‍ണയ പരിശോധനയും കര്‍ശനമായും ഉറപ്പാക്കിയിട്ടുണ്ട്. ശുദ്ധജല ലഭ്യത അനുസരിച്ച് മലമ്പുഴ ഹാച്ചറി പരപ്പനങ്ങാടി കലനോട്, കോഴിക്കോട് പോയ്യ ഫാം എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കി മികച്ച രീതിയില്‍ കുഞ്ഞുങ്ങളുടെ വിതരണം നടത്തിവരുന്നു.

2/7/20 മുതല്‍ ആരംഭിച്ച മത്സ്യവിത്ത് സംഭരണവും പരിപാലനവും വിതരണവും ഇപ്പോഴും തുടര്‍ന്നുവരുന്നു. വിത്തുവിതരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയിലും സ്റ്റോക്കിന് ശേഷം അഡാക്കും ഗുണമേന്മ ഉറപ്പുവരുത്തുന്ന പരിശോധനകള്‍ നടത്താറുണ്ട്. 1 മുതല്‍ 2 സെന്റീമീറ്റര്‍ വരെയുള്ള കുഞ്ഞുങ്ങളെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും പരിപാലനത്തിനായി ശേഖരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ അണുവിമുക്തമാക്കി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കുളങ്ങളില്‍ അല്ലെങ്കില്‍ ടാങ്കുകളില്‍ നിക്ഷേപിക്കുകയും നിശ്ചിത അളവില്‍ കൃത്യമായ ഇടവേളകളില്‍ ഗുണമേന്മയുള്ള തീറ്റ നല്‍കി വളര്‍ത്തുകയും ചെയ്യുന്നു. ജലത്തില്‍ ലയിച്ചിരിക്കുന്ന ഓക്‌സിജന്‍ അളവ് ക്രമീകരിക്കുന്നതിനും പ്രത്യേക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പരിപാലിക്കുന്ന കുഞ്ഞുങ്ങളെ 4 മുതല്‍ 5 സെന്റീമീറ്റര്‍ വരെ വളര്‍ത്തിയ ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ഗുണമേന്മ ഉറപ്പു വരുത്തിയശേഷം നിര്‍ദ്ദിഷ്ട അളവില്‍ കുഞ്ഞുങ്ങളെ ഓക്‌സിജന്‍ നിറച്ച കവറുകളിലാക്കി കര്‍ഷകര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. കൂടാതെ കര്‍ഷകര്‍ക്ക് അഡാക്കിന്‌റെ  പൊയ്യ ഫാമില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തും  വാങ്ങാവുന്നതാണ്.

4 സെന്റീമീറ്റര്‍ മുതല്‍ 5 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരം പരമാവധി 8 രൂപ വരെ ഈടാക്കാറുണ്ട്. ഗുണമേന്മ കുറഞ്ഞ കുഞ്ഞുങ്ങള്‍ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക്  ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഇപ്പോഴും ഇത്തരക്കാരാല്‍ വഞ്ചിതരാകാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഗുണമേന്മ പരിശോധന കുഫോസ്, എന്‍ബിഎഫ്ജിആര്‍ എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് നടത്തിവരുന്നത്.

അഡാക്കില്‍നിന്നും വിത്ത് ലഭിക്കുന്ന കര്‍ഷകരുടെ ഒരു ഡാറ്റാബാങ്ക് സൂക്ഷിക്കുകയും വിത്ത് പരിപാലിച്ച് വിളവെടുപ്പിന് തയ്യാറാകുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും നിതാന്ത ശ്രദ്ധയും അതുപോലെ പരിപാലനത്തിനു വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുത്തുവരുന്നു. കര്‍ഷകര്‍ക്ക് യാദൃശ്ചികമായി ആദ്യത്തെ ആഴ്ചയില്‍ തന്നെ സംഭവിക്കുന്ന ചെറിയ നാശനഷ്ടങ്ങള്‍ക്ക് പകരം കുഞ്ഞുങ്ങളെ നല്‍കി ഇതിനകം തന്നെ അവ പരിഹരിക്കപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്ന ഗിഫ്റ്റ്, ചിത്രലാഡ മത്സ്യങ്ങള്‍ ഇനിയും പല കര്‍ഷകര്‍ക്കും വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനുള്ള മാര്‍ഗങ്ങളും പൂര്‍ണമായും സ്വായത്തമാക്കുവാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ പലപ്പോഴും കൈകാര്യം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നാശനഷ്ടം ആ കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയായി തുടരുകയും ചെയ്യുന്നു.

കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തു സൂക്ഷിക്കുന്ന ബയോഫ്‌ളോക് മത്സ്യകൃഷിയില്‍ ബയോഫ്‌ളോക്ക്  ഡെവലപ്‌മെന്റ് ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ ഒരുപക്ഷേ പല കര്‍ഷകര്‍ക്കും മത്സ്യക്കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ രംഗത്ത് കര്‍ഷകര്‍ക്ക് കൂടുതല്‍ അറിവും പരിജ്ഞാനവും പരിശീലനവും നല്‍കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും അഡാക് നടത്തിവരുന്നു. തല്‍പരകക്ഷികള്‍ ഈ മേഖലയില്‍ നടത്തുന്ന ആരോഗ്യകരമല്ലാത്ത ചില പ്രവണതകള്‍ നമുക്ക് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്, വിലകുറഞ്ഞ വിത്ത് കര്‍ഷകര്‍ക്ക് വ്യാപകമായി നല്‍കിയശേഷം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഗവണ്‍മെന്‌റില്‍നിന്ന് എടുത്തതാണെന്ന വ്യാജേന ഓണ്‍ലൈനായി ചില പരാതികള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഗവണ്‍മെന്‌റിന്‌റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെയും പൊതുജനങ്ങളെയും കബളിപ്പിക്കുന്ന അവര്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അറിയിക്കുന്നു. ഗുണമേന്മ കുറഞ്ഞ വിത്ത് അനധികൃതമായ വിപണനം, നിയമാനുസൃതമല്ലാത്ത മത്സ്യം വളര്‍ത്തല്‍ ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനുകൂടി പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA