ബാങ്ക് മാനേജർ വളർത്തിയെടുത്ത ജീവനുള്ള നിക്ഷേപം; ഗപ്പി മുതൽ ജയന്റ് ഗൗരാമി വരെ

thomas-mathew
SHARE

കാത്തലിക് സിറിയൻ ബാങ്ക് മാനേജരായിരുന്ന തോമസ് മാത്യു രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് വിനോദത്തിന് തുടങ്ങിയതാണ് അലങ്കാര മത്സ്യപരിപാലനം. ഇപ്പോൾ പദവിയിൽനിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും മത്സ്യപരിപാലനത്തിലേക്ക് ഇറങ്ങിയിക്കുകയാണ് അദ്ദേഹം. മീൻ വളർത്തലിൽ ഒരുപാട് വർഷത്തെ അനുഭവസമ്പത്തുള്ള തോമസ് മാത്യു അലങ്കാരമത്സ്യങ്ങളേക്കൂടാതെ ജയന്റ് ഗൗരാമികളെയും വളർത്തുന്നുണ്ട്. 

വിവിധ ഇനത്തിലുള്ള അലങ്കാര മത്സ്യങ്ങളുടെ വലിയ ശേഖരം തോമസ് മാത്യുവിന്റെ കോട്ടയം പാലാ ഇടമറ്റത്തെ വീട്ടിലുണ്ട്. പേൾവൈറ്റ് ഫൈറ്റർ, ബ്ലൂ ഫൈറ്റർ, പിങ്ക് ഫൈറ്റർ, വിവിധയിനം ഗപ്പികളും ഇവിടെയുണ്ട്.  

അലങ്കാരത്സ്യങ്ങളിൽ ഇപ്പോൾ ഗപ്പികൾക്കാണ് ആവശ്യക്കാരേറെയെന്ന് തോമസ് മാത്യു. അഞ്ചു മുതൽ 5000 വരെ രൂപ വിലയുള്ള വിവിധയിനം ഗപ്പികൾ കിട്ടാനുണ്ട്. വില കൂടുതലുള്ള ഗപ്പികളെ പ്രാദേശികമായി വളർത്താൻ കുറച്ച് ബുദ്ധിമുട്ടാണ്. അവയ്ക്ക് പ്രത്യേക അന്തരീക്ഷവും പരിചരണവും  ആവശ്യമാണ്. പല നിറങ്ങളും രൂപത്തിലുള്ള വ്യത്യാസവും ഗപ്പികളോടുള്ള ആകർഷണം കൂടുന്നതിന് കാരണമാകുന്നു.  

അലങ്കാരമത്സ്യങ്ങളെയാണ് പ്രധാനമായും വളർത്തുന്നതെങ്കിലും വളർത്തുമത്സ്യമായും അലങ്കാരമത്സ്യമായും ഒരുപോലെ കരുതാവുന്ന ജയന്റ് ഗൗരാമികളുടെ പ്രജനനത്തിലേക്കും തോമസ് തിരിഞ്ഞിട്ടുണ്ട്. വിപണിയിൽ ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും അതോടൊപ്പം ആവശ്യക്കാരേറിയതുമാണ് അതിലേക്കു തിരിയാൻ തോമസിനെ പ്രേരിപ്പിച്ചത്. രണ്ടു വർഷത്തോളം പ്രായമായ ജയന്റ് ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളെ ജോഡിയാക്കി വിൽക്കാറുണ്ടെന്നും തോമസ് അവകാശപ്പെടുന്നു. 

നാലു വർഷംകൊണ്ട് പ്രായപൂർത്തിയാകുന്ന വലിയ മത്സ്യങ്ങളെ ജോഡികളാക്കി പ്രത്യേകം തയാറാക്കിയ  കുളങ്ങളിൽ നിക്ഷേപിക്കും.  പ്രകൃതിദത്തമായ കുളമാണെങ്കിൽ ചുറ്റുപാടുള്ള ചെടികളും പുല്ലുകളുമൊക്കെ ഉപയോഗിച്ച് കൂടുണ്ടാക്കി അവ മുട്ടയിടും. സിമന്റ് ടാങ്കിൽ പ്രജനനം നടത്തുമ്പോൾ കൂടുണ്ടാക്കാൻ പ്രത്യേക സംവിധാനം ഒരുക്കിക്കൊടുക്കേണ്ടതുണ്ടെന്നും തോമസ് പറയുന്നു. 

ജയന്റ് ഗൗരാമിയിൽത്തന്നെ സാധാരണ കണ്ടുവരുന്ന ഗ്രേ ഇനം കൂടാതെ പിങ്ക് എന്ന ഇനത്തെയും തോമസ് വളർത്തുന്നു. ഭംഗിയുള്ള ഇനമായതിൽ പലരും അരുമയായി വളർത്താൻ ഇഷ്ടപ്പെടുന്ന ഇനംകൂടിയാണ് പിങ്ക് ജയന്റ് ഗൗരാമി. കൂടാതെ ഗൗരാമി കുടുംബത്തിലെ അലങ്കാരമത്സ്യ വിഭാഗത്തിൽ പെടുന്ന ഗോൾഡൻ ഗൗരാമിയും ശേഖരത്തിലുണ്ട്. ജയന്റ് ഗൗരാമികളെപ്പോലെ വലുതാകുന്നവരല്ല ഗോൾഡൻ ഗൗരാമികൾ. 

ആടു വളർത്തൽ, കോഴിവളർത്തൽ, പശുവളർത്തൽ എന്നിവയെ അപേക്ഷിച്ച് ശാരീരിക അധ്വാനം വളരെ കുറഞ്ഞ ജോലിയായതിനാലാണ് വിരമിക്കലിനു ശേഷം താൻ മുഴുവൻ സമയവും മീൻ കൃഷിയിലേക്ക് തിരിഞ്ഞതെന്ന് തോമസ്. സ്ഥിരമായ പരിചരണം ഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയൂ. ഭാര്യയും മക്കളും പൂർണ പിന്തുയുള്ളതിനാൽ വിരമിക്കലിന് ശേഷമുള്ള വിരസത അകറ്റി ആദായകരമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് തോമസ് മാത്യു.

വിഡിയോ കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA