ADVERTISEMENT

ഒരുകാലത്ത് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെട്ടിരുന്ന നാടൻ അലങ്കാരമത്സ്യ ഇനങ്ങളുടെ വിപണിയിൽ ഇടിവ്. മീൻ കുഞ്ഞുങ്ങളെ പിടികൂടുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങളും നിബന്ധനകളുമാണ് ഇതിന് തടസ്സമായി നിൽക്കുന്നത്. കേരളത്തിലെ പുഴകളിൽനിന്ന് കഴിഞ്ഞ നാൾവരെ ധാരാളം നാടൻ അലങ്കാരമത്സ്യ ഇനങ്ങളെ പിടികൂടി കേരളത്തിന് അകത്തും പുറത്തും ഉള്ള വിപണികളിലേക്ക് എത്തിച്ചിരുന്നു. ഇതിനു പുറമേ ഇന്ത്യക്ക് പുറത്തുള്ള അലങ്കാരമത്സ്യ വിപണന കേന്ദ്രങ്ങളിലും ഇവിടെ നിന്നുള്ള നാടൻ ഇനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 

മലയോരങ്ങളിലെ പുഴകളിൽനിന്ന് കിട്ടിയിരുന്ന ഡെനിസോണി എന്ന് വിളിക്കുന്ന ചെങ്കണഞ്ഞോൻ വിദേശങ്ങളിലെ അലങ്കാരമത്സ്യ വിപണിയിൽ നന്നായി വിറ്റു  പോയിരുന്ന ഇനമായിരുന്നു. ഇന്ന് ഇതിന്റെ അളവ് വളരെ കുറവാണ്. അതേസമയം മലേഷ്യ, സിങ്കപ്പൂർ, ചൈന പോലുള്ള രാജ്യങ്ങളിൽനിന്ന് വൻതോതിൽ അലങ്കാര മത്സ്യങ്ങൾ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്.

വില്ലനായി നിയമം

കേരളത്തിലെ പുഴകളിൽനിന്ന് 10 സെന്റി മീറ്ററിൽ താഴെയുള്ള മീൻ കുഞ്ഞുങ്ങളെ പിടികൂടാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ ഡെനി സോണി പോലുള്ള ഇനങ്ങൾ പരമാവധി ഏഴ് സെന്റി മീറ്റർ മാത്രമേ വലുപ്പം വയ്ക്കുകയുള്ളൂ. അതിനാൽ നിയമപ്രകാരം അത്തരം ഇനങ്ങളെ ഒരു കാലത്തും വാണിജ്യ ആവശ്യത്തിന് പിടികൂടാൻ പോലുമാകില്ല. ഇതാണ് കേരളത്തിലെ പുഴകളിൽനിന്ന് അലങ്കാര മത്സ്യങ്ങളെ ശേഖരിക്കുന്നതിന് തടസ്സമായിട്ടുള്ളത്. കേരളത്തിലെ പുഴകളിൽനിന്ന് മീൻ കുഞ്ഞുങ്ങളെ ഒരു ലക്കും ലഗാനുമില്ലാതെ കവർന്നു കൊണ്ടു പോകുന്നത് തടയാനാണ് ഈ നിയമം കൊണ്ടു വന്നതെങ്കിലും അലങ്കാരമത്സ്യ വിപണിക്ക് അത് തിരിച്ചടിയാണ് സമ്മാനിച്ചത്.

പെരുവണ്ണാമൂഴി, കക്കയം ഡാമുകൾ, തുഷാരഗിരിയിലെ പുഴ, നിലമ്പൂർ, ഇരിട്ടി, ചെറുപുഴ, ശ്രീകണ്‌ഠപുരം മേഖലകൾ എന്നിവിടങ്ങളിലാണ് നാടൻ അലങ്കാരമത്സ്യ ഇനങ്ങൾ ധാരാളമായി വളരുന്നത്. വല ഉപയോഗിച്ച് പിടിച്ചെടുത്ത് പായ്‌ക്ക് ചെയ്‌ത് ഏജൻസികൾ വഴി വിമാനമാർഗം കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത്. സിങ്കപ്പൂരിലെയും മലേഷ്യയിലെയും അലങ്കാര മത്സ്യ മേഖലയായിരുന്നു പ്രധാനവിപണി. ഇന്നും ഇവിടെ ഈയിനങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും ആവശ്യത്തിന് നാടൻ ഇനങ്ങളെ സപ്ലൈ ചെയ്യാൻ പറ്റാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് കോഴിക്കോട്ടെ പ്രമുഖ അലങ്കാരമത്സ്യ വ്യാപാരിയും സഫ പെറ്റ്സ് ആൻഡ് ഓർണമെന്റൽ ഫിഷ് ഉടമയുമായ ബാബുക്കുട്ടി പറയുന്നു. 

കിട്ടാനില്ല നാടൻ മത്സ്യസുന്ദരിമാരെ

നാടൻ ഇനങ്ങൾക്ക് കേരളത്തിലെ ആഭ്യന്തര വിപണിയിലും നല്ല ഡിമാൻഡ് ഉണ്ട്. എന്നാൽ സ്വാഭാവികമായ നീരൊഴുക്കിൽ പുഴകളിലും കായലുകളിലും വളരുന്ന ഇവയുടെ പ്രജനനം കൃത്രിമമായി നടത്താൻ ഏറെ ബുദ്ധിമുട്ടാണ്. ഏറെ ക്ഷമയും പരിശ്രമവും നടത്തിയാൽ മാത്രമേ പലപ്പോഴും വിജയിക്കുകയുള്ളൂ. അതിനാൽ തന്നെ പല അലങ്കാര മത്സ്യക്കർഷകരും നാടൻ ഇനങ്ങളെ വിട്ട് എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന വിദേശ ഇനങ്ങളെ ഇറക്കുമതി ചെയ്തും വളർത്തിയെടുത്തും പ്രജനനം നടത്തിയുമൊക്കെ റിസ്കില്ലാതെ മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്.

ചെങ്കണഞ്ഞോൻ മാത്രമല്ല കേരളത്തിലെ പുഴകളിൽ നിന്ന് ലഭിച്ചിരുന്ന ഒട്ടേറെ ഇനങ്ങൾ  നമ്മുടെ നാവിലൊതുങ്ങാത്ത ഉഗ്രൻ പേരുകളുമായി ഒരു കാലത്ത് കടൽ കടന്നിരുന്നു.

മത്തിപ്പരൽ(ബെല്ലിമിന്നോ), മഞ്ഞക്കൂരി(അണ്ണാമലൈ സക്കർ കാറ്റ് ഫിഷ്), പൂവാലിപ്പരൽ(ഇന്ത്യൻ ടൈഗർ ബാർബ്), ആറ്റുണ്ട( റെഡ്‌ഗ്രീൻ ഡ്വാർഫ് പഫ്), കൊയ്‌ത്ത(സോഡിയാക് ലോച്), കൂരൽ(റെഡ് ടെയിൽഡ് സിൽവർ ഷാർക്) തുടങ്ങിയവ ഉദാഹരണം.

മെലൻ ബാർബ് നമ്മുടെ പ്രിയപ്പെട്ട വാഴക്ക വരയനും ബാർലിയസ് ബക്രി സുപരിചിതമായ തുപ്പലു കൊത്തിയും ആണെന്നറിയുക. കേരളത്തിലെ അലങ്കാര മത്സ്യവിപണിയിലും നമ്മുടെ പരിസ്‌ഥിതിക്കിണങ്ങിയ നാടൻ ഇനങ്ങൾക്ക് ആവശ്യക്കാരേറെയുണ്ട്. 

സാങ്കേതികരംഗത്ത് ഏറെ പിന്നിൽ

സാധ്യതകളുമായി തുലനം ചെയ്യുമ്പോൾ കേരളം അലങ്കാരമത്സ്യ കൃഷിയിലും വിപണനത്തിലും വളരെ പിന്നിലാണ്. ലോക വിപണിയിൽ ഏറെ ആവശ്യക്കാരുള്ള സംസ്‌ഥാനത്തിന്റെ തനത് അലങ്കാരമത്സ്യമായ ‘മിസ് കേരള’, വിപണിയുടെ ആവശ്യമനുസരിച്ചു നൽകാൻ കഴിയാറില്ല. ഇത്തരം മത്സ്യങ്ങളുടെ പ്രേരിത പ്രജനനവും, വിത്തുൽപാദനവും വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിലെ ജലാശയങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഈ ഇനത്തിന്റെ പ്രേരിതപ്രജനന രീതികൾ വികസിപ്പിക്കാൻ പറ്റാത്തതിനാലാണ് കേരളത്തിന് പിന്നോട്ടടിക്കേണ്ടി വന്നത്. എന്നാൽ ഇത്തരം നാടൻ ഇനങ്ങളുടെ പ്രജനന രീതികൾ വികസിപ്പിച്ച വിദേശ രാജ്യങ്ങളിൽനിന്ന് നാടൻ ഇനങ്ങൾ  ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്. 

കോവിഡ്‌കാല ഉണർവ് നീണ്ടുനിന്നില്ല

കോവിഡ് കാലത്ത് ഏറെ സജീവമായ അലങ്കാര മത്സ്യ വിപണിയിൽ ഇപ്പോൾ പിന്നോട്ടടിയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ അടച്ചുപൂട്ടലിലേക്ക് ഒതുങ്ങിയ കാലത്ത് വിരസതയകറ്റാനാണ് ജനം ഇൻഡോർ പ്ലാന്റുകളും അലങ്കാര മീനുകളും ഒക്കെ പരിപാലിച്ചുതുടങ്ങിയത്. അടച്ചിടൽ കാലം കഴിഞ്ഞ് ജനം വീണ്ടും തിരക്കുകളിലേക്ക് പോയിത്തുടങ്ങിയതോടെയാണ് ആദ്യകാലത്തുണ്ടായ കുതിച്ചു ചാട്ടം  വിപണിയെ കൈവിട്ടു.

കേരളത്തിൽ ചെറുകിട സംരംഭകരാണു വൻ തോതിലുള്ള കൃഷിയിലൂടെ അലങ്കാരമത്സ്യങ്ങൾ ഉൽപാദിപ്പിച്ചു വിപണനം ചെയ്യുന്നതിൽ മുന്നിൽ. മുന്തിയ ഇനം അക്വേറിയങ്ങൾ സെറ്റു ചെയ്‌ത് മത്സ്യങ്ങളോടും സസ്യങ്ങളോടും ഒപ്പം വിപണനം ചെയ്യുകയും അവയുടെ വാർഷിക മെയിന്റനൻസ് കോൺട്രാക്‌ട് (എഎംസി) ഏറ്റെടുത്തു നടത്തുന്നവരും ഉണ്ട്.  വിപണനമൂല്യമുള്ള മത്സ്യങ്ങളുടെ പ്രജനനം നടത്തി ചെറിയ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന ചെലവു കുറഞ്ഞ വിപണനരീതിയാണ് ഇപ്പോൾ ഏറെ പ്രചാരത്തിൽ ഉള്ളത്. ചൈനയിലും മറ്റും മത്സ്യ കൃഷി വികസനം സാധ്യമാക്കിയ ബാക്ക് യാഡ് ഹാച്ചറി/ഫാമുകളും നമുക്ക് പരീക്ഷിക്കാവുന്നതാണ്. വീടിനോടു ചേർന്നുള്ള ജല‍സ്രോതസുകളെ പ്രയോജനപ്പെടുത്തി വരുമാനം സൃഷ്‌ടിക്കുന്ന പദ്ധതിയാണിത്. കുടുംബാംഗങ്ങൾക്കു ചെറുകിട അലങ്കാര മത്സ്യ യൂണിറ്റുകൾ തുടങ്ങാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കുടുംബാംഗങ്ങൾക്കു നേരിട്ട് പങ്കാളികാളാകാനും വിവിധ ജോലികൾ പങ്കുവയ്‌ക്കുന്നതോടെ ഉൽപാദന ചെലവു കുറയ്‌ക്കാനുമാകും. വീട്ടമ്മമാരുടെ വരുമാനത്തിനും ഒഴിവു സമയ വിനോദത്തിനും പറ്റുന്നരീതിയിൽ യൂണിറ്റു തുടങ്ങാനാകും. ക്ലസ്‌റ്റർ അടിസ്‌ഥാനത്തിലുള്ള യൂണിറ്റുകളും യുവാക്കൾക്ക് ഉയർന്ന വരുമാനം നേടിക്കൊടുക്കുമെന്നു വിദഗ്‌ധർ പറയുന്നു.

English Summary: Native Ornamental Fishes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com