ഭക്ഷ്യക്ഷാമം ഇല്ലാതാക്കിയ വയനാടൻ കാടുകളിലെ സ്വർണമഴ, ഒപ്പം കർഷകർക്കു ഭീഷണിയും

HIGHLIGHTS
  • അടിവസ്ത്രം മുതൽ ബിയർ വരെ
  • മുള ഒരിക്കലേ പൂക്കുകയുള്ളൂ
bamboo
SHARE

വയനാടൻ കാടുകളിൽ ഇപ്പോൾ സ്വർണമഴ പെയ്യുകയാണ്. ഹരിത സ്വർണ്ണം (Green Gold) എന്ന് വിളിക്കുന്ന മുള, പ്രായമെത്തി പൂത്തുലഞ്ഞിരിക്കുകയാണ് നാടെങ്ങും. സ്വര്‍ണവര്‍ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കൂട്ടങ്ങൾ ഇപ്പോൾ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. ഓൺലൈനിൽ 1000 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ മുളയരിക്ക് വില. വയനാട്ടിലെ വിപണിയില്‍ മുളയരിക്ക് 400 മുതല്‍ 600 രൂപ വരെ വിലയുണ്ട്. പുട്ടുപൊടി, മുളയരി പായസം എന്നു തുടങ്ങി ആയുർവേദ മരുന്നുകളുടെ വരെ ഭാഗമാണ് മുളയരി. 

1943ലെ ബംഗാൾ ക്ഷാമം എന്നറിയപ്പെട്ട ഭക്ഷ്യക്ഷാമത്തിന്റെ വേളയിലാണ്  ആദിവാസികളിൽനിന്ന് മുളയരിയുടെ സാധ്യത മറ്റുളവർ തിരിച്ചറിഞ്ഞത്. അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിലുണ്ട്. കൂടാതെ ഇളം കൂമ്പുകൾ (Bamboo shoots) രുചികരമായ ഭക്ഷ്യവിഭവമാണ്. മുളകൂമ്പിൽ നിന്ന് കട്‌ലേറ്റ് മുതൽ മുതൽ ഹൽവ വരെ ഉണ്ടാക്കാം. 

മുളയരി ശേഖരണം അത്ര എളുപ്പമല്ല. പൂത്തുനിൽക്കുന്ന മുളങ്കാടുകളുടെ അടിഭാഗത്തെ കാട് വെട്ടി വൃത്തിയാക്കി, കാറ്റിൽ വീഴുന്ന മുളയരികൾ അടിച്ചു കൂട്ടി, മുളയിലയും മാലിന്യങ്ങളും നീക്കിയശേഷം മില്ലിൽ കുത്തി എടുക്കേണ്ടതുണ്ട്. ആദിവാസികൾ സകുടുംബം തമ്പടിച്ചു കൊണ്ട്  മുളയരി ശേഖരിക്കുന്നത് വയനാട്ടിലെ സാധാരണ കാഴ്ചയാണ്. അപൂർവമായി നാട്ടുകാരും ഇതിനായി ഇറങ്ങാറുണ്ട്. 

പക്ഷേ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഹരിത സ്വർണ്ണം വില്ലനാകാൻ അധിക സമയം വേണ്ട.

സ്വർണ മഴയിലെ അപകടങ്ങൾ

2014 മുതൽ വയനാടൻ കാടുകളിൽ വിവിധ ഇടങ്ങളിൽ തുടർച്ചയായി മുള പൂക്കുന്നുണ്ട്. വയനാട്ടിലെ 344.44 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ 500 ഹെക്ടറിൽ കൂടുതൽ വളരുന്ന മുള സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്.  കാടിനോട് ചേർന്ന് താമസിക്കുന്നവർക്ക് മുള പൂക്കുന്നത് ദുരിതകാലമാണ്. പ്രാണി ശല്യവും, വന്യമ്യഗശല്യവും, എലിശല്യവും ഒരുപോലെ രൂക്ഷമാവാറുണ്ട് ഈ കാലയളവിൽ.

മുളയരി കഴിക്കാൻ എത്തുന്ന എലികൾ വ്യാപകമായി വർധിക്കുന്നത് വഴി കനത്ത കൃഷിനാശത്തിന് കാരണമായി മാറും. എലികളുടെ പ്രജനനത്തിന്റെ ത്രീവത ഞെട്ടിക്കുന്നതാണ്. രണ്ട് എലികളിൽനിന്ന് ഒരു വർഷം കൊണ്ട് 1250 എലികൾ വരെ ഉണ്ടാവാം എന്നതാണ് കണക്ക്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിന് ഓസ്ട്രേലിയയുടെ അവസ്ഥ വരും. കോവിഡിനും പ്രളയത്തിനുശേഷം ഓസ്ട്രേലിയയിൽ എലികളുടെ പ്ലേഗ് (Mouse Plague) പടർന്ന് പിടിക്കുകയാണ്. 

മുള ഒരിക്കലേ പൂക്കുകയുള്ളൂ (Gregarious flowering). അതോടെ ആ മുള നശിക്കും. ഇങ്ങനെ ഒരു പ്രദേശത്തെ മുള മുഴുവനും ഒരുമിച്ച് പൂക്കുകയും അതോടെ നശിച്ചു പോകുകയും ചെയ്യുമ്പോൾ, ആ സ്ഥാനത്ത് മറ്റൊരു മുളങ്കൂട്ടം വളർന്നു വരാൻ കുറെയധികം വർഷങ്ങൾ വേണ്ടി വരുന്നു. മുളയില ഉണങ്ങി വീഴുന്നതോടെ കാടുകളിൽ വ്യാപകമായ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഇങ്ങനെ തീ പടരുന്നത് മൂലം ഒരു പ്രദേശത്തെ മുഴുവൻ മുളങ്കൂട്ടങ്ങൾ ഒരുമിച്ച് നശിക്കുന്നു. നിലത്ത് വീണ മുളയരി ഉൾപ്പടെ കത്തിത്തീരുന്നതു കൊണ്ട് അവിടെ മറ്റൊരു മുളങ്കൂട്ടം വളർന്നുവരാനുള്ള സാഹചര്യം നഷ്ടപ്പെടുന്നു.

ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭക്ഷണമായ മുള നശിക്കുന്നത് മൂലം വന്യമൃഗശല്യം വർധിക്കും. കഴിഞ്ഞ ഒരു ദശകത്തിനിടെ വയനാടൻ കാടുകളിൽ 25 ശതമാനത്തോളം മുളകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിന്റെ കാരണങ്ങളിലൊന്ന് ഈ മുളനാശമാണ്. 

മുള ഒരു പുല്ലാണ്!

കേരളത്തിൽ രണ്ടിനം മുളകളാണ് പ്രധാനമായി കാണുന്നത് -പൊള്ളൻ മുളയും (Bamboosa Arundinorea), കല്ലൻമുളയും (Dendrocalamus strictus). മുളയുടെ വർഗത്തിൽപ്പെട്ട മറ്റൊരു സസ്യമാണ് ഈറ്റ (Ochlandra Travancorica). ഭൂകാണ്ഡത്തിലൂടെ പരസ്പരം ബന്ധപ്പെട്ട് കൂട്ടമായാണ് മുള വളരുന്നത്. ഇതിനെ മുളക്കൂട്ടം (Clump) എന്നാണ് വിളിക്കുന്നത്. മുളംതണ്ടിന്റെ (Culm) മണ്ണിനടിയിലുള്ള ഭാഗമാണ് ഭൂകാണ്ഡം.

മുള ഒരു പുല്ലാണ് (Grass). നമുക്ക് വളരെ പരിചിതങ്ങളായ ഗോതമ്പ്, നെല്ല്, ബാര്‍ളി ഉള്‍പ്പെടുന്ന പോയേസീ (Poaceae) എന്ന സസ്യകുടുംബത്തില്‍പ്പെട്ടവയാണ് മുളകള്‍. മുളയുടെ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങുന്ന വേരുപടലങ്ങളും മരങ്ങളെക്കാള്‍ 35 ശതമാനത്തിലധികം ഓക്സിജന്‍ പുറത്തുവിടാനുള്ള ഇലകളുടെ കഴിവും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്. 

അണുബോംബ് ദുരന്തത്തിനുശേഷം മലിനീകരണം കുറയ്ക്കാനായി ഹിരോഷിമയില്‍ ആദ്യം നട്ടുപിടിപ്പിച്ച സസ്യവും മുളയാണ്. വിവിധ തരം പുല്‍വര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് Agrostology എന്നാണ് പറയുക.

മുളയുടെ സാധ്യതകൾ, അടിവസ്ത്രം മുതൽ ബിയർ വരെ

തോമസ് ആൽ‌വ എഡിസൺ നിർമിച്ച ആദ്യത്തെ ലൈറ്റ് ബൾബുകളിൽ മുളയ്ക്ക് ഒരു പങ്കുണ്ട്,  ലൈറ്റ് ബൾബിലെ കാർബണൈസ്ഡ്  ഫിലമെന്റ് നിർമിച്ചത് മുളക്കരിയിൽ നിന്നായിരുന്നു.

കളിപ്പാട്ടങ്ങൾ, ബേബി ഡയപ്പർ, വൈപ്പുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, ടവലുകൾ എന്നിവ നിർമ്മിക്കാൻ മുള ഉപയോഗിക്കുന്നു. മുളത്തുണി അവിശ്വസനീയമാംവിധം മൃദുവും, ഭാരം കുറഞ്ഞതും, കൂടാതെ ആന്റി ബാക്ടീരിയലും ആണ്.

പത്രങ്ങൾ, കോപ്പി പേപ്പർ, ബാത്ത്റൂം ടിഷ്യു, പേപ്പർ ടവൽ, കോഫി ഫിൽട്ടറുകൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, അടുക്കള ഉപകരണങ്ങൾ, എന്നിവ നിർമിക്കാനും മുള ഉപയോഗിക്കുന്നു.  

വാസ്തുവിദ്യയിൽ നൂതന രൂപകൽപ്പനയ്ക്കായി മുള പല വിധത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഭാരം കുറഞ്ഞതും കടുപ്പമുള്ളതുമായതിനാൽ, വീടുകൾ, സ്കാഫോൾഡിംഗ്, തൂണുകൾ എന്നിവ നിർമിക്കാൻ അനുയോജ്യമായ ഒരു കെട്ടിട നിർമാണ വസ്തുവാണ് മുള. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും വീടുനിര്‍മാണത്തിന് ഇന്നും മുള ഉപയോഗിക്കുന്നുണ്ട്.

ടെക്നോളജി ആക്സസറീസ്, സെൽ‌ഫോൺ‌/ടാബ്‌ലെറ്റ് കേസുകൾ‌, കീബോർ‌ഡുകൾ‌, റേഡിയോകൾ‌, സ്പീക്കറുകൾ‌ എന്നിവ നിർമ്മിക്കുന്നതിന് മുള ഉപയോഗിക്കുന്നുണ്ട്. സൺഗ്ലാസുകൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയ  സ്റ്റൈലിഷ് ആക്സസറികളും മുളയിൽനിന്ന് ഉണ്ടാക്കാം. ഒരു മുള വാച്ചോ കണ്ണടയോ സ്വന്തമാക്കാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക്കിന് ഒരു മികച്ച സുസ്ഥിര ബദൽ എന്ന രീതിയിലാണ് ആധുനിക ഫാഷൻ ലോകം മുളയെ കാണുന്നത്.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ജോനായുടെ Luva Huva എന്ന സ്ഥാപനമാണ്‌ മുള പള്‍പ്പ്‌ നാരുകളാക്കി മാറ്റി അടിവസ്ത്രങ്ങള്‍ നിര്‍മിച്ചിരിയ്‌ക്കുന്നത്‌. പരുത്തി വസ്‌ത്രങ്ങളെക്കാള്‍  സുഖവും സൗകര്യവും പ്രദാനം ചെയ്യുന്നതാണ് മുള വസ്‌ത്രങ്ങളെന്നാണ് കമ്പനിയുടെ അവകാശവാദം.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് പുതിയ ചില മോഡലുകളിൽ (Ford Fusion, Ford Expedition & Ford F-350) മുളയുടെ ഇന്റീരിയർ ആണ് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്.  ടൊയോട്ടയുടെ ലക്ഷ്വറി വാഹനമായ  ലക്സസ് ഇഎസിന്റെ ഇൻറീരിയറിൽ മുള ഉപയോഗിച്ചിട്ടുണ്ട്.  

കരുത്തിലും വഴക്കത്തിലുമെല്ലാം സിന്തറ്റിക് ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 100 ഡിഗ്രി വരെയുള്ള താപനിലകളില്‍ പോലും സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ പ്രധാന സവിശേഷത. എന്തിനേറെ പറയുന്നു, ബിയർ ഉണ്ടാക്കാൻ പോലും മുള ഉപയോഗിക്കാം!  മുളയുടെ ഇല സത്തിൽനിന്ന് ഉണ്ടാക്കിയ ബിയർ ലഭ്യമാണ്. 

ആഗോള മുള വിപണിയുടെ വാർഷിക മൂല്യം ഏകദേശം 700 കോടി ഡോളറാണെന്ന്  കണക്കാക്കപ്പെടുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങൾ ഈ മൂല്യത്തിന്റെ 95% വരും. 

സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൂറിച്ചിലെ (ETH) പ്രൊഫസർ ഡിർക്ക് ഹെബലിനെ ആവേശം കൊള്ളിക്കുന്നത് മുളയുടെ എൻജിനീയറിംഗ് സാധ്യതകളാണ്. ഹെബലിന്റെ ലാബ് മുള നാരുകൾ വേർതിരിച്ചെടുക്കാനും, ഓർഗാനിക് റെസിനുകളുമായി കലർത്തി, സ്റ്റീൽ/ഇരുമ്പ് കമ്പികൾക്ക് പകരം കോൺക്രീറ്റിനെ ശക്തിപ്പെടുത്തുന്ന മാട്രിക്സായി ഉപയോഗിക്കാവുന്ന തണ്ടുകളായി മാറ്റാനും വഴികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. Pannipa Chaowana യുടെ Journal of materials science researchൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമനുസരിച്ച് 'ആധുനികവും അനുയോജ്യവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, മരം, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുമായി വിജയകരമായി മത്സരിക്കുന്ന, വിശാലമായ ഒരു ഉൽ‌പന്നശ്രേണി മുളയിൽനിന്ന് പ്രോസസ്സ് ചെയ്യ്തെടുക്കാൻ കഴിയും'. 

ഇന്ത്യയിലെ മുളയുടെ ഭാവി

ഇന്ത്യയുടെ 2018 ലെ ബജറ്റ്‌ മുളയ്ക്ക് അനുവദിച്ചിരുന്നത് 1,290 കോടിയാണ്.  കൃഷി ചെയ്യുന്ന മുളയെ വനനിയമ ഭേദഗതി ബില്‍ 2017 പ്രകാരം മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ അവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പെര്‍മിറ്റ് ആവശ്യമില്ലാതെയായി. വനത്തില്‍ വളരുന്ന മുള, മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നു. 

2019 ൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, കൃഷി ചെയ്തെടുക്കുന്ന മുളയരി, 'ത്രിപുര ബാംബൂ റൈസ്' എന്ന ബ്രാൻഡിൽ ലോകത്തിന് പരിചയപ്പെടുത്തി. ഇത് മുള വിത്തുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള, ഹ്രസ്വ-ധാന്യ അരിയാണ്. ഇളം പച്ച വിത്തുകൾക്ക് സ്റ്റിക്കി ടെക്സ്ചറും ഇലകളുടെ മുള രുചിയുമുണ്ട്. 

ഇന്ത്യയുടെ പല ഭാഗങ്ങളിലും മുള കൃഷി വ്യാപകമായിട്ടുണ്ട്, ഇന്ത്യയിലെ ഇപ്പോഴത്തെ മുളയുടെ ആവശ്യം 28 ദശലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുളയും കേരളവും

1963 ൽ ഉൽപാദനം തുടങ്ങിയ ബിർള ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പൾപ്പ് വ്യവസായ സ്ഥാപനമായിരുന്നു. ഒരു ടണ്ണിന് ഒരു രൂപ എന്നുള്ള വിലയിൽ വയനാട്ടിൽ നിന്ന് മുള മുറിച്ചെടുക്കാനുള്ള കരാറും ബിർളയ്ക്ക് ഉണ്ടായിരുന്നു. 

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ മുള /ഈറ്റ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹനവും എന്നതായിരുന്നു 1971ല്‍ കേരള സ്‌റ്റേറ്റ്‌ ബാംബു കോര്‍പ്പറേഷന്‍ ആരംഭിക്കുമ്പോഴുള്ള പ്രഖ്യാപിത ലക്ഷ്യം.

ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ മുളയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിടസംഘങ്ങളുണ്ട്‌. വയനാടുള്ള `ഉറവാ'ണ്‌ (Uravu Indigenous Science & Technology Study Centre) ഇത്തരത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാപനം. മുളയിൽ നിന്ന് വളരെ ആധുനിക രൂപകൽപനയിൽ, 500ലധികം ഉൽപന്നങ്ങളാണ്‌ ഇവർ നിര്‍മിക്കുന്നത്‌. ഇപ്പോള്‍ വീടു നിര്‍മാണത്തിലേക്കും ഉറവ്‌ കടന്നിരിക്കുന്നു.

2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫും യുഡിഎഫും പുറത്തിറക്കിയ മാനിഫെസ്റ്റോകളിൽ മുളയ്ക്കുള്ള പ്രാധാന്യം തികഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഒരു ഏക്കർ മുളക്കൃഷിയിൽ, അധികം ചെലവുകൾ ഇല്ലാതെ, ഒരു ലക്ഷം രൂപയുടെ വരുമാനം മുള ഉറപ്പു തരുന്നുണ്ട്.  മുള ഉപയോഗിച്ചുള്ള ടൂത്ത്പേസ്റ്റ് മുതൽ ഹെയർ കളർ വരെയും, അടി വസ്ത്രം മുതൽ ആട്ടുകട്ടിൽ വരെയും നിർമ്മിക്കാവുന്ന ചെറുകിട, വൻകിട പരിസ്ഥിതി സൗഹാർദ്ദ വ്യവസായങ്ങൾ വളർന്നു വരുന്ന നാട് ആവട്ടെ പുതിയ കേരളം. 

English summary:  ‘Gregarious bamboo flowering’ in WWS a threat to wildlife

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA