ADVERTISEMENT

തെങ്ങു ചെത്താൻ റോബട്ടുകൾ വരുന്ന കാലം ആലോചിച്ചുനോക്കൂ. മണ്ടയിലെത്തിച്ചാൽ പൂങ്കുല തീരുന്നതുവരെ അവിടെയിരുന്നു കൃത്യസമയത്തും അളവിലും ചെത്തുന്ന, പൂങ്കുലയുടെ ഇരുവശങ്ങളിലും തല്ലുന്ന റോബട്ട്! ഊറിവരുന്ന നീര ചെറുകുഴലിലൂടെ തെങ്ങിൻചുവട്ടിലെത്തിക്കുന്ന റോബട്ട്!! ആ മധുരക്കള്ളിന്റെ അനന്തസാധ്യതകൾ!! ആ സ്വപ്നം പകുതിവഴിയിലെത്തിച്ച ഒരു യുവ എൻജിനീയറെ പരിചയപ്പെടാം.

നീര ക്ലച്ച് പിടിക്കാതെ പോയതെന്തുകൊണ്ട്? പല കാരണങ്ങളുണ്ടാകാം. എന്നാൽ ഏറ്റവും പ്രധാന കാരണം മതിയായ തോതിൽ ഉൽപാദനം സാധ്യമായില്ലെന്നതുതന്നെ. ഒരു വ്യവസായമെന്ന നിലയിൽ നിലനിൽക്കാൻ മുടക്കുമുതലിന് ആനുപാതികമായ ഉൽപാദനം വേണം. ലക്ഷക്കണക്കിനു തെങ്ങുകളുണ്ടെങ്കിലെന്താ ഒരു ലക്ഷം ലീറ്റർ  നീര പോലും സ്ഥിരതയോടെ ഉൽപാദിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. മികച്ച വേതനമൊക്കെ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും നാളികേരത്തിന്റെ നാട്ടിലെ മിടുക്കന്മാർക്ക് തെങ്ങുകയറ്റത്തോടുള്ള പുച്ഛവും ഭീതിയും മാറിയില്ല.  നീരയെടുക്കാനായി ദിവസം മൂന്നു തവണ തെങ്ങിൽ കയറാനൊന്നും അവരെ കിട്ടില്ല. പത്തു തെങ്ങിൽ കയറുന്നതിനു ചില്ലറ സ്റ്റാമിന മതിയാവില്ലല്ലോ. ആരെങ്കിലും തെങ്ങുചെത്തി നീര  ഒരു പാത്രത്തിലാക്കി തന്നാൽ ബാക്കി കാര്യം ഏറ്റെന്ന നിലപാടിലായിരുന്നു നാം. അതുകൊണ്ടെന്തായി? കോടിക്കണക്കിനു രൂപ മുതൽമുടക്കിയ നീര പ്ലാന്റുകൾ ചത്തതിനൊക്കുമേ എന്ന സ്ഥിതിയിലായി. അവയിൽ പണം മുടക്കിയ കർഷകസമൂഹം സാമ്പത്തികത്തകർച്ചയിലും.  

neera-1
സാപ്പെർ

ഇതിനൊരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ചാൾസ് വിജയ് എന്ന ഇലക്ട്രിക് എൻജിനീയർ. തെങ്ങുകയറ്റം, ചെത്ത് – രണ്ടു ജോലികളാണ് നിർവഹിക്കപ്പെടേണ്ടത്. പൂങ്കുല കൃത്യ നേരത്തും അളവിലും ചെത്തുന്ന ഒരു സംവിധാനം രൂപപ്പെടുത്താനാണ് ചാൾസ് കൂടുതലായി ശ്രമിച്ചത്. നിരന്തര പരിശ്രമത്തിനൊടുവിൽ അദ്ദേഹം കണ്ടെത്തിയത് ഒരു റോബട്ടിനെയാണ്– പേര് സാപ്പെർ.  അപകർഷതാബോധമില്ലാതെ, ആശങ്കയില്ലാതെ നീര ടാപ്പ് ചെയ്യുന്ന അസ്സൽ ചെത്തുറോബട്ട്. ചെത്താനറിയാമെങ്കിലും തെങ്ങിൽ കയറാൻ സാപ്പെറിനുമറിയില്ല. പിന്നെങ്ങനെയെന്നല്ലേ? ആരെങ്കിലും എടുത്ത് തെങ്ങിന്റെ മണ്ടയിലെത്തിച്ചാൽ മതി. ബാക്കി ജോലി സാപെർ നോക്കിക്കൊള്ളും. ഓരോ തവണയും ചെത്തുകാരനെ  ചുമന്ന് തെങ്ങിനു മുകളിലെത്തിക്കുകയൊന്നും വേണ്ട. ഒരിക്കൽ മുകളിലെത്തിയാൽ പിന്നെ ചെത്തുതീരുന്നതുവരെ അവിടെത്തന്നെ ഇരുന്നുകൊള്ളും. തെങ്ങിന്റെ പൂങ്കുല ഓരോ ദിവസവും കൃത്യതോതിൽ അരിഞ്ഞുനീക്കാനും  ഇരുവശങ്ങളിലും തല്ലി പരുവപ്പെടുത്താനുമൊക്കെയുള്ള സംവിധാനങ്ങൾ ഇതിനുള്ളിലുണ്ട്. സാപ്പെറിന്റെ ചെത്ത് എത്രമാത്രം പുരോഗമിച്ചെന്ന് ഉടമസ്ഥനെ അറിയിക്കാനായി ഒരു മൊബൈൽ ആപ്പും വിജയ് വികസിപ്പിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയുടെ സഹായത്തോടെ യഥാസമയം ചെത്ത്  നടത്തുന്ന സാപ്പെറാണ് വിജയിന്റെ ലക്ഷ്യം. സാപ്പെർ ഘടിപ്പിക്കാനും ചെത്ത് തീരുമ്പോൾ അഴിച്ചെടുക്കാനും മാത്രം തെങ്ങിൽ കയറിയാൽ മതി.

എന്നാൽ ആവേശപ്പെടാറായിട്ടില്ല. സാപ്പെറിന്റെ പ്രാഥമിക രൂപം മാത്രമേ ആയിട്ടുള്ളൂ എന്നും വിപണിയിലെത്താൻ ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചാൾസ് പറഞ്ഞു. ഒരു വർഷത്തിനകം ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിലാണിദ്ദേഹം.

 സാപ്പെറിനെ സമർഥനായ ചെത്തുകാരനാക്കാനുള്ള അവസാനഘട്ട പരീക്ഷണങ്ങളിലാണ് ചാർളിയും അദ്ദേഹത്തിന്റെ നോവ സ്റ്റാർട്ടപ് കമ്പനിയും. കളമശ്ശേരിയിലെ മേക്കർ വില്ലേജിലാണ് കമ്പനിയുടെ പ്രവർത്തനം.  അതൊടൊപ്പം 28 രാജ്യങ്ങളിൽ ഇതു സംബന്ധിച്ച പേറ്റന്റും നേടിക്കഴിഞ്ഞു. ലോകമാകെയുള്ള നാളികേരക്കൃഷിയുടെ 85 ശതമാനവും ഈ രാജ്യങ്ങളിലാണത്രെ. കേരളത്തിലെ  കൃഷിക്കാർക്ക് നീര ചെത്താനുള്ള കൂച്ചുവിലങ്ങൊന്നും മറ്റു സ്ഥലങ്ങളിലില്ലല്ലോ. അതുതന്നെയാണ് ഈ യുവസംരംഭകന്റെ പ്രത്യാശയും. 

ഫോൺ : 8848506173

English summary: Automate Neera Extraction from Coconut Trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com