ചക്കപ്പഴവുമായി വന്നാല്‍ ചിപ്‌സുമായി പോകാം

HIGHLIGHTS
  • വൈവിധ്യമാര്‍ന്ന യന്ത്രങ്ങളുടെ രൂപകല്‍പന ഇഷ്ടവിനോദം
vaccum-frying-1
SHARE

ചക്കപ്പഴവും വാഴപ്പഴവുമൊക്കെ ചിപ്‌സാക്കിയാലോ? നല്ല സംരംഭസാധ്യതയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഏത്തപ്പഴത്തിന് 17 രൂപ മാത്രം വിലയുള്ളപ്പോഴും നേന്ത്രപ്പഴം ചിപ്‌സിന് 200 രൂപയുണ്ടായിരുന്നല്ലോ. ചക്കയുടെ സീസണായിക്കഴിഞ്ഞു. പഴുത്തു വീഴുന്ന ചക്കയുടെ പത്തിലൊന്നെങ്കിലും ചിപ്‌സാക്കി വിപണിയിലെത്തിക്കാനായാല്‍ കീശ നിറയെ കാശ് കിട്ടുമെന്ന കാര്യത്തിലും തര്‍ക്കമില്ല. പഴങ്ങള്‍ ചിപ്‌സാക്കി മാറ്റുന്ന വാക്വം ഫ്രൈ ടെക്‌നോളജി നമ്മുെട നാട്ടിലും പ്രചരിച്ചുവരികയാണ്. എന്നാല്‍ ഉയര്‍ന്ന ഉല്‍പാദനച്ചെലവ് മൂലം ഈ സാങ്കേതികവിദ്യ സാധാരണക്കാരായ സംരംഭകര്‍ക്കു സ്വന്തമാക്കാന്‍ കഴിയാറില്ല. അവര്‍ക്കായി ചെലവ് കുറഞ്ഞ വാക്വം ഫ്രൈ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്   പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലെ ബോബിന്‍ ജോസഫും പിതാവ് എന്‍.പി. ഔസേപ്പും. കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി സ്റ്റാര്‍ട്ടപ്പായ ഇബി ഫുഡ്‌സ് ആന്‍ഡ് ടെക്‌നോളജീസിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍മാരാണ് ഇരുവരും. ബോബിന്റെ ഭാര്യ ജിനിയാണ് മാനേജിങ് ഡയറക്ടര്‍.

വൈവിധ്യമാര്‍ന്ന യന്ത്രങ്ങളുടെ രൂപകല്‍പനയാണ് ഇരുവരുടെയും ഇഷ്ടവിനോദം. ഒരു കാര്‍ഷികപ്രദര്‍ശനത്തില്‍ വാക്വം ഫ്രൈ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനസ്സിലാക്കിയ ഇരുവരും സ്വന്തമായി ഇതിനുള്ള മെഷീന്‍ നിര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉയര്‍ന്ന ഉല്‍പാദനച്ചെലവാണ് വാക്വം ഫ്രൈ സാങ്കേതികവിദ്യയുടെ പരിമിതി. ഒരു ബാച്ചില്‍ പത്തു കിലോ പഴം ചിപ്‌സാക്കുന്ന മെഷീനു കുറഞ്ഞത് 20 ലക്ഷം രൂപ വില വരും. ഇന്ത്യയില്‍ ഇതിന്റെ നിര്‍മാണം നാമമാത്രമായതിനാല്‍ വിയറ്റ്‌നാമില്‍നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണ് പതിവ്. അതിന് 40 ലക്ഷം രൂപ വേണ്ടിവരും. അതുകൊണ്ടുതന്നെ വാക്വം ഫ്രൈ ചിപ്‌സിനു സാധാരണ ചിപ്‌സിന്റെ 5 ഇരട്ടിവിലയാണ്. കൊറിക്കാനെടുക്കുന്നവരോടു വില പറഞ്ഞാല്‍ അവരുടെ കൈ വിറയ്ക്കും. ഇബി അവതരിപ്പിക്കുന്ന വാക്വം ഫ്രൈ മെഷീനു മൂന്നിലൊന്ന് ചെലവേ വേണ്ടിവരുന്നുള്ളൂ. ഏഴുലക്ഷം രൂപ മാത്രം. മുടക്കുമുതല്‍ കുത്തനെ കുറയുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ ചിപ്‌സ് നിര്‍മാണം സാധ്യമാക്കാന്‍ തന്റെ കണ്ടുപിടിത്തം ഉപകരിക്കുമെന്നാണ് ബോബന്റെ കണക്കുകൂട്ടല്‍. കൂടുതല്‍ മുടക്കുമുതല്‍ ആവശ്യമുള്ള ഫ്രീസ് ഡ്രൈ ടെക്‌നോളജിയും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. വൈകാതെ തന്നെ കുറഞ്ഞ ചെലവില്‍ സ്ഥാപിക്കാവുന്ന ഫ്രീസ് ഡ്രൈയിങ് യൂണിറ്റും അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബോബിന്‍.

vaccum-frying
Bobin Joseph and Jini

പരമ്പരാഗത ചിപ്‌സുകളില്‍നിന്നു വ്യത്യസ്തമാണ് വാക്വം ഫ്രൈ ചിപ്‌സ്. വളരെ കുറഞ്ഞ ചൂടില്‍ (90 ഡിഗ്രി സെല്‍ഷ്യസോ താഴെയോ) എണ്ണ ചൂടാക്കി വറുത്തെടുക്കുന്ന രീതിയാണിത്. ചക്കപ്പഴത്തിനും വാഴപ്പഴത്തിനും പുറമെ വെണ്ടയ്ക്ക, ബീറ്റ്‌റൂട്ട്, കാരറ്റ്, പാവയ്ക്ക, മത്തന്‍, സപ്പോട്ട, പപ്പായ, മാങ്ങ, കൈതച്ചക്ക എന്നിങ്ങനെ വൈവിധ്യമേറിയ ചിപ്‌സ് ഇനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ ഉത്തമം. തിളച്ച എണ്ണ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവായിക്കിട്ടുന്നു എന്നത് വാക്വം ഫ്രൈ ചിപ്‌സിന്റെ മേന്മയാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും പോഷകഗുണങ്ങള്‍ ഇതുമൂലം നഷ്ടപ്പെടുന്നില്ല. നിറം, മണം, രുചി എന്നിവയൊന്നും നഷ്ടപ്പെടുത്താതെ പഴം, പച്ചക്കറികള്‍ ഓഫ്‌സീസണിലേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ ഇത് പ്രയോജനപ്പെടും. സംരക്ഷകവസ്തുക്കളൊന്നും ചേര്‍ക്കാതെ  വായുരഹിത പാക്കറ്റുകളില്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ചുവയ്ക്കുകയുമാവാം. പ്രത്യേകം രൂപകല്‍പന ചെയ്ത വായുരഹിത അറയ്ക്കുള്ളിലാണ് ചിപ്‌സുണ്ടാക്കുക. സാധാരണ ചിപ്‌സിനു വേണ്ടതിന്റെ പത്തിലൊന്നു മാത്രം എണ്ണയേ ഉപയോഗിക്കൂ. പഴുത്തുതുടങ്ങിയതും മധുരമുള്ളതുമായ ഫലങ്ങള്‍ മാത്രമെ ഇതിനായി പൊതുവെ ഉപയോഗപ്പെടുത്താറുള്ളൂ.  

'ചക്കയുമായി വന്നാല്‍ ചിപ്‌സുമായി പോകാം'

ചക്കപ്പഴവുമായി വന്നാല്‍ ചക്കപ്പഴം ചിപ്‌സുമായി പോകാം. വാഴപ്പഴവുമായി വന്നാല്‍ പഴം ഉപ്പേരിയുമായി മടങ്ങാം. കാര്‍ഷിക സര്‍വകലാശാലയുടെ  അഗ്രിസ്റ്റാര്‍ട്ടപ് സംരംഭമായ ഇബി ഫുഡ്‌സ് ആന്‍ഡ് മെഷീനറീസ് അവതരിപ്പിക്കുന്ന 'ബോബിന്‍സ്'  ബ്രാന്‍ഡിന്റെ പരസ്യമാണിത് വാക്വം ഫ്രൈ ടെക്‌നോളജിയെ ജനകീയമാക്കുകയാണ് ബോബിനും ഭാര്യ ജിനിയും കൂടി. ഏറെ മുതല്‍മുടക്കുള്ള വാക്വം ഫ്രൈ ടെക്‌നോളജി ഉല്‍പന്നങ്ങള്‍ പ്രീമിയം, കയറ്റുമതി വിപണികളില്‍ മാത്രമാണ് എത്തിയിരുന്നത്. എന്നാല്‍ ജിനിയുടെ ബോബിന്‍സ് കുറഞ്ഞ ചെലവില്‍ ഈ ഉല്‍പന്നങ്ങള്‍ ആഭ്യന്തരവിപണിയിലെത്തിക്കുക മാത്രമല്ല കാര്‍ഷികോല്‍പന്നങ്ങള്‍ വാക്വം ഫ്രൈ സാങ്കേതികവിദ്യയിലൂടെ സംസ്‌കരിക്കാന്‍ കൃഷിക്കാരെ സഹായിക്കുകയും ചെയ്യുന്നു. നെല്ലുകുത്താനും മഞ്ഞള്‍ പൊടിക്കാനുമൊക്കെ മില്ലില്‍ പോകുന്നതുപോലെ ഇനി പഴങ്ങളും പച്ചക്കറികളും ഇവിടെയെത്തിച്ച് ഉണങ്ങിയെടുക്കാം, തെല്ലും ഗുണം നഷ്ടപ്പെടാതെ. ഒരു ബാച്ച് ഉണങ്ങിക്കിട്ടാന്‍ വേണ്ടത് അര മണിക്കൂര്‍ മാത്രം. കിലോയ്ക്ക് 80 രൂപയാണ് സംസ്‌കരണച്ചെലവ്.

ഒപ്പം വിവിധയിനം ഫലങ്ങളുടെ വാക്വം ഫ്രൈ ചിപ്‌സ് വിപണിയിലെത്തിക്കുകയും ചെയ്യുന്നു. നിലവില്‍ നേന്ത്രപ്പഴം, ചക്കപ്പഴം, വെള്ളക്കടല എന്നിവയാണ് ജലാംശം നീക്കി ചിപ്‌സാക്കുന്നത്. വാക്വം ഫ്രൈ ചിപ്‌സ് ഒരു കിലോയ്ക്ക് 1000 രൂപ വിലയുണ്ട്. എന്നാല്‍ ബോബിന്‍സ് ചിപ്‌സിനു 550 രൂപ മാത്രമാണ് വില. സ്വന്തമായി ചിപ്‌സ് നിര്‍മിക്കാനാഗ്രഹിക്കുന്ന കാര്‍ഷിക സംരംഭകര്‍ക്കും കര്‍ഷക കമ്പനികള്‍ക്കുമൊക്കെ പുതിയ യന്ത്രം നിര്‍മിച്ചു നല്‍കാനും അദ്ദേഹം തയാര്‍. വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംരംഭകരുടെ ചിപ്‌സ് നിര്‍മാണ യൂണിറ്റുകളും  അവയ്ക്ക് പൊതുവായ വിപണനതന്ത്രങ്ങളുമാണ് ബോബിന്‍ സ്വപ്നം കാണുന്നത്. 

ഫോണ്‍: 9447730490

English summary: Vacuum Frying Machine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA