കർഷകർക്കൊപ്പം നിൽക്കാൻ കഴിയാത്ത വെറ്ററിനറി ഡോക്ടർമാർ; ആരുടെ പിടിപ്പുകേട്?

HIGHLIGHTS
  • മൃഗചികിത്സയുമായി ബന്ധമില്ലാത്തവർ മൃഗചികിത്സ നടത്തുന്നു
  • അവധി എടുത്താൽ പകരം വയ്ക്കേണ്ടത് ആര്?
veterinary-team
SHARE

വീട്ടിലെ അരുമയ്ക്കൊരു അസുഖം വന്നാൽ ഫോൺവിളിച്ച് ചികിത്സ തേടുന്നവർ, ആശുപത്രി സമയം മനസിലാക്കാതെ ഡോക്ടർമാരെ ചീത്ത പറയുന്നവർ, രാത്രി വൈകിയും നിസാര കാരണങ്ങൾക്ക് ഫോൺ വിളിച്ച് ശല്യം ചെയ്യുന്നവർ... വെറ്ററിനറി ഡോക്ടർ സമൂഹം പലപ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇവയൊക്കെ. പരിമിതമായ സൗകര്യങ്ങളിൽ കർഷർക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്ന വെറ്ററിനറി ഡോക്ടർമാർ പലപ്പോഴും നിസ്സഹായരാണെന്നുള്ള കാര്യം പൊതുജനത്തിന് അറിയില്ല, അറിയാമെങ്കിലും അറിഞ്ഞില്ലെന്നു നടിക്കുന്നവരുമുണ്ട്. 

ശരിയായ ചികിത്സ കിട്ടാതാകുമ്പോഴാണ് മൃഗസംരക്ഷണ മേഖലയിലെ സംരംഭകർ തളർന്നു പോകുന്നത്... വളരെ ശരി തന്നെ. വാക്കുകൾകൊണ്ട്  മാത്രം എന്താവാൻ? ഒരു സർക്കാർ വെറ്ററിനറി സിസ്പെൻസറിയിൽ സൂപ്രണ്ടും ഡോക്ടറും ഒരാൾ തന്നെയാണ് എന്നതാണ്  ഏറ്റവും വലിയ കുറവ്. കൂനിന്മേൽ കുരുപോലെ 97ൽ  ജനകീയാസൂത്രണവും ഡിസ്പെൻസറിയിലെ ഡോക്ടറുടെ മാത്രം പൂർണ്ണ ഉത്തരവാദിത്തത്തിലേക്ക് വന്നു. ഓരോ ഡിസ്പെൻസറികളും  10 ലക്ഷം മുതൽ മുകളിലേക്ക് വരുന്ന തുക മാർച്ചിനുള്ളിൽ ചെലവഴിച്ച് തീർക്കേണ്ടി വന്നപ്പോൾ വലിയ വികസനം ഉൽപ്പാദന മേഖലയിൽ നടന്നെങ്കിലും ക്ഷീരകർഷകർക്ക്, മൃഗസംരക്ഷണ മേഖലയിലെ സംരഭകർക്ക് ഡോക്ടറെ കിട്ടാതെയായി. 

അതൊന്നും ചൂണ്ടിക്കാണിക്കാനുള്ള സംഘടനാശക്തി കർഷകർക്കും ഡോക്ടർമാർക്കും അക്കാലത്ത് ഉണ്ടായിരുന്നോ എന്നോ അതിന് ശ്രമിച്ചിരുന്നോ എന്നോ കൃത്യമായി അറിവില്ല. അതുകൊണ്ടുതന്നെ കർഷക സംഘടനകളുടെ  ആവിർഭാവം ഒരു പരിധിവരെ ഇതിനൊരു മാറ്റത്തിനു കാരണമായേക്കാം.   അതിനൊക്കെ അപ്പുറം ഓരോ പദ്ധതികളുടേയും പുറകേ വന്ന 4-5 തരം ഓഡിറ്റുകൾ, ഫയൽ എഴുതാൻ, അടുക്കി കെട്ടാൻ, കുറ്റമറ്റതാക്കി സൂക്ഷിക്കാൻ പഠിച്ചിട്ടില്ലാത്ത എന്തിന് പഠനകാലയളവിൽ ഒരു ഫയൽ പോലും കണ്ടിട്ടില്ലാത്ത ഡോക്ടർമാരുടെ മനോവീര്യം മാത്രമല്ല ചോർത്തിയത്, പോക്കറ്റും ചോർത്തിയിട്ടുണ്ട്. വെറ്ററിനറി കോളജിൽ പഠിപ്പിച്ചത് മൃഗങ്ങളെയും പക്ഷികളെയും ചികിത്സിക്കാനാണ്, അല്ലാതെ ഫയലുകൾ തയാറാക്കാനും ഫണ്ട് വിതരണം ചെയ്യാനും കണക്ക് കൂട്ടാനും കഴിയുന്ന വിധത്തിലുള്ള സാമ്പത്തികശാസ്ത്രവും, വാണിജ്യശാസ്ത്രവുമൊന്നുമല്ല ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ പഠിപ്പിക്കുക. 

പല പഞ്ചായത്തുകളിലും പദ്ധതി ഫണ്ട് വലിയ തുക ആയതിനാൽ വെറ്ററിനറി ഡോക്ടർമാർക്ക് പ്രത്യക ക്ലർക്കിനെ ദിവസവേതനാടിസ്ഥാനത്തിൽ പഞ്ചായത്തുകൾത്തന്നെ നൽകിയിട്ടുണ്ട്. ചികിത്സയും ഫയൽ തയാറാക്കാലും ഒരുപോലെ കൊണ്ടുപോകാൻ പറ്റില്ലെന്നുള്ള തിരിച്ചറിവിൽ മിക്ക പഞ്ചായത്തുകളിലെയും ഡോക്ടർമാർ ക്ലർക്കിനെ തരണമെന്ന് കർശനമായി പറഞ്ഞിട്ടുമുണ്ട്. ചുരുക്കത്തിൽ ഡോക്ടറിന്റെ ജോലി ചെയ്യാൻ ഡോക്ടർക്ക് അവസരം നൽകുന്ന വിധത്തിൽ മൃഗാശുപത്രികളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. പശുവിതരണം, കോഴി വിതരണം, ആടു വിതരണം, കാലിത്തീറ്റ, ഡിപ്പാർട്ട്മെന്റ് പദ്ധതികൾ എന്നിങ്ങനെ പദ്ധതികളുടെ എണ്ണം കൂടുതലാണ്.

മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികൾ, പഞ്ചായത്തിന്റെ പദ്ധതികൾ അവയുമായി ബന്ധപ്പെട്ട് നടക്കുന്ന മീറ്റിങ്ങുകൾ, ട്രഷറി സന്ദർശനങ്ങൾ എല്ലാത്തിനും ചെലവാക്കേണ്ട സമയം (ചികിത്സ മാത്രം പഠിച്ച ചികിത്സ മാത്രം അറിയുന്ന) ഡോക്ടർമാർ  എവിടെനിന്ന് കണ്ടെത്താൻ? ഇതെല്ലാം തന്നെ ചികിത്സാരംഗത്തെ  മറ്റു പലരും ചൂഷണം ചെയ്യാൻ ഇടയാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. പ്രൈവറ്റ് വെറ്ററിനറി ആശുപത്രികൾ ഇല്ലാതിരുന്നത് ഈ വീഴ്ചയുടെ ആഘാതം വല്ലാതെ കൂട്ടിയിട്ടുമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മൃഗങ്ങളുമായി പോകാവുന്നത് സ്വകാര്യ വെറ്ററിനറി ആശുപത്രികളിലാണ്. കാരണം അതിനുള്ള ചികിത്സാ സംവിധാനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേയുള്ളൂ.

ഒരുദാഹരണം പറയാം, ഏതാനും ദിവസങ്ങൾക്കു മുൻപ് രാത്രി 9 കഴിഞ്ഞ റോട്ട് വെയ്‌ലർ നായയ്ക്ക് വിറയലും ക്ഷീണവും ആണെന്നു പറഞ്ഞ് നായയുടെ ഉടമ വെറ്ററിനറി ഡോക്ടറെ വിളിച്ചു. സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും അടിയന്തരമായി സ്വകാര്യ വെറ്ററിനറി ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കാൻ പറയാനേ അദ്ദേഹത്തിനു കഴിയുമായിരുന്നുള്ളു. എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചതിനാൽ നായയെ ജീവിതത്തിലേക്കു കൊണ്ടുവരാൻ സാധിച്ചു. ഹൃദയാഘാതമായിരുന്നു ആ നായയ്ക്ക്. 

അതുപോലെ മൃഗചികിത്സയുമായി ബന്ധമില്ലാത്തവർ മൃഗചികിത്സ നടത്തുന്നതും വ്യാപകമായിട്ടുണ്ട്. ഇതിനെതിരേ കഴിഞ്ഞ ദിവസം ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള രംഗത്തെത്തുകയും ചെയ്തു. 

അവധി എടുത്താൽ പകരം വയ്ക്കേണ്ടത് ആര്?

ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം ഡോക്ടറെ ദിവസ വേതനത്തിന് എടുക്കുന്ന രീതി ആയുർവേദം പോലെയുള്ള വകുപ്പുകളിൽ  മാത്രമാണുള്ളത്. വെറ്ററിനറി മേഖലയിൽ അത്യാഹിത കേസുകൾ തൊട്ടടുത്ത ഡിസ്പെൻസറിയിലേക്ക് റഫർ ചെയ്യാൻ മാത്രമേ നിലവിൽ സാഹചര്യമുള്ളൂ. അത്തരം അവധിയുടെ പുറത്ത് ജനരോക്ഷം ഏറ്റുവാങ്ങേണ്ടിവന്ന എത്രയോ ഡോക്ടർമാരുണ്ട് നമ്മുടെ ഈ കേരളത്തിൽ! പകരം സംവിധാനം ഒരുക്കേണ്ടത് മൃഗസംരക്ഷണ വകുപ്പല്ലേ? അല്ലാതെ ഡോക്ടർമാരല്ലല്ലോ? ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ സഹായമാകും എന്ന പ്രതീക്ഷയിലാണ് 2020ൽ വിളക്കണയാത്ത മൃഗാശുപത്രികളും 2018ൽ മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രികളുടെയും ആവിർഭാവം. അതുപോലെ തന്നെ ഡോക്ടർമാർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുനഃസംഘടന ഇതുവരെ നടപ്പായിട്ടുമില്ല.  

പുനഃസംഘടന  വന്നാൽ  ഓരോ ബ്ലാക്കിലും പദ്ധതികൾ നടപ്പിലാക്കാനും മീറ്റിങ്ങുകൾക്കുമായി പ്രത്യേക സംഘവും ഓഫീസും ഉണ്ടാകും. വെറ്ററിനറി ഹോസ്പിറ്റലുകളിൽ ചികിത്സ മാത്രം എന്ന രീതിയിലേക്ക് ഉയരുന്ന കാലമാണ് ഓരോ വെറ്ററിനറി ഡോക്ടറുടേയും ഓരോ കർഷകന്റെയും സ്വപ്നം. വെറ്ററിനറി ഡോക്ടർമാരേയും കർഷകരേയും വെള്ളപൂശാനല്ല ഇതൊന്നും കുറിച്ചത്, കർഷകർക്കുവേണ്ടി, വെറ്ററിനറി ഡോക്ടർ–കർഷക സംഘർഷം ഇല്ലാതാക്കാൻവേണ്ടിയാണ്.

നേതൃത്വപാടവമുള്ള കർഷകരും സംഘടനാ നേതാക്കളും വെറ്ററിനറി ഹോസ്പിറ്റലിൽ കുറച്ച് സമയം ചെലവഴിക്കാൻ ശ്രമിച്ചാൽ അവിടുത്തെ പ്രശ്നങ്ങൾ മനസിലാക്കാവുന്നതേയുള്ളൂ. ഡോക്ടർമാരുടേയും കർഷകരുടേയും ചർച്ചകളും കൂട്ടായ പ്രവർത്തനങ്ങളും  മൃഗസംരക്ഷണ മേഖലയിലെ കുറവുകൾ കണ്ടെത്തി മുന്നോട്ട് കുതിക്കാൻ കേരളത്തെ കൂടുതൽ സഹായിക്കും. 

ഫോൺ വഴിയാണോ ചികിത്സിക്കേണ്ടത്?

മുൻപ് സൂചിപ്പിച്ചതുപോലെ ഫോണിലൂടെയുള്ള ചികിത്സതേടൽ പലേടങ്ങളിലും കൂടുതലാണ്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഫോണിൽ വിളിച്ച് ചികിത്സ തേടാൻ പാടുള്ളൂ എന്ന് മൃഗസംരക്ഷണ വകുപ്പുതന്നെ നിഷ്കർഷിക്കുമ്പോൾ പലരും സമയംപോലും നോക്കാതെ ഡോക്ടർമാരെ ഫോണിൽ വിളിക്കുന്നു. ലേഡി വെറ്റ് ആണെങ്കിൽ ഇത്തരക്കാരുടെ വിളി കൂടും, സംശയങ്ങളും മറ്റും രാത്രിയിലാണ് പലർക്കും ഉണ്ടാവുക. ഇത്തരം ശല്യങ്ങൾ ഏറിയതുമൂലം പലരും രാത്രി 9നു ശേഷം ഫോൺ ഓഫ് ചെയ്തുവയ്ക്കുന്ന സ്ഥിതിവരെയെത്തി. ഫലമോ, അടിയന്തിര ചികിത്സ തേടുന്നവർക്ക് ഡോക്ടറുടെ സേവനം ലഭ്യമാകാതെ വരും.

ചിലരാവട്ടെ കോഴിക്കു പനിവന്നാലും ഡോക്ടർ ഓടിയെത്തണം എന്ന നിലപാടുള്ളവരാണ്. എന്നാൽ, അതിനുള്ള സൗകര്യം മൃഗസംരക്ഷണ വകുപ്പ് മൃഗാശുപത്രികളിൽ നൽകിയിട്ടുണ്ടോ? ഫോൺ സംവിധാനം നൽകിയിട്ടുണ്ടോ? സർക്കാർ പ്രത്യേകം ഫോൺ നൽകിയിട്ടുള്ളത് രാത്രികാല സേവനം നൽകുന്ന ഡോക്ടർമാർക്ക് മാത്രമാണ്. അതിന് പ്രത്യേക റജിസ്റ്ററും ഉണ്ട്. 

പ്രസവം പോലുള്ള അടിയന്തിര സാഹചര്യത്തിൽ ഡോക്ടറുടെ സേവനം വീടുകളിലേക്ക് തേടാം. എന്നാൽ, അകിടുവീക്കം പോലുള്ള രോഗം എത്തിയാൽ പാലുമായി ആദ്യം വെറ്ററിനറി ആശുപത്രിയിൽ എത്തുകയാണ് വേണ്ടത്. രോഗകാരണം എന്താണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞശേഷം ചികിത്സ തേടുന്നതാണ് ഏറ്റവും അഭികാമ്യം. അതുപോലെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയുന്ന മൃഗത്തെ കൊണ്ടുപോയി ചികിത്സ തേടുകയും വേണം. ഓഫീസ് ടൈം കഴിഞ്ഞും ജോലി ചെയ്യേണ്ടിവരുന്ന മറ്റൊരു സർക്കാർ വകുപ്പില്ല എന്നുതന്നെ പറയാം. 

സംസ്ഥാനത്ത് കോവിഡ് ബൂമിനെത്തുടർന്ന് അരുമമൃഗങ്ങളുടെ വളർത്തൽ കൂടിയിട്ടുണ്ട്. ഇത്തരം ആളുകൾ വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറെ കണ്ടില്ലെങ്കിൽ വളരെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. പലപ്പോഴും അടിയന്തര സാഹചര്യത്തിൽ പുറത്തുപോകേണ്ടിവരുന്ന ഡോക്ടർമാരും ഇതേത്തുടർന്ന് ആരോപണവിധേയമാകുന്നു. അതുകൊണ്ടുതന്നെ, ഡോക്ടർ ആശുപത്രിയിൽത്തന്നെ ഇരിക്കാൻ നിർബന്ധിതരാവുകയാണ്. 

നിയമനിർമാണം ആർക്കുവേണ്ടി?

മൃഗസംരക്ഷണമേഖലയിലെ പല നിയമനിർമാണങ്ങളും അതുമായി ബന്ധമുള്ളവരിലൂടെ നടക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് പലപ്പോഴും കർഷകർക്ക് വിനയാകുന്ന വിധത്തിൽ നിയമങ്ങൾ നടപ്പാക്കപ്പെടുന്നത്. 

വെറ്ററിനറി ഡോക്ടർമാർ ആരോഗ്യപ്രവർത്തകരല്ലേ?

ഈ ചോദ്യമാണ് പല വെറ്ററിനറി ഡോക്ടർമാരും ചോദിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് വാക്സിനേഷൻ പദ്ധതിയിൽ വെറ്ററിനറി ഡോക്ടർമാരെ പരിഗണിച്ചില്ല. തിരഞ്ഞെടുപ്പുമായുള്ള പഞ്ചായത്ത് പട്ടികയിലും ഇവരുടെ പേരില്ലായിരുന്നു. ചികിത്സാ സമയത്ത് രോഗിയുമായും രോഗിയുടെ ഉടമയുമായും ഏറ്റവുമടുത്ത് വരുന്നവരാണ് വെറ്ററിനറി ഡോക്ടർമാർ. സംസ്ഥാനത്ത് വെറ്ററിനറി ഡോക്ടറിൽ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ എല്ലാവിധ സുക്ഷാ സംവിധാനങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഒരു നായയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതുവഴി ഉടമയിൽനിന്നാണ് അദ്ദേഹത്തിന് രോഗം പിടിപെട്ടത്. ഇത്രയേറെ കഷ്ടതകൾ സഹിച്ച് ചികിത്സ നൽകുന്ന വെറ്ററിനറി ഡോക്ടർമാരും ആരോഗ്യപ്രവർത്തകർത്തന്നെയല്ലേ?

English summary: Problems of veterinary Doctors in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA